Pretentious അല്ലെങ്കിൽ ഒന്നാണെന്ന് പറഞ്ഞ് മറ്റൊന്ന് കാണിക്കാത്ത ഇത്തരം സിനിമകൾ ഇടക്കൊക്കെ കാണാൻ കഴിയുന്നത് മലയാള സിനിമയിൽ എനിക്കുള്ള വിശ്വാസം നഷ്ടപ്പെടാതെയിരിക്കാൻ ഒരു കാരണമാണ്.പുതു മുത്തശ്ശിമാരൊക്കെ ഇപ്പോൾ പറയുന്നത് മൈ ഡിയർ കുട്ടിച്ചാത്തൻ ന്റെ കഥയാവും. പക്ഷെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ചാത്തന്റെയും മറുതയുടെയുമൊക്കെ കഥ പറയുന്ന കാലം കടന്ന് വന്നവർക്ക് ആദ്യ സെക്കന്റിൽ തന്നെ കണക്ട് ചെയ്യാൻ കഴിയുന്ന പൊടിപ്പൻ കഥ.
ഐശ്വര്യ നന്നായി എങ്കിലും അവർക്ക് പ്രത്യേകിച്ച് പുതുതായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. വല്ലാതെ അസ്വസ്ഥമായ ആ മുഖഭാവത്തിന് ചേരുന്ന വേഷം തന്നെ തിരഞ്ഞെടുക്കുന്നതിലാണ് അവരുടെ വിജയം. അത് മറികടക്കാൻ ശ്രമിച്ച ബ്രദേഴ്സ് ഡെയിലെ വേഷമൊക്കെ എങ്ങിനെ പാളിപ്പോയി എന്ന് നമുക്കൊന്നും ഓർമ ഇല്ലെങ്കിലും ഐശ്വര്യക്ക് നല്ല ഓർമ ഉണ്ട് എന്ന് വ്യക്തം.
സുരഭി ലക്ഷ്മിയാകട്ടെ തകർത്ത് അഭിനയിച്ചു കളഞ്ഞു . സുരഭിയുടെ ചാത്താ… ന്നുള്ള ആ അലർച്ച ചെവിയിൽ നിന്ന് അങ്ങിനെയൊന്നും പോകില്ല.ഒത്തിരി അഭിനയ സാധ്യതയുള്ള വേഷമായിരുന്നു ഷൈൻ ടോമിന്റേത്. പൊതുവെ നന്നായി അഭിനയിക്കുന്ന ഷൈൻ ധ്രുവൻ തമ്പുരാനായി കുറേ ഭാഗങ്ങളിൽ നന്നായി. പക്ഷെ കഥാപാത്രം വേറേ ലെവലിലെക്ക് കയറുമ്പോൾ ഭാവങ്ങളിലും, സംഭാഷണങ്ങളിലും പതറി പോയി. ഈ വേഷം പൂ പറിക്കും പോലെ മുൻപ് ചെയ്തിട്ടുള്ളതും ഇപ്പോഴും ചെയ്യാൻ കഴിയുന്നതുമായ മനോജ് കെ ജയനെയൊക്കെ സത്യത്തിൽ പൂവിട്ടു പൂജിക്കണം. ഒന്നാലോചിച്ചാൽ കുട്ടൻ തമ്പുരാനാണ് ധ്രുവന്റെ കഥാപാത്രത്തിന്റെ മാതൃക തന്നെ.
ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ച എല്ലാവരും നന്നായിട്ടുണ്ട്. ക്യാമറയും മ്യൂസിക്കും എടുത്ത് പറയണം. പല സീനുകളും ഒരു ഛായാചിത്രം പോലെ മനോഹരം.തീയേറ്ററിന്റെ ഇരുട്ടിൽ തന്നെ കണ്ടിരിക്കേണ്ട സിനിമ. തുടക്കവും ഒടുക്കവും ഉള്ള പക്കാ സ്റ്റോറി. പക്ഷെ കഥ അറിയാതെ ആട്ടം കാണുന്ന നല്ലൊരു ഭാഗം കാണികൾക്ക് വേണ്ടി ചാത്തൻ എന്ന കൺസെപ്റ് എന്താണെന്ന് ഒന്നോ രണ്ടോ വാചകങ്ങളിൽ വിശദീകരിച്ചിരുന്നെങ്കിൽ ഇരട്ടി എഫ്ക്ട് കിട്ടിയേനെ എന്ന് തോന്നി. കിരീടത്തിൽ കീരിക്കാടനെ കാട്ടും മുൻപേ കാണികൾ പേടിച്ചു തുടങ്ങുന്ന ഒരു സംഭവം ഉണ്ടല്ലോ, അത് തന്നെയാണ് ഉദ്ദേശിച്ചത്. നല്ല സിനിമ ആയിട്ടും തിയേറ്ററിൽ നിന്നും ആവറേജ് റെസ്പോൺസിൽ കൂടുതൽ കിട്ടാത്തത് വെട്ടുകിളിയെ അത്ഭുതപെടുത്തുന്നൊന്നും ഇല്ല. സുരഭി ലക്ഷ്മി ഒഴികെ മറ്റൊരു ലെവലിലേക്കെത്തുന്ന പ്രകടനങ്ങൾ ഇല്ലാ എന്നതും, ദുഷ്ട ശക്തികൾ ഏറ്റ് മുട്ടുന്ന ക്ളൈമാക്സിൽ പുലിമുരുഗൻ സ്റ്റൈൽ ആക്ഷൻ ചേർന്നില്ല എന്നതും ഒരു കുറവ് തന്നെയാണ്. പക്ഷെ ഇങ്ങനെ ഒരു സിനിമ ഇറങ്ങിയതായി പോലും ഭാവിക്കാത്ത ഓൺലൈൻ ഗ്രൂപ്പുകൾ എന്നെ അത്ഭുതപ്പെടുത്തി.