പുരാണ കഥകളിലെ വീരശൂര കഥാപാത്രങ്ങളിൽ പലരും സ്ത്രീയിൽ നിന്നു നേരിട്ടു ജനിക്കാത്തവരാണ്

0
333

സനൽ കുമാർ 

വിചിത്ര ജന്മങ്ങൾ!
പുരാണ കഥകളിലെ വീരശൂര കഥാപാത്രങ്ങളിൽ പലരും സ്ത്രീയിൽ നിന്നു നേരിട്ടു ജനിക്കാത്തവരാണ്. സ്ത്രീയോനിയിൽ നിന്നു ജനിക്കാത്തവർക്ക് (അയോനിജർ) സവിശേഷ സ്ഥാനമാണ് പുരാണത്തിലുള്ളത്. രസകരമായ അത്തരം ചില വിചിത്രജന്മങ്ങൾ ഇതാ.

അഗസ്ത്യനും വസിഷ്ഠനും
സൂര്യവംശസ്ഥാപകനായ ഇക്ഷ്വാ കുവിന്റെ പുത്രനായ നിമി ഒരു യാഗം നടത്താൻ വസിഷ്ഠനെ ക്ഷണിച്ചു. ഇന്ദ്രന്റെ യാഗം നടത്തുന്ന ഡ്യൂട്ടിയിലായതിനാൽ പിന്നീടാകാമെന്നു പറഞ്ഞതിൽ കുപിതനായ നിമി ഗൗതമപുത്രനായ ശതാനന്ദനെക്കൊണ്ട് യാഗം നടത്തിച്ചു. ഇതിൽ കോപം മുത്ത വസിഷ്ഠൻ നിമിയെ ” നിന്റെ പ്രാണൻ ദേഹത്തിൽ നിന്നു വേർപെട്ടു പോകട്ടെ ” എന്നു ശപിച്ചു . നിമി അതേ ശാപം തിരിച്ചും നല്കി. വസിഷ്ഠൻ ബ്രഹ്മാവിന്റടുത്ത് സങ്കട ഹർജി സമർപ്പിച്ചു. മിത്രാവരുണന്മാരിൽ നിന്ന് ഒന്നുകൂടി ജനിക്കാൻ വിധിച്ചുകൊണ്ടാണ് ഹർജി തീർപ്പാക്കിയത്. മിത്രനും വരുണനും ഒറ്റ ശരീരമായി ഭൂമിയിൽ സഞ്ചരിക്കുന്നതു കണ്ട വസിഷ്ഠൻ അവരിൽ കയറിപ്പറ്റി. സമുദ്രതീരത്തു വച്ച് അവർ ഉർവ്വശിയെ കണ്ടു, അവളെ പുണർന്നു. അവസരം മുതലാക്കി വസിഷ്ഠൻ ഉർവ്വശിയിൽ കയറിക്കൂടി.
മിത്രാ വരുണന്മാർ രണ്ടു പേരായി വീണ്ടും മാറി. ഉർവ്വശി തന്നിൽ മോഹിതനായവരുണനെ ഉപേക്ഷിച്ച് മിത്രനെ സ്വീകരിച്ചു. വരുണന് ഇന്ദ്രിയസ്ഖലനം ഉണ്ടായി. ശുക്ലം ഒരു കുടത്തിലാക്കി സൂക്ഷിച്ചു. ഉർവ്വശിയിൽ മുൻപ് സ്വീകരിക്കപ്പെട്ട മിത്രശുക്ലം അവൾ വികാരതരളിതയായപ്പോൾ ഊർന്ന് നിലത്തു വീണു. വരുണ ശുക്ലത്തോടൊപ്പം അതും സൂക്ഷിച്ചു. ഏതാനും നാളുകൾക്കു ശേഷം കുടം പൊട്ടി രണ്ടു വന്ന രണ്ടു കുട്ടികളാണ് വസിഷ്ഠനും, അഗസ്ത്യനും. അങ്ങനെ അവർ മൈത്രാവരുണന്മാർ എന്നും വിളിക്കപ്പെട്ടു. ഒരിക്കൽ അഗസ്ത്യൻ വനത്തിൽ കൂടി സഞ്ചരിക്കുമ്പോൾ തല കീഴായി തൂങ്ങിക്കിടക്കുന്ന തന്റെ പിതൃക്കളെക്കണ്ടു. അഗസ്ത്യൻ കല്യാണം കഴിച്ചു കുട്ടികളില്ലാത്തതിനാൽ മോക്ഷമില്ലാത്തതാണിതിനു കാരണമെന്നറിഞ്ഞതിനാൽ, അദ്ദേഹം ലോകത്തെ സകല ജീവജാലങ്ങളുടെയും സൗന്ദര്യാംശം അല്പാല്പം സ്വീകരിച്ച് ഒരു പെൺകുട്ടിയെ ഉണ്ടാക്കി വിദർഭ രാജാവിനു നല്കി. അവളാണ് ലോപമുദ്ര. പിന്നീട് പ്രായപൂർത്തിവന്നപ്പോൾ അവളെ അഗസ്ത്യൻ വിവാഹവും ചെയ്തു. അവർക്ക് ദൃഢസ്യു (ഇധ്മവാഹൻ ) എന്നു പേരുള്ള ഒരു കുട്ടിയുണ്ടായി.

