നിങ്ങൾക്കോ നിങ്ങളുടെ മതത്തിനോ ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിളിക്കുന്ന പേരല്ല പ്രകൃതി വിരുദ്ധമെന്നത്

649

സലിംരാജ് .എസ് എഴുതുന്നു

പിന്നേ പ്രകൃതി വിരുദ്ധം കോപ്പാണ്

നിങ്ങൾക്കോ നിങ്ങളുടെ മതത്തിനോ ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിളിക്കുന്ന പേരല്ല പ്രകൃതി വിരുദ്ധമെന്നത്. നിങ്ങൾക്ക് വിരുദ്ധരെ സൃഷ്ടിച്ചു സ്വയം മേനി നടിക്കുന്ന കാലമൊക്കെ കഴിഞ്ഞിട്ട് നൂറ്റാണ്ടൊന്നു മാറിയെന്ന് അറിഞ്ഞായിരുന്നോ ?

പ്രകൃതി മോദിജിയല്ല, വിരുദ്ധരെയൊക്കെ പിടിച്ചു കേസെടുത്തു പീഡിപ്പിക്കാൻ. ഈ പ്രപഞ്ചത്തിൽ സംഭവിക്കാവുന്ന എന്തും പ്രകൃതിയിൽ അനുവദനീയമാണ്. അത് പ്രകൃതി വിരുദ്ധമാകുന്ന പക്ഷം അത് സംഭവിക്കുക കൂടിയില്ല എന്ന് ഹരാരി നിരീക്ഷിക്കുന്നു. അത് സംഭവിക്കുന്നുണ്ട് എങ്കിലത്‌ വിരുദ്ധവുമല്ല.

കല്ലുമായി മനുഷ്യന് രതിയിലേർപ്പെടാൻ സാധിക്കില്ല, ഫോട്ടോസിന്തസിസ് നമുക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. പർവ്വതമെടുത്തു പൊക്കാൻ സാധിക്കില്ല. ഇനി പൊക്കിയാൽ അത് വിരുദ്ധമാകില്ല താനും. അതായത് വിരുദ്ധത എന്നൊന്നുണ്ടെങ്കിൽ അതൊന്നും ഇത്തിരിപ്പോന്ന മനുഷ്യൻ നിരോധിച്ചിട്ടു വേണ്ട നിർത്തലാക്കാൻ എന്ന്. മനുഷ്യനും കൂടി ഉൾപ്പെടുന്ന ഈ മഹാ പ്രകൃതി സത്തയിൽ നിന്ന് ഒറ്റയടിക്ക് മനുഷ്യനെ കിഴിച്ചുള്ളവയെ അപ്പുറത്തു നിർത്തി, ഇപ്പുറത്തു നമ്മളും കയറി നിന്ന് അപ്പുറത്തേതിന്റെയൊക്കെ തന്തയാവാനുള്ള ശ്രമത്തിന്റെ ബാക്കി പത്രമാണ് ഇതൊക്കെ..

നമ്മുടെ ഓഞ്ഞ സദാചാര ബോധമനുസരിച്ചു “പ്രകൃതി വിരുദ്ധത” പ്രധാനമായും രതി സംബന്ധിയാണ്‌. ഒരേ ലിംഗ സ്വത്വത്തിലുള്ളവർ പരസ്പര സമ്മതത്തോടെ രതിയിലേർപ്പെട്ടാൽ നമുക്കത് “പ്രകൃതി വിരുദ്ധമായി”. പ്രത്യുൽപ്പാദനം മാത്രമല്ല രതിയുടെ ഒരേയൊരു പർപ്പസ് എന്നാരെങ്കിലും ഒന്നുറക്കെ പറയണം. സെക്സിൽ ഒരേയൊരു നിയമമേയുള്ളു. പരസ്പര സമ്മതമെന്ന നിയമം. അവിടെ സ്റ്റെയ്റ്റിനോ മതത്തിനോ മാങ്ങയ്‌ക്കോ മറ്റൊരുത്തന്റെ അഭിപ്രായത്തിനോ ഒരു പങ്കുമില്ല. ഉണ്ടാവരുത്.

ഈ പ്രകൃതി വിരുദ്ധ പ്രയോഗം ഉണ്ടാകുന്നതു തന്നെ മനുഷ്യന്റെ (സോഷ്യൽ ഹയരാർക്കിയിൽ മുൻപിൽ നിൽക്കുന്ന മനുഷ്യൻ എടുത്തു പറയണം ) നിയമമാണ് പ്രകൃതിക്ക് എന്ന തെറ്റിദ്ധാരണ കൊണ്ടാണ്. ചുറ്റുമുള്ള പ്രകൃതിയെ ചെറുതായെങ്കിലും നിയന്ത്രിച്ചു നിർത്താതെ മനുഷ്യന്റെ സുഗമമായ ജീവിതം സാധ്യമല്ല. ഓരോ ജീവി വർഗ്ഗങ്ങളും ഇത് ഓരോ രീതിയിൽ ചെയ്യുന്നുണ്ട്.

