Sanalkumar Padmanabhan.
അറ്റ്ലാന്റിക്കിലൂടെയുള്ള ഒറ്റക്കുള്ള സഞ്ചാരത്തിനിടെ ബോട്ട് തകർന്നു 76 ദിവസങ്ങൾ ഒറ്റയ്ക്ക് നടുക്കടലിൽ കഴിഞ്ഞ അനുഭവങ്ങൾ പങ്കു വച്ച് യാത്രികൻ സ്റ്റീവൻ കള്ളഹൻ എഴുതിയ , ന്യൂ യോർക്ക് ടൈംസിന്റെ ചരിത്രത്തിൽ 36 ആഴ്ചകളോളം ബസ്റ്റ് സെല്ലെർ പദവി അലങ്കരിച്ച , “ADRIFT- Seventy Six Days Lost at Sea “ എന്ന ബുക്ക് വായിക്കുകയായിരുന്നു …!!
പുത്തെൻ കാഴ്ചകളും അനുഭവങ്ങളും നൽകുന്ന കൗതുകങ്ങളുടെ ലഹരി തേടി സ്വന്തമായി നിർമിച്ച നെപ്പോളിയൻ സോളോ എന്ന ബോട്ടിൽ ആവശ്യ സാധനങ്ങളുമായി ദുരൂഹതകളേറെ നിറഞ്ഞ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ഒറ്റക്ക് , റോഡ് ഐലൻഡിൽ നിന്നും യാത്ര തിരിച്ചു ആന്റിഗ്വ വഴി ഇന്ഗ്ലണ്ടിലേക്കു പോകാൻ ആയി പ്ലാൻ ചെയ്ത അയാളുടെ യാത്രക്കിടെ, പുറംകടലിൽ ശക്തമായ തിരയിൽ പെട്ട് ബോട്ട് തകർന്നു അതിലുണ്ടായിരുന്ന റാഫ്റ്റിൽ ( ടൂബ് കൊണ്ടുള്ള ചെറു ചങ്ങാടം ) നടുക്കടലിൽ കുടിക്കാൻ വെള്ളമില്ലാതെ , ആഹാരമില്ലാതെ , റാഫ്റ്റിന് ചുറ്റും വട്ടം ചുറ്റുന്ന സ്രാവുകളെയും കണ്ടു കൊണ്ട് 76 ദിവസങ്ങൾ കടലിൽ കഴിയുന്ന സ്റ്റീവിന്റെ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ ഓര്മകളിലെവിടെയോ ഒരു ആലപ്പുഴക്കാരന്റെ മുഖം തെളിഞ്ഞു വരുകയാണ് …..
കമൽ ഹാസന്റെ നിർമ്മാണകമ്പനിയായ രാജ്കമൽ പ്രൊഡക്ഷന്സിന്റെ കേരളത്തിലെ ചുമതലക്കാരൻ ആയിരുന്ന , അവ്വൈ ഷണ്മുഖിയുടെ ഹിന്ദി റീമയ്ക് ആയ ചാച്ചി 420 ന്റെ ഓൺലൈൻ പ്രൊഡ്യൂസറുടെ കസേരയിൽ ഇരുന്നിരുന്ന , ബോളിവുഡിൽ ഉള്ളവർ വരെ “സാബ് സാബ് “എന്ന് സംബോധന ചെയ്തിരുന്ന അവസ്ഥയിൽ നിന്നും ഒരുനാൾ അപ്രതീക്ഷിതമായി 90 ലക്ഷത്തിന്റെ കടം വന്നു തലയിൽ കയറിയപ്പോൾ അതിന്റെ ഭാരം താങ്ങാനാകാതെ സ്വന്തം വീടും സ്ഥലവും പണയപ്പെടുത്തിയും വിറ്റിട്ടും , വീണ്ടും ബാക്കിയാകുന്ന ബാധ്യതകളെ നോക്കി എല്ലാം നഷ്ടപെട്ടവന്റെ ചിരിയും ചിരിച്ചു കൊണ്ട് പ്രായമായ അമ്മയെ വൃദ്ധസദനത്തിലാക്കി , ഗർഭിണിയായ ഭാര്യയെ ജ്യേഷ്ഠന്റെ വീട്ടിൽ ആക്കിയിട്ടു വാടകവീട്ടിൽ നിന്നും എങ്ങോട്ടെന്നില്ലാതെ നടന്നു മറയുന്ന ആ മനുഷ്യന്റെ മുഖം ….ജോണ് എടത്താട്ടിൽ എന്ന സാബ് ജോണിന്റെ മുഖം ……. !❤❤
ഒരു മിമിക്രി ആര്ടിസ്റ്റിനെയും , ടെക്നൊളജിയേയും കൂട്ട് പിടിച്ചു ഒരു നാട് ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതികാരത്തിനിറങ്ങിയ ജോൺസന്റെ കഥ പറഞ്ഞു , മലയാളി അന്നോളം കണ്ടിട്ടില്ലാത്ത കാഴ്ചാനുഭവത്തിലേക്കു അവരെ കൂട്ടി കൊണ്ട് പോയ ചാണക്യനും … മരണത്തിന്റെയും , പ്രണയത്തിന്റെയും മണമുള്ള കത്തുകളിലൂടെ പാര്വതിയുടെയും വിവേകിന്റെയും കഥ പറഞ്ഞ ക്ഷണക്കത്തും …..!