സുബ്രഹ്മണ്യനുണ്ടായ കഥ
മഹാഭാരതത്തിലെ അനുശാസന പർവ്വത്തിലാണിതു കാണുന്നത്. വരുണൻ ഒരു വലിയ യാഗം നടത്തി. ധാരാളം ദേവന്മാരും ഋഷിമാരും ഒക്കെ പങ്കെടുത്ത ഈ യാഗ വേളയിൽ ഋഷിമാരുടെ ഭാര്യമാരെ കണ്ടു കാമാർത്തനായ ശിവന് ശുക്ലം സ്രവിച്ചു. ഇന്ദ്രൻ അത് കൈ കൊണ്ടെടുത്ത് അഗ്നിക്കും, അഗ്നി ഗംഗക്കും കൊടുത്തു. ഗംഗ ശരവണക്കാട്ടിൽ അതുപയോഗിച്ചുണ്ടായ ഗർഭം പ്രസവിച്ചതാണ് സുബ്രഹ്മണ്യൻ! കൊച്ചുങ്ങളുണ്ടാവണ ഓരോരോ വഴികളേ….!

മഹിഷൻ
ദനു എന്ന അസുരരാജാവിന്റെ മക്കളാണ് രംഭനും കരംഭനും. പുത്ര പ്രാപ്തിക്കായി തപസു ചെയ്ത അവരിൽ കരംഭനെ ഇന്ദ്രൻ മുതലയുടെ രൂപത്തിൽ വന്ന് തട്ടിക്കളഞ്ഞു. “നിനക്കിഷ്ടമുള്ളവളിൽ നിന്നും ത്രൈലോക്യ വിജയിയായ ഒരു പുത്രൻ ഉണ്ടാകുമെ”ന്ന് അഗ്നിയിൽ നിന്നും വരം വാങ്ങി മടങ്ങവേ ഒരു എരുമയിൽ കാമം തോന്നിയ രംഭൻ അതിനെ ഭാര്യയാക്കി. അവളിൽ ഉണ്ടായതാണ് മഹിഷൻ.പിന്നീട് ദേവന്മാരുടെ ക്വട്ടേഷൻ സ്വീകരിച്ച് ദേവി മഹിഷനെ കൊന്നുകളഞ്ഞു.

