Share The Article

Salim Raj S

മലയാള സിനിമ എന്നെ പഠിപ്പിച്ച ചില പൊതു കാര്യങ്ങൾ

1. സ്ഥലം എസ്ഐയുടെ ശത്രുക്കളാണ് ലോക്കൽ നേതാക്കന്മാർ. ഈ ലോക്കൽ നേതാക്കന്മാർ ഒരേ സമയം അഴിമതിയാൽ നിറഞ്ഞവരും സ്ഥലത്തെ പണക്കാരുടെ കുശിനിക്കാരുമാണ്. അതിപ്പോ എമ്മെല്ലേ ആയാലും അതങ്ങനെയാണ്. ഇവർ സ്റ്റേഷനിൽ വരുന്നത് തന്നെ നീതി നടപ്പാക്കുന്ന എസ്ഐയെ തടയാനാണ്. (ഷിറ്റ്)

2. പോലീസ് ഡീജിപി ഒരു കാക്കിയിട്ട ക്രിമിനലാണ്. അയാൾ അയാൾക്ക് താഴെയുള്ള എസ്ഐ, സീഐ തുടങ്ങിയ ഉദ്യോഗസ്ഥരെ നിരന്തരം ക്രൂശിക്കുന്നു. അവർ ചെയ്യുന്ന സൽപ്രവർത്തികളെ തടസ്സപ്പെടുത്തുന്നു.

3. രാഷ്ട്രീയക്കാർ എല്ലാം ജന്മനാ കറപ്റ്റാണ്. അതിൽ പാർട്ടി ഭേദങ്ങളില്ല. എല്ലാവരും ഒരേപോലെ കൈക്കൂലി വാങ്ങുന്നവരും പൊതുവിൽ ശത്രുക്കളും അകത്തു പങ്കുകാരുമാണ് എന്ന് മലയാള സിനിമ പഠിപ്പിച്ചു തരുന്നു.

4. തൊഴിലാളി യൂണിയനേക്കാൾ അശ്ലീല സംഗതി വേറെയില്ല. അവർ പാവം മുതലാളിയെ കുത്തുപാള എടുപ്പിക്കാൻ ജനിച്ചവരാകുന്നു. യൂണിയൻ നേതാവ് ഇതേ മുതലാളിയുടെ എച്ചിൽപാത്രം കഴുകുന്ന ഏറാന്മൂളിയും, അരക്കുപ്പി മദ്യത്തിൽ വീണുപോകുന്ന അധമനുമാണ്.

5. സംവരണം കാരണം അനർഹർ സ്ഥാനമാനങ്ങൾ കൈയ്യടക്കുന്നു. “കഷ്ടപ്പെട്ട്” (നല്ല കട്ടിക്ക് വായിക്കണം) പഠിക്കുന്നവർക്ക് ഇവിടെ ഒരു വിലയുമില്ല.

6. ഭൂപരിഷ്കരണം മേൽജാതികളെ തെണ്ടിച്ചു. പാവം ബ്രാഹ്മണന്മാരെയും മറ്റു ഉണ്ണിബോഡികളെയും അവരുടെ ഉണ്ണിമനകളെയും ഈ ഭൂപരിഷകരണം പട്ടിണിക്കിട്ടു. ഉടുതുണിക്ക് മറുതുണിയില്ലാതെ ശുദ്ധ ബ്രാഹ്മണന്മാരെ ഓട്ടോ (വായ നന്നായിട്ടു തുറന്നു വായിക്കണം – ഓ..ട്ടോ) ഡ്രൈവർമാർ വരെയാക്കി. അവരുടെ ഭൂമി അന്യായമായി ഒരു പണിയും ചെയ്യാതെ തിന്നു കൊഴുത്തിരുന്ന അവർണ്ണർക്ക് വെറുതെ വീതിച്ചു കൊടുത്തു. ചില സിനിമകളിൽ ഇല്ലങ്ങളുടെയും മനകളുടെയും മുന്നിലൊരു ഉണ്ണിബോഡി അപ്പൂപ്പൻ വെറുതെ വിശറിയും വീശി ഇരുപ്പുണ്ടാവും തറവാട് മുടിഞ്ഞെന്നും പറഞ്ഞു. എന്നാലും തൂമ്പയെടുത്തു നാല് തടം മണ്ണുകോരി രണ്ടു മൂട് കപ്പ നടില്ല.