മയക്കുമരുന്നും കൈക്കരുത്തും ഉറക്കെ ചോദ്യങ്ങൾ ചോദിച്ചിരുന്ന ഒരു നാട്ടിൽ തന്റെ കയ്യിലെ തോക്കു കൊണ്ട് അവക്കുള്ള ഉത്തരങ്ങൾ നൽകിയിരുന്ന പോലീസ് ഓഫിസർ ടോണിയുടെ കഥ പറഞ്ഞ വ്യൂഹവും …..! ആറു പേരുടെ കരുത്തും ആറു വയസുകാരന്റെ ബുദ്ധിയുമുള്ള , ലോകത്തു ‘അമ്മ പറഞ്ഞത് മാത്രം അനുസരിക്കുന്ന പുട്ടുറമീസിന്റെയും ‘അമ്മ മറിയത്തിന്റെയും സ്നേഹത്തിന്റെ കഥ പറഞ്ഞ സൂര്യമാനസവും…! ബാബു ആന്റണിക്കു താരപദവിയിലേക്കു ഉയർന്നു വരുവാനായി ചവിട്ടുപടിയെന്നോണം അയാൾക്ക് ഗാന്ധാരിയും ഭരണകൂടവും ….!
എമണ്ടൻ വില്ലന്മാരുടെ ഇടയിലേക്ക് മാൾബറോ ജിപ്സിയിൽ ഇടിവെട്ട് ബി ജി എമ്മിന്റെ അകമ്പടിയിൽ “ROW യിലെ വേട്ടപ്പട്ടി” എന്നറിയപ്പെടുന്ന ശ്രീധർ പ്രസാദായി സുരേഷ്‌ഗോപി പൂണ്ടു വിളയാടിയ , പിൽക്കാലത്തു ഡബ് ചെയ്തു ആന്ധ്രയിൽ റിലീസ് ചെയ്തപ്പോൾ ജനത്തിരക്ക് മൂലം സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ ചിത്രം വരെ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ഹൈവേയും ….പുനർജന്മ കഥകളുമായി രാജമൗലി ഇന്ത്യൻ ബോക്സോഫോസിനെ പിടിച്ചു കുലുക്കുന്നതിനും മുൻപേ പ്രണയസാഫല്യത്തിനായി പുനർജനിച്ച കൃഷ്ണനുണ്ണിയുടെയും കുട്ടിമാണിയുടെയും കഥ പറഞ്ഞ മയില്പീലിക്കാവും ..!
അനാഥാലയത്തിൽ ഒരുമിച്ചുണ്ടായിരുന്ന പഴയ കളിക്കൂട്ടുകാരൻ ബെന്നിയെ തേടി വന്ന ആനിയുടെ കഥ പറഞ്ഞ പ്രിയത്തിനും …!ശിവപാര്വതി പരിണയമടക്കം ഓരോ കാഴ്ചയിലും പുത്തൻ ആശയങ്ങൾ കാഴ്ച്ചകർക്കു നൽകുന്ന ഗുണ എന്ന അത്ഭുത സിനിമക്കും ….!വിവാഹത്തിന് മുൻപും ശേഷവുമുള്ള ഗൗതം എന്ന മെക്കാനിക്കിന്റെ രണ്ടു അതിമനോഹര പ്രണയങ്ങളിലേക്കു പ്രേക്ഷകരെ കൂട്ടികൊണ്ടു പോയ സില്ലിനു ഒരു കാതലും ..!എഴുതിയ കലാകാരൻ !…
ആലപ്പുഴയിൽ ചണകച്ചവടം നടത്തിക്കൊണ്ടിരുന്ന കാലത്തു സുഹൃത്തുക്കളുടെ നിര്ബന്ധത്തിനും പ്രേരണക്കും വഴങ്ങി , അമ്മയോട് അഞ്ചു കൊല്ലം കച്ചവടത്തിനോട് അവധി പറഞ്ഞു സിനിമ രംഗത്തേക്ക് കടന്നു വന്നു വ്യത്യസ്തങ്ങളും , പുതുമയും നിറഞ്ഞ ഒന്നിനൊന്നു മികച്ച കഥകളെഴുതി കമൽഹാസൻ എന്ന ബ്രാൻഡിന്റെ വിശ്വസ്തനായി പതിയെ പടി പടിയായി വളർന്നു വലുതായി “സാബ് എന്റർടൈൻമെന്റ് ” എന്ന വിതരണകമ്പനി തുടങ്ങി മലയാളത്തിൽ ആദ്യമായി വിതരണകമ്പനി തുടങ്ങിയ തിരക്കഥകൃത് എന്ന ലേബലും സ്വന്തമാക്കിയ മനുഷ്യൻ !
