Muhammed Sageer Pandarathil
മലയാള സിനിമ കണ്ട ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നായിരുന്ന താഴ്‌വാരത്തിലെ രാഘവൻ അഥവാ സലിം അഹമ്മദ് ഘൗസ് വിടവാങ്ങി.ഇന്ന് 2022 ഏപ്രിൽ 28 ആം തിയതി തന്റെ 70 ആം വയസ്സിൽ മുംബൈയിൽ വെച്ചാണ് അന്തരിച്ചത്. 1952 ജനുവരി 10 ആം തിയതി ചെന്നൈയിലാണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ചെന്നൈയിലുള്ള ക്രൈസ്റ്റ് ചർച്ച് സ്കൂളിലും പ്രസിഡൻസി കോളേജിലുമായിരുന്നു.
പിന്നീട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി.1987 ൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത സുഭഹ് എന്ന സീരിയലില്‍ അഭിനയിച്ചതോടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. ഭരത് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തുടർന്ന് ദൂരദര്‍ശനില്‍ തന്നെ സംപ്രേക്ഷണം ചെയ്ത ഭാരത് ഏക് ഘോജ് എന്ന സീരിയലില്‍ ശ്രീരാമനായി. പിന്നീട് ശ്രീകൃഷ്ണനായും ടിപ്പു സുല്‍ത്താനായുമൊക്കെ ഇദ്ദേഹത്തെ നമ്മൾ ദൂരദർശനിൽ കണ്ടു.
1989 ൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത വെട്രിവിഴ എന്ന ചിത്രത്തിൽ വില്ലനായി ഇദ്ദേഹം സിനിമയിൽ തുടക്കം കുറിച്ചു. 1990 ൽ താഴ്‌വാരം എന്ന മലയാള സിനിമയിൽ വില്ലനായി.1997 ൽ കൊയ്ല എന്ന ഹിന്ദി സിനിമയിൽ ഷാരൂക്ക് ഖാനോടൊപ്പം അഭിനയിച്ച ഇദ്ദേഹം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ സലിം ഘൗസ് അഭിനയിച്ചു.അനിത സലീമാണ് ഭാര്യ. ആര്യാമ സലിം ഏക മകനാണ്.
**