Society
സാമൂഹ്യപുസ്തകം ചിതലരിക്കുമ്പോള്‍…

സ്കൂള്‍ പഠനകാലത്ത് ചൊല്ലുന്ന ‘ഭാരതം എന്റെ നാടാണ്..എന്നു തുടങ്ങുന്ന പ്രതിജ്ഞ അവസാനിക്കുന്നത് ഈ വരികളിലൂടെയാണ്. “ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും ”. വിദ്യാഭ്യാസത്തിന്റെ സ്മഗ്രലക്ഷ്യം സാമൂഹ്യ പുരോഗതിയാണെന്നും പറയപ്പെടുന്നു.എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉദ്യോഗങ്ങളില്‍ വ്യാപ്രൃതരായതിനു ശേഷം സാമൂഹ്യസേവനത്തിന്റെ പാത സ്വീകരിക്കുന്നവര്‍ എത്രത്തോളമുണ്ട് എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്!
സാമ്പത്തികമായി ഉന്നതങ്ങളിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആഢംബര ജീവിതത്തിലേക്ക് കാലെടുത്തു വെക്കുവാനാണ് ബഹുപൂരിപക്ഷവും ശ്രദ്ധിക്കുന്നത്. ടെക്നോളജി മുന്നേറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുഖലോലുപതയില്‍ ആടിയുല്ലസിക്കുവാന് ഒന്നിനുമുകളില്‍ ഒന്നായി ദിനം തോറും വ്യത്യസ്ഥ പ്രൊഡക്റ്റുകള്‍ വിപണിയില്‍ നിറഞ്ഞു കൊണ്ടിരിക്കേ മറ്റുകാര്യങ്ങള്‍ക്ക് തങ്ങളുടെ വേതനം മാറ്റിവെക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. മാതാപിതാക്കളാവട്ടെ തങ്ങളുടെ കുട്ടി മറ്റു കുട്ടികളെക്കാള്‍ ഒരു പടി മുന്നിലാണെന്ന് കാണിക്കുവാന്‍ വെമ്പുന്നതു കൊണ്ട് അതിനു കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ പുറം ലോകത്തിനു മുമ്പില്‍ പൊങ്ങച്ചം പറഞ്ഞും കാണിച്ചും സായൂജ്യമടയുകയും ചെയ്യുന്നു. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ മുന്നണിയിലേക്കെത്തിക്കാന്‍ ഉപദേശം നല്‍കുകയോ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ ഇന്നു വിരളമാണ്.
അടുത്തിടെ ബാലപീഡനങ്ങളെക്കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി പറയുകയുണ്ടായി. ‘ഇന്നു സ്വന്തം കാര്യം നോക്കാന്‍ മാത്രമേ കുട്ടികള്‍ ശ്രദ്ധിക്കുന്നുള്ളൂ.വീടുകളില്‍ നിന്നും ആ രീതിയിലുള്ള ഉപദേശമാണ് അവര്‍ക്കു കിട്ടുന്നത്. സഹപാഠികളുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ഇടപെടാന്‍ പോലും മടി കാണിക്കുകയാണ്.’ ഈ തരത്തില്‍ സങ്കുചിതമായി മാത്രം ചിന്തിക്കുന്ന കുട്ടികള്‍ അവരുടെ ഒന്നാം സ്ഥാനങ്ങളിലേക്ക് കുതിക്കുമ്പോള്‍, ആ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ തന്നെ സൃഷ്ടിക്കുന്ന സ്വാര്‍ത്ഥതയുടെ മറ്റൊരു ലോകത്തിലേക്കല്ലേ യാത്ര നടത്തുന്നത്? അണുകുടുംബങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വൃദ്ധ സദനങ്ങളിലേക്കും തെരുവുകളിലേക്കുമൊക്കെ മാതാപിതാക്കള്‍ പുറന്തെള്ളപ്പെടുന്നതിന് പ്രത്യേകം കാരണങ്ങള്‍ കണ്ടുപിടിക്കേണ്ടതില്ലല്ലോ!
