ജാനെമൻ എന്ന ചിത്രത്തിൽ പല താരങ്ങളും പലരീതിയിൽ തകർത്താടി എന്ന് തന്നെ പറയാം. എങ്കിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു താരമുണ്ട്. ശരത് സഭ. സജി വൈപ്പിൻ എന്ന ക്വട്ടേഷൻ ഗുണ്ടയുടെ വലംകൈ ആയി ശരത് സഭ അല്പനേരമെങ്കിലും നമ്മെ പൊട്ടിച്ചിരിപ്പിക്കുകയാണ് . എന്ത് അസാധ്യ പെർഫോമൻസ് ആണ്… സനൽ കുമാർ പദ്മനാഭന്റെ ചെറിയ ഒരു ആസ്വാദനം വായിക്കാം. ആസ്വാദകർ എന്തുകൊണ്ട് ശരത് സഭയുടെ പ്രകടനത്തെ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഉത്തരം ഇതിലുണ്ട്.
Sanal Kumar Padmanabhan
“അമ്മച്ചി ദെയ് അപ്പായി പിന്നേം ആ ചേട്ടന്റെ സീനുകൾ കാണുകയാ ”
ചെക്കൻ പറഞ്ഞത് കേട്ട് അടുക്കളയിൽ നിന്നും അവൾ പതുക്കെ നോട്ടം ഒന്ന് ടി വി യിലേക്ക് എറിഞ്ഞിട്ടു എന്നോട് പറഞ്ഞു, “പുള്ളിക്കാരന്റെ ആദ്യ സിനിമയാണോ… ? എന്തായാലും ഇതിൽ അങ്ങേരു കലക്കി ”
അവൾ ആ പറഞ്ഞതിന്റെ ആവേശത്തിൽ വീണ്ടും ജാനെമൻ -ന്‍റെ ഒരു മണിക്കൂർ ഒന്നാം മിനിറ്റിലേക്ക്…
ഒരു വശത്തു മരണം നടന്ന വീടും മറുവശത്തു ബർത്ത് ഡേ പാർട്ടി നടക്കുന്ന വീടും. ആ റോഡിൽ രാത്രി ഒരു കാർ വന്നു നിൽക്കുകയാണ്. ..
അതിൽ നിന്നും അലസമായി വസ്ത്രം ധരിച്ചു കയ്യിൽ വളയൊക്കെ ഇട്ടു ഒരു ടെറർ മോഡിൽ ” ഈ സമ്പത്തിന്റെ വീടെതാണ്ടാ ?” എന്നൊരു ചോദ്യവുമായി അണ്ണൻ സ്ക്രീനിലേക്ക് വരുകയാണ് … !
സജി വൈപ്പിൻ എന്ന കൊട്ടേഷൻ നേതാവിന് അദ്ദേഹത്തിന്റെ പാലക്കാട് ഉള്ള സുഹൃത്ത് സുകുവേട്ടൻ സമ്മാനിച്ച “ഒടുക്കത്തെ ആത്മാർത്ഥതയും അന്യായ ശല്യവുമായ ” ഗുണ്ടയാണു കക്ഷി ….
ആ മരണ വീടിന്റെയും , ബർത്ത് ഡേ പാർട്ടി നടക്കുന്ന വീടിന്റെയും ഉമ്മറത്തും പിന്നാമ്പുറത്തും, എത്ര ബലം പിടിച്ചിരുന്നാലും ആളെ പൊട്ടിച്ചിരിപ്പിക്കുന്ന ഇങ്ങേരുടെ പത്തുപതിനഞ്ചു മിനിറ്റ് ഉള്ള വൺ മാൻ ഷോ എത്ര വട്ടം കണ്ടെന്നറിയില്ല !
ഓരോ കാഴ്ചയിലും ഈ മുഖത്തോടും , ശബ്ദത്തോടും, ഡയലോഗ് ഡെലിവറിയോടും ,എക്സ്പ്രെഷൻസിനോടും എല്ലാം ഉള്ള ഇഷ്ടം ഇങ്ങനെ കൂടി കൂടി വരുന്നു .ഒരുപക്ഷെ സമീപകാലത്തു കണ്ട ഒരു യുവ നടന്റെ ഏറ്റവും മികച്ച പ്രകടനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഐറ്റം .ശരത് സഭ ❤❤❤..എന്തൊരു കിടിലൻ പെർഫോമർ ആണു ഭായ് നിങ്ങൾ !
മമ്മൂക്ക ഒരു ഇന്റർവ്യൂവിൽ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ തിരശീലയിൽ നല്ലൊരു ഐഡന്റിറ്റി ഉള്ള ഒരു കഥാപാത്രത്തെ ലഭിക്കുവാനായി ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നതായി ഒരല്പം വിഷമത്തോടെ ഓർത്തെടുക്കുന്നുണ്ട് .എനിക്കുറപ്പാണ് ജാനെമനിൽ പറയത്തക്ക പേരോ പെരുമയോ ഒന്നുമില്ലാത്ത ഒരു ചെറു കഥാപാത്രമായി ഇങ്ങേര് ഇങ്ങനെ സ്‌ക്രീനിൽ തകർക്കുന്നത് കാണുമ്പോൾ മമ്മൂക്ക മനസിൽ പറയുന്നുണ്ടാകും
” ശരത്തെ ഇത് പോലെ ഐഡന്റിറ്റി ഒന്നുമില്ലാത്ത വേഷങ്ങൾ ഇനിയും നിങ്ങളെ തേടി വരാം, അവയെയെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ചുകൊണ്ട്, ഉൾക്കൊണ്ടു കൊണ്ട് . പേരില്ലാത്ത ആ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിക്കണം . ആ ഒറ്റ ലക്ഷ്യത്തിനായി നന്നായി അധ്വാനിക്കുക .നാളെകൾ നിങ്ങളെപോലുള്ളവരുടേതാണ് ”
“ഏ..എന്താടാ..നീ പോണില്ലേ”
“ഇല്ല..യേട്ടാ..ഞാൻ പോവില്ല”
“അതെന്താ”
“യേട്ടാ..ഇവിടെ സേഫല്ല”
“സേഫാ..എടാ,വധൂരി..ഇവന്മാര് നമ്മ ക്ലാസി പഠിച്ചതാടാ”
“യേട്ടാ..സ്കൂളീ പഠിക്കുമ്പോ ആണ് ശത്രുക്കള് ഇണ്ടാവണേ..നിങ്ങക്ക് അറിയാണ്ടാണ്”
“നീ ഒന്ന് പോയേടാ അവിടുന്ന്..എന്റെ കയ്യീന്ന് മേടിക്കാതെ”
“യേട്ടാ..ഇല്ല,ഞാൻ പോവില്ല..ഇവിടെ സേഫല്ല..അത്രന്നെ”