വിതരണത്തിന് എടുത്ത പ്രിയം എന്ന നഷ്ടം വന്ന ചിത്രത്തിന്റെ കൂടെ , മാജിക് ലാംപ് എന്ന മുഴുമിപ്പിക്കാനാകാതെ പോയ ചിത്രവും വിതരണത്തിനെടുത്തതോടെ കാലം 90ലക്ഷത്തിന്റെ കടക്കാരൻ എന്ന കിരീടം അയാൾക്ക് ചാർത്തികൊടുക്കക ആയിരുന്നു !തന്റെ രക്തത്തിനു ദാഹിച്ചു കൊണ്ട് റാഫ്റ്റിന് ചുറ്റും വട്ടമിട്ടു കറങ്ങുന്ന സ്രാവുകളെയും കണ്ടു കൊണ്ട് റാഫ്റ്റിൽ മാനം നോക്കി കിടക്കുമ്പോൾ സ്റ്റീവിന്റെയും ….പാതിരാത്രിയിൽ വീടുവിട്ടിറങ്ങി എങ്ങോട്ടെന്നറിയാതെ അലക്ഷ്യമായി നടക്കുന്ന ജോണിന്റെയും മനസിന്റെ തുരുത്തിലെവിടെയെങ്കിലും പ്രതീക്ഷയുടെ ചെറുവെളിച്ചമെങ്കിലും അവശേഷിച്ചിരുന്നുവോ ?അറിയില്ല !!
1999 ലെ മഴ അതിഭീകരമായി പെയ്തു കൊണ്ടിരുന്നൊരു രാത്രിയിൽ വീടിനോടും നാടിനോടും യാത്ര പറഞ്ഞു ഇറങ്ങി നടന്നു, കിട്ടുന്നത് കഴിച്ചു, കാണുന്നിടത്തു കിടന്നു ഉറങ്ങി അയാൾ കഴിച്ചു കൂട്ടിയ എത്രയോ നാളുകൾ !ഒരു കാലത്തെ ആഡമ്പരവാഹനമായ മാരുതി എസ്റ്റീമിന്റെ പിന്നിൽ ഉടയാത്ത വസ്ത്രങ്ങളും , പൊന്നിൻ വിലയുള്ള കരങ്ങളുമായി രാജാവിനെ പോലെ കഴിഞ്ഞ മനുഷ്യൻ , ഒരു അപമാനവുമില്ലാതെ മഹാനഗരങ്ങളിൽ ഓരോ പരസ്യ ഏജൻസി കമ്പനികളുടെ മുന്നിൽ ജോലി തപ്പി നടക്കുന്ന കാണാൻ സുഖകരമല്ലാത്ത കാഴ്ച !പതിയെ ചെന്നെയിൽ നൂറു രൂപക്കും ഇരുന്നൂറു രൂപക്കുമെല്ലാം പരസ്യങ്ങൾ ചെയ്തു കൊടുക്കുന്ന ജോലി ചെയ്തു കൊണ്ടിരിക്കുന്ന അയാൾ !
