26 വയസ്സിനുള്ളിൽ 13 പ്രാവശ്യം തോറ്റു, ഒടുവിൽ സ്വപ്നത്തിലേക്കടുത്തപ്പോൾ വില്ലന്റെ വേഷത്തിൽ കൊറോണയും

60

Salih Muhammed

26 വയസ്സിനുള്ളിൽ 13 പ്രാവശ്യം തോറ്റു, ഒടുവിൽ സ്വപ്നത്തിലേക്കടുത്തപ്പോൾ വില്ലന്റെ വേഷത്തിൽ കൊറോണയും

2011ൽ പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് Plus two(Commerce) 90% മാർക്കോടെ വിജയിച്ചിരിക്കുമ്പോഴാണ് ഇനി എന്ത് എന്ന് ചോദ്യം വരുന്നത്.Pilot ആകണമെന്നായിരുന്നു പത്താംക്ലാസ് വരെ ആഗ്രഹം.പക്ഷെ അതിന് Science group എടുക്കണം.Maths പണ്ടേ ഇഷ്ടമല്ലാത്ത വിഷയമാണ്.ഇഷ്ടം ഇല്ലാത്തത് ജയിക്കാത്തതു കൊണ്ടാണ്‌ കേട്ടോ!!അങ്ങനെ വീട്ടിൽ ചർച്ചയായി. അവസാനം ഒരു തീരുമാനത്തിൽ എത്തി. Commerce എടുത്ത ശേഷം Bcom ന് പോകാമെന്ന് വീട്ടിൽ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.അങ്ങനെയാണ് ഞാൻ സമ്മതം മൂളിയത്.

പക്ഷെ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ അത്ര സുഖമൊന്നും തോന്നിയില്ല. Business Studies, Economics, Accountancy എല്ലാം ഒരുമാതിരി ശത്രുക്കളോട് പെരുമാറുന്നപോലെ എനിക്ക്‌ തോന്നി.അതിനിടയിൽ എപ്പോഴോ ‘Business’ എന്ന വാക്കിന്റെ ആശയം ഉള്ളിൽ എവിടെയോ പതിഞ്ഞു.അതോടൊപ്പം ക്ലാസ്സിലെ തട്ടമിട്ട കുട്ടിയുടെ മുഖവും. അന്ന് മനസ്സിൽ കുറിച്ചിട്ടു ഇത് രണ്ടും എന്റെ ജീവിതത്തിൽ ഞാൻ സ്വന്തമാക്കുമെന്ന്. പിന്നീട് ചെയ്യുന്ന ക്ലാസ്സിലെ ഓരോ പ്രവർത്തനങ്ങളിലും ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു.തട്ടമിട്ടവളെ impress ചെയ്യിക്കുക.അങ്ങനെ പാടാത്ത ഞാൻ പാടി, പ്രസംഗിക്കാത്ത ഞാൻ പ്രസംഗിച്ചു. അവിടെയാണ് എന്റെ ജീവിതത്തിലെ ആദ്യ Twist.

ആദ്യ വർഷത്തെ Nss സപ്‌തദിനക്യാമ്പിന് പോയപ്പോഴായിരുന്നു അത് സംഭവിച്ചത്. കിച്ചണിലുള്ള ചേട്ടനെ സഹായിച്ച് മതിപ്പ് കൂട്ടാൻ കയറിയതാണ്.പിന്നീടുള്ള ദിവസങ്ങളിൽ ചേട്ടന്റെ കൂടെ രാവിലെ പൊറോട്ട അടിക്കാൻ കൂടി.പിന്നീടുള്ള എല്ലാ task കളിലും മുൻനിരയിൽ ഉണ്ടായി.അങ്ങനെ സമാപന ദിവസം അധ്യക്ഷനാകാൻ ഞങ്ങളുടെ മലയാളം അധ്യാപകൻ തോമസ് സർ നിർദ്ദേശിച്ചു.കിട്ടുന്ന അവസരം പാഴാക്കരുതല്ലോ. അങ്ങനെ അതും ഏറ്റടുത്തു.ഒരു കിടിലൻ അധ്യക്ഷപ്രസംഗം നടത്തി എല്ലാവരുടെയും വലിയ കയ്യടി നേടി.അധ്യാപകർ പ്രത്യേകം അഭിനന്ദിച്ചു.ഒപ്പം തട്ടമിട്ടവളും.ആ ദിവസം ഇന്നും ഓർക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമാണ്.ആ ക്യാമ്പ് ആയിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ അംഗീകാരം നൽകിയത്. ഞാൻ Best Camper ആയി തിരഞ്ഞെടുക്കപ്പെട്ടു.അന്നത്തെ ഞങ്ങളുടെ NSS Coordinator ആയിരുന്ന Minto സാറിനെ ഇന്നും സ്നേഹത്തോടെ ഓർക്കുന്നു.അവാർഡ്ദാന ചടങ്ങിൽ മൈക്ക്‌ പോലും ഇല്ലാതെ 300 കുട്ടികളെയും 20 അധ്യാപകരെയും അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം എനിക്കു നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഒപ്പം അധ്യപാകരുടെ പ്രശംസയും,അംഗീകാരവും. അങ്ങനെ പ്രസംഗം എന്ന കല വളർത്തുവാൻ തുടങ്ങി.

