പറമ്പിലെ പുല്ലാണികാടിന് തീ ഇടുന്നതും കാടിന് തീ ഇടുന്നതും ഒന്നാണെന്ന് പറയരുത്

0
61

Salish

ഒരുകൂട്ടം ഉറുമ്പുകളെ കൊല്ലുന്നതും ഒരു ആനയെ കൊല്ലുന്നതും അടിസ്ഥാനപരമായി ഹിംസയാണ് പക്ഷെ ഒരു ജീവിയുടെ നീണ്ടുനിൽക്കുന്ന വേദനയ്ക്ക് കാരണമാകുംവിധം ഹിംസ ചെയ്യുന്നത് ഒറ്റയടിക്ക് ഒരു ജീവിയെ കൊല്ലുംപോലെയുള്ള ഒരു കർമ്മമല്ല. അത് കുറേകൂടി നീചമാണ്. ദയവുചെയ്ത് പറമ്പിലെ പുല്ലാണികാടിന് തീ ഇടുന്നതും കാടിന് തീ ഇടുന്നതും ഒന്നാണെന്ന് പറയരുത്.
വേദനിച്ചു കിടക്കുന്ന ഒരു മനുഷ്യന്റെ അടുത്തേക്ക് നിങ്ങൾ പോയിട്ടുണ്ടോ? അധിക സമയമൊന്നും നിങ്ങൾക്കവിടെ തുടരാനാകില്ല. വേദന വേദനിക്കുന്നവനിലെന്നപോലെ അയാളുടെ ചുറ്റുമുള്ള അന്തരീക്ഷത്തിലും ഒരു അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അത് കാണുന്നവനിലേക്കും കേൾക്കുന്നവനിലേക്കും പടരും. ഈയൊരു കാര്യം എല്ലാ ജീവികൾക്കും ബാധകമാണ്. അതുകൊണ്ടാണ് മരണത്തേക്കാൾ അസ്വസ്ഥത നീണ്ടു നിൽക്കുന്ന വേദനകളും നിലവിളികളും സൃഷ്ടിക്കുന്നത്.

ഒറ്റയടിക്ക് ജീവൻ പോകുമ്പോൾ ഈയൊരു പ്രതിഭാസം ഉണ്ടാകുന്നില്ല. അതല്ല, വേദനിച്ച് വേദനിച്ച് ഒരു ജീവി മരിക്കുമ്പോൾ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. മരണമല്ല, പ്രാണനെടുക്കാൻ ശേഷിയില്ലാത്ത മുറിവുകളാണ് വേദനാജനകമാകുന്നത്. അതുകൊണ്ട് ഒരു ജീവിയെയും മുറിവേൽപ്പിച്ച് വിടരുത്. കൊല്ലുന്നെങ്കിൽ കൊല്ലുക. മനുഷ്യന് മുറിവേറ്റാൽ മറ്റൊരു മനുഷ്യൻ അവന് വേണ്ട അന്നവും ജലവും ഇടവുമൊക്കെ കൊടുക്കാൻ തയ്യാറാവും, പക്ഷെ മുറിവേറ്റ ജീവികൾക്ക് പ്രകൃതിയിൽ യാതൊരു ആനുകൂല്യവും മറ്റുജീവജാലങ്ങളിൽ നിന്നും കിട്ടില്ല.

ഒരു ചെറിയ ജീവിയിൽ നിന്ന് പ്രാണൻ പോകാനെടുക്കുന്ന സമയവും വലിയ ജീവിയിൽ നിന്ന് പ്രാണൻ പോകാനെടുക്കുന്ന സമയവും രണ്ടും രണ്ടാണ്. ഒരു സിംഹം മാനിനെ പിടിച്ച് തിന്നാൻ തുടങ്ങുന്നത് അതിന്റെ പ്രാണൻ പോയതിനുശേഷമായിരിക്കും. എന്നാലൊരു ആനയെയോ ജിറാഫിനെയോ തിന്നാൻ തുടങ്ങുന്നത് ജീവനോടെ തന്നെയായിരിക്കും. കാരണം അത്രേം വലിയ ജീവികളുടെ ജീവൻ അത്ര എളുപ്പത്തിലൊന്നും ശരീരത്തിൽ നിന്നും കളയാൻ പറ്റില്ല. ഈ രണ്ടിടത്തും ജീവികൾ അനുഭവിക്കുന്ന വേദനയും ഒന്നല്ല.

ഒരുപാട് വേദനിച്ച് പുഴുവരിച്ച് ഒരു വലിയ ജീവി മരിച്ചുവെന്നതാണ് അസ്വസ്ഥജനകമായ ഘടകം, മരണമല്ല. മരണമാണെന്ന് കരുതുന്നതുകൊണ്ടാണ് നിങ്ങൾക്ക് മറ്റു ഹിംസകളുമായി അതിനെ താരതമ്യം ചെയ്യാൻ തോന്നുന്നത്