കൊടും സ്പോയ്ലർ അലേർട്ട്!
San Geo
സ്ട്രിക്ട്ലി OTT സിനിമ എന്ന തോന്നൽ സാക്ഷ്യപെടുത്താൻ ഒഴിഞ്ഞ കസേരകളുടെ നിര തന്നെയുണ്ടായിരുന്നു തീയറ്ററിൽ. ഇത്തരം കൊച്ചു കഥകൾ വലിച്ചു നീട്ടി സിനിമയാക്കുമ്പോൾ ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നുമില്ല. വെള്ളക്ക വെച്ച് തലയ്ക്കു ഏറു കിട്ടിയതിന്റെ ദേഷ്യത്തിൽ അത് എറിഞ്ഞ ബാലന്റെ കരണത്ത് ഒന്ന് പൊട്ടിക്കേണ്ടി വന്ന ഹതഭാഗ്യയാണ് നായിക. ബാലപീഡന കേസുമായി അവരുടെ ബാക്കി ജീവിതം കോടതിയിൽ തീരുന്നു. സിനിമയും തീരുന്നു.
പ്രധാന കഥാപാത്രം പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോയാൽ അവിടെ നടക്കുന്ന ഒരു അഞ്ച് കേസെങ്കിലും ഒരു കാര്യവും ഇല്ലാതെ കാണികൾ കേൾക്കേണ്ടി വരും എന്നത് ആക്ഷൻ ഹീറോ ബൈജുവിന്റെ കാലം മുതലേയുള്ള ഒരു കീഴ് വഴക്കമാണല്ലോ. അത് കഴിഞ്ഞ ദിവസം ഗോൾഡിലും ശ്രദ്ധിച്ചു. എഴുതുന്നവരുടെ ഭാവന ചുരുങ്ങി ചുരുങ്ങി പോകുന്നു എന്നതാണ് അതിന്റെ അർത്ഥം. പിന്നെ അത് കൂടി ഇല്ലായിരുന്നെങ്കിൽ സൗദി വെള്ളക്കയും ഗോൾഡുമൊക്കെ അര മണിക്കൂറിൽ തീർന്നേനെ എന്നത് വേറേ കാര്യം.
അഭിനേതാക്കൾ എല്ലാം നല്ല പ്രകടനം കാഴ്ച വെച്ചു. പക്ഷേ പെയ്ഡ് പ്രൊമോയുടെ ഭാഗമാണെങ്കിലും ഈ പോസ്റ്റർ പറയുന്നപോലെ നിധിയായി സൂക്ഷിക്കാനുള്ളത് എന്തെങ്കിലും ഉണ്ടോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക. തരുൺ മൂർത്തിക്ക് തന്റെ ആദ്യ സിനിമ വിജയിച്ചതിനു കാരണം ആ സിനിമയുടെ ക്വാളിറ്റിക്കുപരി പ്രമുഖ ഗ്രൂപ്പുകളിൽ വന്ന പോസിറ്റീവ് റിവ്യൂ ആണെന്നൊരു തെറ്റിദ്ധാരണ ഉണ്ട് എന്ന് വ്യക്തം. അത് കൊണ്ടാവണം അവരെ സുഖിപ്പിക്കാൻ വേണ്ടി “ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹി ഹൈ ” എന്നൊക്കെ ഒരു കാര്യവും ഇല്ലാതെ ഒരു ബന്ധവും ഇല്ലാത്ത സീനിൽ അടിച്ചു വിടുന്നുണ്ട്. ബീഫ് പൊറോട്ട കോമഡിയുണ്ടായിരുന്നോ എന്ന് ഒട്ട് ഓർക്കുന്നും ഇല്ല.
പറയാനുള്ളത് വൃത്തിയായി പറയുന്നതിന് പകരം അർത്ഥശൂന്യമായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റിലേക്ക് സംവിധായകൻ കടക്കുമ്പോൾ അവിടെ അവർ പറയാൻ ഉദ്ദേശിക്കുന്ന കഥയിലേക്കുള്ള ഫോക്കസ് തന്നെയാണ് ദുർബലമാകുന്നത് എന്നതിന് മലയാളത്തിൽ തന്നെ എത്ര ഉദാഹരണങ്ങൾ വേണം.
എന്തായാലും ഓൺലൈൻ റിവ്യൂ ആണ് ആദ്യ സിനിമ വിജയിക്കാൻ കാരണം എന്ന തരുണിന്റെ തോന്നൽ ഇപ്പോൾ മാറിയിട്ടുണ്ടാകും എന്ന് കരുതുന്നു. കാരണം പ്രമുഖ ഗ്രൂപ്പുകളിൽ എല്ലാം മത്സരിച്ചു പുകഴ്ത്തൽ മത്സരം നടന്നിട്ടും തീയറ്ററിൽ ആൾ ഇല്ല എന്നത് തന്നെ. പോസിറ്റിവ് റിവ്യൂ കൊണ്ടു വയറും പോക്കറ്റും നിറയുമെങ്കിൽ പിന്നെ ഒന്നും പറയാനില്ല.
ഈ സിനിമയുടെ മോശം ബോക്സ് ഓഫീസ് പ്രകടനം ഒരു കാര്യം വീണ്ടും ഉറപ്പിക്കും. നല്ല കഥയും അഭിനയവും ഒക്കെ ഉണ്ടെങ്കിലും ഇത്തരം ഉറക്ക ഗുളികകൾക്ക് ഇനിയുള്ള കാലം OTT തന്നെ ശരണം.