44 വർഷങ്ങൾ ആകുന്നു.. ആ ഹാർമോണിയത്തിൽ നിന്നും പാട്ടുകൾ ഒഴുകാതെയായിട്ട്
Sanalkumar Padmanabhan
പാട്ടുകാരൻ കൂടിയായ ഒരു സംഗീത സംവിധായകൻ മരണപ്പെട്ടിട്ടു 25 ഓളം വർഷങ്ങൾക്കു ശേഷം അദ്ദേഹം ജനിച്ചു വളർന്ന പട്ടണത്തിലെ പൗരസമിതിയും MACTA യും ചേർന്ന് അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം കോർത്തിണക്കി , അദ്ദേഹത്തിന്റെ പേരിൽ, ആ ഓർമക്കായി ഒരു സംഗീത സന്ധ്യ അണിയിച്ചൊരുക്കുക !
അതിൽ മുഖ്യ അതിഥികളായി ബോളിവുഡിൽ നിന്നും അന്നത്തെ മിന്നും നായകനെയും നായികയെയും കൊണ്ട് വരുക … !
പാടുവാനായി യേശുദാസും , ജാനകിയും അടക്കമുള്ളവർ ദിവസങ്ങൾക്കു മുൻപേ സ്ഥലത്തെത്തി റിഹേഴ്സലുകൾ എടുത്തു പ്രോഗ്രാമിനായി പരിപൂർണമായി ഒരുങ്ങുക ..! കോഴിക്കോട് അന്നോളം കാണാത്ത രീതിയിലുള്ള ജനക്കൂട്ടം ഗ്രൗണ്ടിലും തൊട്ടടുത്ത വീടുകളിലെ വർക്കാപ്പുറത്തും മരത്തിന്റെ മുകളിലും മതിലുകളിലും ആയി രൂപപ്പെട്ടു ആ പാട്ടുകൾക്കായി കാതു കൂർപ്പിച്ചു നിൽക്കുക .. !
പ്രോഗ്രാം കഴിഞ്ഞു പിറ്റേന്നുള്ള ദിവസത്തെ പത്രങ്ങളിൽ തിക്കിലും തിരക്കിലും പെട്ടും മതിലിടിഞ്ഞും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും ഒട്ടനവധിപേർക്ക് പരിക്കേറ്റതിന്റെ വാർത്തകൾ വരുക !
നിങ്ങള്ക്ക് വിശ്വസിക്കാനാവുന്നുണ്ടോ രണ്ടായിരത്തിന്റെ തുടക്കങ്ങളിലൊരു നാളിൽ പണ്ടെങ്ങോ മരണമടഞ്ഞു പോയൊരു മനുഷ്യൻ തന്റെ ഓർമ്മകൾ കൊണ്ട് കോഴിക്കോട് പട്ടണത്തെയാകെ പിടിച്ചു കുലുക്കിയെന്ന് !!
ഹോം സിനിമയിൽ ഇന്ദ്രൻസിന്റെ ഒലിവർ എന്ന കഥാപാത്രം മകനോട് പറയുന്ന ഡയലോഗ് ആണ് ഓര്മ വരുന്നത് “എന്നാൽ ഈ കഥക്ക് അങ്ങനെയൊരു കുഴപ്പമുണ്ട് ”
ഇത് , വിശപ്പിനോട് പൊരുതി വീട്ടിൽ അടുപ്പ് പുകയുവാൻ വേണ്ടി സ്വന്തം വയർ തബലയാക്കി കൊട്ടികൊണ്ടു റെയിൽവെ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും പാട്ടുകൾ പാടി നടന്ന മുഹമ്മദ് സബിർ എന്ന കൗമാരകാരനിൽ നിന്നും മലയാള സിനിമ സംഗീത ലോകത്തെ രണ്ടു പതിറ്റാണ്ടുകളോളം തന്റെ ഹാർമോണിയത്തിൽ ഒളിപ്പിച്ചു വച്ച “ബാബുക്ക” യിലേക്കു വളർന്ന മനുഷ്യന്റെ കഥയാണ് ….
