അച്ചടിഭാഷ സംസാരിക്കുന്ന താരങ്ങൾക്കിടയിൽ നിന്നും പ്രാദേശിക ഭാഷ സംസാരിച്ചു കൊണ്ട് ഹൃദയത്തിലേക്ക് ഇടിച്ചു കയറിയ ഒരു കോഴിക്കോടുകാരന് ഉണ്ടായിരുന്നു

60

Sanalkumar Padmanabhan

താരങ്ങൾ തിരശീലയിൽ അച്ചടി ഭാഷ മാത്രം സംസാരിച്ചു കൊണ്ടിരുന്ന 70കളിൽ പ്രാദേശിക ഭാഷ സംസാരിച്ചു കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടിച്ചു കയറിയ ഒരു കോഴിക്കോടുകാരന് ഉണ്ടായിരുന്നു മലയാള സിനിമയുടെ ചരിത്രത്തിൽ ….ജീവിതപ്രാരാബ്ധങ്ങളോട് മല്ലിടാൻ ആയി , ചുമരെഴുത്തു ജോലിക്കു പോകുകയും ,കല്യാണ തലേന്നുകളിൽ, അവിടെ കൂടിയിരിക്കുന്ന ആളുകളെ നിരീക്ഷിച്ചു അവരിൽ നിന്നും കുറച്ചു പേരെ കഥാപാത്രങ്ങൾ ആക്കി ” തന്റെ സുഹൃത്തിനോടൊപ്പം നിമിഷ നാടകങ്ങൾ ” അവതരിപ്പിക്കുകയും ചെയ്തിരുന്ന ഒരു മനുഷ്യൻ !

സിനിമയുടെ പിന്നണിയിലെ പ്രമുഖന്മാർ ഏറെ വരുന്ന ദേശപോഷിണി വായനശാലയിൽ അവരുടെ ശ്രദ്ധ ആകർഷിക്കാൻ ആയി നാടകങ്ങൾ എഴുതി അഭിനയിച്ചു , രാമു കാര്യാട്ട് സാറിനെയും വിൻസെന്റ് സാറിനെയും എല്ലാം തന്റെ അഭിനയപാടവം കൊണ്ട് കീഴ്പെടുത്തി സിനിമ എന്ന മായികലോകത്തിലേക്കു “മൂടുപടം” എന്ന ചിത്രത്തിലൂടെ വലംകാൽ വെച്ച് കയറിയ ഒരു കലാകാരൻ …..
മൂടുപടത്തിനും നരസിംഹത്തിനും ഇടയിൽ ഒഴുകിപ്പോയ 35 ഓളം വർഷങ്ങൾക്കിടയിൽ പ്രേക്ഷകരെ ചിരിപ്പിച്ച , കരയിപ്പിച്ച , കൊതിപ്പിച്ച ,എത്രയെത്ര കഥാപാത്രങ്ങൾ !

തേന്മാവിൻ കൊമ്പത്തിലെ , കാളവണ്ടിയിൽ കിടന്നു മദ്യപിച്ചു അബോധാവസ്ഥയിൽ കിടന്നു പിച്ചും പേയും പറയുന്ന അമ്മാവൻ എന്നെഴുതിയ സ്ക്രിപ്റ്റ് വായിച്ചു ഷോട്ടിന് തയാറായി ,ആക്ഷൻ പറയുമ്പോൾ സ്ക്രിപ്റ്റിൽ ഇല്ലാത്ത ” കള്ളപന്നീന്റെ അമ്മേന്റെ അനിയത്തീന്റെ ഭാര്യേടെ മോനെ ഒരു ഉമ്മ താടാ ” എന്ന ഡയലോഗ് ആരെയും അമ്പരിപ്പിക്കുന്ന ട്ടൂണിലും ടൈമിങ്ങിലും കയ്യിൽ നിന്നും വീശുന്ന,ഏയ് ഓട്ടോ യിലെ , പഠിപ്പും വിവരവും ഒന്നും ഇല്ലാത്ത ഒരു ശുദ്ധനായ ഒരു ആട്ടോ ഓടിക്കുന്ന ഒരാൾക്ക് വഴിയിൽ കിടന്നു കിട്ടിയ ക്യാഷ്, അയാൾ കൂട്ടുകാർക്കു പങ്കിട്ടു കൊടുക്കുന്ന സീൻ എന്നെഴുതിയ സ്ക്രിപ്റ്റിൽ “കുറച്ചു ക്യാഷ് എടുത്തു മൂന്നു നാല് വട്ടം എണ്ണിയിട്ടു ശരി ആകാതെ കയ്യിൽ വച്ച് ഭാരം നോക്കിയിട്ടു നമ്പൂരിച്ചാ ഇത് 2000ഉണ്ടാകും നീ എടുത്തോ ” എന്നത് കയ്യിൽ നിന്നും ഇടുന്ന …
വെള്ളാനകളുടെ നാട്ടിൽ ഇപ്പൊ ശരിയാക്കി തരാം എന്നൊരു ഡയലോഗിന് ശേഷം മൊയ്ദീന്റെ കയ്യിൽ നിന്നും ചെറിയ സ്പാൻഡറും എടുത്തു താഴേക്ക് ഇറങ്ങുന്നു എന്നെഴുതിയ തിരക്കഥയിൽ ” ഡയലോഗിന് ശേഷം റോഡ് റോളറിന്റെ ടയറിലൂടെ താഴേക്ക് ഊർന്നു ഇറങ്ങി ” ഏവരെയും അമ്പരിപ്പിച്ച …..

