ആ സ്കൂളിലെ കുട്ടികൾ തന്നെയാണ് “ഇതാണ് ആള്” എന്ന് കൊലയാളിക്ക് അദ്ധ്യാപകനെ കാട്ടിക്കൊടുത്തത്

235

Swami Nathan

ഫ്രാൻസിൽ നടന്ന തലവെട്ട് കേസിന്റെ പശ്ചാത്തലം ഇപ്രകാരമാണ്. മരിച്ച Samuel Paty ആ സ്കൂളിലെ ഹിസ്റ്ററി അദ്ധ്യാപകനാണ്. ഏതാണ്ട് രണ്ടാഴ്ച മുൻപ് അഭിപ്രായ സ്വാതന്ത്ര്യത്തിനെക്കുറിച്ചുള്ള ഒരു പാഠത്തിൽ Charlie Hebdo മാസികയിൽ വന്ന ചില ചിത്രങ്ങൾ ക്ലാസിലെ പ്രൊജകറ്ററിൽ കാണിക്കേണ്ടി വന്നു. അത് കാണിക്കുന്നതിന് മുൻപ് അദ്ധ്യാപകൻ പറഞ്ഞു താൻ ഈ ചിത്രങ്ങൾ കാണിക്കാൻ പോവുകയാണ് അതിൽ എതിർപ്പ് ഉള്ള‌ മുസ്ലിം കുട്ടികൾക്ക് ക്ലാസ് വിട്ട് പോകാം എന്ന് പറഞ്ഞു. ചില കുട്ടികൾ പുറത്തു പോയി ചിലർ പോയില്ല.

ആ ക്ലാസ്സിൽ ഉള്ള പതിമൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയുടെ പിതാവ് ഇതിനെ പറ്റി സ്കൂളിന് പരാതി കൊടുത്തു. സ്കൂൾ Samuel Paty, പേരന്റ്സ് പിന്നെ education ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടുന്ന ഒരു മീറ്റിംഗ് വിളിച്ച് കൂട്ടി. അതിനിടയിൽ ആ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി കൊടുത്തു. അദ്ധ്യാപകനെയും സ്കൂളിന്റെ ഹെഡ് മാസ്റ്ററെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു. ഈ ചിത്രങ്ങൾ കാണിച്ച ദിവസം പ്രസ്തുത പെൺകുട്ടി സ്കൂളിൽ വന്നില്ലായിരുന്നു . അതിനാൽ ആ കുട്ടിയുടെ പിതാവിന്റെ പരാതി എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് അദ്ധ്യാപകൻ പോലീസിനോട് ചോദിച്ചു. കേസ് നില നിൽക്കില്ല എന്ന് പോലീസ് പരാതിക്കാരനോട് പറഞ്ഞു. അതിന് ശേഷം കുറെ ദിവസം അദ്ധ്യാപകനും സ്കൂളിനും ഭീഷണി ഫോൺ കാളുകൾ കിട്ടിത്തുടങ്ങി.

അദ്ധ്യാപകൻ സ്കൂളിനടുത്താണ് താമസിച്ചിരുന്നത്. വിജനമായ ഒരു പാർക്കിന് കുറുകെ നടന്നായിരുന്നു സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. ഭീഷണികൾ കാരണം റൂട്ട് മാറ്റി ആൾത്താമസം ഉള്ള വഴി നടന്നു പോയിത്തുടങ്ങി. കൊലയാളിക്ക് അദ്ധ്യാപകനുമായി മുൻ പരിചയം ഒന്നുമില്ല. അയാൾ ദൂരെ എങ്ങോ താമസിക്കുന്ന ആളാണ്. ആ പെൺ കുട്ടിയുടെ അഛന്റെ പരിചയവലയത്തിൽ ഉള്ള ആളാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അന്ന് സ്കൂൾ വിട്ടപ്പോൾ കൊലയാളി സ്കൂളിന് പുറത്ത് കാത്ത് നിൽപ്പുണ്ടായിരുന്നു. ആ സ്കൂളിലെ കുട്ടികൾ തന്നെയാണ് “ഇതാണ് ആള്” എന്ന് കൊലയാളിക്ക് അദ്ധ്യാപകനെ കാട്ടിക്കൊടുത്തത്. പട്ടാപ്പകൽ ആൾക്കാർ നോക്കി നിൽക്കെയാണ് കൃത്യം നടന്നത്.

(The Guardian (UK) പത്രത്തിൽ വന്ന വാർത്തയുടെ ഏകദേശ തർജ്ജിമ‌ )