സ്പോയിലർ ഉണ്ട് സൂക്ഷിക്കുക ????

San Geo

കൊന്നും തിന്നും കട്ടുമാണെങ്കിലും ജയിക്കുക എന്നത് ഇന്നത്തെ ഭൂരിപക്ഷ മെന്റാലിറ്റി ആണല്ലോ? മുഖത്ത് നോക്കി ഉളുപ്പ് ഇല്ലാതെ പച്ച കള്ളം പറയുന്ന രാഷ്ട്രീയക്കാർക്കും മത പണ്ഡിതർക്കുമാണ് പുതിയ കാലത്ത് ആരാധകർ എന്നതിൽ ഒരു വിരോധാഭാസവും തോന്നേണ്ട കാര്യം ഇല്ല. അല്ലെങ്കിൽ തന്നെ നീതി നടപ്പാക്കുന്ന ഒരു പോലീസ് കഥാപാത്രത്തിനു കൈയടിച്ചിട്ട് എത്ര കാലമായി? പോലീസ് നായകൻമാർ പോലും ഇപ്പോൾ വന്ന് വന്ന് വില്ലൻ സ്വഭാവമുള്ളവർ ആയി മാറുകയും രാത്രിയിൽ മോഷ്ടിക്കാൻ വരെ ഇറങ്ങി തുടങ്ങിയിട്ടുമുണ്ട്. ഇപ്പോഴത്തെ നായകൻമാർ എല്ലാം നിയമത്തെ മറികടന്ന് സ്വന്തം നീതി നടപ്പാക്കുന്നവർ ആണല്ലോ? അപ്പോൾ കമ്പ്ലീറ്റ് ഈവിൾ ആയ ഈ സിനിമയെയും കുറ്റം പറയാൻ ആകില്ല. ഫ്രോഡ്, മോൺസ്റ്റർ, ലൂസിഫർ എന്നിങ്ങനെ നെഗറ്റിവ് ടൈറ്റിലുകൾക്ക് കൈയ്യടി കിട്ടുന്ന കാലത്ത് എന്താണോ പ്രേക്ഷകർക്ക് വേണ്ടത്, അത് തന്നെ കിട്ടുന്നു എന്ന് കൂട്ടിയാൽ മതി.

ഈ സിനിമയിലെ ആ ഒരു ആശയവുമായി യോജിക്കുന്നില്ല എങ്കിലും ഒരു തിരക്കഥ എങ്ങനെ ആയിരിക്കണം എന്നുള്ളതിന്റെ വല്ലപ്പോഴും മാത്രം കാണുന്ന പെർഫെക്ട് എക്സാമ്പിൾ ആയിരുന്നു മുകുന്ദനുണ്ണി അസോ: എന്നത് പറയാതിരിക്കാനും ആകില്ല. കഥയിൽ മാത്രം ശ്രദ്ധ കൊടുത്ത്, അതിന്റെ സ്വഭാവിക പരിണാമം ഒഴികെ ഒന്നും കൂട്ടിചേർക്കാത്ത ഇത്തരം ഒരു 100% സ്ക്രീപ്റ്റ് ഇതിന് മുൻപ് കണ്ടത് വെള്ളിമൂങ്ങയിൽ ആയിരിക്കും.നായകന്റെ ആത്മാഗതങ്ങളിലൂടെയാണ് സിനിമയുടെ ആദ്യാവസാനം നീങ്ങുന്നത്. അവ ഇല്ലാതെയും ഈ കഥ എടുക്കാം എങ്കിലും ഒരു നോവൽ വായിക്കുന്നത് പോലെ ഇത്രയും മനോഹരമായി അത് അനുഭവിപ്പിക്കാൻ കഴിയില്ല എന്ന് ഉറപ്പ്.

