ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗം സ്ഥിരീകരിച്ചതിനു ശേഷം മനസ് തുറക്കുകയാണ് അഭിനേത്രി സാമന്ത. ഒരു ലക്ഷം പേരില്‍ നാലു മുതല്‍ 22 വരെ പേര്‍ക്കു വരാവുന്ന രോഗമാണ് പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന മയോസൈറ്റിസ്. പേശീ വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. സാധാരണ ഗതിയില്‍ കൈകാലുകളെയും തോളിനെയും അരക്കെട്ടിനെയും അടിവയറിനെയും നട്ടെല്ലിലെ പേശികളെയുമാണ് ഈ രോഗം ബാധിക്കുക. ഈ രോഗം ജീവന് ഭീഷണിയല്ലെന്നും പോരാടാനാണ് തന്റെ തീരുമാനം എന്നും സാമന്ത പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ
‘നിങ്ങള്‍ എല്ലാവരോടും ഒപ്പം ഞാന്‍ പങ്കുവയ്ക്കുന്ന ഈ സ്നേഹവും ബന്ധവും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് എനിക്ക് നല്കുന്നു. രോഗം വേഗം തന്നെ പരിപൂര്‍ണ്ണമായും മാറുമെന്ന ആത്മവിശ്വാസം ഡോക്ടര്മാര്ക്കുണ്ട്. ശാരീരികമായും വൈകാരികമായും നല്ല ദിനങ്ങളും മോശം ദിനങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. ഇനിയും ഒരു നാള് കൂടി ഇത് താങ്ങാന്‍ വയ്യെന്ന് തോന്നുമ്പോഴേക്കും എങ്ങനെയോ ആ നിമിഷങ്ങളും കടന്നു പോകുന്നു. ഇതും കടന്നു പോകും…’’
‘‘ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞതു പോലെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശവും. ഇനിയൊരു ചുവടു കൂടി മുന്നോട്ടു വയ്ക്കാന്‍ എനിക്കു പറ്റില്ല എന്ന് തോന്നിയ അവസ്ഥ വരെ ഉണ്ടായി. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും ഞാന്‍ കടന്നു വന്നോ എന്ന് അദ്ഭുതം തോന്നും. അതെ, ഞാന്‍ ഇവിടെ ഒരു യുദ്ധം ചെയ്യാനായി വന്നതാണ്.എന്റെ ഈ രോഗം ജീവന് ഭീഷണിയാണ്, മരണത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. തീര്‍ച്ചയായും അതൊരു യുദ്ധം തന്നെയായിരുന്നു. ”
“ജീവന് ഭീഷണി ആയിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല.ചില ദിവസങ്ങളിൽ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ചില ദിവസങ്ങളിൽ പോരാടണമെന്ന് തോന്നും. അത്തരം ദിവസങ്ങൾ പതിയെ കൂടി വന്നു. ഇപ്പോൾ മൂന്നു മാസമായി.ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. ഉയർന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടർമാർക്കടുത്തേക്കുള്ള അവസാനിക്കാത്ത യാത്രകളിലും ദിവസങ്ങൾ മുഴുകി. ഓരോ ദിവസവും കാര്യക്ഷമമായി വിനിയോഗിച്ചില്ലെങ്കിൽ കുഴപ്പമില്ല. ചില സാഹചര്യങ്ങളിൽ പരാജയപ്പെടുന്നതിൽ കുഴപ്പമില്ല. എല്ലായ്പ്പോഴും സമയം നമുക്ക് അനുകൂലമായിക്കൊള്ളണമെന്നില്ല.’’ – സമാന്തയുടെ വാക്കുകൾ.
എന്താണ് മയോസൈറ്റിസ്? (What is Myositis?)
പേശികളെ ബാധിക്കുന്ന ഒരു വീക്കമാണ് മയോസൈറ്റിസ്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് പ്രായക്കാരെയും, ബാധിക്കാവുന്ന രോഗമാണ് ഇത്. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന ഒന്നാണ് മയോസൈറ്റിസ്. ശരീരത്തിന്റെ ഏതു ഭാഗത്തുള്ള മസിലുകളെയും അതായത്, കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും.
