ദുൽഖർ സൽമാന്റെ സല്യൂട്ട് പ്രദർശനം തുടങ്ങിക്കഴിഞ്ഞു. വളരെ വ്യത്യസ്തമായൊരു പോലീസ് സ്റ്റോറിയാണ് സല്യൂട്ട്. സനൂജ് സുശീലൻ എഴുതിയ റിവ്യൂ വായിക്കാം

ദാരുണമായ ഒരു ഇരട്ട കൊലപാതകത്തിലെ പ്രതികളെ കണ്ടുപിടിക്കാത്തതിൽ പ്രതിഷേധിച്ചുള്ള നാട്ടുകാരുടെയും രാഷ്ട്രീയക്കാരുടെയും സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ ഒരു നിരപരാധിയെ കുറ്റവാളിയായി ഫ്രെയിം ചെയ്യേണ്ടി വരുന്ന നാലഞ്ച് പോലീസുകാർ. അവർ ഉണ്ടാക്കിയെടുത്ത പ്രതിയ്ക്ക് ശിക്ഷ കിട്ടി, ഒച്ചപ്പാടെല്ലാം ഒതുങ്ങി, വിശിഷ്ട സേവനത്തിന് തങ്ങൾക്ക് മെഡലുകളും കിട്ടിയിട്ട് പോലും മനഃസമാധാനം നഷ്ടപ്പെട്ട അതിലൊരാൾ, അരവിന്ദ് കരുണാകരൻ, യഥാർത്ഥ കുറ്റവാളിയെ അന്വേഷിച്ചു പുറപ്പെടുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.
അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച് അതുപോലെ തന്നെ ഒരു കഥാന്ത്യത്തിൽ അവസാനിക്കുന്ന ചിത്രമാണ് സല്യൂട്ട്. ഏതാണ്ട് നാലു വർഷത്തിന് ശേഷമാണ് റോഷൻ ആൻഡ്രൂസും ബോബി സഞ്ജയും ഒരുമിക്കുന്നത്. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം റോഷൻ ആൻഡ്രൂസും മോഹൻ കുമാർ ഫാൻസ്, വൺ, കാണെക്കാണെ എന്നീ ശരാശരി കഥകൾക്ക് ശേഷം ബോബി സഞ്ജയും മനോഹരമായി തിരിച്ചു വന്നു എന്നാണ് ഈ സിനിമ കണ്ടു തീർന്നപ്പോൾ തോന്നിയത്. റോഷൻ – ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് സല്യൂട്ട്. സാധാരണ കുറ്റാന്വേഷണ സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണിത്. പ്രേക്ഷകനെ കബളിപ്പിക്കാനായി അവിടെയും ഇവിടെയും നിന്ന് തുറിച്ചു നോക്കുന്ന കഥാപാത്രങ്ങൾ, നാടകീയമായി ലഭിക്കുന്ന സൂചനകൾ, ഒപ്പം നടന്നിട്ട് ഒടുവിൽ പൊടുന്നനെ വെളിവാക്കപ്പെടുന്ന കുറ്റവാളി തുടങ്ങി മലയാളത്തിലെ സാധാരണ ഇൻവെസ്റ്റിഗേഷൻ സിനിമകളിലെ ക്ലിഷേകളായ സീനുകളോ ഷോട്ടുകളോ കഥാപാത്രങ്ങളോ ഒന്നും ഈ ചിത്രത്തിലില്ല. അതൊന്നുമില്ലാതെ തന്നെ പ്രേക്ഷകനെ അവസാനം വരെ പിടിച്ചിരുത്താൻ ഇവർക്ക് രണ്ടുപേർക്കും കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ മെറിറ്റ്. സംവിധായകനും തിരക്കഥാകൃത്തുക്കളും തമ്മിലുള്ള ഒരു കെമിസ്ട്രി ഈ സിനിമയ്ക്ക് വലിയ ഗുണം ചെയ്തിട്ടുണ്ട്. ബോബി സഞ്ജയ് ടീമിനും ഒരു കയ്യടി. രണ്ടുപേരുടെയും അവസാനമിറങ്ങിയ മൂന്നു സിനിമകൾ ഉണ്ടാക്കിയ നിരാശയെല്ലാം ഇതോടെ തീർന്നു. അവർ അവരുടെ സ്ട്രോങ്ങ് ഏരിയയിൽ തിരിച്ചെത്തിയിരിക്കുന്നു എന്ന് വേണം കരുതാൻ. എന്തായാലും അഭിനന്ദനങ്ങൾ.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അധികം ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത ലൊക്കേഷനുകളാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഹെലിക്യാമിന് വാടക കുറഞ്ഞതുകൊണ്ടുള്ള അമിത ഉപയോഗം കാരണം കണ്ടു കണ്ടു മടുത്തു തുടങ്ങിയ ഏരിയൽ ഷോട്ടുകളും ഈ സിനിമയിൽ അധികമില്ല. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ്, ജേക്ക്സ് ബിജോയുടെ പശ്ചാത്തല സംഗീതം എന്നിവയും സിനിമയ്ക്ക് നല്ല പിന്തുണ നൽകുന്നുണ്ട്. ദുൽഖറിന് ഇതൊരു വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമൊന്നുമല്ല. മനോജ് കെ ജയനും അതുപോലെ തന്നെ. രണ്ടുപേരും പ്രധാന വേഷങ്ങൾ ഭംഗിയായി ചെയ്തിട്ടുണ്ട്. കോക്ക്ടെയിൽ, പർമാണു തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലെ നായിക ഡയാന പെന്റിയെ ഇതിൽ അഭിനയിപ്പിച്ചിരിക്കുന്നത് അന്യഭാഷാ മാർക്കറ്റ് കൂടി ലക്‌ഷ്യം വച്ചാവണം. പുള്ളിക്കാരി നന്നായി അഭിനയിച്ചിട്ടുണ്ടെന്നത് ശരി തന്നെ, എന്നാലും ആ കഥാപാത്രത്തിന്റെ ആവശ്യം ഈ സിനിമയിൽ ഉണ്ടായിരുന്നില്ല. അലൻസിയറും ബിനു പപ്പുവും പ്രധാന വേഷങ്ങളിലുണ്ട്. ചെറിയൊരു വേഷത്തിൽ ഇന്ദ്രൻസും. സുധീർ കരമനയ്ക്ക് കുറച്ചു കാലം കൂടി കൊള്ളാവുന്ന ഒരു വേഷം കിട്ടി. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ സ്വാഭാവികമായി അദ്ദേഹം അത് ചെയ്തിട്ടുമുണ്ട്.
