മേനോൻ സാർ നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് !

  0
  378

  Sanalkumar Padmanabhan.

  2009 ന്റെ അവസാന നാളുകളി ഒന്നിൽ ഷൂട്ടിംഗ് കഴിഞ്ഞു പൃഥ്വിരാജ് സുകുമാരൻ ഒരല്പം മ്ലാനമായ മുഖഭാവത്തോടെ വീട്ടിലേക്കു കയറി വരുകയാണ് ” എന്ത് പറ്റി നിനക്ക് ?” എന്ന അമ്മയുടെ ചോദ്യത്തിന് ” നമ്മുടെ മേനോൻ ചേട്ടന്റെ നില അതീവ ഗുരുതരമാണ് ഡോക്ടേഴ്സ് 48 മണിക്കൂർ കഴിഞ്ഞാലേ എന്തേലും പറയാനാവൂ എന്നാണ് പറഞ്ഞിരിക്കുന്നത് ” എന്നായിരുന്നു പ്രിത്വിയുടെ മറുപടി .

  May be an image of 1 person and beard” മോനെ വേറെ ഒരാളുടെയും പിന്തുണ ഇല്ലാതെ 23 ആം വയസിൽ ഉത്രാട രാത്രി എന്ന സിനിമയുമായി മേനോൻ ഈ ഫീൽഡിലേക്കു കടന്നു വന്ന അന്ന് മുതൽ എനിക്ക് അയാളെ അറിയാം , അങ്ങേർക്കു ജീവിതത്തിലേക്ക് തിരിച്ചു വരാൻ 48 മണിക്കൂർ ഒന്നും വേണ്ട അയാൾ തിരിച്ചു വരുക തന്നെ ചെയ്യും , നീ അതിനെ കുറിച്ച് ഓർത്തു ആകുലപ്പെടേണ്ട കാര്യമില്ല ” എന്നായിരുന്നു അമ്മയുടെ മറുപടി …

  ഒറ്റപെടുത്തലുകൾക്കും എഴുതി തള്ളലുകൾക്കും ഒടുവിൽ പലകുറി ചാരത്തിൽ നിന്നും തന്റെ സുഹൃത്ത് ഉയർത്തെഴുന്നേറ്റു വരുന്ന കാഴ്ച കണ്ടു ശീലമായ മല്ലികക്ക് ഉറപ്പായിരുന്നു അക്കുറിയും അയാൾ തിരിച്ചു വരുമെന്ന് …!അയാളെക്കുറിച്ചുള്ള സുഹൃത്ത് മല്ലികയുടെ ധാരണകളെ ശരി വെച്ച് കൊണ്ട് ഹൈദരാബാദിലെ ആശുപത്രി ഐ സി യു വിൽ കിടക്കയിൽ കിടന്നു കൊണ്ട് തന്റെ പ്രാണന്റെ പതിയായവളുടെ ” ചന്ദ്രേട്ടാ ഇങ്ങള് കണ്ണ് തുറന്നാൽ നമുക്ക് വീട്ടിൽ പോകാം , വാ പോകേണ്ടേ ” ? എന്നുള്ള ചോദ്യം അബോധാവസ്ഥയിലും അയാളുടെ ഉള്ളിൽ ചലനങ്ങൾ സൃഷ്ടിച്ചു തുടങ്ങുമ്പോൾ, അയാൾ തന്നെ കാത്തിരിക്കുന്നവരുടെ അടുത്തേക്കുള്ള തിരിച്ചു വരവ് തുടങ്ങിയിരുന്നു …..

  ആശുപത്രിയിൽ കിടക്കയിൽ തന്നെ കാണാൻ വന്നിട്ട് , “രോഗം മാറിയാൽ ചിലപ്പോൾ അഭിനയിക്കാൻ പറ്റുമായിരിക്കും പക്ഷെ ഇനി സംവിധാനം ചെയ്യാനൊന്നും പറ്റത്തിലായിരിക്കും” എന്നൊക്കെ നിഗൂഢമായ ചിരിയോടെ പറഞ്ഞു സഹതാപ തരംഗം തീർത്തവരുടെ മുന്നിൽ ,

