san geo
ജോസഫ് സിനിമയുടെ തുടക്കം പോലുള്ള ഒരു ബോറൻ ഷേർലക് ഹോംസ് മോമെന്റിലൂടെയാണ് ഇവിടെയും സിനിമയുടെ തുടക്കം എങ്കിലും പിന്നങ്ങോട്ട് ഇന്റർവെൽ വരെ പോയ ഒരു പോക്ക്! എഡ്ജ് ഓഫ് സീറ്റ് എന്ന വല്ലപ്പോളും മാത്രം സംഭവിക്കുന്ന ഒരു ത്രില്ലിംഗ് എക്സ്പീരിയൻസ് ആയിരുന്നു. ജീതുവിനും കഥ എഴുതിയ കൃഷ്ണകുമാറിനും നന്ദി!
പക്ഷെ സിനിമയുടെ രണ്ടാം പകുതിയിൽ കഥയുടെ ടെമ്പോ നഷ്ടപ്പെട്ടു. ആദ്യ പകുതിയിൽ നായക കഥാപാത്രത്തിന് നൂലപ്പം പോലെ ഒരു സൂപ്പർ കോംപ്ലികേഷൻ ഉണ്ടാക്കി, പക്ഷെ ആ നൂലപ്പം അഴിക്കാൻ മെനക്കെടാതെ അതിലേക്ക് കപ്പ കൂടി ഇട്ട് കുഴച്ചു കടലക്കറിയും കൂട്ടി വിഴുങ്ങുകയാണ് കഥയുടെ രണ്ടാം ഭാഗത്തിൽ. ആസിഫിന്റെ കഥ എങ്ങനെ മുൻപോട്ട് നീക്കി അവസാനിപ്പിക്കണം എന്ന് പിടിയില്ലാതെ കുഴങ്ങിയത്കൊണ്ടാണ് അതിലേക്ക് സീരിയൽ കില്ലറും ജ്യോതിഷവും, മന്ത്രവാദവും നരബലിയുമൊക്ക ചേർത്തത് എന്ന് വ്യക്തം. കഥയെ സ്വഭാവികമായി പരിണമിക്കാൻ വിടുന്നതിന് പകരം ബലമായി വഴിതിരിച്ചു വിട്ടതായാണ് ഫീൽ ചെയ്തത്.
ആദ്യം കഥ പോയ വഴിയിൽ അതിനെ ചേസ് ചെയ്തിരുന്നെങ്കിൽ ദൃശ്യത്തിനെ വെല്ലുന്ന സിനിമയാക്കാൻ ഉള്ള കാമ്പുള്ള കഥ. പക്ഷെ പിന്നീട് അത് ഫോറെൻസിക്ക്, അഞ്ചാം പാതിരാ മുതൽ നമ്മൾ കണ്ട എണ്ണമില്ലാത്ത സീരിയൽ കില്ലർ ട്രാക്കിലേക്ക് വീണു എങ്കിലും ഒരു അവറേജ് നിലവാരം കാത്ത് തന്നെ അവസാനിക്കുന്നു. സിനിമയുടെ രണ്ടാം സീനിൽ തന്നെ പ്രേക്ഷകന് സംശയാസ്പദമായി തോന്നുന്ന രീതിയിൽ വില്ലനെ ക്യാമറയ്ക്ക് മുൻപിൽ കൊണ്ടുവന്നു കാട്ടിയതിൽ ജീതുവിന് പിഴച്ചു. ബലിഷ്ട ശരീരമുള്ള ഒരാളെ പെട്ടന്ന് കാട്ടിയാൽ പ്രേക്ഷകൻ സംശയിക്കും എന്ന ശങ്കയെ മറികടക്കാൻ ആ പിപ്പിടി വിദ്യയേകാൾ നല്ലത് സ്വഭാവികലുക്ക് ഉള്ള ഒരു നടനെ തിരഞ്ഞെടുക്കുകയായിരുന്നു. ആസിഫും ആയി ഒരു സ്റ്റണ്ട് നടത്താൻ ആർനോൾഡ്ന്റെ യൊന്നും ആവശ്യം ഇല്ലല്ലോ!
ആസിഫും ബാബുരാജും തകർത്തു, ആസിഫിന്റെ ജന്മനാ ഉള്ള കള്ള ലക്ഷണം ഇതിലെ വേഷം ചെയ്യാൻ ഒത്തിരി ഗുണം ചെയ്തു. ആസിഫ് അല്ലെങ്കിൽ വേറേ ആര് ഈ വേഷം ചെയ്യുമായിരുന്നു എന്ന് ഓർത്ത് പോകുന്ന പ്രകടനം! ബാബുരാജിന് വേണ്ടി എഴുതിയത് പോലെയിരുന്നു ആ വേഷം. സൂപ്പർ! എന്നാൽ സത്യത്തിനെ പിന്തുടരാൻ അനുവദിക്കാതെ വില്ലൻ കോളത്തിലേക്ക് തള്ളപ്പെട്ടത് കൊണ്ട് പൂർണത ഇല്ലാത്ത കഥാപാത്രം ആയി മാറി. രഞ്ജി പണിക്കർ പിടിച്ചു വെച്ച ശ്വാസം ഇത്തിരി വിട്ടിട്ടുണ്ട്. പിന്നെ ജീതുവിന്റെ സ്ഥിരം പരിപാടി ആയ ഒരു പ്രാധാന്യവും ഇല്ലാത്ത ഒരു പത്തിരുപത് നാടൻ കഥാപാത്രങ്ങൾ.
രസമായിരുന്നു കാണാവുന്ന സിനിമ. എങ്കിലും സിനിമ തീരുമ്പോളും എന്നിലെ പ്രേക്ഷകൻ ഒരു കൺഫ്യൂഷനിൽ ആണ്.
ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്ന, നീതി ലഭിക്കാത്ത, നഷ്ടപ്പെട്ട അഭിമാനം തിരികെ കിട്ടാത്ത ബാബുരാജും കൂട്ടരും , ചെയ്ത തെറ്റിന് ശിക്ഷിക്കപ്പെടാതെ പോവുകയും, ആ തെറ്റ് ആവർത്തിക്കുകയും ചെയ്യുന്ന ആസിഫ് , ആ ഏരിയയിലെ മൊത്തം കേസും ഏറ്റെടുക്കേണ്ടി വരുന്ന ജാഫർ ഇടുക്കി. ഒക്കെയും കൂടി അങ്ങോട്ട് പൊരുത്തപ്പെടുന്നില്ലല്ലോ?
അടിവരയായി ഒരു വരി കൂടി. ഇത് നായകൻ ചെയ്ത തെറ്റ് ന്യായീകരിച്ചു അവൻ രക്ഷപ്പെടണം എന്ന് ആഗ്രഹിച്ചു ആ കൂടെ കാണികളുടെ മനസ്സ് നീങ്ങുന്ന “ദൃശ്യം” അല്ല. ഒരു രീതിയിലും ന്യായീകരിക്കാൻ ആകാത്ത തെറ്റുകൾ ചെയ്യുന്ന ആന്റി സോഷ്യൽ ആയ ഇതിലെ നായകൻ ശിക്ഷിക്കപ്പെടാൻ കാണികൾ അറിയാതെ ആഗ്രഹിക്കുകയും ആ ആഗ്രഹം അവസാനം വരെയും സഫലീകരിക്കപ്പെടാതെ പോകുകയും ചെയ്യുകയാണ്. ആ നീതിബോധത്തിന്റെ കരണത്ത് ഏറ്റ ചുട്ട അടിയായി ഇതിന്റെ ടെയിൽ എൻഡ്!