Sanalkumar Padmanabhan
ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള കപ്പും എടുത്തു കൊടുത്തു ,ഒരു കലണ്ടർ വർഷം 1800 ഇൽ അധികം റൺസുകളും അടിച്ചെടുത്തു റെക്കോർഡ് സൃഷ്ടിച്ച ശേഷം പ്രെസ്സ് മീറ്റ് വിളിച്ചു “ഞാൻ കളിയിൽ നിന്നും വിരമിക്കുകയാണ് “എന്ന് പറയുന്ന ടെൻഡുൽകർ നമുക്കൊരു ദുസ്വപ്നമാണെങ്കിൽ …..
രാജാവിന്റെ മകൻ മുതൽ ഭരതം വരെയുള്ള നാല് വർഷങ്ങൾക്കിടയിൽ ഒരു സുന്ദര സ്വപ്നം പോലെ സിനിമകൾ ചെയ്തു കൊണ്ടിരുന്ന ലാലേട്ടന്റെ, ഭരതത്തിൽ ദേശീയ അവാർഡ് സ്വീകരിച്ച ശേഷം “ഞാൻ ഇനി അഭിനയിക്കുന്നില്ലെന്ന” പ്രസ്താവന നമ്മുടെ ചിന്തകൾക്കുമപ്പുറെയാണെങ്കിൽ ……
ന്യൂ ഡൽഹിയിൽ നിന്നും വടക്കൻ വീരഗാഥയിലേക്കുള്ള ദൂരത്തിനിടയിൽ മമ്മൂട്ടി എന്ന നടൻ താണ്ടിയ ദൂരങ്ങളും വടക്കൻ വീരഗാഥയിലെ പ്രകടനത്തിന് ലഭിച്ച ദേശീയ അവാർഡും കയ്യിലേറ്റി നിന്നിട്ടു “ഞാൻ ഇനി അഭിനയിക്കില്ല ഇതു എന്റെ അവസാന സിനിമയാണെന്ന” മമ്മൂക്കയുടെ വാചകം നമ്മുടെ സങ്കൽപ്പങ്ങൾക്കുമ പ്പുറെയാണെങ്കിൽ …….
എങ്ങോ നടന്നു കഴിഞ്ഞൊരു ദുഖർത്ഥമായൊരോർമ പോലെ…..
വിടരും മുൻപേ കൊഴിഞ്ഞു പോയ വസന്തമെന്നോണം..
ഓർമകളിലൊരു വിങ്ങലായി അവരുടെ മുഖം ഇങ്ങനെ തെളിഞ്ഞു വരുകയാണ് …..
സല്ലാപം മുതൽ കണ്ണെഴുതി പൊട്ടും തൊട്ട് വരെയുള്ള മൂന്നെ മൂന്നു വർഷങ്ങൾ കൊണ്ടു സംസ്ഥാന,ദേശീയ പുരസ്‌കാരങ്ങളും തുടർ വിജയങ്ങളും തന്റെ പേരിലാക്കിയ ശേഷം ദേശീയ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഏവരെയും ഞെട്ടിച്ചു കൊണ്ടു “താൻ സിനിമയിൽ നിന്നും വിട വാങ്ങുകയാണെന്ന്” സന്തോഷത്തോടെ പറഞ്ഞൊരാളുടെ മുഖം …….
പുതുമുഖ നായകൻ അഭിനയിച്ച ആദ്യ ചിത്രത്തിൽ അയാളുടെ അഭിനയം അല്പം മോശം ആയാലും , പടം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ പോലും അയാൾക്കും വീണ്ടും അവസരങ്ങൾ ലഭിച്ചിരുന്ന ..
അതെ അവസ്ഥ പുതുമുഖ നായികക്ക് ആണേൽ അവരുടെ അരങ്ങേറ്റ ചിത്രവും അവസാന ചിത്രവും ഒന്ന് തന്നെ ആകുമായിരുന്നു ഒരു കാലത്തു …….