  “തടിയൻ 100 കിലോയിലേറെ ഭാരവുമായി അയാൾക്ക് നടക്കാൻ തന്നെ വയ്യ , പിന്നെയാണ് പന്തുമായി ഓടുന്നത് ! പരിക്കുകൾ കീഴടക്കിയ തന്റെ നല്ല കാലം കഴിഞ്ഞു കരിയറിന്റെ അവസാനത്തിൽ കൊരിന്ത്യന്സിനു വേണ്ടി 2009-2010 സീസണിൽ ബൂട്ട് കെട്ടുമ്പോൾ അയാളെ നോക്കി പുഛിച്ചു കൊണ്ട് കമന്റുകൾ വാരിയെറിഞ്ഞ നിരൂപകർക്കു 14 കളിയിൽ നിന്നും 10 ഗോളുകൾ അടിച്ചു കൂട്ടി കൊരിന്ത്യൻസിനെ ചാമ്പ്യന്മാർ ആക്കി മറുപടി കൊടുത്ത റൊണാൾഡോ നസാരിയോയെ അനുസ്മരിപ്പിച്ചു കൊണ്ട്, ആശുപത്രി കിടക്കയിൽ നിന്നും തിരിച്ചു വന്നു പുതിയ പടം അനൗൺസ് ചെയ്തു അതിനു ‘ ഞാൻ സംവിധാനം ചെയ്യും എന്നൊരു പേരും ഇട്ടു വിമർശകരെ വെല്ലുവിളിച്ച അയാളുടെ ആ ആറ്റിട്യൂട് !!
  ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ മലയാള സിനിമയിൽ 40 ലേറെ വർഷങ്ങൾ പിടിച്ചു നിൽക്കുക ..!
  നൂറിലേറെ ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങൾ ചെയ്യുക …

  40 ഓളം ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം ചെയ്യുക …
  കഥ , തിരക്കഥ , സംഭാഷണം , സംഗീതം , പശ്ചാത്തല സംഗീതം , ആലാപനം, അഭിനയം , എഡിറ്റിങ്, നിർമാണം , വിതരണം , സംവിധാനം തുടങ്ങി സിനിമയുടെ പിന്നണിയിൽ ഏറെക്കുറെ എല്ലാ മേഖലയിലും വിജയകരമായി കൈ വക്കുക !! മേനോൻ സാർ നിങ്ങൾ എന്തൊരു മനുഷ്യൻ ആണു !! 😇😇

  പത്താം വയസു മുതലേ കഥയും കവിതയും നാടകവും ആയി സ്റ്റേജുകളെ പ്രണയിച്ചു നടന്ന, പതിനാലാം വയസിൽ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്നൊരു സിനിമക്ക് പറ്റിയ തിരക്കഥ ഒരുക്കി സ്കൂൾ അധ്യാപകരെ അതിശയിപ്പിച്ച,
  “ആശ കൊടുത്താലും കിളിയെ വാക്കു കൊടുക്കാമോ ” എന്ന പാട്ടിന്റെ ഈരടികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഈടവ പഞ്ചായത്തിൽ SSLC ക്കു ഏറ്റവും കൂടുതൽ മാർക്ക് വാങ്ങും എന്ന് അച്ഛന് വാക്കു കൊടുത്തിട്ടു ആ വാക്കു പാലിച്ച ബാല്യവും കൗമാരവും നിറഞ്ഞ സ്‌കൂൾ ജീവിതം … !

  കലാപ്രവർത്തനങ്ങൾക്കും , സാമൂഹ്യ പ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം നൽകി യൂണിവേഴ്സിറ്റി കോളേജിൽ ആർട്സ് ക്ലബ് സെക്രട്ടറിയും കോളേജ് ചെയർമാനും ആയി സംഖാടക മികവും , നേതൃ ഗുണവും പ്രദർശിപ്പിച്ച കോളേജ് ജീവിതം ….