രണ്ടാം വർഷം നടന്ന സ്കൂൾ ഫുഡ്‌ ഫെസ്റ്റിൽ ഞങ്ങൾ Plus Two Commerce ഒന്നാം സ്ഥാനം കരസ്ഥമാക്കി.അതായിരുന്നു രണ്ടാമത്തെ twist. അന്ന് ഏറ്റവും വേഗത്തിൽ വിറ്റുപോയത് എന്റെ Handmade ഷവർമ്മയായിരുന്നു. 50 രൂപയ്ക്കാണ് വിറ്റു തുടങ്ങിയത്.പിന്നീട് തിരക്ക് കൂടിയപ്പോൾ 70 രൂപയ്ക്കുവരെ വിറ്റു.അന്നായിരുന്നു ഞാൻ Economics അധ്യാപകനായ ഫിലിപ്പ് സർ പഠിപ്പിച്ച ‘Law of Supply and Demand’ theory ഉൾക്കൊള്ളുന്നത്.അതോടൊപ്പം ഭക്ഷണം വയ്ക്കുകയും, വിളമ്പുകയും ചെയ്ത് അത് ആസ്വദിച്ച് കഴിക്കുന്നവരുടെ മുഖത്തെ സംതൃപ്തി കാണുമ്പോഴുണ്ടാകുന്ന ഒരു ആത്മനിർവൃതി അന്നാണ് ഞാൻ അറിഞ്ഞത്. അത് എനിക്ക് വല്ലാത്തൊരു ഊർജ്ജം തന്നെയായിരുന്നു.

പിന്നീട് ഓരോ പാഠവും ഉൾക്കൊണ്ട്‌ പഠിക്കാൻ തുടങ്ങി. ഒരു ചെറിയ ബിസിനസ്‌ തുടങ്ങി ഇതൊക്കെയൊന്ന് Apply ചെയ്യാൻ വെമ്പൽ കൊണ്ടു. അങ്ങനെ ഞാനും എന്റെ സുഹൃത്തും കൂടി ചേർന്ന് സെക്കന്റ്‌ ഹാൻഡ് മൊബൈൽ ഫോൺ വാങ്ങി വിൽപ്പന തുടങ്ങി. ആദ്യം ചെറിയ ലാഭം കിട്ടിയെങ്കിലും പിന്നീട് നഷ്ടം വന്നുതുടങ്ങി. അങ്ങനെ ആദ്യത്തെ അംബാനി അവിടെ അവസാനിച്ചു (പരാജയം No.1).
Plus Two കഴിഞ്ഞ് എല്ലാവരും കോളേജിൽ ചേർന്നു. ഞാൻ മാത്രം ചേർന്നില്ല. ആദ്യ അല്ലോട്മെന്റിൽ തന്നെ ഇഷ്ടപ്പെട്ട കോളേജിൽ കിട്ടുമായിരുന്നിട്ടും അതിനുവേണ്ടി ഒരു application പോലും ഞാൻ അയച്ചില്ല. നേരെ ignou ൽ പോയി. http://B.com/ ന് admission എടുത്തു. ആഹാ !! ഇപ്പൊ ഞാൻ free ആയി. ആകെ ശനിയും ഞായറുമെയുള്ളു ക്ലാസ്സ്‌. ബാക്കി ദിവസം വേറെ എന്തെങ്കിലും കൂടി പഠിക്കണം. പിന്നെ ചെറിയ ഒരു ബിസിനസ്‌ തുടങ്ങണം, സ്വന്തമായി സമ്പാദിക്കണം, വീട്ടിൽ ആശ്രയിക്കാതെ എന്റെ കാര്യങ്ങൾ നടത്തണം.അതിന് ഇപ്പ്രാവശ്യം ഇഷ്ടപ്പെട്ട ബിസിനസ്‌ തന്നെ ചെയ്യണമെന്ന് തീരുമാനിച്ചു.

