SAM बहादुर

Sanuj Suseelan

ഇന്ത്യ കണ്ട മഹായുദ്ധങ്ങളിൽ മിക്കതിലും പങ്കെടുത്തിട്ടുള്ള, ഇന്ത്യയിലെ ആദ്യ ഫീൽഡ് മാർഷലായ സാം മാനേക് ഷായെപ്പറ്റിയുള്ള ബയോപിക് ആണ് സാം ബഹാദൂർ എന്ന ഈ ചിത്രം. സംഭവ ബഹുലമായിരുന്ന അദ്ദേഹത്തിന്റെ ജീവിതവും റിട്ടയർമെന്റ് വരെയുള്ള കാലഘട്ടവുമാണ് ബ്രിട്ടീഷ് ഇന്ത്യയുടേയും സ്വാതന്ത്രാനന്തര ഇന്ത്യയുടെയും പശ്ചാത്തലത്തിലുള്ള ഈ ചിത്രം അവതരിപ്പിക്കുന്നത്. റിട്ടയർമെന്റിനു ശേഷം ഊട്ടിക്കടുത്തുള്ള കൂനൂരിൽ ജീവിക്കുകയായിരുന്നു മാനേക് ഷാ. രണ്ടായിരത്തി എട്ടിൽ മാനേക് ഷാ അന്തരിക്കുമ്പോൾ രാജ്യം അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന നൽകിയില്ല എന്നത് വിവാദം സൃഷ്ടിച്ചിരുന്നു. ആരുടെ മുന്നിലും തലയുയർത്തി നിന്ന് സംസാരിക്കാൻ ധൈര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പെരുമാറ്റം മിക്ക ഭരണാധികളെയും ചൊടിപ്പിച്ചിരുന്നു എന്നത് വാസ്തവമാണ്.

“I wonder whether those of our political masters who have been put in charge of the defence of the country can distinguish a mortar from a motor, a gun from a howitzer, guerilla from a gorilla, although great many resemble the latter.”

ഇങ്ങനെയൊക്കെ പറയുന്ന ഒരാളെ അവർ എങ്ങനെയാവും പരിഗണിച്ചിട്ടുണ്ടാവുക എന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകൾ. പ്രധാനപ്പെട്ട ഒറ്റയാളും അതിൽ പങ്കെടുത്തിരുന്നില്ല. വെല്ലുവിളികൾ ഒരുപാടു നേരിട്ട അദ്ദേഹത്തിന്റെ സൈനിക ജീവിതം മെലോഡ്രാമ ഒന്നുമില്ലാതെ, വസ്തുതകൾക്ക് നിരക്കുന്ന രീതിയിൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വി പി മേനോൻ, വി കെ കൃഷ്ണമേനോൻ, ഇന്ദിരാ ഗാന്ധി, പട്ടേൽ , നെഹ്‌റു തുടങ്ങിയവരെല്ലാം സിനിമയിലുണ്ട്. മേഘ്‌നാ ഗുൽസാർ ആണ് സംവിധാനം. ശന്തനു ശ്രീവാസ്തവയും മേഘ്‌നയും ചേർന്നാണ് കഥയും തിരക്കഥയും രചിച്ചതും. അതിന്റെ ക്വാളിറ്റി സിനിമയ്ക്കുണ്ട്.

കഥാനായകൻ ഒരു വീരനാണെങ്കിലും മാനേക് ഷാ എന്ന മനുഷ്യനെയാണ് സിനിമ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഫിലിം ആർക്കൈവ് ഫുട്ടേജുകൾ ഒഴികെ യുദ്ധമൊന്നും വിശദമായി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ലോകമഹായുദ്ധകാലത്തുള്ള ഒരു മിലിറ്ററി ആംബുഷ് ഒഴികെ ഒരാക്ഷനും സിനിമയിലില്ല. സാധാരണ ഇത്തരം ചിത്രങ്ങളിലുള്ള തരം മെലോഡ്രാമാറ്റിക് സീനുകളോ സ്റ്റോക്ക് ഷോട്ടുകളോ ഒന്നും ഈ സിനിമയിലില്ലാത്തത് ഒരു കുറവായി പലരും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അതൊന്നും കുത്തികയറ്റാത്തതാണ് ഈ സിനിമയുടെ ഏറ്റവും വലിയ മെറിറ്റായി എനിക്ക് തോന്നുന്നത്.