സോണി ലിവ് പ്ളാറ്റ്ഫോമിൽ ആണ് ഈ സിനിമ സ്ട്രീം ചെയ്യുന്നത്. ഞാൻ ടി വിയിലാണ് സാധാരണ സിനിമ കാണാറ്. ഈ ആപ്പ് പല തവണ പണി തന്നു. ഇടക്ക് ഒരു ബ്രേക്ക് എടുത്തിട്ട് തിരികെ വന്നു സ്റ്റാർട്ട് ചെയ്യുമ്പോൾ കണ്ടു നിർത്തിയിടത്തു നിന്നൊന്നുമല്ല അത് ഓടിത്തുടങ്ങുന്നത്. ഇടയ്ക്ക് തനിയെ ആപ്പിൽ നിന്ന് പുറത്തു പോവുകയും ചെയ്യും. എയർടെൽ ആൻഡ്രോയിഡ് ബോക്സ് ആണ് ഞാൻ ഉപയോഗിക്കുന്നത്. ഇനി അതിന്റെ കുഴപ്പമാണോ എന്നുമറിയില്ല. മൊബൈലിലും കംപ്യൂട്ടറിലുമൊക്കെ സിനിമ കാണുന്നവർ ഇതുവരെ ഇങ്ങനെ പരാതി പറഞ്ഞു കേട്ടിട്ടില്ല. പടത്തിന്റെ സബ് ടൈറ്റിൽസ് ഹിന്ദി പ്രേക്ഷകർക്ക് വേണ്ടിയാണ് ചേർത്തിരിക്കുന്നതെന്നു തോന്നുന്നു. സ്ഥലപ്പേരൊക്കെ ബോറിവിലി, കല്യാൺ എന്നൊക്കെയാണ് കാണിക്കുന്നത്. കഥാപാത്രങ്ങളുടെ പേരിൽ പിള്ള എന്നതിന് പകരം മറാഠി സർനെയിം ആയ ‘മനെ’ എന്നൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്.
റിവ്യൂകൾ കണ്ടു വശംവദരാകാതെ തീർച്ചയായും ഈ സിനിമ കാണുക. ഇത് വെറും OTT പടമാണ്, തീയറ്ററിൽ ഇറക്കേണ്ട പടമല്ല എന്ന് ചിലരുടെ കമന്റ്സ് കണ്ടിരുന്നു. OTT യിൽ വരുന്നതെല്ലാം ശരാശരിയോ അതിൽ താഴ്ന്നതോ ആണെന്ന ഒരു ധ്വനി ഈ അഭിപ്രായങ്ങളിലുണ്ട്. തീയറ്റർ എക്സ്പെരിയൻസ് ആവശ്യമുള്ളത് എന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതാവശ്യമുള്ള എത്ര സിനിമ ഒരു വർഷം നമ്മുടെ ഭാഷകളിൽ ഇറങ്ങുന്നുണ്ട് എന്ന് കൂടി ചിന്തിക്കണം. RRR , ആറാട്ട്, ഭീഷ്മപർവം പോലെ വലിയ രീതിയിൽ ദൃശ്യവൽക്കരിച്ച ചിത്രങ്ങളുമായി ഇത്തരം സിനിമകളെ താരതമ്യം ചെയ്യുന്നതും താഴ്ത്തിക്കെട്ടുന്നതും ശരിയല്ല. മാത്രമല്ല, കഴിഞ്ഞ രണ്ടു വർഷത്തിൽ എത്രയോ മികച്ച സിനിമകൾ OTT ചാനലുകളിൽ റിലീസായിരിക്കുന്നു. അവയൊക്കെ വലിയ സ്‌ക്രീനിൽ കണ്ടാലും ചെറിയ സ്‌ക്രീനിൽ കണ്ടാലും ഒരേ അനുഭവം നൽകുകയും ചെയ്യും. അതുകൊണ്ട് അത്തരം മുൻധാരണകളൊന്നുമില്ലാതെ, ഇതുവരെ കണ്ടു പഴകിയ ക്രൈം ത്രില്ലറുകൾ പോലെയുള്ള ഒരു സിനിമ അല്ലിത് എന്ന ബോധത്തോടെയും ഈ ചിത്രം കാണുക. നിങ്ങൾക്കിഷ്ടമാവും. തീർച്ച