അങ്ങനെ 2011 ൽ തന്നെ ഞാനും എന്റെ ഒരു ജേഷ്ഠസുഹൃത്തുമായി ചേർന്ന് പത്തനംതിട്ട പള്ളിയുടെ വഴിയോരത്ത് റമദാൻ കാലത്ത് ഒരു ‘വടക്കട’ ഇട്ടു.വീട്ടിൽ ആരും അറിയാതെയാണ് അന്ന് അത് തുടങ്ങിയത്.അത് ചെറിയൊരു വിജയമായിരുന്നു.റമദാൻ കഴിഞ്ഞപ്പോഴേക്കും പത്തനംതിട്ട SP ഓഫീസിന് തൊട്ടടുത്തായി ഒരു ‘ചായയും വടയും’ കട തുടങ്ങി. അത് വലിയ ലാഭകരമായിരുന്നില്ല.

പിന്നീട് 2012 ൽ വീണ്ടും പള്ളിയിൽ ‘വടക്കട’യിട്ടു.പള്ളിയിൽ ഇടുന്നത് ഒരു മാസത്തേക്ക് വേണ്ടി മാത്രമാണ്. അപ്പോഴാണ് വീട്ടിൽ അക്കാര്യം ഞാൻ പേടിയോടെ സൂചിപ്പിക്കുന്നത്. കുറേ ചോദ്യങ്ങൾ നേരിട്ടെങ്കിലും അവസാനം കട നന്നായി നടന്നുകൊണ്ടിരിക്കുകായാണ് എന്ന് ബോധ്യപ്പെടുത്തിയപ്പോൾ മൗനം സമ്മതമായി.അങ്ങനെ ആ റമദാൻ കഴിഞ്ഞപ്പോൾ പത്തനംതിട്ട പോലീസ് സ്റ്റേഷന് തൊട്ട് മുൻപിലായി ഒരു ചെറിയ കടമുറി വാടകയ്‌ക്കെടുത്ത് ‘തട്ടുകട’ തുടങ്ങി.’പേരിടാൻ മറന്നുപോയ കട’ എന്ന് അതിന് പേരും ഇട്ടു. ഇപ്പോൾ 2 കടയുണ്ട്.SP ഓഫീസിനടുത്തുള്ള കടയിൽ കച്ചവടം പതുക്കെ കൂടി വന്നു.പുതിയ കടയിൽ ശരാശരി കച്ചവടം മാത്രം.

കൃത്യമായി എനിക്ക് കടയിൽ പോകാനോ,കാര്യങ്ങൾ ശ്രദ്ധിക്കുവാനോ സാധിച്ചിരുന്നില്ല. കാരണം അന്ന് ഞാൻ 3 കോഴ്സുകൾ പഠിക്കുന്നുണ്ടായിരുന്നു. Ignou ൽ http://b.com/, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ സൈക്കോളജിക്കൽ കൗൺസിലിംഗ്, NIIT യിൽ software Engineering.

അങ്ങനെ കുറച്ച് മാസങ്ങൾക്കു ശേഷം ‘പേരിടാൻ മറന്നു പോയ കട ‘നിർത്തി(പരാജയം No.2).ഇനി പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാമെന്നു കരുതി, കൂടാതെ SP ഓഫീസിനു മുൻപിലെ കടയിൽ നിന്നും 2 പേർക്കുള്ള വരുമാനം കിട്ടിയിരുന്നില്ല. മാത്രവുമല്ല അദ്ദേഹത്തിന് കുടുംബവും, കുട്ടിയുമൊക്കെയുണ്ട്.അങ്ങനെ ഞാൻ എന്റെ മുടക്കുമുതൽ തിരിച്ചു വാങ്ങി കട അദ്ദേഹത്തിന് കൊടുത്തു(പരാജയം No.3). (ആ കട ഇപ്പോഴും അവിടെയുണ്ട്.മറ്റാരോ ആണ് ഇപ്പോൾ നടത്തുന്നത്).

പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിക്കുമ്പോഴും “മനസ്സ് ചായ അടിക്കാൻ തുടങ്ങും, ചിന്തകൾ വടയിടാനും”.ഉള്ളിലെ ബിസിനെസ്സുകാരൻ സടകുടഞ്ഞെഴുന്നേറ്റു.അങ്ങനെ 2013 ൽ വീണ്ടും ഒറ്റയ്ക്ക് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ ഞാൻ ബജ്ജിക്കട ഇട്ടു. വടയിടാൻ മൈദീൻ അണ്ണനും ചായ അടിക്കാൻ ഞാനും.എന്നെ സഹായിക്കാൻ എന്റെ അച്ഛനും വരുമായിരുന്നു.കുറച്ച് നാളുകൾ കഴിഞ്ഞപ്പോഴേക്കും എന്റെ ഓട്ടവും,കഷ്ടപ്പാടുകളും കണ്ട് അമ്മ പറഞ്ഞു നീ ഇതുനിർത്തിയിട്ട് ഗൾഫിൽ പോകാൻ.കുറേ ഞാൻ പറഞ്ഞു നോക്കിയെങ്കിലും നടന്നില്ല.ഒടുവിൽ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തീരുമാനിച്ചു. കട നിർത്തി (പരാജയം No.4)