നായികയായി അരങ്ങേറിയ ആദ്യ ചിത്രമെന്ന പോലെ തന്നെ തുടർന്ന് അഭിനയിച്ച പതിനെട്ടോളം ചിത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി ഹിറ്റ് ചാർട്ടിലേക്കും , അതിലെ അവരുടെ അഭിനയ മുഹൂർത്തങ്ങൾ കാണുന്നവരുടെ ഹൃദയത്തിലേക്കും സ്റ്റാമ്പ് ചെയ്‌തൊരാൾ….
അതെ പറഞ്ഞു വരുന്നത് അവരെ കുറിച്ച് തന്നെയാണ് ……
ഏതേലും നടീനടന്മാരുടെ കൂടെ റിയാക്ഷൻ ഷോട്ടുകൾ വരുന്ന സീനുകളിലെല്ലാം തന്റെ തിരക്ക് കഴിഞ്ഞു സൗകര്യം പോലെ വന്നു ചെയ്തിരുന്ന മഹാനടൻ തിലകൻ ഒരിക്കൽ സംവിധായകൻ രാജീവ് കുമാറിനോട് ” അവരുടെ കൂടെ ഉള്ള രംഗങ്ങൾ ഒക്കെ ഞാൻ അവരോടൊപ്പം നിന്നു തന്നെ ചെയ്തോളാം എന്തെന്നാൽ അവരുടെ മുഖത്ത് വരുന്ന ഭാവങ്ങളോട് അപ്പോൾ തന്നെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ പിടിക്കാൻ വലിയ പാടാണ് ” എന്ന് പറഞ്ഞ അതെ ആളെക്കുറിച്ചു …….. ( കണ്ണെഴുതി പൊട്ടും തൊട്ടു )
അവസാന ആശ്രയമായി കണ്ട കാമുകനും കയ്യൊഴിഞ്ഞപ്പോൾ , ആരുമില്ലാതെയായ രാധ പാളത്തിലൂടെ ചൂളം വിളിച്ചു വരുന്ന ട്രെയിന് മുന്നിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ മുറച്ചെറുക്കൻ ദിവാകരൻ വന്നു രക്ഷിക്കുന്നു എന്ന സ്ക്രിപ്റ്റിൽ,
ട്രെയിന് മുന്നിൽ ചാടി മറിക്കാൻ ശ്രമിച്ച രാധയെ ദിവാകരൻ പിടിച്ചു മാറ്റി രക്ഷിച്ചു കഴിഞ്ഞിട്ടും കഥാപാത്രത്തിൽ നിന്നും ഇറങ്ങി വരാനാകാതെ അയാളിൽ നിന്നും കുതറി മാറി ട്രെയിന് മുന്നിലേക്കു ചാടാൻ ശ്രമിക്കുന്ന അവരെ കണ്ടു മനോജ് കെ ജയൻ പറഞ്ഞ ” എടൊ ഇത് വെറും അഭിനയം ആണ്, താൻ എന്താ ഈ കാണിക്കുന്നെ ഞാൻ പിടിച്ചില്ലെങ്കിൽ താൻ ഇപ്പോൾ ട്രെയിന് മുന്നിൽ ചാടി മരിച്ചേനെലോ ” എന്ന് വിശേഷിപ്പിച്ച ആ ആളെക്കുറിച്ചു ……..!
