സല്യൂട്ട് – ഒരു നല്ല ശ്രമം
Spoiler Alert
എഴുതിയത് : Jijeesh Renjan
സാമ്പ്രദായിക രീതികളിൽ നിന്നും മാറി ചിന്തിക്കാൻ തിരക്കഥാകൃത്തുക്കൾ നടത്തിയ ഒരു ശ്രമമാണ് സല്യൂട്ട്. ആത്മബോധവും ആത്മാഭിമാനവും ആത്മരോഷവും ആത്മസംഘർങ്ങളും ആത്മാർത്ഥതയുമെല്ലാം കൂടുതലുള്ള ഒരു ചെറുപ്പക്കാരനായ സബ് ഇൻസ്‌പെക്ടറുടെ കഥയാണ് സിനിമ പറയുന്നത്.അതിലൂടെ ഭരണകൂടത്തിന് വേണ്ടി വേട്ടനായ്ക്കളും പിന്നീട് ഭയം കൊണ്ട് ഇരകളുമാക്കപ്പെട്ട മറ്റ് പോലീസുകാരുടെ ജീവിതത്തിലൂടെയും കടന്ന് പോകുന്നു.ദുൽഖർ അവതരിപ്പിക്കുന്ന അരവിന്ദ് കരുണാകരൻ എന്ന എസ് ഐ അവധിയിൽ പ്രവേശിച്ച ശേഷം താൻ മുൻപ് ജോലി നോക്കിയിരുന്ന സ്റ്റേഷനിൽ എത്തി മാർട്ടിൻ ഷീബ കൊലക്കേസിന്റെയും അവിടെ നടന്ന ഒരു അപകടത്തിന്റെയും ഫയൽ അന്വേഷിച്ച് എത്തുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്.പിന്നീട് അയാളുടെ ഓർമ്മകളിലൂടെ ആ കേസുകളുടെ നാൾ വഴിയിലേക്ക് സിനിമ സഞ്ചരിക്കുന്നു.
ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് മാർട്ടിൻ-ഷീബ ദമ്പതികൾ കൊല്ലപ്പെടുന്നത്.അത് കൊണ്ട് തന്നെ ആ കേസ് ഭരണപക്ഷത്തിന് തലവേദനയും പ്രതിപക്ഷത്തിന് ആയുധവുമായി.നായാട്ട് സിനിമയിലെ പോലെ തന്നെ ഭരണകൂടത്തിന് ജനങ്ങളുടെ വായടപ്പിക്കാൻ ഒരു പ്രതിയെ മതിയായിരുന്നു.കേസിന്റെ അന്വേഷണ തലവനായ മനോജ് കെ ജയൻ അവതരിപ്പിക്കുന്ന ഡിവൈഎസ്പി അജിത്ത് കരുണാകരൻ ആകെ സമ്മർദ്ധത്തിലായിരുന്നു,ഒപ്പം അയാളുടെ ടീമിലുള്ള സഹോദരൻ കൂടിയായ അരവിന്ദും മറ്റ് മൂന്ന് പോലീസുകാരും.കേസ് അന്വേഷണം എങ്ങും എത്താതെ ഇരിക്കുന്ന സന്ദർഭത്തിൽ അരുൺ കരുണാകരൻ ആകെ സംശയമുള്ള മുരളി എന്ന ആട്ടോ ഡ്രൈവറുടെ മുകളിൽ കുറ്റം ചുമത്താൻ തീരുമാനിക്കുകയാണ്.അരവിന്ദിന്റെ എതിർപ്പ് അവഗണിച്ചും തെളിവുകൾ സൃഷ്ടിച്ച് മുരളിയെ അറസ്റ്റ് ചെയ്യുന്നു.പ്രതിയെ പിടികൂടിയ ഭരണകൂടം തെരഞ്ഞെടുപ്പിൽ വിജയിക്കുന്നു.പോലീസുദ്യോഗസ്ഥർക്ക് മെഡൽ ലഭിക്കുന്നു.ഇതിനിടയിൽ വാഹന പരിശോധനയ്‌ക്കിടയിൽ ചന്ദ്രൻ പിള്ള എന്നൊരു വ്യക്തിയുടെ കാറിൽ നിന്നും ടീമിനുള്ള എസ് ഐക്ക് കൊല്ലപ്പെട്ട മാർട്ടിന്റെ ഫോൺ കിട്ടുന്നു.എന്നാൽ അയാൾ പെറ്റി മാത്രം ചുമത്തി ചന്ദ്രൻ പിള്ളയെ പോകാൻ അനുവദിക്കുന്നു.ഡിവൈഎസ്പിയോട് ഇക്കാര്യം അറിയിക്കുമ്പോൾ അരവിന്ദ് ഒഴികെയുള്ളവർ എസ്‌ഐയോട് യോജിക്കുന്നു.