വൃദ്ധനായ പിതാവിനെ,അതും ഓര്‍മ്മക്കുറവും കേള്‍വിക്കുറവും മൂലം ശാരീകമായി അവശനായ ഒരു മനുഷ്യനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച മക്കളെക്കുറിച്ചൊരു വാര്‍ത്ത പത്രത്തില്‍ വരികയുണ്ടായി. “ഈ വൃദ്ധനെ ആരെങ്കിലും ബസ്സ് കയറ്റി താഴെ കാണുന്ന അഡ്രസ്സിലെക്കെത്തിക്കുക. വണ്ടിക്കൂലി ഇതിലുണ്ട്”. എന്നൊരു കുറിപ്പ് മകളുടെ വക ബാഗിലുണ്ടായിരുന്നു. പോലീസ് അതിലുള്ള അഡ്രസ്സുമായി ബന്ധപ്പെട്ടപ്പോള്‍ “മക്കള്‍ക്കില്ലാത്ത സ്നേഹം തങ്ങള്‍ക്കില്ലെന്നും, വൃദ്ധന്റെ സംരക്ഷണം ഏറ്റെടുക്കില്ലെന്നുമാണ് മറുപടി ലഭിച്ചത്. അതോടെ പോലീസ് അയാളെ ശരണാലയത്തിലേക്കയക്കുകയാണുണ്ടായത്. സ്വന്തം മാതാപിതാക്കളെപ്പോലും സംരക്ഷിക്കാന്‍ വിസമ്മതിക്കുന്ന മക്കളുള്ള ഈ ലോകത്ത് സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പറയുന്നത് തന്നെ തെറ്റായിപ്പോകും!
ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിച്ചു കൊണ്ടിരിക്കുന്നവര്‍ ഒരു ഭാഗത്തുള്ളപ്പോള്‍ ദാരിദ്ര്യവും രോഗങ്ങളും മൂലം കഷ്ടതയനുഭവിക്കുന്ന മറ്റൊരു വിഭാഗവും ഈ സമൂഹത്തില്‍ തന്നെ ജീവിക്കുന്നുണ്ടെന്നത് മറന്നു കൂട . സ്വത്ത് സമ്പാദനം മാത്രം ലക്ഷ്യമാക്കുന്നവര്‍ ധാര്‍മ്മികതയേക്കാള്‍ പ്രൊഫഷണലിസത്തിനു മുന്‍ തൂക്കം കൊടുക്കുമ്പോള്‍ സമൂഹം മൂല്യച്യുതികളിലേക്കാണ്ടുപോവുകയാണ്.
ഒരു വിവാഹചടങ്ങിനിടെ വിദേശങ്ങളില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന കുറച്ച് ചെറുപ്പക്കാരുടെ കൂടെ യാത്ര ചെയ്യുകയുണ്ടായി. അവരുടെ കാര്യമായ സംസാര വിഷയം കിട്ടുന്ന ശമ്പളത്തിന്റെ വിവരണവും ലക്ഷങ്ങള്‍ പൊട്ടിച്ചു കൊണ്ടു നടത്തിയ ഷോപ്പിങ്ങുകളും മാര്‍ക്കെറ്റില്‍ ലഭ്യമായ വിലപിടിപ്പുള്ള കാറുകളെക്കൂറിച്ചും ആഢംഭര ഭവനം പണിയുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുമൊക്കെയായിരുന്നു .അതിന്റെ കൂടെ സ്വന്തം നാടിനെയോര്‍ത്തുള്ള വേവലാതിയും.‘വികസനമില്ലാത്ത ഈ നാട്ടില്‍ എങ്ങിനെ ജീവിക്കും! സുഖമായി യാത്ര ചെയ്യാന്‍ കഴിയാത്തവിധം വീതി കുറഞ്ഞു പൊട്ടിപ്പൊളിഞ്ഞ റോഡിനെയോര്‍ത്തുള്ള ദു:ഖം! അതിനിടക്കു ഒരാളുടെ വക കമന്റ്. “കുറച്ചു ദരിദ്രവാസികളുണ്ട്. കിടപ്പാടവും കെട്ടിപ്പിടിച്ച് പാതയോരത്ത് നിന്ന് മാറാന്‍ കൂട്ടാക്കാത്തവര്‍. ഒരു ബുള്‍ഡോസര്‍ കൊണ്ടു വന്നു ഇടിച്ചു നിരത്തി നിര്‍ബന്ധമായി ഇവരെയൊക്കെ മാറ്റിപ്പാര്‍പ്പിക്കണം! ” അല്ലെങ്കിലും സമ്പന്നരുടെ ആര്‍ഭാടങ്ങള്‍ക്കു വേണ്ടി ദരിദ്രരുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണല്ലോ ഇന്ന്!
