സാള്‍ട്ട് മാംഗോ ട്രീ

280

kid-funnyഅനിക്കുട്ടന്‍ എന്നും പൂജാമുറിയില്‍ കയറുന്നത് ഭക്തി തലയില്‍കയറിയതു കൊണ്ടല്ല;

പിന്നെയോ?

എല്‍.കെ.ജി. കാരനായ അവനെന്നും സന്ധ്യാനേരത്ത് മുത്തശ്ശിയുടെകൂടെ പൂജാമുറിയില്‍ കടക്കുന്നത് സാക്ഷാല്‍ ഉണ്ണിക്കണ്ണനെ കാണാനാണ്.

മഞ്ഞപ്പട്ടുടുത്ത്, പീലിത്തിരുമുടിയും കിരീടവും ചൂടി, ഓടക്കുഴല്‍ വിളിക്കുന്ന നീലനിറമാര്‍ന്ന കാര്‍വര്‍ണ്ണനെ നോക്കിയിരിക്കെ; അവന്‍ ഉണ്ണിക്കണ്ണനായി രൂപാന്തരപ്പെട്ടിരിക്കും. മുത്തശ്ശി നാമംചൊല്ലുന്ന നേരത്ത് കണ്ണനെ നോക്കിയിരിക്കുന്ന അനിക്കുട്ടന്റെ മനസ്സില്‍ ആ രൂപം പതിഞ്ഞിരിക്കയാണ്. തിരുമുടിയില്‍ ചൂടിയ മയില്‍പീലിയെക്കാള്‍ അവനെ ആകര്‍ഷിച്ചത് ഉണ്ണിക്കണ്ണന്റെ ഓടക്കുഴലാണ്; പാട്ടുപാടാന്‍ അങ്ങനെയൊന്ന് തനിക്ക് കിട്ടിയെങ്കില്‍,,,

ഒരു ദിവസം അവന്‍ മുത്തശ്ശിയോട് ചോദിച്ചു,

‘മുത്തശ്ശീ, ഈ ഓടക്കുഴലിന് ഇംഗ്ലീഷിലെന്താ പറയുക’

‘മോനേ ഓടക്കുഴല്‍ മലയാളമാ, അതിന് ഇംഗ്ലീഷില്ല’

മുത്തശ്ശിയുടെ മറുപടി അവനെ തൃപ്തനാക്കിയില്ല. ഓടക്കുഴലിന്റെ ഇംഗ്ലീഷ് അറിഞ്ഞാലല്ലെ അതിന്റെ പേരും പറഞ്ഞ് ക്ലാസ്സില്‍ ഷൈന്‍ ചെയ്യാന്‍ പറ്റത്തുള്ളു. അവന്‍ നേരെ മുത്തച്ഛനെ സമീപിച്ചു,

‘മുത്തച്ഛാ നമ്മുടെ പൂജാമുറിയിലെ ഉണ്ണിക്കണ്ണനില്ലെ, നമ്മുടെ ഗോഡ്; അവന്‍ പാട്ട്പാടുന്ന ആ ഓടക്കുഴലിന്റെ ഇംഗ്ലീഷ് നെയിം പറഞ്ഞുതാ,,?’

മുത്തച്ഛന്‍ അല്പനേരം ആലോചിച്ചുനോക്കിയിട്ടും പഴഞ്ചന്‍ തലയില്‍ ഉത്തരം തെളിഞ്ഞില്ല. ‘ഇത് വല്ലാത്ത കാലമാ,, ഇപ്പോഴെത്തെ പിള്ളേര്‍ക്കുള്ള വിവരമൊന്നും പ്രായമായവര്‍ക്കില്ല, എന്നാലും തോറ്റുകൊടുക്കാന്‍ ഒരു വിഷമം’,

‘അത് നിന്റെ ക്ലാസ്സിലെ ഇംഗ്ലീഷ് ടീച്ചര്‍തന്നെ ശരിയായി പറഞ്ഞുതരും, ഓടക്കുഴലിനെല്ലാം ഇപ്പോള്‍ പുതിയ ഇംഗ്ലീഷ് വാക്ക് കണ്ടുപിടിച്ചിരിക്കയാ’

‘ഈ മുത്തച്ഛന് അറിയാത്തതുകൊണ്ടല്ലെ, സില്ലീ ഓള്‍ഡ്മാന്‍’

അവിടെനിന്നും ഓടിപ്പോയ അനിക്കുട്ടന്‍ ടീവി തുറന്ന് ടോം&ജെറി വാച്ച് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണിക്കണ്ണനെയും ഓടക്കുഴലിനെയും മറന്നു.

പിറ്റേദിവസം,

അനിക്കുട്ടന്റെ സ്‌ക്കൂളില്‍,

അനിക്കുട്ടന്റെ എല്‍.കെ.ജി. ക്ലാസ്സില്‍,

അനിക്കുട്ടന്റെ ഇംഗ്ലീഷ് മിസ്സ് മന്ദം മന്ദം നടന്നുവന്നു,

മിസ്സിസ്സ് ആവാന്‍ കൊതിച്ചെങ്കിലും ഇപ്പോഴും മിസ്സ് ആയി തുടരുന്ന സുന്ദരിയായ ഇംഗ്ലീഷ് മിസ്സ്,

ചൂരീദാറില്‍ മൂടിയ ദേഹത്തില്‍ നിന്ന് ചുറ്റും പരക്കുന്ന പൌഡറിന്റെയും സ്‌പ്രേയുടെയും ഗന്ധം ക്ലാസ്സില്‍ നിറഞ്ഞു.