മണിച്ചിത്രത്താഴിലെ നിലവറയിൽ എന്തോ കണ്ടു ഭയന്ന് മാനസികനില തകരാറിലായ കാട്ടുപറമ്പനെ സുഹൃത്ത് ദാസപ്പൻ കാണുന്നു എന്നെഴുതി വച്ച സ്ക്രിപ്റ്റിൽ “അല്ല ഇതാരാ വാര്യം പിള്ളിയിലെ മീനാക്ഷി അല്ലയോ എന്താ മോളെ സ്കൂട്ടറിൽ ? എന്നുള്ള ഡയലോഗും ,”എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയേ” എന്ന് പറഞ്ഞു പ്രകടിപ്പിക്കുന്ന ആ എപിക് ഭാവങ്ങളും വാരിയെറിഞ്ഞ ..
മിന്നാരത്തിലെ തിലകൻ വന്നു വാതിലിൽ മുട്ടുമ്പോൾ ഉള്ള ” വാതിൽ തുറക്കൂലാട പട്ടി ” എന്ന ഡയലോഗിലെ ” പട്ടി ” എന്നുള്ള വോയിസ് മോഡുലേഷനിലൂടെ പിന്നണിപ്രവർത്തകരെ മുഴുവൻ ചിരിപ്പിച്ച ..

ഇമ്പ്രൂവൈസേഷന്റെ വേറെ തലത്തിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോയ ഇങ്ങളെപോലെ വേറെ ഒരാളെ കണ്ടു പിടിക്കാൻ ഉള്ള ശ്രമം വിഫലം ആകും എന്ന് ഉറപ്പുള്ളത് കൊണ്ടാകും പപ്പുവേട്ടാ നിങ്ങളെ ഇത്രക്കും ഇഷ്ടം !മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവിലെ സർദാർ കോമക്കുറുപ്പിനെയും , വെള്ളാനകളുടെ നാട്ടിലെ സുലൈമാനെയും ,ഒരു മുത്തശ്ശി കഥയിലെ കോയമ്മദിക്കയെയും , ഏയ് ഓട്ടോയിലെ മൊയ്‌ദുവിനെയും , തേന്മാവിൻ കൊമ്പത്തിലെ അമ്മാവനെയും ,പൂച്ചക്കൊരു മൂക്കുത്തിയെലെ കുട്ടനെയും , വന്ദനത്തിലെ യും ഓടരുതമ്മാവാ ആളറിയാമിലെയും , കഥാപാത്രങ്ങളെ ആസ്വദിച്ച്, അയാളുടെ തമാശകൾ കണ്ടു ചിരിച്ചു മനസിൽ ” മലയാളം കണ്ട ഏറ്റവും മികച്ച കോമഡി നടന്മാരിൽ ഒരാൾ ഇങ്ങേരു തന്നെ ”

