കറുത്ത കണ്ണട കൊണ്ട്‌ മറച്ച ഒറ്റ കണ്ണിന്റെ കാഴ്ച കൊണ്ട്‌ അയാൾ കണ്ട സിനിമ കാഴ്ചകൾ

86

Sanal Kumar Padmanabhan

ഹാളിലേക്കു തുറക്കുന്ന മൂന്ന് വാതിലുകളിലൂടെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ പരസ്പരം കാണാതെ, അറിയാതെ കടന്നു പോകുന്ന പലർ ! ( ബോയിങ് ബോയിങ് )..

നടുറോഡിൽ ചിതറിത്തെറിച്ചു കിടക്കുന്ന ഗോലികളിൽ ചവിട്ടി , കയ്യിൽ സൈക്കിൾ പീസുകളുമായി തെന്നിയൊഴുകുന്ന കുറച്ചു പേർ !! ( വന്ദനം )..

നൂറിലേറെ ടാക്സി കാറുകൾ ഒരുമിച്ചു റോഡിലിറക്കി മുംബൈയെ സ്തംഭിപ്പിച്ചു കൊണ്ട്‌ ദേവനാരായണൻ , മജീദ് ഖാനെ ഷൂട്ട് ചെയ്യുന്ന സീൻ ! ( ആര്യൻ ).

അര വട്ടുള്ള പെണ്ണിന് വേണ്ടി , സമ്മദ്ഖാന്റെ സുഹൃത്തുക്കളുമായി ജോജിയുടെ നിലത്തു കിടന്നു കൊണ്ടുള്ള ആ വടി കൊണ്ടുള്ള ഫൈറ്റ് !
ഒരു കല്യാണവീട്ടിൽ , ഒരു ലോഡ് ആളുകൾക്കിടയിൽ ചിത്രീകരിച്ച മഴപെയ്യുന്നൂ മദ്ദളം കൊട്ടുന്നു വിലെ ക്‌ളൈമാക്‌സ് സീനുകൾ !!
പെര്ഫെക്ഷന് വേണ്ടി എത്രയോ വട്ടം ടേക്കുകൾ എടുത്തിട്ടുണ്ടാവും എന്നോർത്ത് ആശ്ചര്യപ്പെട്ട ഷോട്ടുകൾക്കേറെയും “ആക്ഷൻ കട്ട് ” പറഞ്ഞത് ഒരാളായിരുന്നു.
പ്രിയൻ !!

ചെയ്യാത്ത കുറ്റത്തിന് ആളുകൾ പേയിളകിയ പോലെ ഓടിച്ചിട്ട് തല്ലാൻ നോക്കിയപ്പോൾ , ഗതി കെട്ടു ഷണ്മുഖൻ , രക്ഷപെടാനായി കേണൽ രവി വർമയുടെ വീട്ടിൽ ഓടി കയറുന്ന സീനിൽ , വേറെ ഏതൊരാളും മുറ്റത്തു കലി തുള്ളി നിൽക്കുന്ന ആൾക്കൂട്ടത്തെയും , വരാന്തയിൽ ഭയപ്പെട്ടു നിൽക്കുന്ന ഷണ്മുഖനെയും ഫോക്കസ് ചെയ്യുന്നൊരു അവസ്ഥയിൽ , നെടുനീളൻ വരാന്തയുടെ ഒരു കോണിൽ നിന്നും നോക്കിയാൽ ഷണ്മുഖൻ ഒറ്റയ്ക്ക് നിൽക്കുന്നതായേ തോന്നുള്ളൂ എന്നും അതിലൂടെ കടന്നു ചെന്ന് അയാൾക്ക്‌ മീനാക്ഷിയുടെ അച്ഛൻ ഒരു അടി കൊടുത്താൽ കണ്ടിരിക്കുന്നവർക്കു കോമഡി വർക്ക് ഔട്ട് ആകും എന്നും ചിന്തിച്ചു ആ രംഗം എഴുതി ചേർത്തു നര്മബോധത്തിന്റെ എക്സ്സ്‌ട്രീം ലെവൽ കാണിച്ചു തന്നതും അയാൾ തന്നെ ആയിരുന്നു !! ( മേഘം )
പ്രിയൻ !!!

കഥാന്ത്യത്തിൽ നായികയും നായകനും ഒന്നാകുമെന്ന ശുഭപ്രതീക്ഷയിൽ ഇരുന്ന പ്രേക്ഷകരെ നിരാശരാക്കി നായികയെയും നായകനെയും തമ്മിൽ പിരിക്കുകയും , നായകനെയും നായികയെയും മരണത്തിനു വിട്ട് കൊടുക്കുകയും ചെയ്തു പ്രേക്ഷകരെ തിരശീലയിലെ കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിൽ അന്നനങ്ങാനാകാതെ ചെക്ക് വെച്ചു രസിച്ചതും അയാൾ തന്നെ !!

വെള്ളാനകളുടെ നാടും , കിലുക്കവും , ചിത്രവും തുടങ്ങിയ ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള കോമഡി ചിത്രങ്ങൾ ചെയ്യുന്ന അതെ അനായാസതയോടെ ആര്യനും അഭിമന്യു വും പോലുള്ള ഗ്യാങ്‌സ്റ്റർ ചിത്രങ്ങളും.. കാലാപാനിയും മരക്കാരും പോലുള്ള ചരിത്ര സിനിമകളും , ബോയിങ് ബോയിങ് , അരം പ്ലസ് അരം പ്ലസ് കിന്നാരം , മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നീ കാർട്ടൂൺ സിനിമകളും , കാഞ്ചീവരം പോലുള്ള കൾട്ട് ക്ലാസ്സിക് സിനിമകളും ചെയ്യുന്ന ഒരേ ഒരാൾ !! കറുത്ത കണ്ണട കൊണ്ട്‌ മറച്ച ഒറ്റ കണ്ണിന്റെ കാഴ്ച കൊണ്ട്‌ അയാൾ കണ്ട സിനിമ കാഴ്ചകൾ ഒന്നും കണ്ടറിഞ്ഞ വേറൊരാൾ ഇല്ല എന്നുറപ്പുള്ളത് കൊണ്ടാകും ഇങ്ങേരോടു ഇത്രയും ആരാധനയും…….