കുട്ടികള്‍ എഴുന്നേറ്റു,

‘ഗുഡ്‌മോണിംഗ് മിസ്സ്’

‘ഗുഡ്‌മോണിംഗ് ചില്‍ഡ്രന്‍, സിറ്റ്‌ഡൌണ്‍’

ഇംഗ്ലീഷ് മിസ്സ് ക്ലാസ്സ് തുടങ്ങി,

‘ഇത് പുസ്തകം, ഇംഗ്ലീഷില്‍,,, ബുക്ക്, ബീഒഒകെ, ബുക്ക്’

കുട്ടികള്‍ ഏറ്റുപറഞ്ഞു,

‘ഇത് പുസ്തകം, ഇംഗ്ലീഷില്‍,,, ബുക്ക്, ബീഒഒകെ, ബുക്ക്’

‘ഇത് പേന, ഇംഗ്ലീഷില്‍,,, പെന്‍, പീ!ഇഎന്‍, പെന്‍’

‘ഇത് പേന, ഇംഗ്ലീഷില്‍,,, പെന്‍, പീ!ഇഎന്‍, പെന്‍’

ഇപ്പോള്‍ അതാ നമ്മുടെ അനിക്കുട്ടന്‍ പതുക്കെ എഴുന്നേല്‍ക്കുന്നു,

ക്ലാസ്സിലെ ഇരുപത്തിയാറ് കണ്ണുകള്‍ അനിക്കുട്ടനെ ഫോക്കസ് ചെയ്തു,

‘മിസ്സ് ഒരു ഡൌട്ട്’

‘യേസ് പ്ലീസ്’

‘നമ്മുടെ ഓടക്കുഴലിന്റെ ഇംഗ്ലീഷ് വേഡ്?’

‘യൂ മീന്‍ ഓടക്കുഴല്‍?’

‘യെസ് മിസ്സ്’

‘യാ, സിറ്റ്‌ഡൌണ്‍,,, വണ്‍ മിനിട്ട്,,, സിവിയര്‍ ഹെഡ്എയ്ക്ക് ഫോര്‍ മി,,, പ്ലീസ് റീഡ് യുവര്‍ ലസന്‍’

ഇംഗീഷ് മിസ്സ് ആകെ വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ചേയറില്‍ ഇരുന്ന് തലയില്‍ രണ്ട്‌കൈയുംവെച്ച്, തലപുകഞ്ഞ് ആലോചിക്കാന്‍ തുടങ്ങി.

‘ഈ നാശംപിടിച്ച പയ്യന്റെയൊരു ചോദ്യം. ഇതൊക്കെ പഠിച്ചിരുന്നെങ്കില്‍ ഈ പണിക്ക് വരുമായിരുന്നോ? ഇംഗ്ലീഷില്‍ വെറും ഉ+ വാങ്ങി എസ്.എസ്.എല്‍.സി. പാസ്സായിട്ടും ഇംഗ്ലീഷ്മീഡിയം സ്‌ക്കൂളില്‍ ടീച്ചറായി വന്നത് മാനേജര്‍ക്ക് കൊടുത്ത പണത്തിന്റെ കനത്തിലാണെന്ന് പിള്ളേരോട് പറയാന്‍ പറ്റുമോ? ഏതായാലും അല്പം ആലോചിക്കട്ടെ,,’

‘ഓടക്കുഴല്‍,,, ഓട,,, കുഴല്‍;

ഓടകള്‍,, പട്ടണത്തിലെ റോഡരികിലുള്ള ഓടയിലൂടെ മലിനജലം ഒഴുകുമ്പോള്‍ ദുര്‍ഗന്ധം വരാറുണ്ട്.

ഓടകള്‍,,,=ഡ്രെയിനേജ് സംവിധാനം എന്ന് പറയാറുണ്ട്; കുഴല്‍,,,=പൈപ്പ്,,,

അപ്പോള്‍ ഓടക്കുഴല്‍ = ഡ്രെയിനേജ് പൈപ്പ്,,, ഹായി ഉത്തരം കിട്ടി,,,’

ഹെഡെയ്ക്ക് മാറിയ മിസ്സ് പെട്ടെന്ന് എഴുന്നേറ്റു,

‘ഓള്‍ സ്റ്റാന്റപ്പ്; അനിക്കുട്ടനെന്താ ഇംഗ്ലീഷ് നെയിം ചോദിച്ചത്?’

‘ഓടക്കുഴല്‍’

‘അതാണ്,,, ഡ്രെയിനേജ് പൈപ്പ്, ഓടക്കുഴലിന്റെ ഇംഗ്ലീഷ് നെയിം?’

‘ഡ്രെയിനേജ് പൈപ്പ്’

അനിക്കുട്ടനോടൊപ്പം എല്ലാകുട്ടികളും ഒന്നിച്ച് ഉത്തരം പറഞ്ഞു.

അന്ന് വൈകുന്നേരം,

അനിക്കുട്ടന്‍ വീട്ടിലെത്തിയ ഉടനെ മുത്തശ്ശിയോട് പറഞ്ഞു,

‘മുത്തശ്ശീ നമ്മുടെ പൂജാമുറിയിലെ ഉണ്ണിക്കണ്ണന്‍ പാട്ടുപാടുന്നത് ഡ്രെയിനേജ് പൈപ്പ് യൂസ് ചെയ്താണ്’