San Geo
മലയാളത്തിലെ പുതു സിനിമകൾ പലപ്പോഴും മനം പിരട്ടുന്നത് അവയിൽ അനാവശ്യമായി പതിക്കുന്ന ജാതി മത രാഷ്ട്രീയ ലേബലുകൾ മൂലമാണ്. പൊതുവെ ഏകപക്ഷീയമായി മാത്രം കാണാറുള്ള ഈ ചെളിയടി സമീപ കാലത്ത് ഉണ്ടായികൊണ്ടിരിക്കുന്ന തിരിച്ചറിവ് മൂലമാകണം എല്ലായിടത്തേക്കും അമ്പെയ്യുന്ന രീതിയിലാണ് ജയജയയിൽ പ്രയോഗിച്ചിരിക്കുന്നത്.ചെങ്കൊടിയുടെ കീഴെ നിന്ന് സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി ഘോരം പ്രസംഗിക്കുകയും കാമുക്ക് പ്രൊഫൈൽ പിക് മാറ്റാൻ പോലും അനുവാദം കൊടുക്കാതെ അവളുടെ കരണം പുകയ്ക്കുകയും ചെയ്യുന്ന സഖാവ് ഒരിടത്ത്.അടിമുടി കറുത്ത തുണിയിൽ പൊതിഞ്ഞുകൊണ്ട് ഇക്കാ കൊടുക്കുന്ന സ്വാതന്ത്രത്തെ പറ്റി നായകനോട് പ്രസംഗിക്കുന്ന ഇത്താത്ത മറ്റൊരിടത്ത്.
പിന്നെ വര്ഷങ്ങളായി എടുത്ത് ചവച്ചു തുപ്പി വെച്ചിരിക്കുന്ന, നെറ്റിയിൽ കുങ്കുമവും കൈയിലും കഴുത്തിലും നിറയെ ചരട് കെട്ടിയ “ന സ്ത്രീ സ്വാതന്ത്യർഹതി ” വിശ്വസിച്ചും, അത് ഉപദേശിച്ചും അത് പ്രാവർത്തികമാക്കുന്ന സംഘപുത്രന്മാർ. ആ കൂടെ പുട്ടിനു തേങ്ങാ പീര പോലെ പൊറോട്ട ബീഫ് കോമഡിയും.
ഈ സ്റ്റാമ്പുകൾ ഒന്നും ഇല്ലെങ്കിലും നന്നായി ആസ്വദിക്കാവുന്ന സിനിമയാണ് “ജയ ജയ….”. ഈയിടെ ധനുഷിന്റെ തിരുച്ചിറമ്പലം കണ്ട് കൊണ്ടിരുന്നപ്പോഴാണ് ശ്രദ്ധിച്ചത് ഈ അമിത സ്റ്റാമ്പ് അടി പരിപാടി നമ്മുടെ സിനിമകളിൽ മാത്രമേ ഉള്ളുവെന്നത്.അതൊക്കെ പോകട്ടെ, സിനിമയിലേക്ക് തന്നെ വരാം.ബേസിൽ ജോസഫിനെ ഒരു സംവിധായകൻ എന്ന നിലയിൽ ഇഷ്ടമാണെങ്കിലും നടൻ എന്ന നിലയിൽ ആദ്യമായാണ് അംഗീകരിക്കാൻ സാധിച്ചത്. ബേസിൽ തന്റെ വേഷം അതിന് വേണ്ടത്ര നിഷ്കളങ്കതയും, ബുദ്ധി വളർച്ച ഇല്ലായ്മയും പ്രകടിപ്പിച്ചു ത്രു ഔട്ട് ഭംഗിയാക്കി. ദർച്ചനയാകട്ടെ ഇന്റലക്ച്ചുവൽ മൂടുപടമൊക്കെ വെടിഞ്ഞു തന്റെ വേഷം അതി ഗംഭീരമാക്കി. കരണത്ത് ഓരോ അടി കിട്ടുമ്പോഴും മാറി മാറി വരുന്ന ഭാവം നന്നായി. അവരുടെ മെയ് വഴക്കം പ്രത്യേകം എടുത്ത് പറയണം.ആദ്യ ഒരു മണിക്കൂർ കടന്ന് പോകാൻ അൽപ്പം ക്ഷമയൊക്കെ വേണം എങ്കിലും ജയ പ്രതികരിക്കാൻ തുടങ്ങുന്ന സെക്കന്റിൽ സിനിമ സൂപ്പർ സോണിക്ക് വേഗം കൈവരിക്കും.
കൊല്ലത്തിന്റെ പേര് പറഞ്ഞ് സിനിമയെ പ്രദേശികവൽക്കരിക്കുകയും ഒപ്പം സുരാജ് പറയുന്ന തിരോന്തോരം കടപ്പുറഭാഷ കൊല്ലം സ്ലാങ് ആയി ഉപയോഗിച്ചിരിക്കുന്നതും, കോഴി ഫാം എന്ന ബിസിനസിനെ പറ്റി യാതൊരു വിവരവും ഇല്ലാത്ത രീതിയിൽ അതിനെ ഉപയോഗിച്ചിരിക്കുന്നതുമെക്കെ വിട്ട് കളയാവുന്ന തെറ്റുകൾ മാത്രം. രാജേഷ് ഒരു ദുഷ്ടൻ ആണെന്ന് ഒരിക്കലും തോന്നിച്ചില്ല, എന്ന് മാത്രമല്ല ആയാളും ജയയും തമ്മിൽ നല്ല ചേർച്ച ഉണ്ടെന്നും ആണ് തോന്നിയത്. അവരെ പിരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന് തോന്നി. ചെറു ജീവിതം നയിക്കുന്ന സാധാരണ മനുഷ്യരെ തെറ്റുകൾ മനസ്സിലാക്കി, മുറിവുകൾ സുഖപ്പെടുത്തി വിടുമ്പോഴാണ് ഒരു കഥ അതിന്റെ പരിണാമഗുപ്തി കൈവരിക്കുക എന്നാണ് എന്റെ വിശ്വാസം. ക്ലൈമാക്സ് അപൂർണ്ണം ആണെന്ന തോന്നൽ നിങ്ങൾക്ക് തോന്നിയാൽ അതിന് കാരണവും അത് തന്നെ. എങ്കിലും നന്നായി എന്റർടൈൻ ചെയ്ത ഒരു സിനിമയെ ചെറു പിഴവുകളുടെ പേരിൽ കൂടുതലൊന്നും ചികയേണ്ടതുണ്ടെന്ന് തോന്നുന്നില്ല.ഗ്രെറ്റ് ഇന്ത്യൻ കിച്ചന്റെ രണ്ടാം ഭാഗം എന്ന രീതിയിൽ കണ്ട് തുടങ്ങി പുലിമുരുഗന്റെ രണ്ടാം ഭാഗം കണ്ടത് പോലെ അവസാനിപ്പിച്ച സിനിമ.മാത്രമല്ല, പുലിമുരുഗന് ശേഷം ഇത്രയും നല്ല ആക്ഷൻ കണ്ടിട്ടില്ല എന്ന് കൂടി പറയാൻ ആഗ്രഹിക്കുന്നു.