അങ്ങനെ ഗൾഫിൽ networking മേഖലയിൽ ഒരുപാട് ഒഴിവുകൾ ഉണ്ടെന്ന് ഞാൻ അറിഞ്ഞു. അങ്ങനെ Network Engineering പഠിക്കാൻ കൊച്ചിയ്ക്ക് വണ്ടി കയറി.നിസാം സാറിന്റെ ശിക്ഷണത്തിൽ CCNA(Cisco Certified Netwoking Associate ) യും MCSE(Microsoft Certified Solutions expert) യും കരസ്ഥമാക്കി.വീണ്ടും തിരിച്ച് നാട്ടിലേക്ക്.ഒന്നും ചെയ്യാനില്ലാതെ ഒഴിവുസമയം കിട്ടിയപ്പോൾ എഴുതി വെച്ചിരുന്ന ഗാനത്തിന് സംഗീതം നൽകി ചന്ദ്രലേഖയെ കൊണ്ടു പാടിപ്പിച്ചു. സോഷ്യൽ മീഡിയയിൽ വൈറൽ ആയി.
ഇപ്പോൾ എന്റെ വീട്ടുകാർക്കും നാട്ടുകാർക്കും ഒരേയൊരു സംശയം. ഇവന് എന്തോ കുഴപ്പമുണ്ടല്ലോന്ന്.

ഗൾഫിലേക്ക് പോകാൻ തയ്യാറെടുത്തിരിക്കുമ്പോഴാണ് ഗൾഫിലുള്ള ബന്ധുക്കൾ പറയുന്നത് ഡിഗ്രി കഴിയാറായില്ലേ,അത് complete ചെയ്തിട്ട് വന്നാൽ മതിയെന്ന്. അതിന് ഇനിയും ഒരു വർഷത്തിനടുത്ത് സമയം ബാക്കിയുണ്ട്.അതിനിടയിൽ എന്തെങ്കിലുമൊക്കെ ചെയ്യണം.പഴയ പ്രാസംഗികൻ എവിടെയോ തലപൊക്കി.അവിടുന്നാണ് International motivational speaker and Businessman എന്ന ഒരു ലക്ഷ്യബോധം ഉണ്ടാകുന്നത്.2014 ൽ അതിനുവേണ്ടി പരിശീലകർക്കുള്ള ഒരുപാട് Training പ്രോഗ്രാമുകളിൽ പങ്കെടുത്തു.കൊച്ചിയും, കോഴിക്കോടും വയനാടും,ഹൈദരാബാദുമൊക്കെ യാത്രകൾ ചെയ്തു.പക്ഷെ കുറേ സഞ്ചരിച്ചപ്പോൾ മനസ്സിലായി നമ്മുടെ അനുഭവമാണ് മറ്റുള്ളവർക്ക് പ്രചോദനം.അതുകൊണ്ട് എനിക്ക് എന്റേതായ ഒരു ബ്രാൻഡ് പടുത്തുയർത്തി അത് വിജയിപ്പിച്ചുകാണിച്ചാൽ മാത്രമേ എനിക്ക് മറ്റുള്ളവരെ ശരിക്കും motivate ചെയ്യാൻ സാധിക്കൂവെന്ന്.

ഇത്തവണ പുതിയ ആശയം മനസ്സിൽ വന്നു. നാട്ടിലെ ഫെസ്റ്റുകളിൽ സ്വന്തം ബ്രാൻഡിൽ ഫുഡ്‌ സ്റ്റാൾ ഇടാൻ. അങ്ങനെ 2015 ൽ ഹൈദരാബാദിൽ നിന്ന് ഒരു പോപ്‌കോൺ കിയോസ്‌കും ഒരു ഷുഗർ ക്യാന്റി കിയോസ്‌കും 1.5 ലക്ഷം മുടക്കി ‘Jamalis’ എന്ന ബ്രാൻഡിൽ ഇറക്കി. ആദ്യ ഫെസ്റ്റ് മഴയിൽ പരാജയപ്പെട്ടു. പക്ഷെ രണ്ടാമത്തെ ഫെസ്റ്റിൽ നല്ല ലാഭം ഉണ്ടായി. അതിനു ശേഷം അടുത്ത ഫെസ്റ്റ് കാത്തിരിക്കുമ്പോഴാണ് അടുത്ത twist.
എനിക്ക് ദുബൈക്ക് പോകാനുള്ള visit വിസയും ടിക്കറ്റും വന്നു.അങ്ങനെ പോകുന്നതിനു മുൻപ് ‘jamalis’ കിയോസ്കുകൾ ഫെസ്റ്റിൽ നിന്ന് പരിചയപ്പെട്ട ഒരാളെ നടത്താൻ ഏൽപ്പിച്ചു. ആദ്യമാദ്യം ഫോൺ എടുത്തിരുന്നു. പിന്നീട് ഒരു വിവരവും ഇല്ലാതെയായി.ഞാൻ ജോലി അന്വേഷിച്ച് ദുബൈക്കും പോയി. (പരാജയം No.5).

