Entertainment
സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Sanal Kumar Padmanabhan
കഴിഞ്ഞ പോയ വര്ഷങ്ങളിലെ ഏറ്റവും വേദനയുള്ള , മറക്കാൻ ആഗ്രഹമുള്ള കാഴ്ച ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു.ഒരു തിരിച്ചു വരവിനായി തന്റെ ട്രേഡ് മാർക്കായ ആക്ഷൻ ചിത്രങ്ങളിൽ നിന്നു പോലും മാറി നിന്നു കോമഡി ട്രാക്കിലേക്ക് പോലും മാറി നോക്കിയിട്ടും നിരന്തരമായ പരാജയങ്ങളാൽ താണ ശിരസ്സുമായി മലയാള സിനിമയുടെ സംവിധായകന്റെ രാജസിംഹാസനത്തിൽ നിന്നും ഷാജി കൈലാസ് പടിയിറങ്ങുന്ന കാഴ്ച്ച.
“പുലിമുരുഗൻ കിടിലൻ വൈശാഖ് തകര്ത്തു ”
“ലൂസിഫർ ഗംഭീരം പൃഥ്വിരാജ് കയ്യടി അർഹിക്കുന്നു ”
“ഗ്രേറ്റ് ഫാദർ ത്രില്ല് അടിപ്പിച്ചു ” തുടങ്ങിയ കമെന്റുകളും ആയി ഓരോ ആക്ഷൻ ചിത്രങ്ങളും ആദ്യ ദിനം തന്നെ തീയറ്ററിൽ കണ്ടു നിറഞ്ഞ ചിരിയോടെ സന്തോഷത്തോടെ ക്യാമറക്കു മുന്നിൽ നിന്നും ആൾക്കൂട്ടത്തിൽ ഒരാളായി അഭിപ്രായം പറയുന്ന ആ താടിക്കാരനെ കാണുമ്പോൾ ഒരു പക്ഷെ മലയാള ആക്ഷൻ ജേണർ സിനിമ ചരിത്രത്തെ അയാളുടെയും , മറ്റുള്ളവരുടെയും എന്ന് കൃത്യമായി നിർവ്വചിച്ച അയാളുടെ സുവർണകാലം ഇന്നും ഓര്മയുള്ളതു കൊണ്ടാകാം.അറിയാതെ ഉള്ളിലെവിടെയോ ഒരു വിങ്ങൽ ആയിരുന്നു .
വേറെ ഏതു സംവിധായകനും എത്ര മികച്ച രീതിയിൽ ഒരുക്കിയ പിഴവില്ലാത്ത ഒരു ആക്ഷൻ ചിത്രം കണ്ടു കൊണ്ടിരിക്കുമ്പോൾ “ഇത് ഒരുക്കിയത് അയാൾ ആയിരുന്നെങ്കിൽ ഒന്ന് കൂടി പോളിഷ് ചെയ്തു പെർഫെക്ട് ആയേനെ ” എന്നൊരു ചിന്ത പ്രേക്ഷകരുടെ സെറിബ്രത്തിലൂടെ മിന്നി മറയിച്ചിരുന്ന ഒരു മനുഷ്യൻ….
ന്യൂസ് , ജിഞ്ചർ എന്നിങ്ങനെ എന്ന ആരും ശ്രദ്ധിക്കാതെ പോയ ചിത്രങ്ങളിൽ തുടങ്ങി, അവസാനിക്കേണ്ടിയിരുന്ന കരിയറിന് ഇവിടെ ഒരു തിരിച്ചു വരവ് ഉണ്ടാകുക ആണ്.