ഹാർമോണിയത്തിൽ വിരിയുന്ന ഈണങ്ങളെക്കാൾ കൂടുതൽ അയാളുടെ വിരലുകൾ അതിൽ അനുസ്യൂതമൊഴുകുന്ന കാഴ്ച കാണുവാനായി മാത്രം ജനക്കൂട്ടം സ്വയം രൂപ്പപ്പെട്ടിരുന്ന കാഴ്ചകൾ സൃഷ്ടിച്ചിരുന്ന മനുഷ്യന്റെ കഥ ……
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാല പാഠങ്ങൾ തന്റെ മകന് ബാല്യത്തിലെ പകർന്നു നൽകിയ ശേഷം അവനെ തനിച്ചാക്കി തീർത്ഥാടനത്തിന് പോയ പിതാവ് ജാൻ മുഹമ്മദ് ഖാനേയും അദ്ദേഹത്തിന്റെ സംഗീതത്തെയും പിന്തുടർന്ന് കൊൽക്കത്തയിലും , ബോംബെയിലും ശ്രീലങ്കയിലും ചെന്നെത്തി അവിടെ നിന്നെല്ലാം അഭ്യസിച്ചു സ്പുടം ചെയ്തെടുത്ത സംഗീതവുമായി ഒരു ഹാർമോണിയം നിറയെ ഗസലുകളും ആയി തിരിച്ചു കോഴിക്കോടേക്ക് കാലു കുത്തിയ ഒരാളുടെ കഥ …….
കോഴിക്കോട് കല്യാണവീടുകളിലും നാടകങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം നിമിഷ നേരങ്ങൾ കൊണ്ട് അതിമനോഹരഗാനങ്ങളൊരുക്കി കാണികളെ വിസ്മയിപ്പിച്ച ശേഷം , മലയാള സിനിമ സംഗീതത്തിന്റെ ലാളിത്യത്തിലേക്കു ഹിന്ദുസ്ഥാനി സംഗീതത്തെ ലയിപ്പിച്ചു കേൾവിക്കാർക്കു മത്തു പിടിപ്പിക്കുന്ന സംഗീത രുചിക്കൂട്ടൊരുക്കി കൊണ്ട് കടന്നു വന്നു ശൂന്യതയിൽ നിന്നും സാമ്രാജ്യം സൃഷ്‌ടിച്ച ഒരു നായകന്റെ കഥ ……!
എം ടി വാസുദേവൻ നായർ ഒരിക്കൽ അദ്ദേഹത്തെ ഏറെ ആകർഷിച്ച പത്തു പാട്ടുകൾ തെരഞ്ഞെടുത്തപ്പോൾ അതിൽ ഏഴു പാട്ടുകൾക്കും ഈണം നൽകിയ അസാധാരണകാരന്റെ കഥ !
പുതിയ സിനിമയിലെ പാട്ടുകളുടെ റെക്കോർഡിങ് കഴിഞ്ഞു അയാൾ മദിരാശിയിൽ നിന്നും തിരിച്ചു വരുന്നുണ്ടെന്നു കേട്ട് റെയിൽവേ സ്റ്റേഷനിൽ അയാളിൽ നിന്നും ആ പുതിയ പാട്ടുകളൊന്നു പാടി കേൾക്കാനായി ജനക്കൂട്ടത്തെ കാത്തു നിർത്തിയ പ്രതിഭയുടെ കഥ !