ഇനി കളികൾ ദുബൈയിൽ.നല്ലയൊരു ജോലി സ്വപ്നം കണ്ടാണ് ദുബൈയിൽ ഇറങ്ങുന്നത്.3 മാസത്തെ വിസയാണ്. വിസ കഴിയാറായി, എല്ലായിടത്തും experience ആണ് ചോദിക്കുന്നത്. എന്റെ experience ദുബൈയിൽ പറഞ്ഞാൽ അവർ അതിനുള്ള ഒരു ജോലിയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലന്നേ പറയൂ.അങ്ങനെ അവസാനം ഒരു Trading കമ്പനിയിൽ ചെറിയൊരു ജോലി ശരിയായി.visa ക്കു വേണ്ടിയുള്ള പേപ്പറുകൾ കൊടുത്തു.visit കഴിയാറായപ്പോൾ തിരിച്ച് നാട്ടിലേക്ക് വന്നു.പുതിയ ജോലി visa കാത്തിരുന്നു. ഇപ്പൊ വീട്ടിൽ എല്ലാർക്കും സന്തോഷം.വൈകാതെ വിസയും ടിക്കറ്റും വന്നു. വീട്ടിലെ ഗംഭീര യാത്രയയപ്പ് ഏറ്റുവാങ്ങി സ്വപ്ന ഭൂമിയിലേക്ക്.തുടർന്നുള്ള ദിവസങ്ങൾ സന്തോഷത്തിന്റേതായിരുന്നു.
ജോലിക്ക് കേറി കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ എന്റെ നിർബന്ധത്തിനു വഴങ്ങി നാട്ടിൽ എനിക്കിഷ്ടപ്പെട്ട കുട്ടിയെ വീട്ടുകാർ വിവാഹാലോചന വരെ നടത്തി.അടുത്ത പ്രാവശ്യം അവധിക്കു വരുമ്പോൾ കല്യാണം നടത്താൻ ധാരണയുമായി.അങ്ങനെ എല്ലാം കൊണ്ടും സന്തോഷ നാളുകൾ. പക്ഷെ അതിന് അധികമായുസ്സ് ഉണ്ടായിരുന്നില്ല.

പെട്ടെന്നായിരുന്നു uae യിൽ സാമ്പത്തിക മാന്ദ്യം വീശിയടിച്ചത്. ഞങ്ങളുടെ കമ്പനി പൂട്ടി.ജോലി നഷ്ട്ടപ്പെട്ടു(പരാജയം No.6)
വെറും 35 ദിവസമാണ് ഞാനവിടെ ജോലി ചെയ്തത്.തകർന്നു പോയി ഞാൻ. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.പോയ ഉടനെ തന്നെ ഡ്രൈവിംഗ് ലൈസൻസിന് paper കിട്ടിയിരുന്നു.ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും അവസാനം ലൈസൻസ് കിട്ടി.പക്ഷേ ജോലിയില്ല, ഭക്ഷണം കഴിക്കാൻ പോലും പൈസ ഇല്ല, ഇനി എന്തുചെയ്യുമെന്നറിയാതെ ചിന്തിച്ച് മനസ്സ് മരവിച്ചുപോയ ദിന രാത്രങ്ങൾ.ഒന്നുറക്കെ കരയാൻ പോലുമുള്ള ശേഷിയില്ലാതായി. അങ്ങനെ ഇരിക്കെ ചെറിയൊരു പാർട്ട്‌ ടൈം ജോലി കിട്ടി. Desert Cubs എന്ന ഷാർജയിലെ ഒരു ക്രിക്കറ്റ്‌ ക്ലബ്ബിൽ സ്കോർ എഴുതുന്ന ജോലി ആയിരുന്നു.ഒരു മാച്ചിന് 75 ദിർഹം ആണ് ലഭിക്കുക.ആഴ്ചയിൽ 2 ദിവസമേ മാച്ചുകൾ ഉള്ളു. വെള്ളി, ശനി. ഒരു ദിവസം 2 മാച്ചുകൾ ഉണ്ടാകും.ഒരാഴ്ചയിൽ 300 ദിർഹം. ടാക്സി ചാർജ് കഴിഞ്ഞ് ബാക്കി 180 ദിർഹം ഉണ്ടാകും.അങ്ങനെ കുറേ രാവുകൾ കഴിഞ്ഞുപോയി. നാട്ടിലേക്ക് മടങ്ങിയാലോ എന്ന് പലതവണ ആലോചിച്ചു.പക്ഷെ നാട്ടിൽ എങ്ങനെ പോകും. എന്റെ ജോലി നഷ്ടപ്പെട്ടുവെന്നറിഞ്ഞാൽ ഒരുപക്ഷെ എന്റെ വിവാഹം പോലും അനിശ്ചിതത്വത്തിലാകും.