നന്മകളാല് സമൃദ്ധമായ നാട്ടിന് പുറങ്ങളിലുള്ളവരില് നിന്നാണ് കുറെയെങ്കിലും സാമൂഹിക പ്രതിബദ്ധത കാണാന്‍ കഴിയുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഒരവധിക്കാലത്ത് എന്റെ ഗ്രാമത്തിലെത്തിയപ്പോള്‍ അവിടത്തെ കുറച്ചു ചെറുപ്പക്കാര്‍ പിരിവിനായി വരികയുണ്ടായി.അതില്‍ സ്കൂളിലെ പ്യൂണുണ്ട്,ബാങ്കിലെ ക്ലെര്ക്കുണ്ട്, ഓട്ടോറിക്ഷക്കാരനുണ്ട്, അധ്യാപകനുണ്ട്, കൂലിപ്പണിക്കാരനുണ്ട്. ഉത്സവങ്ങള്‍ക്കും വിനോദപരിപാടികള്ക്കൊക്കെയായി പിരിവ് സ്ഥിരമായി ഉള്ളതിനാല്‍ ഞാന്‍ കൂടുതല്‍ ചോദിക്കുകയുണ്ടായില്ല. പിന്നീടു ഒരു വര്‍ഷം കഴിഞ്ഞ് ഒരു ഹോട്ടലില്‍ വെച്ച് അവരെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അവിടത്തെ പൊറോട്ടയടിക്കാരനെ ചൂണ്ടി എന്നോട് പറഞ്ഞു. “ നീ തന്ന പിരിവിന്റെ കൂടി ഫലമാണ് ഈ കാണുന്ന മനുഷ്യന് . ഒരു വര്‍ഷത്തോളമായി മാനസികാരോഗ്യകേന്ദ്രത്തിലായിരുന്നു. ഇപ്പോള്‍ തികഞ്ഞ അദ്ധ്വാനശീലന്‍ ”. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ എനിക്കു മനസ്സിലായി. ഒരു സമയത്ത് കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ട് ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നിരുന്നയാള്‍! മോഷണവും പിടിച്ചു പറിയുമൊക്കെയായി വീടിനും നാടിനും ഒരു പോലെ അപമാനമായി മാറിയിരുന്ന ആ മനുഷ്യനെയാണവര്‍ മാറ്റിയെടുത്തത്.
ഈ സാമൂഹ്യസ്നേഹികള്‍ ഇതോടെ നിര്‍ത്തുന്നില്ല, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ദാരിദ്ര്യവും മനോരോഗവുമായി കഷ്ടതയില്‍ കഴിയുന്ന മറ്റൊരു കുടുംബത്തെ വെളിച്ചെത്തിലേക്കെത്തിക്കുവാനുള്ള യജ്ഞമേറ്റെടുത്ത് യാത്ര തുടരുകയാണ്. പുറംമോടികളോടും പൊങ്ങച്ചങ്ങളോടും പുറം തിരിഞ്ഞു നിന്നു തങ്ങള്‍ക്കു കഴിയാവുന്ന സേവനങ്ങള്‍ ചെയ്യാന്‍ ആവേശത്തോടെയിറങ്ങുന്ന ഇതുപോലുള്ള പൌരന്മാരാണ് സമൂഹത്തിന്റെ ശക്തി. ഇത്തിരിയുള്ളവര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നതു കണ്ട് ഒത്തിരിയുള്ളവര്‍ ഇത്തിരിയെങ്കിലും പഠിക്കേണ്ടതുണ്ട്!
‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് ’പറയുന്ന ക്രിസ്തുമതത്തിലും സകാത്തും ദാനധര്‍മ്മങ്ങളും നിര്‍ബന്ധമാക്കിയ ഇസ്ലാം മതത്തിലും സമസ്തജനവിഭാഗങ്ങളുടെ ഉന്നതി ലക്ഷ്യമാക്കിയിട്ടുള്ള ഹിന്ദുമത ധര്‍മ്മത്തിലും സോഷ്യലിസം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള കമ്മൂണിസ്റ്റ് പാര്‍ട്ടിയിലുമൊക്കെയായി വിശ്വാസം വളര്‍ത്തിയെടുത്തവരായ നമ്മുടെ ജനസമൂഹത്തില്‍ നിന്ന് ഉന്നതങ്ങളിലെത്തുമ്പോള്‍ മറക്കാത്ത പുതിയൊരു സാമൂഹ്യസേവനലക്ഷ്യം ഉയര്‍ന്നു വരേണ്ടത് കാലത്തിന്റെ ആവശ്യവും പ്രതീക്ഷയുമാണ്.
303 total views, 3 views today