Memories
അതിന്റെയൊക്കെ കാരണക്കാരിൽ ഒരാൾ നൗഷാദ് ഇക്കയെന്ന വലിയ മനുഷ്യൻ തന്നെയാണ്
2013 ലാണ് പത്തനംതിട്ടയിൽ വെച്ച് (സുമേഷേട്ടൻ )Sumesh Sukumara Panicker സങ്കടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.2011ൽ തുടങ്ങിയ ബജി കടയിൽ
184 total views, 1 views today

Salih Jamalis
ഒരു ‘ബിഗ് സ്റ്റോറി’
2013 ലാണ് പത്തനംതിട്ടയിൽ വെച്ച് (സുമേഷേട്ടൻ )Sumesh Sukumara Panicker സങ്കടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.2011ൽ തുടങ്ങിയ ബജി കടയിൽ നിന്നാണ് സ്വന്തമായൊരു ബ്രാൻഡ് ഉണ്ടാക്കണം എന്ന ചിന്ത വരുന്നത്. അങ്ങനെ ആദ്യമായി സ്വന്തം ബ്രാൻഡ് ഡിസൈൻ ചെയ്ത് ലേബൽ ചെയ്ത് പോപ്കോൺ പാക്ക് ചെയ്ത് വിൽക്കാൻ തീരുമാനിച്ചു. അങ്ങനെ സുമേഷേട്ടനെ പരിചയപ്പെട്ടു.മേള തുടങ്ങാൻ കഷ്ടിച്ച് 20 ദിവസം മാത്രം ബാക്കി. ഇതുവരെ എല്ലാം പ്ലാനിങ്ങിൽ മാത്രമേയുള്ളു. പെട്ടെന്നു തന്നെ അതിനുള്ള പണം പലരുടെ കയ്യിൽ നിന്നും കടം വാങ്ങി ഹൈദരാബാദുള്ള ഒരു കമ്പനിയെ ബന്ധപ്പെട്ട് എനിക്കാവശ്യമായ മെഷീനുകൾ എന്റെ ബ്രാൻഡിൽ നിർമ്മിച്ചു തരാൻ ആവശ്യപ്പെട്ടു.പോപ്കോൺ ബോക്സ് പ്രിന്റ് ചെയ്യാൻ ശിവകാശിയിലുള്ള ഒരു പ്രിന്റിംഗ് കമ്പനിയിൽ ഏൽപ്പിക്കുകയും ചെയ്തു. പക്ഷെ സമയം അടുത്തു വന്നപ്പോഴേക്കും ഒന്നും എന്റെ കൈകളിൽ എത്തിയിരുന്നില്ല. രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ മെഷീൻ കൊച്ചിയിൽ എത്തിയതേയുള്ളു. പത്തനംതിട്ടയ്ക്ക് വരാൻ ഇനിയും 3 ദിവസം എടുക്കുമെന്ന് പറഞ്ഞപ്പോൾ ഒന്നും ആലോചിച്ചില്ല നേരെ ഒരു പിക്കപ്പ് എടുത്ത് രാത്രിക്ക് തന്നെ കൊച്ചിക്ക് പുറപ്പെട്ടു. കൂടെ സുഹൃത്തുക്കളായ Ir Sha D Irsha ഉം Anzer Jalali യും. വെളുപ്പിനെ മെഷീനുമായി ഞങ്ങൾ തിരിച്ചെത്തി. പകുതി ആശ്വാസമായി. പക്ഷെ അപ്പോഴും മറ്റൊരു പ്രശ്നം എന്നെ അലട്ടുന്നുണ്ടായിരുന്നു. പാക്കിങ് ബോക്സ് എത്തിയിട്ടില്ല.