  കോളേജ് പഠനത്തിന് ശേഷം ” സാർ സിനിമ ആണ് മനസു മുഴുവൻ , സംവിധായകൻ ആകുക എന്നതാണ് സ്വപ്നവും പക്ഷെ എന്ത് ചെയ്യണം എവിടെ തുടങ്ങണം എന്നറിയില്ല ” എന്ന് ആശങ്കപ്പെട്ടു നിന്നപ്പോൾ ” നിന്റെ ശരീരഘടനയും സ്വഭാവ സവിശേഷതയും കൊണ്ട് നീ ആരുടേയും അസിസ്റ്റന്റ് ആയി ഒന്നും നില്ക്കാൻ പോകേണ്ട , അത് ശരി ആകില്ല ” എന്ന ഓ എൻ വി സാറിന്റെ ഉപദേശവും സ്വീകരിച്ചു, ഒരാളുടെ കൂടെ പോലും അസിസ്റ്റന്റ് ആയി ഒന്നും വർക്ക് ചെയ്യാതെ എഴുതി തയാറാക്കിയ പൂർണമായ തിരക്കഥയും തയാറാക്കി ഒരു നിര്മാതാവിനെയും സംഘടിപ്പിച്ചു 23 ആം വയസിൽ സംവിധായക കസേരയിൽ കയറിയിരുന്ന ഒരു മനുഷ്യൻ !!

  തന്റെ സിനിമക്ക് വേണ്ടി താരങ്ങളെയും പിന്നണി പ്രവർത്തകരെയും തേടിയിറങ്ങിയപ്പോൾ അവരുടെ ” 3 മാസത്തേക്ക് തീയതി ഇല്ല ഫുൾ റിസേർവ് ആണ് ” എന്ന് ഉള്ള ടിപ്പിക്കൽ മറുപടി കേട്ട് മടുത്തു , ഒരിക്കലും ” താങ്കൾ ക്യൂവിൽ ആണ് ” എന്നുള്ള മറുപടി കേൾക്കാൻ ഇഷ്ടമില്ലാതെ ” ക്യാമറക്കു പിന്നിലും മുന്നിലും ഉള്ള ജോലികൾ ഒന്ന് ചെയ്തു നോക്കിയാലോ എന്ന് “തീരുമാനിച്ചു പതിയെ അതിന്റെ പിറകെ സഞ്ചരിച്ചു തുടങ്ങുന്ന അയാൾ!

  തിരക്കഥ , സംവിധാനം , അഭിനയം എന്നീ മൂന്നു വേഷങ്ങളും ഒറ്റയ്ക്ക് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തു ലിംക ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ,
  തിരക്കഥയെഴുതി , സംവിധാനം ചെയ്തു , നിർമിച്ചു , അഭിനയിച്ചു അതിനു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്നുള്ള പദവിയിലേക്കും എത്തിച്ച ധീരമായ വിജയകരമായ യാത്രയുടെ ആരംഭം …!

  ശോഭന ,ലിസി, കാർത്തിക ,പാർവതി,ആനി,ഉഷ,നന്ദിനി എന്നിവരെ സിനിമയുടെ മായിക ലോകത്തിലേക് കൈപിടിച്ച് കയറ്റുകയും പിൽകാലത് അവരെ തിരശീലയിൽ വിസ്മയം സൃഷ്ട്ടിക്കുന്നത് കണ്ട്‌ ” അവർ ബാലചന്ദ്രമേനോന്റെ അംബാസിഡർ മാരാണ്” എന്ന രീതിയിൽ അഭിമാനിക്കുകയും ചെയ്തിരുന്ന ഒരാൾ ….
  അടൂർ ഭവാനി അമ്മയുടെ റേൻജ് തിരിച്ചറിഞ്ഞു അവർക്ക് ഏപ്രിൽ 18 ലെയും , നയം വ്യകത്മാക്കുന്നുവിലെയും,മികച്ച വേഷങ്ങൾ തുന്നിപിടിപ്പിച്ച ഒരാൾ !
  എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി എന്ന സിനിമയിൽ വേണു നാഗവല്ലിയുടെ എഴുത്തുകാരൻ കഥാപാത്രത്തോട് പത്രക്കാർ “ഒരു എഴുത്തുകാരൻ ആയില്ലെങ്കിൽ നിങൾ ആരാകുമായിരുന്നു എന്നൊരു ചോദ്യവും

  ” ഒരു എഴുത്തുകാരൻ ആയില്ലെങ്കിൽ , ഒരു എഴുത്തുകാരൻ ആയില്ലലോ എന്നൊരു ആത്മ രോഷത്തിൽ എല്ലാ എഴുത്തുകാരുടെയും എല്ലാ സൃഷ്ടികളെയും കീറി മുറിക്കുന്ന ഒരു നിരൂപകൻ ആയേനെ ” ! എന്നൊരു ഉത്തരവും സൃഷ്ടിച്ചു ആധുനിക ലോകത്തെ അല്പന്മാരായ നിരൂപകന്മാരെ പച്ചക്കു പരിഹസിച്ചോരു മനുഷ്യൻ ..!

  വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിൽ ഭാര്യ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു കൗൺസിലിംഗിന് വിധേയകനാകവേ ഡോക്റുടെ ” വിരിച്ചിട്ട ബെഡിനു മുൻപിൽ നിങ്ങൾ നിൽക്കവേ , നിലാവുള്ള രാത്രിയിൽ , നല്ല മുല്ലപ്പൂവ് ഒക്കെ ചൂടി , നൈറ്റ് ഗൗൺ ഒക്കെ ഇട്ടു നിങ്ങളുടെ ഭാര്യ പതിയെ നിങ്ങളുടെ തോളിൽ കൈ വക്കുന്നു അവിടെ എന്ത് സംഭവിക്കും ?

  എന്ന ചോദ്യത്തിന് മറുപടി ആയി ” അവിടെ ഒന്നും നടക്കില്ല ! എന്നാൽ ഒരു പക്ഷെ ഞാൻ കുളിമുറിയിൽ ഷവറിനു കീഴിൽ നിൽക്കുമ്പോൾ , എന്റെ ഭാര്യ ഓഫീസിൽ പോകാൻ ആയി സാരി ഒക്കെ എടുത്തു പോകുന്നത് കാണുമ്പോൾ എനിക്കവളെ വിളിക്കാൻ തോന്നുകയും , അവൾക്കു എന്റെ അടുത്തേക്ക് വന്നാൽ സാരി നനയുകയില്ല എന്നും തോന്നിയാൽ നിങ്ങൾ പറഞ്ഞത് അവിടെ നടക്കും !! ” ബെഡും , നിലാവും മുല്ലപ്പൂവും ഒന്നും അല്ല സാറെ രണ്ടു മനസ് തമ്മിലുള്ള ഐക്യം ആണ് പ്രധാനം ” എന്നും പറഞ്ഞു ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കിയ എഴുത്തുകാരൻ .. !

  ഒരിക്കൽ നാട്ടുവർത്തമാനം ഒക്കെ പറഞ്ഞു കൊണ്ട് അമ്മയുടെ നഖം വെട്ടികൊണ്ടു ഇരിക്കവേ അമ്മയുടെ ” ഡാ ചന്ദ്രാ, നിനക്ക് ഈ പുനർജന്മത്തിൽ വിശ്വാസം ഉണ്ടോടാ ? ഉണ്ടെങ്കിലേ , നീ അടുത്ത ജന്മത്തിലും എന്റെ വയറ്റിൽ തന്നെ വന്നു പിറന്നേരെ കേട്ടോടാ ” എന്ന അവിചാരിതം ആയൊരു വാചകം പിറന്നു വീണ നിമിഷത്തെ ജീവിതത്തിലെ ഏറ്റവും ഹാപ്പിയെസ്റ്റ് മോമെന്റ്റ് ആയി കാണുന്ന മകൻ !!
  തുടങ്ങി ബാലചന്ദ്ര മേനോൻ എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച സകലകാല വല്ലഭൻ നടന്നു കയറിയ വഴിയേ ഒരു സൈക്കിളും എടുത്തു കറങ്ങാൻ ഇറങ്ങിയാൽ കാണാവുന്ന എത്രയെത്ര മധുരമുള്ള കാഴ്ചകൾ !!!

