Sanal Kumar Padmanabhan
മുണ്ടും മടക്കി കുത്തി മീശയും പിരിച്ചു മണപ്പിള്ളി വീട്ടു മുറ്റത്തു ചെന്ന് പവിത്രന്റെ ഗുണ്ടകളെ നോക്കി “നീയൊന്നു തടയാൻ പറ പവിത്രാ ഇക്കൂട്ടത്തിൽ എത്രയെണ്ണത്തിനു ചങ്കുറപ്പ് ഉണ്ടെന്നു ഞാനൊന്നു നോക്കട്ടെ ” എന്നും വെല്ലു വിളിച്ചു കൊണ്ട് തന്റെ മഹിന്ദ്ര ജീപ്പിൽ നിന്നും ഇറങ്ങുന്ന പൂവള്ളി ഇന്ദു ചൂടൻ , ആ പിരിച്ചു വച്ച മീശയൊന്നു വടിച്ചു മുഖത്തല്പം ചായമിട്ടു കഥകളിക്കാരൻ കുഞ്ഞിക്കുട്ടൻ ആകുന്ന ആൾ മാറാട്ട കാഴ്ച കണ്ടു അതുല്യ പ്രതിഭ ആയ ആ നടനെ “നടന വിസ്മയം” എന്നും …..
ആനപ്പാറ വീട്ടുമുറ്റത്തു വന്നു അടച്ച് കിടക്കുന്ന ഗേറ്റ് മലർക്കെ തുറന്നു ഇട്ടു കൊണ്ട് “ഞങ്ങൾ ചേട്ടൻ അനിയൻ മാർ തമ്മിൽ പലതും ഉണ്ടാകും എന്ന് കരുതി എന്റെ അനിയന്മാരുടെ മേൽ ഒരു തരി മണ്ണ് വാരിയിട്ടാൽ ഈ നിൽക്കുന്നവന്മാരുടെ കഴുത്തിന് മേൽ തല കാണില്ല ” എന്ന് ആനപ്പാറയിലെ ആണുങ്ങളെ എല്ലാം വെല്ലു വിളിച്ചു കൊണ്ട് കലി തുള്ളി നിൽക്കുന്ന ബലരാമൻ , തന്റെ ഖാദർ ഷർട്ടും ചന്ദന കുറിയും ഒന്ന് മായ്ച്ചു കളഞ്ഞു കൊണ്ട് ഒരു ഇന്നർ ബനിയനുമിട്ടു രാഷ്ട്രീയം കൊണ്ട് എതിർ ചേരിയിൽ നിൽക്കുന്ന തന്റെ മക്കളുടെ കാട്ടിക്കൂട്ടലുകൾ കണ്ടു നിസ്സഹായാവസ്ഥയുടെ പടുകുഴിയിൽ വീണ രാഘവൻ ആയി മാറുന്ന പരകായ പ്രവേശനം കണ്ടു ആ നടനെ “മഹാ നടൻ ” എന്നും വിശേഷിപ്പിച്ചും അവർക്കു വേണ്ടി ആർപ്പു വിളിച്ചും ഉച്ചതിൽ സംസാരിച്ചും നടന്ന നമ്മൾ ..
ഇവരെപോലെതന്നെ പ്രതിഭയുടെ അതി പ്രസരം കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിട്ടും ആഘോഷിക്കുവാൻ മറന്നു പോയൊരാളുണ്ട് …
കല്യാണം കഴിഞ്ഞ അടുത്ത ദിവസങ്ങളിലൊന്നിൽ ഭർത്താവിന്റെ വീട്ടിൽ വച്ച് താൻ കൊണ്ട് വന്ന പെട്ടി തുറന്നു തനിക്കു ഏറെ പ്രിയ പെട്ട , മൂന്നു വയസിൽ ആദ്യ പല്ലു മുളച്ചപ്പോൾ തേച്ച ബ്രഷും , ആദ്യമായി മാവിന് എറിഞ്ഞ കല്ലും എല്ലാവരെയും കാണിച്ചു കൊടുത്ത ശേഷം ഹണിമൂൺ ആഘോഷിക്കുവാൻ യൂറോ റെയിൽ ടിക്കറ്റ്എടുത്തു യൂറോപ്പ് മുഴുവൻ കറങ്ങുന്നതും പ്ലാൻ ചെയ്ത ഹൃദയകുമാരിയെ അവതരിപ്പിച്ച ശേഷം ….( കടിഞ്ഞൂൽ കല്യാണം )
പോലീസ് സ്റ്റേഷനിൽ , പോലീസ് ഉദ്യോഗസ്ഥർ പരേതന്റേതു
എന്ന രീതിയിൽ പരിചയപ്പെടുത്തുന്ന ഫോട്ടോ ഗ്രാഫ് കളും , ഉടയാടകളും ആഭരണങ്ങളും കണ്ടു അവയൊന്നും തന്റെ ചേട്ടന്റെതു ആകല്ലേ എന്ന് നെഞ്ചുരുകി പ്രാർത്ഥിച്ചു കൊണ്ട് അവയെല്ലാം വീക്ഷിക്കുന്ന കല്ലൂർ ഗോപിനാഥന്റെ കൂടെ അയാൾക്ക് താങ്ങും തണലും ആയി നിൽക്കുന്ന ദേവി ആയി ഞൊടിയിട കൊണ്ടു മാറിയ അവരെ .. ! ( ഭരതം )