മരുത്തുകൾ
സ്വാരോചിഷമനുവിന്റെ പുത്രനായ ഋതധ്വജന്റെ ഏഴു മക്കൾ മഹാമേരുവിൽ ചെന്ന് ഇന്ദ്രപദത്തിന് തപം തുടങ്ങി. അതു മുടക്കാൻ പൂതന എന്ന അപ്സരസിനെ ഇന്ദ്രൻ നിയോഗിച്ചു. പൂതനയുടെ കുളിസീൻ കാണാനിടയായ പേർക്കും കണ്ട്രോള് തെറ്റി! ശുക്ളം പുറത്തുചാടി, അത് മഹാശംഖനെന്ന മുതലയുടെ ഭാര്യയായ ശംഖിനി അതു വയറ്റിലാക്കി. അത് പിന്നീട് മീമ്പിടുത്തക്കാരുടെ വലയിൽ കുടുങ്ങി. അവരതിനെ ഒരു കുളത്തിലാക്കി. ശംഖിനി എന്ന മുതലച്ചി ഏഴു കുഞ്ഞുങ്ങളെ പ്രസവിച്ചു. അതാണ് സപ്ത മരുത്തുക്കൾ!

ബ്രഹ്മാവിന്റെ ഗംഭീര സ്ഖലനം! :- ഒരിക്കൽ ശിവൻ വലിയ ഒരു യാഗം നടത്തി .യാഗത്തിനെത്തിയ സുരസുന്ദരിമാരുടെ സൗന്ദര്യം കണ്ട് വശംകെട്ട ബ്രഹ്മാവിന് ശുക്ലസ്ഖലനമുണ്ടായി. അത് മണ്ണിൽ വീണു! സൂര്യൻ ആ മണ്ണു വാരി അഗ്നിയിലെറിഞ്ഞു. ഹോത്രിയനായ ബ്രഹ്മാവിൽ നിന്നും വീണ്ടും ശുക്ലം പ്രവഹിച്ചുകൊണ്ടിരുന്നു … അത് ബ്രഹ്മാവു തന്നെ സ്രുവത്തിലെടുത്ത് ഹോമിച്ചു. അതിനാൽ ഹോമാഗ്നിയിൽ നിന്നും അംഗിരസ്, കവി, മരീചി എന്നിവരും, യജ്ഞവിരിപ്പായ കുശകളിൽ നിന്നും ബാല ബില്യന്മാരും, അത്രിയും, യജ്ഞ ഭസ്മത്തിൽ നിന്നും വൈഖാനസന്മാരെന്ന മഹർഷിമാരും, അഗ്നിയുടെ കണ്ണുകളാകുന്ന സ്രോതസിൽ നിന്നും അശ്വിനികളും, അഗ്നിയുടെ രോമകൂപങ്ങളിൽ നിന്ന് ഋഷികളും, വിയർപ്പിൽ നിന്ന് ഛന്ദസും, ബലത്തിൽ നിന്ന് മനസും, രക്തത്തിൽ നിന്ന് രുദ്രന്മാരും സ്വർണ്ണനിറമുള്ള മൈത്ര ദേവതകളും, ധൂമത്തിൽ നിന്ന് വസുക്കളും, ആദിത്യന്മാരും ഉണ്ടായി.

സരസ്വതി
ബ്രഹ്മാവ് സ്വന്തം തേജസിൽ നിന്നും ഒരു സ്ത്രീയെ സൃഷ്ടിച്ചതാണ് സരസ്വതി! അവളുടെ അഭൗമസൗന്ദര്യത്തിൽ മോഹിതനായ ആ അപ്പനിൽ നിന്നും രക്ഷ നേടാൻ രണ്ടു വശങ്ങളിലേക്കും മാറി. അതതു ഭാഗങ്ങളിൽ ബ്രഹ്മാവിന് ഓരോ തലയും ഉണ്ടായി. നാലു ദിക്കിലും രക്ഷയില്ലാതെ പെങ്കൊച്ചുമുകളിലേക്കു ചാടി നോക്കി! അങ്ങോട്ടും ഉണ്ടായി തല ഒന്ന്. ആകെ അഞ്ചു തലയനായി ! അങ്ങനെ ഗതികേടുകൊണ്ട് ആ അപ്പനെത്തന്നെ സരസ്വതി ക്കൊച്ചു കല്യാണം കഴിച്ചു. അവരുടെ മധുവിധു 100 വർഷം നീണ്ടുനിന്നു. സ്വയംഭുവൻ എന്ന ഒരു പുത്രനും അവർക്കുണ്ടായി.

