എന്താണ് ശ്രീധരന്റെ ഈ ‘തനിനിറം’ ? അയാൾക്കതു് പാടില്ല എന്നുണ്ടോ ?

95

Sanal Haridas

മെട്രോ മാൻ ഇ.ശ്രീധരൻ ബി.ജെ.പി യിലേക്ക് എന്ന വാർത്തക്കു പിന്നാലെ, അയാളുടെ ‘തനിനിറം’ പുറത്തു വന്നെന്നും ഇയാളെയാണോ ഇത്രയും നാൾ ‘തലയിലേറ്റിയതെന്നും’ ചോദിക്കുന്ന അനവധി പോസ്റ്റുകൾ കാണുകയുണ്ടായി. താൻ ബി.ജെ.പി യിലേക്കില്ലെന്നും അങ്ങനെയൊന്നുണ്ടായാൽ തനിക്കൊപ്പം ‘ജനപ്രവാഹ’മുണ്ടാകുമെന്നുള്ള ശ്രീധരന്റെ നിലപാടും പിന്നീട് കേട്ടു. സന്തോഷ് ജോർജ് കുളങ്ങര രാമക്ഷേത്രത്തിനായി സംഭാവന നൽകിയപ്പോഴും സമാനമായ രോഷം ഉയർന്നിരുന്നു.

നിങ്ങളെ നയിക്കുന്നത് പ്രജയുടെ സംസ്കാരമാണെന്നും ആധുനിക പൗരന്റേതല്ലെന്നുമുള്ള Maitreya Maitreyan ന്റെ വിലയിരുത്തലാണ് ഓർമയിലെത്തിയത്. മലയാളത്തിൽ ഏറ്റവുമധികം ‘ആരാധകരുള്ള’ ഒരു നടൻ മിക്കവാറും മോഹൻലാൽ ആയേക്കും. അദ്ദേഹത്തിന്റെ അസാമാന്യമായ അഭിനയ മികവാണ് ഇതിന്റെ പ്രാഥമിക കാരണമാകുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരാധകരാകട്ടെ അദ്ദേഹമെന്ന വ്യക്തിയെ ആകമാനമായി ആരാധിച്ചുപോരുകയാണ്. ഒരു പടി കൂടി കടന്ന് അദ്ദേഹത്തിന്റെ മകനിലേക്കു കൂടി അത് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു.

ശ്രീധരൻ ഒരു മികച്ച ആസൂത്രകനും നിർവാഹകനുമാണെങ്കിൽ അംഗീകരിക്കേണ്ടത് അദ്ദേഹത്തിന്റെ അത്തരം യോഗ്യതകളെയാണ്. സന്തോഷിന്റെ യാത്രകളും അവയുടെ അവതരണങ്ങളും മെച്ചപ്പെട്ടതെന്ന് തോന്നുന്നെങ്കിൽ അഭിനന്ദിക്കേണ്ടത് അവയെയാണ്. മറിച്ച് ഇത്തരം ശ്രേഷ്ഠതകളെ മറയാക്കിയുള്ള, ഗോത്രാതീത കാലത്തെ അബോധ വാസനകൾക്കു സമാനമായ ആരാധനാ രീതികൾ ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.

ശ്രീനാരായണ ഗുരുവിനേയും ബുദ്ധനേയും വച്ചാരാധിക്കുന്ന, പിണറായി വിജയനേയും നരേന്ദ്ര മോദിയേയും കൊണ്ടാടുന്ന, ടൂറിസ്റ്റ് ബസ്സുകൾക്കും നാട്ടാനകൾക്കും ഫാൻസ് അസോസിയേഷനുകളുള്ള ഒരു രാജ്യത്തു നിന്നാണ് ഇത് പറയുന്നതെന്നറിയാം, എങ്കിലും. മനുഷ്യൻ ഏതു നിമിഷവും മാറിമറിയാവുന്ന, പലയിടത്തും/പലർക്കും പലതായ ഒരു അത്യന്താധുനിക ജന്തുവാണ്. ഇതെഴുതുന്ന ഞാൻ ‘ഇതെഴുതുന്ന ഞാൻ’ മാത്രമാണെന്ന ബോധ്യം എനിക്കുണ്ട്. അത് പൊതുവാവട്ടെ എന്ന ആഗ്രഹത്തോടെ.