സ്ലോ മോഷനും , ക്ലോസെ അപ്പ് ഷോട്ടുകളുംവേഗവും കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിച്ച മലയാള സംവിധായക കൂട്ടത്തിലെ കടുവ വീണ്ടും ഒരു ആക്ഷൻ ചിത്രവുമായി ബോക്സ് ഓഫീസ് വേട്ടക്കിറങ്ങുന്നു എന്ന വാർത്ത ഹൃദയത്തിൽ ഒരു കുളിർമഴ പെയ്യിക്കുന്നു.കാരണം അത്രമേൽ നിങ്ങൾ ഞങ്ങളെ ആനന്ദിപ്പിച്ചിട്ടുണ്ട് ഷാജിയേട്ടാ. ഇക്കുറി നിങ്ങള്ക്ക് വേണ്ടി പേന ചലിപ്പിക്കുന്നത് ,വ്യക്തിപരമായി ദൃശ്യം എന്ന സിനിമയുടെ സ്ക്രിപ്റ്റിനെക്കാൾ ആകർഷിച്ച മാസ്റ്റേഴ്സ് എന്ന സിനിമയുടെ സ്ക്രിപ്റ്റ് വിരിയിച്ച ജിനു വി എബ്രഹാം എന്ന പ്രതിഭാശാലി ആണെന്നത് പ്രതീക്ഷകൾ വർധിപ്പിക്കുന്നു.. “ഇരകളെ പരസ്പരം വെച്ച് മാറുന്ന പ്രതികൾ ” എന്ന ആരും ചിന്തിക്കാത്ത ഒരു പ്ലോട്ട് ഹൃദയത്തിൽ തെളിഞ്ഞ അയാളുടെ കൈകളെ വ്ശ്വസിക്കാം.പിന്നെ നായകനായി കടയാടി രാഘവനും..മലയാള സിനിമ എന്ന കടയാടി തറവാട്ടിലെ യുവതലമുറയിലെ ആണുങ്ങളിൽ ആണായ പൃഥ്വിക്കു “കടയാടി രാഘവൻ ” എന്നതിലും മികച്ച വിശേഷണം ചേരില്ല എന്ന് തോന്നുന്നു….. (നന്ദി രഞ്ജി പണിക്കർ സാർ ഈ പ്രയോഗത്തിന് ).
കം ഓൺ ഷാജിയേട്ടാ.
ദി കിംഗിന്റെ തിരക്കഥാ രചനക്കിടെ , രഞ്ജി പണിക്കർ എഴുതിയ ഭാഗങ്ങൾ വായിച്ചു നോക്കിയിട്ടു ” രഞ്ജി എന്റെ സിനിമയുടെ പേര് ദി കിംഗ് എന്നാണ്, എനിക്ക് വേണ്ടത് പടത്തിന്റെ പേര് പോലെ എല്ലാത്തിന്റെയും ഏറ്റവും മുകളിൽ നിൽക്കുന്ന എഴുത്താണ് , ഇത് പോരാ വേറെ എഴുതൂ ” എന്ന് പറഞ്ഞു എഴുതിയ ഭാഗങ്ങൾ ചുരുട്ടി കൂട്ടി വേസ്റ്റ് ബോക്സിലേക്ക് എറിഞ്ഞിട്ടു, തന്റെ എഴുത്തുകാരന്റെ പ്രതിഭയറിഞ്ഞു അയാളിൽ നിന്നും മാക്സിമം ഔട്ട്പുട്ട് ലഭിക്കുന്ന വരെ പുഷ് ചെയ്തു കൊണ്ടിരുന്ന ആ പഴയ ഷാജി കൈലാസ് ഒരു മനോഹര കാഴ്ചയായിരുന്നു.
ഇത്ര മേൽ പ്രേക്ഷകരുടെ പൾസ് അറിഞ്ഞു സീൻ ബൈ സീൻ ഷൂട്ട് ചെയ്തിരുന്ന ഒരു സംവിധായകൻ വേറെയുണ്ടോ അറിയില്ല…കമ്മീഷണറിലെ സ്ലോ മോഷൻ വായ്ക്കും , നരസിംഹത്തിലെ ഓടികൊണ്ടുള്ള മുണ്ടു മടക്കി കുത്തലും എല്ലാം അടയാളങ്ങൾ മാത്രം.മലയാള സിനിമ ചരിത്രത്തിൽ പ്രേക്ഷകരെ
ഇത്രമേൽ ത്രില്ല് അടിപ്പിച്ച…..രസിപ്പിച്ച…സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ…..സിനിമ കഴിഞ്ഞു ടൈറ്റിൽ കാർഡിൽ നിങ്ങളുടെ പേരെഴുതി കാണിക്കുമ്പോൾ കയ്യടിക്കുവാൻ ഇടവരട്ടെ .കട്ട വെയ്റ്റിംഗ് ഫോർ ജൂലൈ 7……
1,412 total views, 4 views today