ഉത്തരവാദപ്പെട്ട ജോലി ചെയ്യുമ്പോൾ ആത്മരോഷവും ആത്മ ബോധവുമുള്ള ഒരാൾക്ക് ഒരിക്കലും അധികാര ദുർവിനിയോഗം ഉൾക്കൊള്ളാനാകില്ല.അത് അയാളെ അലട്ടി കൊണ്ടേയിരിക്കും.അരവിന്ദും ആ ഒരു മാനസികാവസ്ഥയിലായിരുന്നു.എന്നാൽ സഹോദരൻ ഉൾപ്പടെയുള്ള മറ്റ് ഉദ്യോഗസ്ഥർക്ക് ആ ഒരു കുറ്റബോധം ഉണ്ടായിരുന്നില്ല.അങ്ങനെ മനസില്ലാതെ മുന്നോട്ട് പോയ്കൊണ്ടിരുന്ന അരവിന്ദിന് മേലുദ്യോഗസ്ഥർക്ക് വേണ്ടി ചെയ്യേണ്ടി വരുന്ന ദാസ്യപ്പണിയും ഉന്നതർക്ക് വേണ്ടിയുള്ള കാവൽ പണിയും ആത്മാഭിമാനത്തിന്റെ മുകളിലേക്ക് ചവിട്ടിയമർത്തപ്പെട്ട ബൂട്ടായി അനുഭവപ്പെട്ടു.അയാളിലെ ആത്മരോഷം ഉണർന്നു.മറ്റൊന്നും ചെയ്യാൻ കഴിയാത്തത് കൊണ്ട് അയാൾ അഞ്ച് വർഷത്തെ ലീവ് കൊടുത്ത് നാട് വിട്ട് പോകുന്നു.
പിന്നീട് രണ്ട് വർഷത്തിന് ശേഷം ചേട്ടന്റെ മകളുടെ വിവാഹത്തിന് വേണ്ടി ഗേൾ ഫ്രണ്ടുമായി നാട്ടിലേക്ക് മടങ്ങിയെത്തുന്ന അയാൾ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുരളിയെ പോയി കാണുന്നു.മുരളിയുടെ വാക്കുകൾ വീണ്ടും അയാളിലെ ആത്മബോധത്തെ ഉണർത്തുന്നു.അങ്ങനെയാണ് വ്യക്തിപരമായ പുനരന്വേഷണത്തിന് അയാൾ സ്റ്റേഷനിൽ എത്തുന്നത്.എന്നാൽ അരവിന്ദിന്റെ അന്വേഷണം തങ്ങളുടെ ജീവിതത്തെ ബാധിക്കും എന്നത് കൊണ്ട് ചേട്ടനായ അരുണും മറ്റ് പോലീസുകാരും അയാളെ ചെറുക്കാൻ തീരുമാനിക്കുന്നതോടെ സിനിമയ്ക്ക് ഒരു ത്രില്ലർ സ്വഭാവം വരുന്നു
.
അരവിന്ദ് വീണ്ടും ജോലിയിൽ പ്രവേശിക്കുന്നു.അന്ന് സ്വാർത്ഥ ലാഭത്തിന് വേണ്ടി പൊലീസ് വെറുതെ വിട്ട ചന്ദ്രൻ പിള്ള സുകുമാരക്കുറുപ്പിനേക്കാൾ വലിയ ഭീകരനായിരുന്നു എന്ന് അരവിന്ദ് കണ്ടെത്തുന്നു.എന്നാൽ അയാളിലേക്ക് എത്തിപ്പെടുക വളരെ പ്രയാസമായിരുന്നു.കാലം കണക്ക് പറഞ്ഞു എന്ന നിലയിൽ സിനിമ അവസാനിപ്പിക്കുന്നതാണ് ഒരു പോരായ്മയായി തോന്നിയത്.ഭേദപ്പെട്ട ഒരു തിരക്കഥ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു സിനിമയാക്കി മാറ്റുവാൻ റോഷൻ ആൻഡ്രൂസിന് കഴിഞ്ഞിട്ടില്ല.പലയിടത്തും വിള്ളലുകളും വീഴ്ചയുമുണ്ട്.നല്ല ബിജിഎം ന്റെ അഭാവമുണ്ട്.വളരെ മികച്ചു നിൽക്കുന്ന ഒരു ഷോട്ട് എന്ന് പറയാവുന്ന രീതിയിൽ ഒന്ന് സൃഷ്ടിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.
ഡ്യൂട്ടിയിൽ ഇല്ലെങ്കിൽ പോലും വഴിയിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ കാണുമ്പോൾ അരവിന്ദിന്റെ ഉള്ളിലെ പോലീസുകാരൻ പുറത്ത് വരുന്നത് അയാൾ എത്ര ആത്മാർത്ഥതയോടെയാണ് ആ ജോലിയെ കണ്ടിരുന്നത് എന്ന വ്യക്തമാക്കുന്നു.പ്രകടനം കൊണ്ട് ദുൽഖറും മനോജ് കെ ജയനും മികച്ചു നിന്നു.അലന്സിയറും ബിജുപപ്പനും ഉൾപ്പടെയുള്ള സഹ പോലീസുകാരും നന്നായി. ഇത് വരെ പറയാത്ത രീതിയിൽ കഥ പറയാം എന്ന ചിന്ത ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.ഒരിക്കലും മോശമാണ് എന്ന് പറയാൻ കഴിയില്ല.