കാഴ്ചക്കാരുടെ സൂക്ഷ്മവികാരങ്ങളെ പിടിച്ചു കുടയുന്ന ജീവിത സാഹചര്യങ്ങൾ നിറഞ്ഞ സ്ത്രീ കഥാപാത്രങ്ങളെ വെള്ളപേപ്പറിൽ വിരിയുന്ന അക്ഷരങ്ങളായി എഴുത്തിന്റെ കുലപതികളായ എം ടി യും , ലോഹിയും , ശ്രീനിവാസനും , ശത്രുഘ്നനും , രഞ്ജി പണിക്കരും , രഞ്ജിത്തുമെല്ലാം എല്ലാം സൃഷ്ടിച്ചപ്പോൾ അവക്കെല്ലാം എഴുത്തുകാരൻ മനസ്സിൽ കണ്ട പെർഫെക്ഷനോടെ ബിഗ് സ്‌ക്രീനിൽ ജന്മം നൽകിയ ആ ആളെക്കുറിച്ചു ……
മഞ്ജു വാര്യർ ….❤️❤️
മഴ പെയ്‌തു കഴിഞ്ഞാലും മരം പിന്നെയും കുറച്ചു നേരം കൂടി പെയ്‌തു കൊണ്ടേയിരിക്കും എന്ന് പറഞ്ഞത് പോലെ അയാളുടെ രണ്ടാം വരവിന് ശേഷമുള്ള ചില സിനിമകളെന്ന മര പെയ്ത്തു കണ്ടിട്ട് അവക്ക് മഴയുടെ കരുത്തില്ലെന്നു പരിഭവം പറയുന്ന പുതു തലമുറയോട് …
ക്രിഷ്ണഗുടിയെന്ന ഉൾഗ്രാമത്തിൽ കുട്ടികളോടൊപ്പം കളിച്ചു കഴുതപുറത്തു പാട്ടും പാടി രസിച്ചു പോരുന്ന മീനാക്ഷിയിൽ നിന്നും , നടുറോഡിൽ കലി തുള്ളി നില്കുന്ന സബ് ഇൻസ്പെക്ടർ വാഴക്കാലിയെ മൂർച്ചയെറിയ വാക്കുകൾ കൊണ്ടു പ്രഹരിക്കുന്ന ദേവിക ശേഖർ ആയും ….
സുഹൃത്ത് മായ സൃഷ്ടിച്ച പ്രണയത്തിന്റെ മായിക ലോകത്തിൽ മയങ്ങി വിനയചന്ദ്രന്റെ പിറകെ പോയി മനസിന്റെ താളം തെറ്റിയ ആരതിയിൽ നിന്നും , മടിക്കുത്തിൽ തിരുകിയ വാകത്തി കൊണ്ടു അക്രമികളോട് സംസാരിക്കുന്ന ഭാനു ആയും അവർ രൂപാന്തരപ്പെടുന്ന കാഴ്ചയും …
ദിവാകരൻ എന്ന നെഞ്ചു നിറയെ സ്നേഹമുള്ള പരുക്കനായ ദിവാകരന്റെ ഉള്ളു കാണാതെ ജൂനിയർ യേശുദാസിന്റെ പ്രണയത്തിനും പ്രാരാബ്ധത്തിനും മുന്നിൽ പതറി പോയ രാധയായും..( സല്ലാപം )
സഹോദരന്റെ അകാലത്തിലുള്ള മരണം നൽകിയ മാനസീക ആഘാതത്തോടെ ഒരു നാട്ടുമ്പുറത്തേക്കും മോഹനചന്ദ്രൻ എന്ന വക്കീലിന്റെ ജീവിതത്തിലേക്കും വന്നിറങ്ങിയ ദേവപ്രഭയായും …( തൂവൽകൊട്ടാരം )
വാച് റിപയറർ ഗോപിയുടെ പ്രണയത്തിനും , തന്റെ ചേച്ചിമാരോടുള്ള സ്നേഹത്തിനും ഇടയിൽ കുടുങ്ങിപ്പോയ അഞ്ജലിയായും ……( ഈ പുഴയും കടന്നു )
നിരഞ്ജൻ എന്ന മനുഷ്യനെ പരിചയപെട്ടില്ലായിരുന്നെകിൽ താൻ ബെത്ലഹേമിലെ ഡെന്നീസിനെ മാത്രമേ വിവാഹം കഴിക്കുമായിരുന്നുള്ളു കാരണം അയാൾ അത്രക്കും നന്മയുള്ളവൻ ആണെന്നു പറയുന്ന ഒരു സിനിമയുടെ ജീവനായി നിന്ന ആമിയായും ……
കൈകരുത്തിനാൽ ഒരൊറ്റ രാത്രി കൊണ്ട് ധാരാവിയിലെ തെരുവ് ഒഴിപ്പിച്ച ജഗന്നാഥന്റെ മുന്നിൽ ദേവീ പ്രഭയോടെ തെളിഞ്ഞു നിന്ന ഉണ്ണിമായ ആയും ….