വിഗ്രഹത്തിൽ ചാർത്താനുള്ള മാല കൊരുക്കലും , പാൽ വില്പനയും ആയി നടന്നു ജീവിഹം കഴിച്ചിരുന്ന രാധ എന്ന അമ്പലവാസിയായ സാധു പെൺകുട്ടിയിൽ ( കഴകം ) നിന്നും ഏതു കൊടുങ്കാറ്റിലും ഉലയാത്ത കരിമ്പാറയായ ആടുതോമയുടെ ഇടനെഞ്ചു പിടിച്ചു കുലുക്കിയ തുളസിയിലേക്കു പടർന്നു കയറിയ അവരെ ….
കിഴക്കൻ മലയിറങ്ങി , കൊച്ചിയുടെ മണ്ണിലേക്ക് വിരുന്നു വരുന്നവരെ വളച്ചൊടിച്ചു മീൻ വില്പന പൊടി പൊടിക്കുന്ന ചാള മേരിയിൽ നിന്നും , ഒരേ സമയം രണ്ടു ഭർത്താക്കന്മാർ അനുവദനീയമായിരുന്ന സമൂഹത്തിൽ ജീവിച്ചിരുന്ന ഒരമ്മയുടെ മരുമകൾ ആയി കടന്നു വന്നു ആ സമൂഹം പിന്തുടർന്നിരുന്ന ആചാരങ്ങളുടെ അലയൊലികൾ ഏറ്റു വാങ്ങേണ്ടി വന്ന തങ്കമണി ആയി അരങ്ങു തകർത്ത അവരെ ….( കിഴക്കൻ പത്രോസ് – വെങ്കലം )!
ഒരേയൊരു ഉർവശി ❤️❤️❤️ ഒരിക്കൽ മമ്മൂട്ടി പറഞ്ഞ ” പുതിയ കഥാപാത്രങ്ങൾ ചെയ്യുവാൻ ആർത്തിയാണ് ” എന്ന പ്രശസ്തമായ ഡയലോഗിനെ ഓർമപ്പെടുത്തി കൊണ്ട്….
മാളൂട്ടിയിൽ ജയറാമിന്റെ നായിക വേഷം ചെയ്യുന്ന സമയത്തു തന്നെ മൈ ഡിയർ മുത്തശ്ശനിലെ വീട്ടു വേലക്കാരി ക്ലാരയിലേക്കും , അഹത്തിൽ മോഹൻലാലിൻറെ നായികയായി വേഷമിടുന്നതിനോടൊപ്പം യോദ്ധയിലെ ദമയന്തിയെന്ന പ്രാധാന്യമില്ലാത്ത കഥാപാത്രത്തിലേക്കും മുങ്ങാംകുഴിയി ട്ടു കൊണ്ട് പുതിയ കഥാപാത്രങ്ങളെ വലുപ്പചെറുപ്പമില്ലാതെ തേടി പിടിച്ചു അവതരിപ്പിച്ചു തന്റെ ഉള്ളിലെ കലാകാരിയുടെ അഭിനയ ദാഹത്തിന്റെ ആർത്തി തീർക്കുവാനായി എപ്പോഴും ശ്രമിച്ചിരുന്ന, മലയാളം അന്നോളം പിന്തുടർന്നിരുന്ന നായിക സങ്കല്പങ്ങളെ തച്ചു കുടഞ്ഞെറിഞ്ഞൊരാൾ …
കൈ വിലങ്ങുകളോടും പോലീസ് പാറാവുകാരോടും വിട പറഞ്ഞു സാഗറിന്റെ ജീവിതത്തിലേക്ക് മടങ്ങുന്ന നാളിൽ തന്നെ കൈവിലങ്ങുകളോടെ സാഗറിനെ കാണേണ്ടി വരുന്ന ജ്യോതി . ( ഇരുപതാം നൂറ്റാണ്ട്)
ശിവനിൽ നിന്നും അടരുവാനാകാത്ത സതിയുടെ വിഗ്രഹം തന്റെ എല്ലാമായ ഹരിയേട്ടന്റെ വിവാഹത്തിന് സമ്മാനമായി നൽകിയ, “മനസിൽ ഒന്നുമില്ലാത്തവർക്കല്ലേ സന്യസിക്കാൻ പറ്റുള്ളൂ തന്റെ ഉള്ളിൽ മുഴുവൻ ഹരിയേട്ടനുണ്ടല്ലോ “എന്ന് പറഞ്ഞു ഒരിക്കലും തിരിച്ചു കിട്ടാത്ത ഹരിക്കായി കാത്തിരിക്കുന്ന സുധർമ ( മുക്തി )