അങ്ങനെയൊരു കൃത്രിമ ബാലൻസ് മനുഷ്യൻ അവനു ചുറ്റും ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഒരു കെയോട്ടിക് സാഹചര്യത്തിൽ മനുഷ്യന് ഓർഗനൈസ്ഡ് ആയൊരു നിലനിൽപ്പ് സാധ്യമല്ല. നില നിന്നിട്ടു വേണമല്ലോ സംസ്ക്കാരവും മറ്റും കെട്ടിപ്പടുക്കാൻ. അങ്ങനെയുണ്ടാക്കുന്ന കൃത്രിമ ബാലൻസിനു വിരുദ്ധമാകുന്നതോ വിരുദ്ധമാണ് എന്ന് നമ്മൾ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നതോ ആണ് പ്രകൃതി വിരുദ്ധമെന്ന് പൊതുവെ നമ്മൾ പറയുന്നത്.

ഈ “പ്രകൃതിവിരുദ്ധ” പ്രവർത്തികളിൽ ഏതാണ് അനുവദിക്കേണ്ടതെന്നും ഏതാണ് നിരോധിക്കേണ്ടതെന്നും നമ്മൾ തീരുമാനിക്കേണ്ടത് ഇതുവരെ മനുഷ്യ വർഗം ആർജിച്ചെടുത്ത മനുഷ്യന് ഒന്നാം പരിഗണന നൽകുന്ന അറിവിന്റെ അടിസ്ഥാനത്തിലാവണം.

സ്വവർഗ്ഗ രതിയെ കുറ്റമാക്കുന്ന ഇന്നത്തെ 377 നിയമം പ്രാബല്യത്തിൽ വരുന്നത് 1861 ഇലാണ്.
നൂറ്റമ്പത് വർഷങ്ങളുടെ പഴക്കമുള്ളൊരു ഗോത്രീയ നിയമം മനുഷ്യരെ കള്ളികളിലാക്കി മാർക്കിടുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എന്ത് അശ്ലീലമാണ്.

അല്ലെങ്കിൽത്തന്നെ പാമ്പും, പട്ടിയും, പൂച്ചയും, പഴുതാരയും സിംഹത്തിന്റെ നിയമം അനുസരിച്ചു സിംഹമാകാൻ മത്സരിച്ചു തോറ്റു പോകുന്നൊരു സാമൂഹിക ഘടനയാണ് ഇന്നും നമ്മുടേത്. സിംഹമാകുന്ന സവർണ്ണ സ്ട്രെയിറ്റ് മെയിൽ നിയമങ്ങൾ നിശ്ചയിക്കും, നമ്മൾ ഇതരങ്ങളായി വശങ്ങളിൽ അവശേഷിച്ചു മരിച്ചു പോകും.

സ്വവർഗ്ഗ ലൈംഗികതാ വിഷയത്തിൽ സുപ്രീം കോടതി ഇന്ന് വിധി പറയാനിരിക്കുകയാണ്. ഇന്ത്യയിലിന്നു സ്വവർഗ്ഗ രതി പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. തെറ്റെന്തായിരുന്നു ? You chose to have consensual sex!! വിധി അനുകൂലമാകും എന്ന് തന്നെയാണ് പ്രതീക്ഷ.

പക്ഷെ മനസ്സിലാകാത്തൊരു കാര്യം, ഏത് എതിർ വാദങ്ങളെയും ശാസ്ത്രീയമായിത്തന്നെ നിഷ്പ്രഭമാക്കാനുള്ള തെളിവുകളുള്ള ഇക്കാലത്തും, മതമായിട്ടും മണ്ടത്തരമായിട്ടും വിലപ്പോവുന്ന എന്ത് ന്യായമായിരിക്കും ഇവർ ഇതുവരെയും സ്വവർഗ്ഗ ലൈംഗികതയ്‌ക്കെതിരെ ഉന്നയിച്ചു പോന്നത് എന്നാണ്.

വിധി എന്തായാലും കാര്യങ്ങൾ അവിടം കൊണ്ട് മാത്രം മാറുന്നില്ല. പൊതു സമൂഹമെന്ന നിങ്ങളും ഞാനും മനുഷ്യനെന്ന സത്തയിലെ വൈവിധ്യങ്ങൾ മനസ്സിലാക്കി പരസ്പരം അംഗീകരിക്കാത്തിടത്തോളം കാലം, മനുഷ്യർ ജനിച്ചു പോയതിന്റെ പേരിൽ പീഡനമേറ്റു വാങ്ങിക്കൊണ്ടിരിക്കും. സംസ്കാരത്തെ അങ്ങനെ പുതുക്കിപ്പണിയേണ്ടത് കോടതിയല്ല, നമ്മളാണ്.

ഇനി പ്രകൃതി വിരുദ്ധമെന്ന് എന്തിനെയെങ്കിലും വിളിച്ചു ശിക്ഷിച്ചേ അടങ്ങു എങ്കിൽ ആ വടക്കാഞ്ചേരി മോഹനാദികളുടെ ആളെക്കൊല്ലി തട്ടിപ്പു ചികിത്സകൾ പ്രകൃതി / മനുഷ്യ വിരുദ്ധമെന്ന് പ്രഖ്യാപിച്ചു കേസെടുത്തു അകത്തിട്ടോളൂ. പുണ്യം കിട്ടും, പുണ്യം.

salim raj. s