ഭർത്താവിനോടുള്ള പ്രണയത്തേക്കാൾ കുഞ്ഞിനോടുള്ള സ്നേഹത്തിനു വില കൊടുത്ത അനുപമയായും …
എല്ലാം അവർ തിരശീലയിൽ പെരു മഴയെന്നോണം പെയ്തിറങ്ങിയത് ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു തലമുറ……
” നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്നത് വെറും മര പെയ്ത്താണെന്നും ശരിക്കുള്ള മഴപെയ്ത്ത് എന്തായിരുന്നെന്നും”
ആവേശത്തോടെ ഒരല്പം നെടുവീർപ്പോടെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്ന കാണാൻ സുഖമുള്ള കാഴ്ച സമ്മാനിക്കുന്നൊരാൾ ….. !
തമിഴ് നാടിൻ നായകൻ തലയോടൊപ്പം സ്ക്രീൻ പങ്കിടുവാനുള്ള അവസരം” തുനിവ് ” നും പതിനഞ്ചു വർഷം മുൻപേ ലഭിച്ചപ്പോൾ വ്യക്തിപരമായ കാരണങ്ങളാൽ അതിനോട് “നോ ” പറഞ്ഞു തനിക്ക് പകരം ആ വേഷത്തിൽ ഐശ്വര്യ റായ് അഭിനയിക്കുന്നതും നിറഞ്ഞ ചിരിയോടെ നിന്നൊരാൾ ….. ( കണ്ടു കൊണ്ടെൻ )
പ്രപഞ്ചമാകെ പ്രകാശം പരത്തി കൊണ്ടിരുന്ന നക്ഷത്രത്തിൽ നിന്നും ഒറ്റ മുറിയിരുട്ടിൽ വെളിച്ചം സൃഷ്ടിക്കുന്ന മിന്നാമിനുങ്ങിലേക്കു സന്തോഷത്തോടെ പതിനഞ്ചു വര്ഷങ്ങളോളം പരകായ പ്രവേശം ചെയ്തൊരാൾ …….
ഒടുക്കം ജീവിതം താൻ ആഗ്രഹിക്കുന്ന ദിക്കിലേക്ക് അടുക്കാതെ ഗതി മാറി ഒഴുകുന്നത് കണ്ടു നിരാശ പൂണ്ടു , ഒരൊറ്റ തെറ്റായ തീരുമാനത്തിന്റെ പുറത്തു നഷ്ടമാക്കി കളഞ്ഞ നല്ല നാളുകളെ തിരിച്ചു പിടിക്കാൻ തീരുമാനിച്ചു കൊണ്ട് കൗമാര കാലത്തു രണ്ടു വട്ടം അടുപ്പിച്ചു തന്നെ കലാതിലകം ആക്കിയ “പ്രതിഭയും നിശ്ചയദാർട്യവും ” എന്നീ രണ്ട് ആത്മസുഹൃത്തുക്കളിൽ വിശ്വാസമർപ്പിച്ചു കൊണ്ടു വീണ്ടും ക്യാമറക്കു മുന്നിലേക്ക്
“പെണ്ണിന്റെ മോഹങ്ങൾക്ക് എക്സ്പയറി ഡേറ്റ് വച്ചതു ആരാണ് ?”