തട്ടിപ്പുകളിലൂടെ മുന്നേറാൻ ശ്രമിക്കുന്ന ക്ളീഷേ നായകൻ. അയാൾ തട്ടിപ്പ് നടത്താൻ പുതിയൊരു മാർഗ്ഗം കണ്ട് പിടിക്കുന്നു. അവിടെ കാണുന്ന പെണ്ണ് അയാളുടെ നായിക ആകുന്ന ക്ളീഷേ ഡെവലപ്പ്മെന്റ്. മുൻപോട്ട് പോകാൻ ആദ്യം ശത്രുവിനെ ഒഴിവാക്കണം എന്ന ക്ളീഷേ ചിന്ത. എന്നാൽ സുരാജിനെ ഒഴിവാക്കാൻ വിനീത് കണ്ട് പിടിക്കുന്ന തന്ത്രം മുതൽ സിനിമ വേറേ ലെവൽ!അപ്പോൾ വരെ കണ്ട, ഇത് വരെ നമുക്ക് അറിയാവുന്ന വിനീത് ശ്രീനിവാസൻ എന്ന വ്യക്തി അതോടെ മുകുന്ദനുണ്ണി എന്ന കഥാപാത്രമായി മാറുകയാണ്. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ എക്സ്റ്റൻഷൻ എന്നോർത്തു സീറ്റിൽ ചാരിയിരുന്നു നിസ്സംഗഭാവത്തിൽ അത് വരെ കണ്ട നമ്മൾ ഒന്ന് മുൻപോട്ട് ആഞ്ഞു പോകും. നിരപരാധികളുടെ ജീവൻ കൊണ്ട് കളിക്കുന്ന അയാൾ മരിക്കാൻ പോകുമ്പോൾ പോലും പ്ലാൻ ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത നമ്മളെ ഒന്ന് ഉലയ്ക്കും. ആ കൂടെ എത്തി ചേരുന്ന പെൺകുട്ടി എങ്ങിനെ അയാളെ പോലും അമ്പരപ്പിക്കുന്നതും നമ്മൾ ഇന്ന് വരെ ശീലിച്ചിട്ടുള്ള എല്ലാ സിനിമാ ശീലങ്ങളെയും മാറ്റി മറിക്കും.

ആ ബസ് ആക്സിഡന്റ് ആയിരുന്നു ഇതിന്റെ ആദ്യ ക്ലൈമാക്സ് എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ സിനിമയെ വ്യക്തിത്വമുള്ള വേറേ ഒരു ലെവലിലേക്ക് ഉയർത്തുന്നതാണ് അതിന് ശേഷമുള്ള ഭാഗം. ആ ചിന്ത ഉണ്ടായത് ആർക്കാണെങ്കിലും അതിന് അഭിനന്ദനങ്ങൾ നേരുന്നു.സിനിമ എന്ന നിലയിൽ പൂർണ്ണ തൃപ്തി നൽകി എങ്കിലും ചില ചിന്തകൾ ഒഴിവാക്കാനും ആയില്ല. നീതിയും ന്യായവും പീനൽ കോഡുമൊക്കെ തോറ്റ് പോകുന്ന ദൃശ്യം പോലുള്ള ഒത്തിരി സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷെ ക്രൂരമായതും ഒരു രീതിയിലും ന്യായീകരിക്കാൻ ആകാത്തതുമായ പ്യുവർ ഈവിൾ ജയിക്കുന്ന സിനിമ ഏതാണ് ഇതിന് മുൻപ് കണ്ടിട്ടുള്ളത്? ഒന്നും ഓർമ്മയിൽ വരുന്നില്ല. കാരണം ഒരു കഥയുടെ അവസാനം അത് എത്തിച്ചേരുന്ന തിന്മ തോൽക്കുന്ന പരിണാമഗുപ്തി വെറും ഗുണപാഠം മാത്രമല്ല, ഇതിന്റെ ക്ലൈമാക്സിൽ പറയുന്ന കർമ്മ എന്ന ബിച്ച് നമ്മളെ കാട്ടി തന്നിട്ടുള്ള ഒട്ടനവധി പല്ലിളിക്കുന്ന ഉദാഹരണങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. പോലീസ് കണ്ട്പിടിക്കാത്ത ക്രൈമുകൾക്ക് ശിക്ഷ ഇല്ല, കോടതിക്ക് ശിക്ഷിക്കാനാവാത്തത് ക്രൈം അല്ല എന്ന രീതിയിൽ ഉള്ള തോന്നലുകൾ സമൂഹത്തിൽ വിപരീത പരിണിത ഫലം ഉണ്ടാക്കരുത് എന്ന കഥാകാരന്റെ ഉത്തരവാദിത്ത ബോധം കൊണ്ട് കൂടിയാണ്. ദുഷ്ടനെ പന പോലെ വളർത്തും എന്ന പല ശത നൂറ്റാണ്ടുകൾക്ക് മുൻപുള്ള എഴുത്ത്, വഴിയിൽ തല മുതൽ പുഴു അരിച്ചു നിൽക്കുന്ന പനകൾ കാണുക കൂടി ചെയ്യുമ്പോൾ ആണ് പൂർത്തി ആകുന്നത്