ഭാരതത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പോരാളിയുടെ ജീവിതം പറയുമ്പോൾ കാണിക്കേണ്ട സത്യസന്ധത പാലിക്കാൻ മേഘ്ന ശ്രമിച്ചിട്ടുണ്ട്. അന്നത്തെ ഇന്ത്യയിൽ, അതായത് സ്വാതന്ത്ര്യം കിട്ടി ബാലാരിഷ്ടതകൾ പിന്നിട്ടു വരുന്ന കാലഘട്ടത്തിൽ നമ്മുടെ ബ്യൂറോക്രസിയിലും ഭരണകൂടത്തിലുമൊക്കെ ഉണ്ടായിരുന്ന അധികാര വടംവലികളെക്കുറിച്ചും മറ്റും ഈ സിനിമ ചില സൂചനകൾ നൽകുന്നുമുണ്ട്. പ്രത്യേകിച്ച് ഇന്ദിരാ ഗാന്ധിയെക്കുറിച്ച്. ആകെ മൂന്നോ നാലോ ഡയലോഗുകൾ മാത്രമേയുള്ളുവെങ്കിലും അതിൽ എല്ലാമുണ്ട്. ഇന്ദിരയുടെ കാലത്ത് ഇന്ത്യക്കുള്ളിലെ ശത്രുക്കളെപ്പറ്റി അവർ അസ്വസ്ഥയായിരുന്നതും മറയില്ലാതെ കാണിക്കുന്നുണ്ട്. എന്തായാലും ഇതൊക്കെ വിവേക് അഗ്നിഹോത്രി ചെയ്യുന്ന ലെവലിലേക്ക് പോകാതെ നല്ലതുപോലെ ഹോം വർക്ക് ചെയ്ത് അവതരിപ്പിക്കാൻ മേഘ്ന ശ്രദ്ധിച്ചിട്ടുണ്ട്. “If a man says he is not afraid of dying, he is either lying or is a Gurkha.” പോലുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ വാചകങ്ങൾ പലതും സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല.

അഭിനേതാക്കളിൽ ഒന്നാമത് നിൽക്കുന്നത് സ്വാഭാവികമായും വിക്കി കൗശൽ തന്നെയാണ്. പുറമെ രസികനും എന്നാൽ ഉള്ളിൽ അതിശക്തനുമായ മനേക് ഷാ എന്ന മനുഷ്യനെ വിക്കി കൗശൽ മനോഹരമായി അവതരിപ്പിച്ചു. ശരീര ഭാഷ, വോയ്‌സ് മോഡുലേഷൻ എന്നിവയൊക്കെ സിനിമയിലുടനീളം ഒരുപോലെ നിലനിർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിലേത് പോലെയുള്ള ഫൈറ്റുകളോ ശരീര പ്രദർശനമോ ഒന്നും വേണ്ടാത്ത ഈ റോൾ വിക്കി എങ്ങനെയാവും ചെയ്തിരിക്കുക എന്ന സംശയം സിനിമ കാണുന്നതിന് മുമ്പുണ്ടായിരുന്നെങ്കിലും ഇപ്പൊ അത് മാറി. ദംഗലിലെ ഗീതയേയും ബബിതയെയും അവതരിപ്പിച്ച ഫാത്തിമ സന ഷെയ്ഖ്, സാന്യ മൽഹോത്ര എന്നിവരാണ് ഇന്ദിരാഗാന്ധിയെയും മനേക് ഷായുടെ ഭാര്യയായ സില്ലുവിനെയും അവതരിപ്പിച്ചിരിക്കുന്നത്. അഭിനേതാക്കളാരും മോശമായിട്ടില്ല. നീരജ് കബിയാണ് നെഹ്രുവായി വന്നതെന്ന് ഒറ്റ നോട്ടത്തിൽ പിടികിട്ടിയില്ല.

സൈന്യത്തെപ്പറ്റിയുള്ള മലയാളികളുടെ വീക്ഷണം വിചിത്രമാണ്. അതിനു തക്കതായ കാരണങ്ങളുമുണ്ട്. അതിനെപ്പറ്റിയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സംഘർഷങ്ങളെക്കുറിച്ചും എനിക്ക് പറയാനുള്ളത് പണ്ടെഴുതിയ രണ്ടു സിനിമാ പോസ്റ്റുകളിലുണ്ട്. The Thashkent Files , Uri: The Surgical Strike എന്നീ ചിത്രങ്ങളെപ്പറ്റിയുള്ളത് . അത് കമന്റിൽ ചേർക്കുന്നു. നീണ്ട കുറിപ്പുകളാണ്. താല്പര്യമുള്ളവർക്ക് വായിക്കാം. ബോംബും വെടിയുണ്ടയും രക്തവും നിറഞ്ഞ ഒരു ആക്ഷൻ ചിത്രം പ്രതീക്ഷിക്കുന്നില്ലെങ്കിൽ തീർച്ചയായും ഈ സിനിമയും കാണുക.

You May Also Like

ആർആർആറിനെ പിന്തള്ളി ‘ലാസ്റ്റ് ഫിലിം ഷോ’ എന്ന ഗുജറാത്തി ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി

രാജമൗലി ചിത്രം ആർആർആർ, കശ്മീർ ഫയൽസ്, റോക്കട്രി എന്നീ സിനിമകളെ പിന്തള്ളി ലാസ്റ്റ് ഫിലിം ഷോ…

ഇപ്പ ശ്വാസം മുട്ടി ചത്തേനെ, അവൾടെ ഒടുക്കത്തെ സേവ് ദി ഡേറ്റ് 

ഇപ്പ ശ്വാസം മുട്ടി ചത്തേനെ, അവൾടെ ഒടുക്കത്തെ സേവ് ദി ഡേറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

ആരാണ് നമ്മൾ ? എന്താണ് നമ്മൾ? ഒറ്റ ഉത്തരമേ ഉള്ളൂ. ഓർമ്മകൾ

Sivakumar Menath ഓർമ്മ ആരാണ് നമ്മൾ ? എന്താണ് നമ്മൾ? ഒറ്റ ഉത്തരമേ ഉള്ളൂ. ഓർമ്മകൾ.…