ഫിറോസ് വരുന്നുണ്ടെന്നറിഞ്ഞാൽ ട്രാഫിക് ജാമുണ്ടാക്കി വെടിയും പുകയും പറത്തി ചിലരയാളെ അമാനുഷികനാക്കി

104

സമീർ ചെങ്ങമ്പള്ളി

ഫിറോസ് കുന്നംപറമ്പിലിനെ ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ ചില പിഴവുകളെ ചൂണ്ടിക്കാണിക്കാൻ വരെ പേടിയാണ്.അപ്പോഴേക്കും ചില വാനരക്കൂട്ടം നമ്മുടെ മേൽ ചാടിവീഴും . “നീയൊക്കെ ആർക്കെങ്കിലും പത്ത് രൂപ കൊടുത്തിട്ടുണ്ടോ, അദ്ദേഹത്തിന്റെ ഇന്നോവ നിന്റെ വീടിന് മുൻപിൽ വരാതിരിക്കട്ടെ” എന്നിങ്ങനെയുള്ള ക്ളീഷേ വാചകങ്ങളുമായി. അത്തരക്കാരാണ് ഫിറോസ് ഭായിയുടെ ഒന്നാമത്തെ ശത്രു. രണ്ടാമത്തെ ശത്രു ഫിറോസ് ഭായിയുടെ ശരീര ഭാഷയും പെരുമാറ്റ രീതിയുമാണ്. ഒന്നാമത്തെ ശത്രുവിനെ കുറിച്ച് തന്നെ ആദ്യം സംസാരിക്കാം.

സാധാരണക്കാരിൽ ഒരാളായി ജനസേവനം തുടങ്ങിയ ഒരു നല്ല വ്യക്തിയെ ബിംബ വൽക്കരിച്ചത് അവരാണ്. ഫിറോസിക്ക എവിടെയെങ്കിലും വരുന്നുണ്ടെന്നറിഞ്ഞാൽ കിലോമീറ്ററുകൾ ചുറ്റളവിൽ ട്രാഫിക് ജാമുണ്ടാക്കി വെടിയും പുകയും പറത്തി അദ്ദേഹത്തെ അവർ അമാനുഷികനാക്കി. അതോടെ ഫിറോസിക്ക ജനങ്ങളിൽ നിന്നകന്നു. ഫാൻസുകാരുടെ മാത്രം ആരാധ്യ പുരുഷനായി. വിമർശനങ്ങൾക്ക് അധീതനായി. വന്നതിന്റെയും പോയതിന്റെയും കണക്ക് ചോദിച്ചവരൊക്കെ ശത്രുക്കളായി. അനന്തരം ശത്രുക്കളുടെയും സംശയാലുക്കളുടെ എണ്ണം പെരുകി.

രണ്ടാമത്തേത് ഫിറോസിക്കയുടെ ഭാഷയാണ്. നമ്മൾ, ഞങ്ങൾ എന്ന് ഉപയോഗിക്കുന്നിടത്തെല്ലാം ഞാൻ, ഞാനെന്ന് മാത്രം മുഴച്ചു നിന്നു.”ഞാൻ അവർക്ക് പണം നൽകി, “”എന്റെ സഹായം കിട്ടിയിട്ടും നന്ദി കാണിച്ചില്ല”സത്യത്തിൽ പണം നൽകുന്നത് പൊതു ജനങ്ങളാണ്. സഹായം അവരുടേതാണ്. ഫിറോസിക്ക ഒരു ടൂൾ മാത്രം ആണ്. സംസാരത്തിലെ ലാളിത്യം ആണ് ഒരു പൊതുപ്രവർത്തകന്റെ വജ്രായുധം ആകേണ്ടതെന്ന് അദ്ദേഹം പലപ്പോഴും വിസ്മരിച്ചു പോകുന്നു. നാസർ മാനുക്ക എന്ന ഒരു നന്മ മരമുണ്ട്. ഏക്കറുകളോളം വലിപ്പമുള്ള സ്വന്തം ഭൂമി തുണ്ട് തുണ്ടായി പാവങ്ങൾക്ക് വീതിച്ചു നൽകിയ പ്രവാസി. ഓരോ വാക്കും മറ്റുള്ളവരെ വേദനിപ്പിക്കാതെ വിനയത്തിന്റെ ഭാഷയിൽ മാത്രം മറ്റുള്ളവരോട് ഇടപെടുന്ന വ്യക്തി. അതുപോലെ തന്നെയാണ് നർഗീസ് ബീഗവും. കിലോമീറ്ററുകളോളം പലവ്യഞ്ജനങ്ങൾ തലയിൽ ചുമന്ന് ദരിദ്ര കുടിലിലുകളിലേക്ക് എത്തിക്കുന്ന ഇത്തയുടെ വാക്കുകളിലെ മൃദുലത, പെരുമാറ്റത്തിലെ സൗമ്യത ഇക്കയും ഇക്കയെ സ്നേഹിക്കുന്നവരും കാണേണ്ടതാണ്.

എതിർ അഭിപ്രായം ഉള്ളവരെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുന്നതും, സഹായം കൈപറ്റിയവരെ നന്ദികെട്ടവരെന്ന് അഭിസംബോധന ചെയ്യുന്നതും ഫിറോസിക്കയെ പോലെ ഇത്രയും ഉയരത്തിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് യോജിച്ചതല്ല. ഫിറോസിക്ക കള്ളനാണെന്ന് എനിക്ക് അഭിപ്രായം ഇല്ല. പക്ഷേ പ്രവർത്തനങ്ങളിൽ അല്പം സുതാര്യത കൊണ്ടുവരുന്നത് അത്യാവശ്യമാണ്. 10 ലക്ഷം ആവശ്യമുള്ള രോഗിയുടെ അക്കൗണ്ടിലേക്ക് അത് കിട്ടി കഴിഞ്ഞാൽ സ്വാഭാവികമായും അക്കൗണ്ട് ഓട്ടോമാറ്റിക്ക് ആയി ക്ലോസ്‌ ആയിരിക്കണം. 15 ലക്ഷം കൈപ്പറ്റിയാൽ ബാക്കി 5 ലക്ഷത്തിന്റെ കണക്ക് വായുവിലെഴുതി കൂട്ടുന്നത് സംശയം ജനിപ്പിക്കും.