ഇനി വെട്ടുക്കിളി പറയുന്നത് പേനയും കടലാസും ഉണ്ടെങ്കിൽ നിങ്ങൾ എഴുതി വെച്ചോളൂ. ഇപ്പോൾ തന്നെ ഡിസ്‌കഷൻ ആരംഭിച്ചിരിക്കുന്ന ഇതിന്റെ രണ്ടാം ഭാഗത്തിൽ തിന്മയുടെ പ്രതിഫലം എന്ന ആ കർമ്മ സ്വഭാവികമായി തന്നെ പിറക്കുന്നത് നിങ്ങൾക്ക് കാണാം. അത് എത്ര ശ്രമിച്ചാലും കഥാകാരന് ഒഴിവാക്കാനാകില്ല. കാരണം ഓരോ ആക്ഷനും ഒരു റിയാക്ഷൻ ഉണ്ടായേ തീരൂ. അത് പൂർണ്ണവൃത്തത്തിൽ ഇരിക്കുന്ന ഈ ഭൂമിയിലെ അലിഖിത നിയമം ആണ്.

Leave a Reply
You May Also Like

ഷീലാമ്മയുടെ ഒരു റെയർ സ്റ്റിൽ..!

ഷീലാമ്മയുടെ ഒരു റെയർ സ്റ്റിൽ..! Moidu Pilakkandy ഇത് ഏതെങ്കിലും പടത്തിനായി എടുത്തതാണെന്ന് തോന്നുന്നില്ല. ആഡ്…

‘കുടുംബവിളക്കി’ലെ മരുമകൾ അമ്മയായി, ആരാധകർ ആഹ്ളാദത്തിൽ, ആദ്യത്തെ കണ്മണി ആണാണ്

കുടുംബവിളക്ക് എന്ന മെഗാ സീരിയയിലിൽ കുടുംബത്തിന്റെ പ്രിയ മരുമകൾ ആയി അഭിനയിച്ച താരമാണ് ആതിര മാധവ്.…

എടിഎം ഉൾപ്പെടെ ഉള്ള ബാങ്കിംഗ് ഉപകരണങ്ങളിൽ നിന്ന് ലഭിക്കാതെ പോയ പണം തിരികെ കിട്ടാൻ ഉള്ള നടപടികൾ എതെല്ലാം?

എടിഎം ഉൾപ്പെടെ ഉള്ള ബാങ്കിംഗ് ഉപകരണങ്ങളിൽ നിന്ന് ലഭിക്കാതെ പോയ പണം തിരികെ കിട്ടാൻ ഉള്ള…

എത്ര കാലങ്ങൾക്ക് ശേഷമാണ് നടനെന്ന നിലക്ക് വിനീത് വീണ്ടും പരീക്ഷിക്കപ്പടുന്നത്…

Sunil Waynz മലയാളത്തിൽ അധികം നടന്മാർക്കൊന്നും ലഭിക്കാത്ത ഭാഗ്യം കരിയറിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച നടനാണ്…