Sanal Kumar Padmanabhan
പട്ടാളക്കാരൻ ആയ അച്ഛനും, വലുതാവുമ്പോൾ ഇടാനുള്ള പട്ടാള യൂണിഫോം ഇപ്പോളെ തയ്പ്പിച്ചു വച്ച് വട്ടു കളിയ്ക്കാൻ പോകുന്ന 5 വയസുകാരൻ ചേട്ടനും “ലെഫ്റ് റൈറ്റ് “” പീച്ചേ മൂട് ” അടിച്ചു തകർക്കുന്ന വെഞ്ഞാറമൂട്ടിലെ കൊച്ചു വീട്ടിലേക്കാണ് പട്ടാളം എന്ന ലക്ഷ്യത്തിലേക്കു കാഴ്ച ചുരുക്കിയ കുതിരയെ പോലെ അയാൾ പിറന്നു വീഴുന്നത്….
വർഷങ്ങൾക്കിപ്പുറം ലീവിന് വരുമ്പോൾ, താൻ പട്ടാളത്തിൽ ഉപയോഗിക്കുന്ന ഗണ്ണുകളുടെയും , ഗ്രനേഡുകളുടെയും , ടാങ്കറുകളുടെയും എന്തിന് തന്റെ മേജറിന്റെയും ക്യാപ്ടന്റെയും വരെ ശബ്ദം തന്റെ ഇളയ ചെക്കന്റെ തൊണ്ടയിൽ നിന്നും ഒഴുകുന്നത് കണ്ട ആ അച്ഛൻ, തന്റെ മകൻ ‘അലോഷിയെ’ ( അമ്മ വളർത്തിയ ) പോലെ ആണല്ലോ എന്നോർത്തു അഭിമാനിക്കവേ.. കൊച്ചു ചെറുക്കൻ അപ്പന്റെ ആഗ്രഹം പോലെ പട്ടാളത്തിൽ കയറാനുള്ള ശ്രമത്തിൽ ആയിരുന്നു.
പക്ഷെ പതിനാറാം വയസിൽ ഉണ്ടായ ഒരു സൈക്കിൾ ആക്സിഡന്റിൽ ഒടിഞ്ഞു മടങ്ങിയ കൈ അയാളെ പട്ടാള സെലെക്ഷനിൽ നിന്നും ഡിസ് ക്വാളിഫൈ ആക്കി. അപ്പന്റെ ആഗ്രഹം സഫലീകരിക്കാതെ പോയതിലുള്ള നിരാശ അയാളെ വിഷാദത്തിന്റെ നീർച്ചുഴിയിൽ മുക്കുമെന്നായപ്പോൾ അയാളെ ജീവിതത്തിലേക്ക് തിരിച്ചു വിളിച്ചത് ചെറുപ്പത്തിലേ അമ്മയിൽ നിന്നും പകർന്നു കിട്ടിയ “കല”യുടെ ശക്തിയാകാം !..