വിജയം നേടിയ സിനിമകളിൽ ശ്രദ്ധേയമായ പാട്ടുകളൊരുക്കി നിത്യസാന്നിധ്യമായിരുന്നുവെങ്കിലും അവക്ക് പ്രതിഫലമായി ലഭിച്ചിരുന്ന ചെക്കുകളിൽ പലതും ക്യാഷ് ഇല്ലാതെ മടങ്ങുമ്പോഴും ആരോടും ഒന്നും പറയാതെ കിട്ടുന്ന പ്രതിഫലത്തേക്കാൾ പാട്ടുകളൊരുക്കുമ്പോൾ ലഭിക്കുന്ന നിർവൃതിയിൽ സായൂജ്യം കണ്ടെത്തിയൊരാൾ …
“അകലെ അകലെ നീലാകാശം” എന്ന പാട്ടിൽ നീലാകാശം ഒരുപാട് അകലെയാണെന്ന തോന്നലും ..
“കണ്ണുനീർ കൊണ്ട് നനച്ചു വളർത്തിയ കൽക്കണ്ട മാവിന്റെ കൊമ്പത്തു” എന്ന വരിയിൽ
കാൽകണ്ടതിന്റെ മധുരവും കണ്ണീരിന്റെ ഉപ്പും കലർന്നിട്ടുണ്ടെന്നും ..
“പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത് കെട്ടിപിടിച്ചു കരയുന്ന പെണ്ണെ”
എന്ന പാട്ടിൽ അവളുടെ സ്വപ്ങ്ങളെല്ലാം നശിച്ചുവെന്നും ..
“താമസമെന്തേ വരുവാൻ” എന്ന വരിയിൽ ഒരു കാമുകന്റെ കാത്തിരിപ്പിന്റെ വേദനയുണ്ടെന്നും
തുടങ്ങി തന്റെ ഓരോ പാട്ടും…
പാട്ടിന്റെ ഈണങ്ങളിലെ വികാരഭാവങ്ങളിലൂടെ ആദ്യ കേൾവിയിലെ കേൾവിക്കാരന്റെ ഹൃദയത്തിലേക്ക് പതിയണമെന്നു വാശിയുണ്ടായിരുന്നൊരു മനുഷ്യന്റെ കഥ !
“പ്രാ ” വച്ച് പാട്ടു പാടിത്തുടങ്ങിയാൽ അത് കേൾക്കുന്നവർക്ക് ഒട്ടും ശ്രവണസുന്ദരം ആകില്ലലോ എന്ന് ആശങ്കപെട്ട യേശുദാസിന്റെ മുന്നിൽ ” പ്രാണ സഖി ഞാൻ വെറുമൊരു ” എങ്ങനെ പാടിയാലാണ് കേൾവിക്കാരന്റെ നെഞ്ചിനെ മുറിവേല്പിക്കാനാ ആകുക എന്ന് പാടി കാണിച്ചു കൊടുത്തൊരാൾ!
ഒരു പുഷ്പം മാത്രമെൻ ..
പ്രാണസഖി ..
കദളി വാഴ കയ്യിലിരുന്നു
അന്ന് നിന്റെ നുണക്കുഴി
ഒരു കൊട്ട പൊന്നുണ്ടല്ലോ ..
സുറുമയെഴുതിയ മിഴികളെ
സൂര്യകാന്തി സൂര്യകാന്തി
തളിരിട്ട കിനാക്കൾ തൻ
അറബി കടലൊരു മണവാളൻ
കണ്മണി നീയെൻ കരം
താമരകുമ്പിളല്ലോ മമ ഹൃദയം
മാമലകൾക്കപ്പുറത്തു
തുടങ്ങി എത്രയെത്ര മരണമില്ലാത്ത പാട്ടുകൾ !
മദിരാശിയിലെ ജെനെറൽ ആശുപത്രിയിൽ അന്ത്യനാളുകളിലൊലൊന്നിൽ തന്നെ കാണുവാൻ വന്ന ബാല്യകാല സുഹൃത്തായ കെ ടി മുഹമ്മദിനോട് അയാൾ ചോദിക്കുന്നൊരു ചോദ്യമുണ്ട് സത്യവേദപുസ്തകത്തിൽ ഇയോബ് ചോദിച്ച അതെ ചോദ്യത്തിന് സമാനമായൊരു ചോദ്യം ” കെ ടി പടച്ചവൻ എന്തിനു എന്നെ സൃഷ്ടിച്ചു എന്ന് ?”