എന്നൊരു ചോദ്യവുമായി നിരുപമ രാജീവിലൂടെ വെള്ളിത്തിരയുടെ ലോകത്തേക്ക് തിരിച്ചു വന്നൊരാൾ ……
പ്രിയ മഞ്ജു വാര്യർ …
ഒരൊറ്റ തീരുമാനം കൊണ്ടു നിങ്ങൾ നഷ്ടമാക്കി കളഞ്ഞ 15 വർഷങ്ങളിൽ സംഭവിക്കുമായിരുന്ന ….. അനശ്വരമാക്കേണ്ടിയിരുന്ന നൂറോളം കഥാപാത്രങ്ങളെ കുറിച്ച് ചിന്തിച്ചു, അവ നടന്നിരുന്നെങ്കിൽ ഉർവശി എന്ന വല്ലപ്പോഴുമൊരിക്കൽ മാത്രം സംഭവിക്കുന്ന അസാധ്യ പ്രതിഭക്കു തൊട്ടു താഴെ എത്തി നിൽക്കേണ്ട കരിയർ ഗ്രാഫ് ആയിരുന്നേനെ നിങ്ങളുടേത് എന്ന് വിശ്വസിക്കുന്നവർ ഇന്നും ഏറെയുണ്ട്….
അവർക്ക് വേണ്ടി .
അവരുടെ നിഗമനങ്ങൾ തെറ്റായിരുന്നില്ല എന്ന് തെളിയിക്കുവാണെണെങ്കിൽ പോലും ..
നിങ്ങൾ ഇനി ചെയ്യാനിരിക്കുന്ന പ്രൊജകറ്റുകളിൽ സ്ക്രിപ്റ്റിൽ യാതൊരു വിധത്തിലുമുള്ള ക്വാളിറ്റി കോംപ്രമൈസിനും നിൽക്കാതെ മുന്നോട്ടു പോകുക …….
ഞങ്ങളുണ്ട് കൂടെ …..
ഇൻസ്റ്റയിൽ ഇഷ്ടമുള്ളൊരു റീൽ ഇങ്ങനെ ഓടികൊണ്ടിരിക്കുക ആണ്….
ഒരു കുഞ്ഞ് പെൺകുട്ടി നിഷ്കളങ്കമായി ചിരിച്ചു കൊണ്ടു കളിച്ചു കൊണ്ടിരിക്കുകയാണ് പശ്ചാത്തലത്തിൽ കുഞ്ഞിക്കൂനനിലെ ” ഹൊ വല്യ മഞ്ജു വാര്യർ ആണെന്ന വിചാരം കുരുപ്പിന്റെ “……
അതെ നമ്മുടെ പെൺകുഞ്ഞുങ്ങൾ സ്വയം അവർ മഞ്ജു വാര്യർ ആണെന്ന് വിചാരിക്കട്ടെ….
ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി …..
അക്കാലമത്രയും കൊണ്ടു നേടിയതെല്ലാം ഇഷ്ട പ്രണയത്തിന് വേണ്ടി ത്യജിക്കാൻ ഒരു മടിയുമില്ലാത്തവൾ ….
ഒടുവിൽ കാൽചുവട്ടിലെ അവസാന തരി മണ്ണും നഷ്ടപ്പെട്ടു പോകുന്നു എന്നറിയുമ്പോൾ ആരുടെ മുന്നിലും തല കുനിക്കാതെ നട്ടെല്ല് വളക്കാതെ തന്നെ താനാക്കി മാറ്റിയ സ്വന്തം കഴിവുകളും ആത്മവിശ്വാസവും വിളക്കി ചേർത്തൊരു ഊന്നു വടിയുണ്ടാക്കി വീണു പോകാതെ വീണ്ടും താഴെ നിന്ന് അടി വച്ചു നടന്നു ഒരിക്കൽ നഷ്ടപ്പെടുത്തി കളഞ്ഞ ഉയരങ്ങൾ താണ്ടുന്ന പെണ്ണൊരുത്തി …….