എന്തിനാണ് ഇത്രെയും പാടുപെട്ട് ഇതൊക്കെ കാട്ടിക്കൂട്ടിയത് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് താഴെ കാണുന്ന ആദ്യത്തെ ചിത്രം.മേളയുടെ ഫുഡ് സ്റ്റാളിൽ ആദ്യ ദിവസം Noushad ‘The Bif Chef’ ന്റെ കുക്കറി ഷോ ഉണ്ടായിരുന്നു. അതിനു വേണ്ടി അദ്ദേഹം എത്തുമ്പോൾ അദ്ദേഹത്തെ കൊണ്ട് എന്റെ സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിപ്പിക്കാമെന്ന് സുമേഷേട്ടൻ ഉറപ്പ് തന്നിരുന്നു.ആ ഒരു അവസരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു അന്നത്തെ ഓട്ടപ്പാച്ചിൽ.ആ സമയത്ത് ടെലിവിഷനുകളിൽ നിറഞ്ഞു നിന്നിരുന്ന ആളായിരുന്നു നൗഷാദിക്ക. നൗഷാദിക്കായെ പോലെ ലോകം അറിയുന്ന ഒരു ഫുഡ് ബ്രാൻഡ് ആകണമെന്നായിരുന്നു അന്നത്തെ എന്റെ സ്വപ്നം. അദ്ദേഹത്തെ പോലുള്ള ഒരാളുടെ ആശിർവാദത്തോടെ തുടങ്ങുകയെന്നത് ഫുഡ് ബിസിനസ് തുടങ്ങുന്ന ഏതോരാളുടെയും സ്വപ്നമാണ്.
പത്തനംതിട്ടയിൽ ആദ്യമായി 11 തരം ഷവർമ്മ അവതരിപ്പിച്ചത് ഈ മേളയിൽ വെച്ചാണ്. അതും മെഷീൻ ഇല്ലാതെ handmade ആയി. അതുകണ്ട് നൗഷാദിക്ക വളരെ കൗതുകത്തോടെ എന്നെ നോക്കി ചോദിച്ചു “ഈ ഐഡിയ കൊള്ളാല്ലോ, നിനക്ക് ഇതെവിടുന്നു കിട്ടി? “ഞാൻ പറഞ്ഞു, “മെഷീൻ വാങ്ങാൻ പണം ഇല്ലായിരുന്നു ഇക്ക. പക്ഷെ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ചെയ്യണമെന്ന്, അപ്പോൾ മനസ്സിൽ തോന്നിയതാണ്”.ഇക്ക ഒന്നും പറയാതെ എന്റെ തോളിൽ തട്ടി ഒരു ചിരി ചിരിച്ചു.ആ ചിരിയിൽ ഒരുപാട് വാക്കുകൾ ഉണ്ടായിരുന്നു. ആ ചിരിയായിരുന്നു പിന്നീട് എനിക്കുള്ള ഊർജ്ജം തന്നത്. പലയിടത്ത് വീണ് പോയപ്പോഴും ആ ചിരി എനിക്ക് എഴുന്നേറ്റ് വീണ്ടും ഓടാനുള്ള ഊർജ്ജം നൽകി.അന്ന് പോപ്കോൺ പാക്ക് ചെയ്ത് ഒരു ബാസ്കറ്റിലിട്ട് പോപ്കോൺ… പോപ്കോൺ…. എന്ന് ഉറക്കെ വിളിച്ച് ആളുകളുടെ ഇടയിലൂടെ നടന്ന് വിറ്റത് ഈ ചിരിയുടെ ഊർജ്ജത്തിലാണ്.
ഇന്ന് 8 വർഷങ്ങൾക്കിപ്പുറം Jamalis എന്ന ബ്രാൻഡിന് പുതിയ രൂപവും ഭാവവും നൽകി trademark ലഭിച്ചപ്പോൾ അതിന്റെയൊക്കെ കാരണക്കാരിൽ ഒരാൾ നൗഷാദ് ഇക്കയെന്ന വലിയ മനുഷ്യൻ തന്നെയാണ്. എന്റെ അഭിരുചി അദ്ദേഹം ശ്വസിച്ചറിഞ്ഞു. അതിന് വേണ്ട ഉപ്പും മുളകുമൊക്കെ അദ്ദേഹം ഒരു ചിരിയിൽ പറഞ്ഞൊതുക്കി.ഇനിയും ഒരുപാട് ദൂരം ഓടാൻ ആ ചിരിയുടെ ഒരംശം മതി ഇക്ക.
വേർപാടിന്റെ വേദനയിൽ ഒരു അനുസ്മരണം
185 total views, 2 views today