7. യുവ ഐഎഎസ്സുകാരനോ കാരിയോ നീതിയുടെ ബ്രാൻഡ് അംബാസിഡറും മാരുതി സെന്നുമാണ്. ഇവരെ രാഷ്ട്രീയക്കാർ അന്യായമായി ഹരാസ് ചെയ്യുക പതിവാണ്. എട്ടാം തരംപോലും പാസാവാത്ത ഈ കൂറ എമ്മെല്ലെയെ എന്തിനു എന്റെ ഐ എ എസ് ഏമാൻ ബഹുമാനിക്കണമെന്നു എന്നോട് മലയാള സിനിമ ചോദിക്കുന്നു. ശരിയാണ്, ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കു സമ്മതനായി ജയിച്ചു വരുന്ന ഒരു പൊതു പ്രവർത്തകനെ മാനിക്കേണ്ട ഒരു കാര്യവുമില്ല എന്റെ റാങ്കു മേടിച്ചു ജയിച്ച ഏമാന്.

8. കോടതിയിൽ നിന്ന് നീതി കിട്ടില്ല. അത് ചുമ്മാ മനുഷ്യരെ പറ്റിക്കാനുള്ള പരിപാടിയാണ്. അതുകൊണ്ടാണ് പാവം നായകന് വില്ലന്മാരെ ഒരു പാഠം പഠിപ്പിക്കാൻ നേരിട്ടിറങ്ങേണ്ടി വരുന്നത്.

9. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അധപതിച്ചു എന്ന് മലയാള സിനിമയെന്നെ പഠിപ്പിച്ചു. (പണ്ടത്തെ കമ്മ്യൂണിസ്റ്റാണ് മക്കളെ കമ്മ്യൂണിസ്റ്റ്). ഇത് തെളിയിക്കാൻ ചെരിപ്പിടാത്ത ഒരു വെരി ഓൾഡ് വിമത കമ്മ്യൂണിസ്റ്റിനെ സിനിമയിൽ ആർക്കും വേണ്ടാതായി തേരാപ്പാരാ നടക്കുന്നത് കാണിക്കണം. ഇപ്പോഴത്തെ നേതാക്കന്മാർ ചെരിപ്പിടുന്നുണ്ട്. അത് മുതലാളിത്ത പ്രീണനമാണ്. മലയാള സിനിമ എന്റെ കണ്ണ് തുറപ്പിച്ചു.

പക്ഷെ മിക്കവാറും ഈ പാഠങ്ങളൊക്കെ ഇടതു വിരുദ്ധതയുടെ മൂട്ടിൽ മാത്രമേ അപ്ലൈ ചെയ്തു കണ്ടിട്ടുള്ളു എന്ന് പിന്നീട് മനസിലാക്കി. അതെന്താണെന്നു ചോദിച്ചാൽ അത് നിങ്ങളിൽ പ്രതീക്ഷയുള്ളതുകൊണ്ടാണ് എന്ന് മറുപടി കിട്ടും. അതെന്താണ് കോൺഗ്രസ് ഭരണത്തിലും കോൺഗ്രസ് നേതാക്കന്മാർക്കും ഈ പൊതുബോധം ആപ്ലിക്കബിൾ അല്ലാത്തത്, അവരും ജനപ്രതിനിധകളല്ലേ എന്ന് ഒന്നുകൂടി ചോദിച്ചാൽ അത് അവർ അങ്ങനെയാണെന്ന് നമുക്കറിയാമല്ലോ എന്നും മറുപടി കിട്ടും. അപ്പൊ അവരെയല്ലേ കൂടുതൽ വിമർശിക്കേണ്ടത് എന്ന് വീണ്ടും ചോദിച്ചാൽ അത് മൾട്ടിപ്പിൾ ഡിസ്ക്കോ ഡിങ്കോൾഫിയൻ ഫാലസിയാണെന്നു മറുപടി കിട്ടും. അപ്പൊ ഞാൻ എന്നോട് തന്നെ ചോദിക്കും, ” കുറച്ചു കഞ്ഞിയെടുക്കട്ടെ ? “

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.