വെള്ളമില്ലാതെ ആഹാരമില്ലാതെ നടുക്കടലിൽ കഴിഞ്ഞു ശരീരഭാരത്തിന്റെ പതിനഞ്ചു കിലോയോളം നഷ്ടപെട്ട സ്റ്റീവിനെയും കൊണ്ട് ആ റാഫ്റ് കടൽകാറ്റിന്റെ അകമ്പടിയിൽ 76 ദിവസങ്ങൾക്കു ശേഷം മെക്സിക്കോയുടെ തീരത്തടിഞ്ഞത് പോലെ …കോഫി ഷോപ്പിലും , ബീച്ചിലും പാർക്കിലും എല്ലാം സിനിമക്ക് തിരക്കഥയെഴുതാൻ താല്പര്യമുള്ളവർക്ക് അതിനെ കുറിച്ച് ക്ലാസുകൾ എടുത്തും , പരസ്യ ജോലികൾ ചെയ്തും ചെന്നെയിൽ വാടക വീട് എടുത്തു , അവിടേക്കു വര്ഷങ്ങള്ക്കു ശേഷം ഭാര്യയെയും മക്കളെയും കൂട്ടികൊണ്ടു വരുന്ന അയാൾ !!
വഴിത്തിരുവുകളേറെ സ്വന്തം തിരക്കഥയിൽ കാഴ്ചക്കാർക്കായി കരുതി വെക്കുവാൻ ശ്രദ്ധിച്ചിരുന്ന എഴുത്തുകാരന്റെ ജീവിതത്തിൽ , സിനിമയെ വെല്ലുന്ന വഴിത്തിരിവുകൾ കാലം കരുതി വയ്ക്കുന്ന അവസ്ഥ !ഒരു സിനിമ ഗ്രൂപ്പിൽ വന്ന മലയാളത്തിലെ ഏറ്റവും മികച്ച പത്തു തിരക്കഥാകൃത്തുക്കൾ എന്ന തലക്കെട്ടോടെ വന്ന പോസ്റ്റിൽ ഏറെ ആകാംക്ഷയോടെ തിരഞ്ഞ ഒരു പേര് ആ ലിസ്റ്റിൽ കാണാതെ വന്നതോടെ , എല്ലാവരും ആ പേര് മറന്നോ എന്നൊരു സംശയത്തോടെ ആ പോസ്റ്റിന്റെ കീഴെ വന്ന കമന്റുകൾ തിരയവേ എന്റെ മിഴികളിൽ സന്തോഷം ഉറവ പൊഴിക്കുന്നൊരു കമന്റ് വന്നു പെടുകയാണ് “പ്രിയ സുഹൃത്തേ ഒന്നിനൊന്നു മികച്ച തിരക്കഥകൾ എഴുതിയ , സിനിമ തിരക്കഥയെ പാഷൻ ആയി കാണുന്നവർക്കു എങ്ങനെ എഴുതാം എന്ന വിഷയത്തിൽ ആധികാരികം ആയി ക്ലാസ് എടുക്കുന്ന സാബ് ജോണ് എന്ന പേരില്ലാതെ എങ്ങനെയാണു നിങ്ങളുടെ ഈ ലിസ്റ്റ് പൂര്ണമാകുക ” എന്ന പേരിൽ !
പ്രിയ ജോണ് സാർ..
ആ കമന്റിൽ കുമിഞ്ഞു കൂടിയ ലൈക്കുകൾ വെട്ടിത്തുറന്നു പറയുന്നുണ്ടായിരുന്നു ഒരിയ്ക്കൽ ഞങ്ങളെ അത്രമേൽ രസിപ്പിച്ച..ത്രസിപ്പിച്ച സിനിമകൾ നൽകിയ നിങ്ങളോടുള്ള ഇഷ്ടം …….നിങ്ങളെന്ന അസാധ്യ കലാകാരനെ …ജോലിയുള്ള ദിവസം മാത്രം വീട്ടിൽ പാലും പത്രവും വാങ്ങുന്ന ചെന്നെയിലെ വാടക വീട്ടിലേക്കു അനാഥാലയത്തിൽ നിന്നും രണ്ടു പെൺകുട്ടികളെ ദത്തെടുത്ത നിങ്ങളിലെ ആ വലിയ മനുഷ്യനെ ..ഇഷ്ടപെടുന്ന ..ആരാധിക്കുന്ന ..ഇഷ്ടപെട്ട തിരക്കഥാകൃത്തിന്റെ പേരിനു നേരെ നിങ്ങളുടെ പേരെഴുതി വച്ച ഒട്ടേറെപ്പേർ ഇന്നുമിവിടെയുണ്ട് ..അവർക്കു വേണ്ടിയെങ്കിലും ഒരു ത്രില്ലർ സിനിമയുമായി ഒന്ന് തിരിച്ചു വന്നൂടെ ….. ❤