പളനി മലയും അവിടുത്തെ അഗ്രഹാര തെരുവും അല്ലാതെ ജീവിതത്തിൽ വേറൊന്നും കണ്ടിട്ടില്ലാത്ത ആരുടെയെങ്കിലും കണ്ണ് നിറയുന്നത് കണ്ടാൽ കരൾ അലിയുന്ന ആനന്ദവല്ലി ( മഴവിൽ കാവടി )
ഇഷ്ടപെട്ട പുരുഷന്റെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചതിനു അപ്പന്റെ ജീവനില്ലാത്ത ശരീരം കാണുവാൻ വിലക്കപ്പെട്ട മേടയിൽ അന്നമ്മ ( ലാൽസലാം )
അർഹിക്കാത്തതു മോഹിച്ചതിന്റെ പേരിൽ കണ്ണീരണിയേണ്ടി വന്ന , ആശിച്ചതെല്ലാം ചോദിക്കാതെ മോഷ്ടിച്ചെടുത്തു ശീലമുള്ള കസ്തൂരി ( വിഷ്ണുലോകം )
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള കുറച്ചു നേരം തന്നെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കുവാനും ഒരു ജീവനുള്ള കളിപ്പാട്ടത്തെ സ്വന്തമാക്കിയ സരോജ ( കളിപ്പാട്ടം ). തുടങ്ങി പെര്ഫെക്ഷന്റെ അവസാന വാക്കു പോലുള്ള എത്രയെത്ര കഥാപാത്രങ്ങൾ !
ഒരു ലോകകപ്പ് നേടാനാകാത്തതു കൊണ്ട് മെസ്സി യെ ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ ആയി കണക്കാക്കുവാൻ ആകില്ല എന്ന് വിമർശനം ഉന്നയിച്ച വിമർശകർക്ക് ടീമിന് ലോകകപ്പും കൂടാതെ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും നേടി മെസ്സി മറുപടി പറഞ്ഞ പോലെ , ആദ്യ കാലങ്ങളിൽ തന്റെ വേഷങ്ങൾക്ക് ശബ്ദം നൽകുന്നത് മറ്റൊരാൾ ആയതു കൊണ്ട് അവരെ ഒരു മികച്ച നടിയായി കരുതുവാൻ ആകില്ലെന്ന് പറഞ്ഞു കൊണ്ട് നിരൂപകർ നിരത്തിയ ” മുഖത്തു വിരിയുന്ന സൂക്ഷ്മ ഭാവങ്ങളും , അവക്ക് യോജിക്കുന്ന ശബ്ദവും ആ ശബ്ദത്തിന്റെ ഇറക്ക കുറച്ചിലുകളും ഒത്തു ചേർന്നാലേ ഒരു മികച്ച നടിയും നടനും ആകുന്നുള്ളു ” എന്ന വാദത്തിനു സ്വന്തം ശബ്ദം നൽകി അഭിനയിച്ച ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി നിരൂപകരെ മൗനത്തിന്റെ കൂട്ടിലടച്ച ഒരാൾ ! ( അച്ചുവിന്റെ അമ്മ )
“ആ പയ്യൻ പോകുന്നതിൽ എനിക്ക് വിഷമമില്ല പക്ഷെ ആ അമ്മ നഷ്ടപ്പെട്ട് പോകുന്നതിൽ എനിക്ക് വിഷമം ഉണ്ട് ” വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ വിവാഹത്തോളം എത്തിയ പ്രണയം പരാജയപ്പെടുമ്പോൾ നായിക പറയുന്ന ഈ ഡയലോഗ് എഴുതി കഴിഞ്ഞപ്പോൾ സംവിധായകൻ അനൂപിന് ഏറ്റവും ചലഞ്ച് ആയി തോന്നിയത് കുറച്ചു സീനുകളിൽ മാത്രം വന്നു പോകുന്ന ആ അമ്മയും നായികയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ കാണുമ്പോൾ പ്രേക്ഷകർക്ക് ആ ഡയലോഗിന്റെ ആഴം അതെ അളവിൽ ഉൾക്കൊള്ളുവാൻ ആകുമോ ?എന്നതായിരുന്നു ..