പിന്നീട് പതിയെ മിമിക്രിയുടെ ലോകത്തിലേക്ക് നടന്നടുത്ത അയാൾ ട്രൂപുകളിൽ നിന്നും ട്രൂപ്പ്കളിലേക്കും സ്റ്റേജുകളിൽ നിന്നും സ്റ്റേജുകളിലേക്കും ഒഴുകി കൊണ്ടേയിരുന്നു.ഒരിക്കൽ ദൂരദർശൻ ഡയറക്ടറുടെ അടുത്തു പോയി, സാർ ഒരു പ്രോഗ്രാം കയ്യിലുണ്ട് ടെലികാസ്റ് ചെയ്യാൻ ടൈം സ്ലോട്ട് ഉണ്ടേൽ പറയണം എന്നുള്ള റിക്വസ്റ്റിന്റെ അടുത്ത രണ്ട് വർഷത്തേക്ക് സ്ലോട്ട് ഫ്രീ ഇല്ല.. പിന്നെ ഫ്രീ ഉള്ളത് 6.58 മുതൽ 7.00 വരെയുള്ള 2 മിനിറ്റു ആണ് അത് വേണമെങ്കിൽ നമുക്ക് നോക്കാം എന്ന അല്പം പരിഹാസത്തോടെ ഉള്ള മറുപടി ആയിരുന്നു…
ഒരാഴ്ചക്കകം അയാൾ വീണ്ടും ഡയറക്ടറെ കാണുമ്പോൾ അയാളുടെ കയ്യിൽ 2 മിനിറ്റിൽ പ്രസന്റ് ചെയ്യാൻ പറ്റാവുന്ന 10 സ്കിറ്റിന്റെ വീഡിയോസ് ഉണ്ടായിരുന്നു അവയെല്ലാം കണ്ടു കഴിയുമ്പോൾ ഡയറക്ടർക്ക് അയാളിലെ പ്രതിഭയെ അംഗീകരിക്കാതിരിക്കാൻ ആവില്ലായിരുന്നു.( ആ ഷോർട് വീഡിയോസ് പിന്നീട് ചിരിയലകൾ തീർക്കുന്നത് നാം കണ്ടു “മറുമരുന്ന് ” എന്ന പേരിൽ ടെലികാസ്റ് ചെയ്തപ്പോൾ ). പിന്നീട് ജഗപൊഗ എന്ന സീരിയലിലൂടെ കൈരളിയിലേക്കു അവിടെ നിന്നു അതെ പേരിൽ സിനിമയിലേക്ക്…. ആദ്യകാലത്തു കുറെ ചാണാക്കുഴിയിൽ വീഴുന്ന കുറെ ടൈപ്ഡ് ആയ കഥാപാത്രങ്ങൾ ആണെങ്കിലും പതിയെ പതിയെ അയാൾ കാണികളുടെ ചുണ്ടിൽ ചിരി പടർത്തി സ്ക്രീനിൽ സ്ഥിര സാന്നിധ്യം ആവുക ആയിരുന്നു….
അയാൾ ഉള്ളത് കൊണ്ട് ഒരു വട്ടം കണ്ടിരിക്കാം എന്ന കമന്റും , അയാളുടെ മുഖം ഉള്ള സിനിമകളുടെ “വി സി ഡി “കൾ നോക്കി ആളുകൾ വാടകക്ക് എടുക്കുന്ന കാലവും ഓർമയിൽ തെളിയുന്നു.കോമഡി നടനിൽ നിന്നും സഹനടനിലേക്കും നായകനിലേക്കും അയാൾ പതിയെ വളർന്നു പോയി..ഒരിക്കൽ ചിരിക്കുവാനായി അയാളുടെ സിനിമകൾ കണ്ടിരുന്ന ആളുകൾ ഇന്ന് അഭിനയം കാണാനായി അയാളുടെ സിനിമകൾ കാണുന്നു.
പതിനാറാം വയസിൽ ഒടിഞ്ഞു തൂങ്ങിയ കയ്യുമായി എനിക്ക് അപ്പന്റെ ആഗ്രഹം പോലെ പട്ടാളക്കാരൻ ആകാൻ കഴിയില്ല എന്നു പറഞ്ഞു വിതുമ്പിയ ആ മകൻ പരിക്കേറ്റു വൈകല്യമുള്ള കയ്യുമായി ഇന്ന് ഏതൊരു അച്ഛനും സ്വപ്നത്തിൽ പ്രതീക്ഷിക്കാത്ത ഉയരത്തിൽ ഉയർന്നു പറന്നിരിക്കുന്നു.ഒരു പക്ഷെ പൂര്ണകായന്മാരായ മറ്റു പലർക്കും എത്തിപിടിക്കാനാവാത്ത ഉയരത്തിൽ..സുരാജേട്ടാ.. നിങ്ങൾ ഇങ്ങനെ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടേയിരിക്കുക..