ഒരു ശസ്ത്രക്രിയാ വിദഗ്ധനേക്കാൾ സമ്മർദ്ദം അനുഭവിക്കുന്ന പ്രൊഫഷനാണ് വൈമാനികന്റേതെന്ന് പഠനങ്ങൾ പറയുന്നു

44

Salim Mundoth

ഒരു ബൈക്ക്, അല്ലെങ്കിൽ ഫോർവീലർ നമ്മുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടുപോകുന്ന ആകസ്മികതയിൽ ജീവിതത്തിനും മരണത്തിനുമിടയിൽ നമ്മൾ കളിക്കുന്ന ഒരു കളിയുണ്ട്. അനുഭവിച്ചവർക്ക് എളുപ്പം മനസിലാകും. ഒരു ശസ്ത്രക്രിയാ വിദഗ്ധനേക്കാൾ സമ്മർദ്ദം അനുഭവിക്കുന്ന പ്രൊഫഷനാണ് വൈമാനികന്റേതെന്ന് പഠനങ്ങൾ പറയുന്നു. മറ്റ് ജോലികളിൽ നിന്ന് വ്യത്യസ്തമായി, വളരെ ഉയർന്ന മാനസിക-ശാരീരിക ആരോഗ്യം ഡിമാൻഡ് ചെയ്യുന്ന യുണീക് പ്രൊഫഷൻ. സാധാരണ നിലയ്ക്ക് ഒരു യാത്രക്കാരന്റെ ആകുലതകളൊന്നും പൈലറ്റിന്റെ ചിന്തയിൽ ഉണ്ടാവില്ല, പക്ഷെ ഒരു ഡ്രമാറ്റിക് സിറ്റുവേഷൻ അഥവാ അപ്രതീക്ഷിതമായൊരു ഹൈ ലെവൽ സ്ട്രെസ് ഏതൊരു മനുഷ്യനെയും എന്നപോലെ അവരുടെ പ്രകടന നിലവാരത്തെയും ബാധിക്കും. ഒരു പൈലറ്റ് അമിത സമ്മർദ്ദത്തിലായിരിക്കുമ്പോൾ നിർഭാഗ്യകരമായ അപകടങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു.അനവധി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും വിമാനയാത്ര നമുക്ക് പലർക്കും അങ്ങേയറ്റം മാനസിക സംഘർഷം നിറഞ്ഞതാണ്. പലപ്പോഴും കൈവിട്ടുപോയൊരു പട്ടം കണക്കെ നമ്മൾ വായുവിൽ ഉലയും. കോക്പിറ്റിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ആശങ്കപ്പെടും. കാബിനുള്ളിൽ നിന്നുയരുന്ന സ്വാഭാവികമായൊരു ശബ്ദം പോലും അപായമണിയായി അനുഭവപ്പെടും. വിമാനം ചരിയുമ്പോഴും ചായുമ്പോഴും എയർ ഹോസ്റ്റിന്റെ കണ്ണുകളിലെ ആത്മാവിശ്വാസത്തിലേക്ക് നോക്കി നെടുവീർപ്പിടും. നാടും കുടുംബവും മനസിലൂടെ ഫ്ലാഷ് ചെയ്യും. ധിക്കാരിയാണെങ്കിലും വിനീതനാകും. അനേകവർഷത്തെ പ്രവർത്തനപരിചയമുണ്ടെങ്കിലും തന്റെ അവസാന നിമിഷങ്ങളിൽ ആ വൈമാനികൻ എന്തെല്ലാം സംഘർഷങ്ങളിലൂടെയായിരിക്കും കടന്നുപോയിട്ടുണ്ടാവുക! തന്റെ സഹപൈലറ്റിനോട് എന്തൊക്കെയാവും പങ്കുവെച്ചിട്ടുണ്ടാവുക. ഏതെല്ലാം സംവിധാനങ്ങളായിരിക്കും അദ്ദേഹം പരീക്ഷിച്ചിട്ടുണ്ടാവുക.ആലോചിക്ക വയ്യ.ഈ നിമിഷം കോക്പിറ്റിന് പിറകിൽ ഒരു പട്ടമായി ഞാൻ ഉലയുകയാണ്…സ്നേഹം, പ്രണാമം പ്രിയ മനുഷ്യരെ.