ഒരിക്കൽ ബ്രഹ്മാവിന് നന്നായി വിശന്നു .അപ്പോൾ പുളളിക്കാന് ദേഷ്യം വന്നതുകൊണ്ട് മുഖത്തു നിന്ന് ഹേതി എന്ന രാക്ഷസനും, പ്രഹേതി എന്ന യക്ഷനും ഉണ്ടായി. വിശപ്പു വരുത്തിയ വിനയേ!

ചന്ദ്രനുണ്ടായത്
ബ്രഹ്മാവിന് സരസ്വതിയെ ഭാര്യയാക്കിയ ശേഷം പിന്നീടൊരിക്കൽ അല്പം പശ്ചാത്താപം തോന്നി. അതിനാൽ ബ്രഹ്മാവ് തന്റെ അനുരാഗത്തെ അത്രിയുടെ ഭാര്യയായ അനസൂയയ്ക്കു നല്കി. ആ അനുരാഗത്തിലൂടെ അനസൂയയ്ക്കുണ്ടായ പുത്രനാണ് ചന്ദ്രൻ!
കൃപരും കൃപിയും:- ധനുർവേദ പണ്ഡിതനായ ശരദ്വാൻ ദിവ്യാസ്ത്രലബ്ധിക്കായി തപസു തുടങ്ങി. പതിവുപോലെ ദേവന്മാർക്കു പേടി തുടങ്ങി, തപം മുടക്കാൻ ഇന്ദ്രൻ ജാനപതി എന്ന അപ്സരസിനെയും നിയോഗിച്ചു. ഒരു വസ്ത്രം മാത്രം ധരിച്ച് അവൾ അയാൾക്കു മുന്നിൽ നൃത്തം ചെയ്തു! മുമ്പോലെ കാറ്റ് തുണി മാറ്റി മുനിക്ക് സ്ഖലനം ഉണ്ടായി. അത് ശരസ്തംഭത്തിൽ വീണു! രണ്ടു ഭാഗമായി. ഒരു ഭാഗം കൃപരും, മറ്റേ ഭാഗം കൃപിയും. അവർ ശന്തനു മഹാരാജാവിന്റെ കൊട്ടാരത്തിൽ വളർന്നു. പിന്നീട് പാണ്ഡവ, കൌരവാദികളുടെ ഗുരുവായി.

ദ്രോണർ
ഗംഗാതീരത്ത് ആശ്രമം കെട്ടി താമസിച്ചിരുന്ന ഭരദ്വാജമഹർഷിയുടെ പുത്രനാണ് ദ്രോണർ! ഭരദ്വാജൻ കുളിക്കാനിറങ്ങിയ നേരം ഘൃതാചി എന്ന അപ്സരസിനെ കണ്ടു. മുനിയെ കണ്ട് ഓടി മാറിയ അവളുടെ വസ്ത്രം പുല്ലിലുടക്കി ഊർന്നുവീണു. ആ സൗന്ദര്യ ധാമത്തെ കണ്ട മുനിക്ക് സ്ഖലനമുണ്ടായി. ശുക്ലം ഒരു കുടത്തിൽ സൂക്ഷിച്ചു. അങ്ങനെ ആ കുടത്തിൽ നിന്നും ജനിച്ചതാണ് ദ്രോണർ! അദ്ദേഹം കൃപിയെയാണ് വിവാഹം കഴിച്ചത്.