  ഓർമകളിൽ ഇന്നുമുണ്ട് കാണികളെ വികാരപ്രക്ഷുബ്ധർ ആക്കിയ ആ സ്റ്റേജ് !!
  സന്ദർഭം സിനിമയുടെ 75 ആം ദിനാഘോഷം നടക്കുന്നു , കേരള ഗവർണർ സന്നിഹിതനായിരിക്കുന്ന വേദിയിലേക്ക് തന്റെ ട്രേഡ് മാർക്ക് ആയ തലേക്കെട്ടുമായി പതിയെ നടന്നു അടക്കുന്ന അയാൾ ..
  അയാളെ തടഞ്ഞു കൊണ്ട് ” ഗവർണർ ഉള്ള വേദിയിൽ ഡ്രസ്സ് കോഡ് മൈന്റെയ്ൻ ചെയ്യണം എന്ന് പറഞ്ഞു അയാളോട് തലേക്കെട്ട് അഴിക്കാൻ പറയുന്ന അന്യസംസ്ഥാനക്കാരനായ ഗൺ മാനോട് ” നിങ്ങള്ക്ക് ഒരു സിക്ക് കാരനോട് അവരുടെ തലപ്പാവ് അഴിക്കാൻ പറയാൻ പറ്റുമോ ? അത് പോലെ എനിക്ക് ഈ കെട്ട് എന്റെ ജീവിതത്തിന്റെ ഭാഗമാണ് ” എന്ന് പറഞ്ഞ അയാൾക്ക് മുന്നിൽ വഴി മാറികൊടുത്ത ഗൺ മാനിന്റെ മുന്നിലൂടെ ആ തലയിൽ കെട്ടുമായി അയാൾ നടന്നു സ്റ്റേജിലേക്ക് പോയപ്പോൾ മുഴങ്ങിയ കയ്യടികൾ പകൽ പോലെ വ്യക്തമാക്കുന്നുണ്ടായിരുന്നു ആ തലയിൽ കെട്ട് അയാളുടെ തലയിൽ മാത്രമല്ല പ്രേക്ഷകരുടെ ഹൃദയത്തിലും കൂടെ ആയിരുന്നു കെട്ടിയിരുന്നതു എന്ന് ..

  ബാലേട്ടാ കാലാനുസൃതം ആയ മാറ്റങ്ങൾ ഉൾകൊണ്ടുള്ള ഒരു ബാലചന്ദ്ര മേനോൻ ചിത്രം ഇക്കാലത്തും പ്രതീക്ഷിക്കുന്നവർ ഉണ്ടട്ടോ ….എന്ന് സമാന്തരങ്ങൾ വരെയുള്ള നിങ്ങളുടെ എല്ലാ ചിത്രങ്ങളും കണ്ടു നിങ്ങളെ അന്ധമായി ആരാധിക്കുകയും , സമാന്തരങ്ങൾക്കു ശേഷമുള്ള ചിത്രങ്ങളുടെ നിലവാരത്തകർച്ചയിൽ മനസ് കലങ്ങുകയും ,നിങ്ങളുടെ ആ പഴയ ക്ലാസ് വെളിപ്പെടുത്തുന്ന രീതിയിൽ ഉള്ള ഒരു ചിത്രവുമായി നിങ്ങൾ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ പ്രത്യക്ഷ്യപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഒരു സിനിമ ആസ്വാദകൻ ……

  **

  അനുബന്ധം (Sunil Waynz)

  മറ്റൊരാളുടെ സംവിധാനത്തിൽ അഭിനയിച്ച് മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങിക്കാൻ ആർക്കും സാധിക്കും..എന്നാൽ സ്വന്തമായി കഥ..തിരക്കഥ..സംഭാഷണമെഴുതി അത് സംവിധാനം ചെയ്ത്..അതിൽ അഭിനയിച്ച്..അതിന് എഡിറ്റിങ്ങും മ്യൂസിക്കും നൽകി ആ സിനിമ നിർമിച്ച്..വിതരണോം ചെയ്ത് ഒടുക്കം അതിലെ അഭിനയത്തിന് തന്നെ അക്കൊല്ലത്തെ നാഷണൽ അവാർഡ് വാങ്ങിച്ചെടുക്കാൻ അതിന് ഒരു റേഞ്ച് വേണം..(പ്രഭാസ് സാഹോ meme..ജെപിഗ്) ബാലചന്ദ്രമേനോൻ കാണിച്ച ആ ഹീറോയിസമൊന്നും വേറാരും അന്നും ഇന്നും ഇവിടെ കാണിച്ചിട്ടില്ല.

  May be an image of text that says "Directed by Balachandra Menon Produced by Productions Balachandra Menon Screenplay by Story by Balachandra Menon Starring Balachandra Menon Balachandra Menon Maathu Renuka Sukumari Music by Edited by Balachandra Menon Balachandra Menon Distributed by Balachandra Menon Distributed by Balachandra Menon"

  **