എന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ, മനസിന്റെ തിരശീലയിൽ അറിയാതെ” ബൂട്ടിട്ട കാലു കൊണ്ടാ ചവിട്ടിയത് സാറേ , ഒന്നല്ല ഒൻപതു വാരിയെല്ല് ഒടിയുന്ന ശബ്ദം ഞാൻ കേട്ട് സാർ ” എന്ന് പറഞ്ഞു കളക്ടറുടെ മുന്നിൽ ഇരുന്നു കരയുന്ന സ്വാതന്ദ്ര്യ സമര സേനാനിയുടെയും ( ദി കിംഗ് ), ” നിന്റെ മരണത്തിനു ശേഷം ആര് നിന്റെ മരിപ്പു എടുക്കും “? എന്നൊരു ചോദ്യത്തിന് ” തന്റെ മരിപെടുക്കാൻ പോലും തനിക്കു ആരുമില്ല എന്നൊരു തിരിച്ചറിവിൽ വിങ്ങി പൊട്ടി കരയുന്ന , എല്ലാവരുടെയും മരിപ്പെടുക്കുന്ന ജോലി ചെയ്യുന്ന കുട്ടികൃഷ്ണന്റെയും ( ആൾകൂട്ടത്തിൽ തനിയെ ) ,അവളുടെ രാവുകളിലെ കൂട്ടിക്കൊടുപ്പുകാരന്റെയും , അങ്ങാടിയിലെ പെങ്ങളെ പ്രാണനായി സ്നേഹിക്കുന്ന അബുവിന്റെയും, കാണാക്കിനാവിലെ മതവികാരം വളർത്തി ആളുകളെ തമ്മിലടിപ്പിക്കുന്ന കുഞ്ഞിമൂസകുട്ടിക്കയുടെയും ഒക്കെ റീലുകൾ ഇങ്ങനെ പതിയെ ഓടിത്തുടങ്ങും

” കോമഡി നടൻ എന്നൊരു ലേബലിൽ തളച്ചിടേണ്ട ആളല്ല പപ്പുവേട്ടൻ എന്നൊരു പശ്ചാത്തല സംഗീതവുമായി ! കോഴിക്കോട് ജില്ലാശുപത്രിയുടെ നടക്കൽ ഓട്ടോ ഓടിക്കുന്ന ഓട്ടോക്കാരനെ കാണണോ ? കോഴിക്കോട് ഒന്നും പോകണ്ട ഭായ് ” ഏയ് ഓട്ടോ എന്ന സിനിമ ഒന്ന് കണ്ടോളു അതിൽ ” അല്ല ഇങ്ങള് തമാശ്യക്കാണ് ? എന്നൊരു ചോദ്യവുമായി യാത്രക്കാറുമായി ചുമ്മാ കോർക്കുന്ന അബു എന്ന ഡ്രൈവറെ കാണാം !

നല്ല പൂത്ത കാശുള്ള , തലയിൽ ആള്താമസം ഇല്ലാത്ത കുബേരനെ കാണണോ ” യൂട്യൂബിൽ മഴപെയ്യുന്നു മദ്ധളം കൊട്ടുന്നു എന്ന് സേർച്ച് ചെയ്തോളു , സർദാർ കോമക്കുറുപ്പ് എന്നൊരാളെ കാണാം !കള്ളു കുടിക്കാനുള്ള പൈസ കിട്ടാനായി മാത്രം ഷോപ് തുറന്നു വെച്ചിരിക്കുന്ന കടക്കാരനെ കാണണോ ? വരു നമുക്ക്, ജീവിക്കാൻ ആയി ഒരു ജോലി തേടി വർക്ഷോപ്പിൽ പോകുന്ന തിരുമുറ്റത്ത് കൊച്ചു തോമയുടെ മകൻ റോയിയുടെ പിറകെ പോകാം അവിടെ രാവിലെ എങ്ങനെ രണ്ടെണ്ണം അടിക്കും എന്നോർത്ത് വിഷമിച്ചിരുന്ന വോർക്ശോപ് ആശാനേ കാണാം ! ( വീണ്ടും ചില വീട്ടുകാര്യങ്ങൾ ) ഇതേ പോലെ, നടനെന്ന വ്യക്തിയുടെ മാനറിസങ്ങൾ മുഴുവൻ മാറ്റി വെച്ച് കഥാപാത്രമായി പൂർണമായി പകർന്നാടിയ എത്രയെത്ര അവിസ്മരണീയ വേഷങ്ങൾ …..പപ്പു എന്ന പത്മദളാക്ഷൻ അയാൾ ഒരു നടൻ ആവാൻ വേണ്ടി മാത്രം രൂപം കൊണ്ട ഒരു ജൻമം ആയിരുന്നു ! മറവിയുടെ ചിതലുകൾ കവർന്നെടുത്തു തുടങ്ങിയോ പപ്പുവേട്ടന്റെ ഓർമകളെ ?