നരകൻ
ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമിയെ പാതാളത്തിലൊളിപ്പിച്ചതും അത് പന്നിയായി വിഷ്ണുവെത്തി യഥാസ്ഥാനത്തു വച്ചതും കേട്ടിട്ടുണ്ടല്ലോ. പന്നിരൂപത്തിലാണ് അസുരൻ തേറ്റയിൽ ഭൂമിയെ പാതാളത്തിൽ ഒളിപ്പിച്ചതത്രേ, തേറ്റയുമായുളള സമ്പർക്കത്തിലുണ്ടായതാണത്രേ നരകാസുരൻ! എന്നാൽ വിഷ്ണുവാണ് പിതാവെന്നുള്ള ഒരു കരക്കമ്പിയും പുരാണ പ്രസിദ്ധമാണ്.(അന്ന് DNA test ഉണ്ടായിരുന്നെങ്കിൽ തീരുമാനമായേനെ)!

സത്യവതിയെക്കൂടി പരിചയപ്പെടുത്തി ഈ ലേഖനം അവസാനിപ്പിക്കാം.

ശാപം മൂലം അദ്രിക എന്ന അപ്സരസ് മീനായി ഗംഗയിൽ കഴിയുന്ന കാലം. ചേദി രാജാവായ വസു നായാട്ടിനിറങ്ങി! മൃഗയാവിവശനായ രാജാവ് വിടർന്നു വിലസുന്ന പുഷ്പങ്ങളുടെ ഗന്ധമേറ്റ് ഒരു മരച്ചുവട്ടിലിരിക്കവേ വികാരാവേശം കൊണ്ട് ഇന്ദ്രിയസ്ഖലനമുണ്ടായി. രാജശുക്ലം നിഷ്പ്രയോജനമാകാതിരിക്കാൻ രാജാവതൊരു ഇലയിൽ പൊതിഞ്ഞ് രാജ്ഞിക്കു നല്കുവാനായി പരുന്തുവശം കൊടുത്തയച്ചു. മാർഗമദ്ധ്യേ ആഹാരമെന്നു കരുതി വേറൊരു പരുന്ത് ഈ പരുന്തുമായി കലഹം തുടങ്ങിയതോടെ പൊതി ഗംഗയിൽ പതിച്ചു, മീനായി മാറിയ അദ്രിക അതു വിഴുങ്ങി. പിന്നീടതു മുക്കുവന്റെ വലയിൽ കുടുങ്ങി. മീനിൽ നിന്നും രണ്ടു കുട്ടികളെ അവർക്കു കിട്ടി. അതിൽ ആൺകുട്ടിയെ രാജാവിനു നല്കി. അത് മത്സ്യ രാജാവെന്ന പേരിൽ കൂടി അറിയപ്പെട്ടു. സത്യവതി എന്ന പെൺകുഞ്ഞ് കാളീനാമത്തിൽ മുക്കുവർക്കൊപ്പം വളർന്നു. അവൾ കടത്തു ജോലിയിൽ ഏർപ്പെട്ടിരിക്കെ പരാശരൻ എന്ന മുനി കണ്ട് മയങ്ങി മത്സ്യ ഗന്ധംമാറ്റി കസ്തൂരീ ഗന്ധം നല്കിയും, അല്പം ഭീഷണിപ്പെടുത്തിയും വശപ്പെടുത്തി കാര്യം സാധിച്ചതാണ് വ്യാസ ജനനത്തിന് നിമിത്തമായത്.

ഇങ്ങനെ ഇനിയും നിരവധിയാണ് സദാചാര സംരക്ഷണാർത്ഥം എഴുതപ്പെട്ട പുരാണ സാഹിത്യങ്ങളിൽ ഉള്ളത്. ഇതൊക്കെ ഭക്തിപൂർവം പാരായണം ചെയ്താൽ നേരെ ദൈവത്തിനടുത്തു പോയി കുത്തീരിക്കാം, …

Advertisements