എന്താണ് മയോസൈറ്റിസ് ലക്ഷണങ്ങള്‍? (What is Myositis symproms?)
ശരീരത്തിലെ പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം.
ശ്വസിക്കാനും ഭക്ഷണം കഴിക്കാനും ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. പേശികളുടെ ബലക്കുറവ്, . ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ഇരിക്കാനും നില്‍ക്കാനും പ്രയാസം, കൂടാതെ തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നു. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. പ്രധാനമായും രണ്ടു തരത്തിലുള്ള മയോസൈറ്റിസുകളാണ് ഉള്ളത്. പോളി മയോസൈറ്റിസും ഡെർമാമയോസൈറ്റിസുമാണ് അവ.
എന്താണ് പോളി മയോസൈറ്റിസ്? ലക്ഷണങ്ങള്‍ എന്താണ്?
തോൾ, ഇടുപ്പ്, തുട എന്നീ പേശികളെയാണ് പ്രധാനമായും പോളിമയോസൈറ്റിസ് ബാധിക്കുക. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഈ രോഗം 30 വയസിനും 60 വയസിനുമിടയിലാണ് കൂടുതലായും കണ്ടുവരുന്നത്.
പേശിക്കുണ്ടാകുന്ന ബലക്കുറവ്, പേശി വേദന, ക്ഷീണം, വീണതിന് ശേഷം എഴുനേൽക്കാനും ഇരിക്കാനും ബുദ്ധിമുട്ട് തോന്നുക, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് തോന്നുക, സന്തോഷക്കുറവും വിഷാദവും അനുഭവപ്പെടുക എന്നിവയാണ് പോളി മയോസൈറ്റിസിന്റെ ലക്ഷണങ്ങള്‍.
എന്താണ് ഡെർമാ മയോസൈറ്റിസ്? ലക്ഷണങ്ങള്‍ അറിയാം
ശരീരത്തിലെ നിരവധി പേശികളെ ബാധിക്കുന്ന ഡെർമാമയോസൈറ്റിസ് ത്വക്കിൽ ചുവന്ന പാടുകൾ ഉണ്ടാക്കുന്നു എന്നതാണ് പ്രത്യേകത. സ്ത്രീകളിലും കുട്ടികളിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
പോളി മയോസൈറ്റിസിന് സമാനമാണ് ഡെർമാ മയോസൈറ്റിസിന്റെയും ലക്ഷണങ്ങൾ. ഈ രോഗമുള്ളവരുടെ ചര്‍മ്മത്തില്‍ ചുവന്നതും പർപ്പിൾ നിറത്തിലുമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടും. മുഖം, കൈകൾ, പുറം, നെഞ്ച്, മുട്ട് എന്നിവിടങ്ങളിലാകും ഇത്തരം പാടുകൾ പ്രത്യക്ഷപ്പെടുക. ഈ പാടുകളിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം.
മയോസൈറ്റിസ് എങ്ങനെ രോഗം കണ്ടെത്താം ?
രക്ത പരിശോധനയിലൂടെയും എംആർഐ സ്കാൻ, ഇഎംജി എന്നിങ്ങനെയുള്ള പരിശോധനകളിലൂടെയും രോഗം സ്ഥിരീകരിക്കാം.
മയോസൈറ്റിസ് ചികിത്സ
ചികിത്സ കണ്ടെത്തിയിട്ടുള്ള രോഗമാണ് മയോസൈറ്റിസ്. അപൂർവ രോഗമാണെങ്കിൽ കൂടി കൃത്യമായ മരുന്നും വ്യായാമവും കൊണ്ട് ഈ രോഗത്തെ കീഴ്പ്പെടുത്താൻ സാധികക്കും എന്ന് വൈദ്യശാസ്ത്രം ഉറപ്പ് നൽകുന്നു..