കുഴക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായി അയാൾക്ക് പോകേണ്ട റൂട്ടും മുട്ടേണ്ട വാതിലും ശ്രീനിയേട്ടന്റേത് ആണെന്ന് കൃത്യമായി അറിയാമായിരുന്നു ..
അങ്ങനെ ആ പ്രശ്നത്തിനുള്ള ഉത്തരം ശ്രീനിയിൽ നിന്നും അയാൾക്കു ലഭിക്കുകയാണ് ..
ആ ‘അമ്മ വേഷം അവരെ ഏൽപ്പിക്കു ! പിന്നെ അവർക്കുള്ളത് കുറച്ചു സീനുകൾ അല്ല ഇനിയിപ്പോൾ സീനുകൾ ഇല്ലെങ്കിൽ പോലും അവർ അത് കാണുന്നവർക്കു ഒരു തരി സംശയമില്ലാത്ത വണ്ണം ഗംഭീരമാക്കി കൊള്ളും….
മൂന്നു സിനിമകളിൽ ഏകദേശം ഒരേ സ്വഭാവഗുണങ്ങളുള്ള മൂന്നു നായിക കഥാപാത്രങ്ങൾ ( പൊന്മുട്ടയിടുന്ന താറാവിലെ സ്നേഹലത , തലയണമന്ത്രത്തിലെ കാഞ്ചന ,മിഥുനത്തിലെ സുലോചന) അവരെ തേടി വന്നപ്പോൾ കാണുന്നവർക്കു അരോചകവും ആശയകുഴപ്പവും ആകാതെ ,ആ മൂന്നു വേഷങ്ങൾക്കും വ്യത്യസ്തമായ മാനറിസങ്ങൾ നൽകികൊണ്ട് ആ കഥാ പാത്രങ്ങളെ നൈസ് ആയി അവർ ഡീൽ ചെയ്ത രീതി കൂടെ നിന്ന് കണ്ടറിഞ്ഞ ശ്രീനിവാസൻ അതിലും മികച്ച വേറെ എന്ത് പോംവഴി പറയുവാനാണ് !!
അങ്ങനെ ആ വേഷം ഉർവശിയിലേക്ക് എത്തുകയാണ് അവർ അതു പതിവ് പോലെ ഭംഗിയാക്കുകയും .❤️❤️
ഉർവശി ..
എന്തൊരു നടിയാണ് നിങ്ങൾ !
പുതിയ തലമുറയിലെ നടിമാരുടെ മികച്ച പ്രകടനങ്ങൾ കാണുമ്പോൾ അവരെ ഉർവശിയുമായി കൂട്ടി വായിക്കുന്നവരോട് ഒന്നേ പറയാനുള്ളു …..
ആധുനീക ക്രിക്കറ്റിൽ ഒരു യുവതാരം ഒരു ഗുഡ് ലെങ്ത് പന്തിനെ സ്ട്രെയ്റ്റ് ഡ്രൈവ് ചെയ്തു ബൗണ്ടറി കടത്തുമ്പോഴോ , ഷോർട് ബോളിനെ പുൾ ചെയ്തു ഗാലറിയിൽ എത്തിക്കുമ്പോഴോ നിങ്ങൾ അയാളെ “മാസ്റ്റർ ബാറ്റ്സ്മാൻ” എന്നോ “ക്രിക്കറ്റ് ദൈവം” എന്നോ സംബോധന ചെയ്യാതിരിക്കുക കാരണം സച്ചിൻ രമേശ് ടെണ്ടുല്കർ എന്ന മനുഷ്യന്റെ കളി കണ്ടു വളർന്നു , അയാളുടെ ഓരോ ഷോട്ടുകളും സിരകളിൽ സ്റ്റാമ്പ് ചെയ്തു സൂക്ഷിക്കുന്ന ഒരു തലമുറ ഇവിടെയുണ്ട് …
ക്ഷമിക്കുക നിങ്ങളുടേ ഈ ബാലിശമായ ചാപല്യങ്ങളെ അവർ അംഗീകരിച്ചു തരില്ല …🙏