അങ്ങനെ 2016 അവസാനം അബുദാബിയിൽ എന്റെയൊരു ബന്ധുവിന്റെ ട്രേഡിങ്ങ് കമ്പനിയിൽ ജോലി കിട്ടി.ജോലി വിസ അയച്ചു തരാമെന്ന ഉറപ്പിൽ ഞാൻ നാട്ടിലേക്ക് പോയി. പക്ഷെ എനിക്ക് വന്നത് 3 month visit വിസയായിരുന്നു. 3 മാസത്തിനുള്ളിൽ ജോലി വിസയിലേക്ക് മാറ്റാമെന്ന് ഉറപ്പു നൽകി. ഞാൻ സമ്മതം മൂളി. അങ്ങനെ 3 മാസം കഴിയാറായി. വിസ കിട്ടിയില്ല.ശമ്പളം കിട്ടിയിരുന്നു.സാമ്പത്തിക ബുദ്ധിമ്മുട്ടുള്ളതിനാൽ ഒരു 3 month വിസ കൂടി എടുക്കാമെന്നു പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു.അങ്ങനെ ഒമാനിൽ പോയി exit അടിച്ച് തിരിച്ചു വന്നു.1 മാസം ജോലി ചെയ്തു.മാനസികമായും, ശാരീരികമായും ഒരുപാട് അസ്വസ്ഥതകൾ അലട്ടിക്കൊണ്ടിരുന്നു.അവസാനം ഞാൻ ആ ജോലി ഉപേക്ഷിച്ചു(പരാജയം No.7)
പിന്നീട് നേരെ Al Ain ലുള്ള എന്റെ അയൽവാസിയായ ജേഷ്ടസുഹൃത്തിന്റെ അടുക്കലേക്കു poyi.അവിടെ ജോലി അന്വേഷിച്ചു, കിട്ടിയില്ല. അങ്ങനെ 2017ൽ അവിടെ ഒരു Restaurant നടത്തിപ്പിന് എടുത്തു.കുറച്ചു പൈസ നാട്ടിലെ സുഹൃത്തിൽ നിന്നും സങ്കടിപ്പിച്ച് സെക്യൂരിറ്റി ആയി നൽകി. ഒരു മാസം നടത്തി കച്ചവടം ആയി വരുമ്പോഴേക്കും വിസ തീരാറായിരുന്നു.ആദ്യം വിസ നൽകാമെന്നു പറഞ്ഞ് പണം വാങ്ങിയ restaurant ന്റെ owner വിസ വേണമെങ്കിൽ 8000 ദിർഹം കൊടുക്കണമെന്ന് പറഞ്ഞു.ആ സമയം അതെനിക്ക് അസാധ്യമായിരുന്നു.അങ്ങനെ സെക്യൂരിറ്റി തിരിച്ചു വാങ്ങി അതും ഉപേക്ഷിച്ചു(പരാജയം No.8)
തിരിച്ചുവാങ്ങിയ security amount കൊണ്ട് എന്തെങ്കിലും ഒരു side വരുമാനം ഉണ്ടാക്കാനുള്ള ആലോചനയിലായി. അങ്ങനെ ഒരു കുടുംബ സുഹൃത്തിന്റെ നിർദേശപ്രകാരം ആ പണം ഒരു ഓൺലൈൻ ട്രേഡിങിൽ invest ചെയ്തു. 3 മാസംകൊണ്ട് നല്ലൊരു തുക profit കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇട്ടത്.trading വെബ്‌സൈറ്റിയിൽ profit കൂടുന്നതുകണ്ട് ഞാൻ ഒരുപാട് സന്തോഷിച്ചു. അങ്ങനെ 3 മാസം കഴിഞ്ഞപ്പോൾ ഞാൻ എന്റെ withdrawal request കൊടുത്തു.അവർ അത് accept ചെയ്തു. പക്ഷെ 4 വർഷമായി ഇതുവരെ ആ പൈസ എനിക്ക് കിട്ടിയിട്ടില്ല(പരാജയം No.9)

