നായകനെ കൊണ്ട്‌ അക്രമികളെ ഓടിച്ചിട്ട് തല്ലിച്ച ഒരു മനുഷ്യൻ കഴിഞ്ഞ 45 വർഷമായി ക്യാമറക്കു പിന്നിലുണ്ട്

90

Sanal Kumar Padmanabhan

കോളേജിൽ പോയ പെങ്ങളെ ഏതേലും “ഞരമ്പുകൾ” ശല്യം ചെയ്യുമ്പോൾ! അച്ഛനെ ഏതേലും തെരുവ് ഗുണ്ടകൾ തല്ലി ചതക്കുമ്പോൾ! അമ്മയെ വഴിയിൽ വെച്ചു ആരേലും അപായപ്പെടുത്താൻ ശ്രമിക്കുമ്പോൾ! സുഹൃത്തുക്കൾ ശത്രു പാളയത്തിൽ പെടുമ്പോൾ.! പ്രണയിനിയെ ആരേലും കടന്നു പിടിക്കാൻ ശ്രമിക്കുമ്പോൾ….! പിന്നിൽ നിന്നും ചതിക്കുന്ന കൂട്ടത്തിൽ കൂടിയിരുന്നവരെ കാണുമ്പോൾ….! വില്ലൻ കഥാപാത്രത്തിന്റെ ക്രൂരതകൾ കണ്ടു മനം മടുത്തിരിക്കുമ്പോൾ….! തുടങ്ങി തിരശീലയിൽ അരുതായ്കകളും , അക്രമങ്ങളും നിറഞ്ഞു നിൽകുമ്പോൾ. ” ആരുമില്ലേ ഇവന് രണ്ടു പൊട്ടിക്കൽ കൊടുത്തിട്ടു അവരെ രക്ഷിക്കാൻ ” എന്ന്‌ പ്രേക്ഷകർ ചിന്തിച്ചു തുടങ്ങുന്നിടത്തു , മടക്കി കുത്തിയ മുണ്ടും , പിരിച്ചു വെച്ച മീശയും ആയി മുറിപെട്ട ആത്മാഭിമാനവും , പൗരുഷവും തിരിച്ചു പിടിക്കാനായി നായകനെ കൊണ്ട്‌ അക്രമികളെ ഓടിച്ചിട്ട് തല്ലിച്ച ഒരു മനുഷ്യൻ കഴിഞ്ഞ 45 വർഷമായി ക്യാമറക്കു പിന്നിലുണ്ട് !

“തീ ഗോളത്തിനു മുകളിലൂടെ ചാടിയും…തല കുത്തനെ മറിയുന്ന വണ്ടിയിൽ നിന്നും ചാടിയിറങ്ങിയും ,കയറിയും…ഒറ്റ കയറിൽ തൂങ്ങി കെട്ടിടങ്ങൾക്കു മുകളിലൂടെ കയറിയും , ഇറങ്ങിയും….ഓടുന്ന കുതിര യുടെ പുറത്തു നിന്നും തലകുത്തി മറഞ്ഞും..ആയുധങ്ങൾ കൊണ്ട്‌ അമ്മാനമാടിയും ” ക്യാമെറക് പിന്നിൽ പ്രാണൻ കയ്യിലെടുത്തു ചൂതാട്ടം നടത്തി കൊണ്ട്‌ 2000 ലേറെ സിനിമ സെറ്റുകളിൽ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ നിറഞ്ഞു നിന്ന ഒരു ചെറിയ മനുഷ്യൻ! അഞ്ചിലേറെ ഭാഷകളിൽ സ്റ്റണ്ട് മാസ്റ്റർ ആയി ജോലി ചെയ്തിട്ടുണ്ടെങ്കിലും, വർക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള സിനിമ ഇൻഡസ്ട്രി ഏതെന്ന ചോദ്യത്തിന് ” ഒരു സംശയവുമില്ല മലയാളം തന്നെ കാരണം ടൈറ്റിൽ കാർഡിൽ സംഘട്ടനം ത്യാഗരാജൻ എന്ന്‌ എഴുതി കാണിച്ചപ്പോൾ കയ്യടിക്കുന്ന ആളുകളെ ഏങ്ങനെ ഞാൻ മറക്കും “എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.പ്രിയ ത്യാഗരാജൻ മാസ്റ്റർ , കഴിഞ്ഞ 45 ഓളം വർഷങ്ങൾ ഞങ്ങളെ രസിപ്പിച്ചതിനു ആ കയ്യടികളും , ഹൃദയം നിറയെ സ്നേഹവും മാത്രമേ ഉള്ളു പകരം നൽകാനായി !….