അന്ന് ആ ചോദ്യത്തിന് മുന്നിൽ കൃത്യമായൊരു ഉത്തരം നൽകാനാകാതെ കെ ടി പരുങ്ങിയപ്പോൾ നിരാശനായ അയാൾക്ക് അതിനു കൃത്യമായ ഉത്തരം കിട്ടുന്നത് അയാളുടെ മരണശേഷം 25 ഓളം വർഷങ്ങൾ കഴിഞ്ഞാണ് …
മരണമടഞ്ഞിട്ടു ഒരുപാടു വര്ഷങ്ങള്ക്കു ശേഷവും അയാളുടെ പാട്ടുകൾ കേൾക്കാൻ തടിച്ചു കൂടിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഉന്നതങ്ങളിലേക്ക് നോക്കി ബാബുരാജ് സംഗീത സംഗമം എന്ന ചടങ്ങിലെ മുഖ്യ അതിഥിയായ ഷാരൂഖ് ഖാൻ പറഞ്ഞ ” പ്രിയ ബാബുക്ക ഇത്ര വർഷങ്ങൾക്കിപ്പുറവും നിങ്ങളുടെ പാട്ടുകൾക്ക് കാതോർത്തു നിങ്ങളുടെ ഓർമകൾക്ക് മുന്നിൽ വിതുമ്പി നിങ്ങളെ തേടി ഇവർ വന്നിരിക്കുന്നു , ഇതിൽ കൂടുതൽ നിങ്ങള്ക്ക് എന്താണ് ബാബുക്ക വേണ്ടത് ? ഇത്രയും പേരുടെ ഓർമകളിൽ ഇന്നും ജീവിക്കുന്ന നിങ്ങൾ എന്നിൽ വിസ്മയം സൃഷ്ടിക്കുന്നു ” വാക്കുകളിൽ ഉണ്ടായിരുന്നു അതിനുള്ള കൃത്യമായ ഉത്തരം …!
“ബാബുക്ക നിങ്ങളെ പടച്ചവൻ സൃഷ്ടിച്ചത് മനുഷ്യരുള്ള കാലത്തോളം നിലനിൽക്കുന്ന ഈണങ്ങൾ സൃഷ്ടിക്കുവാൻ ആണ് ……….!”
എം ടി പറഞ്ഞത് പോലെ ..
“ഇന്നലെകളിലെ പിന്നാമ്പുറങ്ങളിൽ ഇരുന്നു ബാബുരാജ് പാടിയത് മലയാളികളായ മലയാളികൾക്ക് വേണ്ടിയായിരുന്നു , ലോകത്തിലെ എല്ലാ സംഗീത ആസ്വാദകർക്കും വേണ്ടിയായിരുന്നു .. കാലത്തിനു കാതോർക്കുവാൻ വേണ്ടിയായിരുന്നു ”
പ്രിയ ബാബുക്ക ..
ആറ്റിൻ വക്കത്തിരുന്നു പാടുന്ന നിങ്ങളുടെ പാട്ടുകൾ കേട്ട് നാണം കുണുങ്ങി , പ്രണയ പരവശയായി , വിഷാദഭാവത്തിൽ , ഒഴുകിയിരുന്ന കല്ലായി പുഴ ചിലപ്പോൾ ഒരു തുള്ളി ജലമില്ലാതെ വറ്റി വരണ്ടേക്കാം ..
എന്നാലും ഞങ്ങളുടെ സംഗീത ഓർമകളിൽ നിങ്ങൾ എന്നും ഇങ്ങനെ നിറഞ്ഞു കവിഞ്ഞു ഒഴുകി കൊണ്ടേയിരിക്കും ……
ഒരായിരം ഓർമപ്പൂക്കൾ …….