അവിടുന്ന് ദുബൈയിലുള്ള ഒരു കമ്പനിയിൽ Business Development Exexutive ന്റെ വേക്കൻസിയിലേക്കുള്ള ഇന്റർവ്യൂവിന് പോയി. ജോലി ലഭിച്ചു. പക്ഷെ visit വിസ കഴിയാൻ ഒരാഴ്ച മാത്രം ബാക്കി.കമ്പനി എന്നോട് നാട്ടിലേക്ക് പോകാൻ പറഞ്ഞു.10 ദിവസത്തിനുള്ളിൽ ജോലി വിസയും ടിക്കറ്റും അയച്ചു തരുമെന്നും പറഞ്ഞു. അങ്ങനെ ഞാൻ വീണ്ടും നാട്ടിലേക്ക് മടങ്ങി.എന്റെ വിവാഹ നിശ്ചയവും നടത്തി മൂന്ന് മാസത്തിനു ശേഷമുള്ള ഒരു തീയതിയും തീരുമാനിച്ചു. 2 ആഴ്ചയ്ക്കുള്ളിൽ ടിക്കറ്റും വിസയും വന്നു. വിസ പതിവുപോലെ 3 month visit.ജോലിക്കു വേണ്ടിയുള്ള എന്റെ 4ാമത്തെ visit വിസയായിരുന്നു athu.എല്ലാ സങ്കടവും ഉള്ളിലൊതുക്കി ഞാൻ വീണ്ടും ദുബൈക്ക് പറന്നു. അവിടെ 2 മാസം കഴിഞ്ഞപ്പോഴും എനിക്ക് ആദ്യ മാസത്തിന്റെ പകുതി ശമ്പളമേ കിട്ടിയിരുന്നുള്ളു. കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി. ഒരുപാട് ആവശ്യങ്ങളുമുണ്ട്.ശമ്പളം കുറച്ച് വൈകും എന്ന് കമ്പനി മുന്നറിയിപ്പ് നൽകി. കൂടാതെ വിസ change ചെയ്യാൻ പോകുന്നു എന്ന് HR മാനേജർ പറഞ്ഞപ്പോൾ ഞാൻ അത് നിരസിച്ചു. ശമ്പളം കൃത്യമായി നൽകാത്ത കമ്പനിയിൽ വിസ അടിച്ചാൽ പിന്നെ 2 വർഷം ശരിക്കും കുടുങ്ങിപ്പോകുമെന്ന് അറിയാമായിരുന്നു.അതുകൊണ്ട് അത് ഉപേക്ഷിച്ചു. (പരാജയം No.10)

അങ്ങനെ കല്യാണത്തിനായി നാട്ടിലേക്കു പുറപ്പെട്ടു.കല്യാണം ഗംഭീരമായി കഴിഞ്ഞു. ഇനി എന്ത് ചെയ്യും? ഇതായിരുന്നു പിന്നീടുള്ള ചിന്ത. 2 മാസം കഴിഞ്ഞപ്പോൾ തിരിച്ചു പോകുന്നില്ലേ എന്ന ചോദ്യം സഹിക്കാൻ വയ്യാതെയായി.
അങ്ങനെ 2018 ൽ ഞാൻ കടം വാങ്ങിയ പണവുമായി വീണ്ടും എന്റെ 5ാമത്തെ visit വിസ എടുത്ത് ദുബൈയിലേക്ക് പോയി.
അവിടെ മുൻപ് താമസിച്ച റൂമിൽ ഉണ്ടായിരുന്നയാൾ എന്നെ വിളിച്ചു. അദ്ദേഹം oru പുതിയ trading കമ്പനി തുടങ്ങാൻ പോകുകയാണ്.അത് നടത്താൻ ഒരാൾ വേണം. താല്പര്യം ഉണ്ടോ എന്ന്. ഞാൻ ആദ്യം മടിച്ചുവെങ്കിലും പിന്നീട് സമ്മതം മൂളി. അങ്ങനെ ഞാൻ പോയി കമ്പനിക്ക് പേര് കണ്ടെത്തി, logo ഡിസൈൻ ചെയ്തു. ഇനി product വേണം. Product ഒന്നും ഇല്ലാതെ ഞാൻ work ആരംഭിച്ചു. എനിക്ക് പരിചയമുണ്ടായിരുന്ന കമ്പനികളിലെ purchaser മാരെ കണ്ടു, അവരുടെ requirement അനുസരിച്ചുള്ള products quote ചെയ്യാനും തുടങ്ങി. പക്ഷെ pricing ൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഒരു മാസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം എന്നെ നിരന്തരമായി pressure ചെയ്യാൻ തുടങ്ങി.അവസാനം സഹികെട്ടപ്പോൾ ഞാൻ ആ ജോലി ഉപേക്ഷിച്ചു(പരാജയം No.11)
പെട്ടെന്നു തന്നെ മറ്റൊരു ജോലി കിട്ടി. അതും ട്രേഡിങ്ങ് കമ്പനി തന്നെയാണ് ജോലി Business development. ആദ്യം ഞാൻ ചോദിച്ചത് വിസയുടെ കാര്യമായിരുന്നു.എന്റെ 3 month വിസ അവസാനിക്കാറായിരുന്നു.അവർ ഒരു 3 month വിസ കൂടി എടുക്കാൻ എന്നോട് പറഞ്ഞു.2 മാസത്തിനുള്ളിൽ വിസ change ചെയ്തു തരാമെന്ന് ഉറപ്പും തന്നിരുന്നു.അങ്ങനെ ഞാൻ വീണ്ടും എന്റെ 6ാമത്തെ 3 month visit എടുത്തു. നാട്ടിൽ പോയില്ല, പോകാൻ പറ്റില്ലലോ. ഒമാനിൽ പോയി exit അടിച്ചു വന്നു. 2 മാസത്തോളം കഴിഞ്ഞിട്ടും വിസയുടെ കാര്യത്തിൽ തീരുമാനം ഒന്നും ആയില്ല.

