മൂന്നരക്കോടി കേസുകൾ ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുമ്പോഴാണ് പ്രശാന്ത് ഭൂഷണെതിരെ 33 ദിവസം കൊണ്ട് സ്വമേധയാ കേസെടുത്ത്, വാദം കേട്ട്, കുറ്റക്കാരാനെന്ന് കണ്ടെത്തിയത്

124

Saleem PO

ഡൽഹിയിലെ ജെ എം കൊഹ്‌ലി എന്ന മനുഷ്യൻ ഭാര്യ വിമലയുമായി വിവാഹമോചനത്തിന് നൽകിയ കേസ് 30 വർഷത്തിന് ശേഷം അയാൾക്ക് 85 വയസ്സായപ്പോളാണ് തീർപ്പായത് എന്ന് മുമ്പെവിടെയോ വായിച്ചിട്ടുണ്ട്. നൊബേൽ ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ ‘ചിൽഡ്രൻസ് ഫൗണ്ടേഷൻ’ മൂന്ന് വർഷം മുമ്പ് നടത്തിയ പഠനപ്രകാരം ഇന്ത്യയിൽ ബാല ലൈംഗിക പീഢനത്തിനിരയാവുന്ന കുട്ടികൾക്ക് നീതി ലഭിക്കാൻ ശരാശരി 20 വർഷം എടുക്കുന്നുണ്ടത്രേ. എന്ന് വെച്ചാൽ ഒരു കുട്ടി പീഡനത്തിനിരയായി ആ കുട്ടിക്ക് നീതി ലഭിക്കുമ്പോളേക്കും ആ കുട്ടി വളർന്ന് അവൾക്കൊരു കുട്ടിയുണ്ടായിട്ടുണ്ടാവും എന്നർത്ഥം!

രണ്ടര ലക്ഷം പോക്സോ കേസുകൾ ഇപ്പോളും ഇന്ത്യയിലെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുകയാണ്.
2012-ലെ പോക്സോ നിയമപ്രകാരം ഒരു മാസത്തിനുള്ളിൽ തെളിവ് ശേഖരണവും ഒരു വർഷത്തിനുള്ളിൽ വിചാരണാ നടപടികളും പൂർത്തിയാക്കിയിരിക്കണമെന്ന് നിയമമുള്ളപ്പോളാണ് ഈ അവസ്ഥ എന്നോർക്കണം.
2016 മുതൽ ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന റേപ്പ് കേസുകളുടെ 85 ശതമാനവും കേസ് ഹിയറിങ് പെൻഡിങ്ങിലാണ്.
2019 നവംബറിലെ കണക്കനുസരിച്ച് ഇന്ത്യയിൽ മൊത്തം മൂന്നരക്കോടി കേസുകൾ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ട്.
സുപ്രീം കോടതിയിൽ – 59,867
ഹൈക്കോടതികളിൽ – 44.75 ലക്ഷം.
മറ്റു കോടതികളിൽ – 3.14 കോടി.

ഇത്രയും പറഞ്ഞത്, വെറും 33 ദിവസം കൊണ്ട് പ്രശാന്ത് ഭൂഷണെതിരെയുള്ള ‘കോടതി അലക്ഷ്യ’ കേസിൽ സ്വമേധയാ കേസെടുത്ത്, വാദം കേട്ട്, കുറ്റക്കാരാനെന്ന് കണ്ടെത്തി, ശിക്ഷ വിധിച്ച് ശുഷ്‌കാന്തി തെളിയിച്ച കോടതികളിൽ തന്നെയാണ് ഇത്രയും കേസുകൾ കെട്ടിക്കിടക്കുന്നത് എന്ന് സൂചിപ്പിക്കാനാണ്. കോടികൾ കോഴ വാങ്ങി മറുകണ്ടം ചാടി റിസോർട്ടിൽ കഴിയുന്ന എം എൽ എ മാർക്ക് വേണ്ടിയും റേപ്പിസ്റ്റുകളുടെ ദയാഹരജിക്ക് വേണ്ടിയും അർധരാത്രി ഉറക്കമൊഴിച്ച് വാദം കേൾക്കുന്ന കോടതികളിൽ തന്നെയാണ് മൂന്നരക്കോടി സാദാരണക്കാരന്റെ ജീവിതക്കേസുകൾ കുരുങ്ങിക്കിടക്കുന്നത് എന്ന് പറയാനാണ്.

LKG ക്ലാസ്സിൽ ‘സാറേ, ഇവനെന്നെ തുറിച്ചു നോക്കി, അവൻ എന്നെ നോക്കി കൊഞ്ഞനം കുത്തി’ എന്നൊക്കെ പറയുമ്പോലെ ‘അവൻ എനിക്കെതിരെ ട്വീറ്റ് ചെയ്തു’ എന്ന മഹാപരാധത്തിന് അതിവേഗത്തിൽ തീർപ്പുണ്ടാക്കി ശിക്ഷ വിധിച്ചതിൽ അഭിമാനമുണ്ട് സാർ.
‘കോടതി അലക്ഷ്യം’ എന്നാൽ കോടതിയുടെ ഉത്തരവുകൾ പാലിക്കാത്തവർക്കെതിരെ പ്രയോഗിക്കാനുള്ളതല്ലേ?
അതോ, ട്രാഫിക് നിയമം തെറ്റിച്ച് റോഡിലൂടെ വണ്ടിയോടിക്കുന്ന കോടതി ജീവനക്കാരന്റെ വണ്ടിക്ക് പുറകിൽ നിന്ന് ഹോണടിച്ച സാദാരണക്കാരന് എതിരെയും കോടതി അലക്ഷ്യം പ്രയോഗിക്കാമോ സാർ?

‘സ്ഫടികം’ സിനിമയിൽ ജഡ്ജിയേമാനെ സമയത്തിന്റെ വില മനസ്സിലാക്കി കൊടുക്കാൻ കല്യാണത്തിന് പോകുമ്പോൾ വഴിയിൽ തടയുന്ന ആടുതോമയുടെ ഒരു സീനുണ്ട്. ആ പോക്രിത്തരത്തിന് അയാൾക്കെതിരെ ക്രിമിനൽ കേസിനു വകുപ്പുണ്ടെങ്കിലും കോടതി അലക്ഷ്യത്തിന് ശിക്ഷിക്കാൻ വകുപ്പുണ്ടോ? “സകല കലാ വല്ലഭൻ, പക്ഷേ വകതിരിവ് വട്ടപ്പൂജ്യം” എന്ന് ശങ്കരാടി അവതരിപ്പിച്ച ജഡ്ജിയദ്ദേഹം ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് പൊതുജനത്തിന് സംശയമുണ്ടായാൽ അവരെ കുറ്റം പറയാൻ പറ്റുമോ സാർ?
ഇതൊക്കെ ആരോട് പറയാനാണ്.ജനാധിപത്യത്തിന്റെ ആസനത്തിൽ ഒരു ആല് മുളച്ചാൽ അതിൽ ഹാർളി ഡേവിഡ്‌സൺ കൊണ്ട് ഊഞ്ഞാല് കെട്ടിക്കളിക്കാമല്ലോ എന്ന് വിചാരിച്ചിരിക്കുന്ന ‘സകല കലാ വല്ലഭന്മാ’രോടോ ?