അപ്പോഴേക്കും ഞാൻ ശരിക്കും മടുത്തിരുന്നു. പിന്നെ ഒട്ടും വൈകിച്ചില്ല.ആ ജോലിയും ഉപേക്ഷിച്ചു. (പരാജയം No.12)
പിന്നീട് ഒരുപാട് കമ്പനികളിൽ ഇന്റർവ്യൂവിനു പോയി. വിളിയും കാത്തിരുന്നു.വിസ തീരുവോളം.അപ്പോഴേക്കും ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിരുന്നു.എന്തും നേരിടാനുള്ള മനക്കരുത്തും അതിജീവിക്കാനുള്ള ആത്മവിശ്വാസവും.
അങ്ങനെ 2018 ൽ ഞാൻ തിരിച്ച് നാട്ടിലെത്തി.അപ്പോഴേക്കും ഞാനൊരു പിതാവായിരുന്നു.ഇനി ജീവിക്കണമെങ്കിൽ സ്ഥിരമായി ഒരു വരുമാനം വേണം.പ്രാരബ്‌ധം കൂടി. ചെറിയൊരു ബിസിനസ്‌ തുടങ്ങാൻ പദ്ധതിയിട്ടു. മറ്റൊന്നുമല്ല, ഒരു Food Cart. അതിന് ഒരു omni van modify ചെയ്ത് അതിൽ ബർഗറും സാൻഡ്‌വിച്ചും വിൽക്കാനാണ് പദ്ധതി.കയ്യിൽ ക്യാഷ് ഇല്ലാത്തതുകൊണ്ട് അതിന്റെ പണി വളരെ നീണ്ടു പോയി.

നിൽക്കാൻ കെൽപ്പില്ലാതെ വന്നപ്പോൾ തൃശൂർ ഒരു advertising Company ൽ ജോലിക്ക് കേറി. തരക്കേടില്ലാത്ത ശമ്പളം ഉണ്ട്. 3 മാസം കഴിഞ്ഞപ്പോൾ വീടെടുത്ത് ഫാമിലിയുമായി തൃശ്ശൂർക്ക് താമസം ആരംഭിച്ചു. ജീവിതത്തിലെ നല്ല സമയം ആരംഭിച്ചു എന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് വീണ്ടും വിധിയുടെ വിളയാട്ടം. ശമ്പളം ഒരുപാട് pending ആയി.എനിക്ക് ഇനിയും അവിടെ തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായി. അങ്ങനെ അതും ഹുദാ:ഗവാ. (പരാജയം No.13)
ഇനി എന്തായാലും എന്റെ സ്വപ്നം ഞാൻ സാധ്യമാക്കുമെന്ന് മനസ്സിൽ ഉറപ്പിച്ചു .ചെറിയൊരു food cart ന്റെ ആശയത്തിൽ നിന്ന് ഒരുപാട് നാളത്തെ പരിശ്രമത്തിനൊടുവിലാണ് 2019 നവംബർ 16 ന് ഇപ്പൊ കാണുന്ന Jamalis ലേക്ക് എത്തിയത്.

അങ്ങനെ എന്റെ സ്വപ്നത്തിലേക്കുള്ള 14 മത്തെ വാതിൽ ഞാൻ തുറന്നു.10 വർഷങ്ങൾക്കു മുൻപ് ഞാൻ സ്വന്തമാക്കാൻ ആഗ്രഹിച്ച തട്ടമിട്ട കുട്ടിയെ കുറിച്ച് പിന്നീട് ഒന്നും പറഞ്ഞില്ലല്ലോ എന്നായിരുക്കും നിങ്ങൾ ചിന്തിക്കുന്നത്.അല്ലേ? ആ കുട്ടി ഇപ്പോൾ എന്റെ കുട്ടിയുടെ അമ്മയാണ് .ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. വിജയമെന്നത് ഒരുപാട് സ്വത്തും, സമ്പാദ്യവും നേടുകയല്ല .പരാജയത്തിന്റെ പടുകുഴിയിൽ വീണാലും തിരിച്ചുകയറുമെന്ന ഉറപ്പിച്ച മനസ്സാണ് വിജയം.