തിരശീലയിൽ “സാബു സിറിൽ” എന്ന്‌ കാണുമ്പോൾ ഹൃദയത്തിൽ നിന്ന് കയ്യടികൾ ഉയരുന്നു

33

Sanalkumar Padmanabhan

മമ്മൂട്ടി -ജയരാജ് ടീമിന്റെ ജോണിവാക്കർ എന്ന ചിത്രത്തിൽ ഏറെ ഇഷ്ടമുള്ളൊരു രംഗമുണ്ട് , ക്ലാസ് റൂമിൽ ലെക്ച്ചറർ ഇംഗ്ലീഷ് കവിത ചൊല്ലുമ്പോൾ അതിലെ വരികൾ കേട്ടു ” നിലാവിന്റെ റിബൺ പോലുള്ള നാട്ടു വഴികളിലൂടെ കുതിരപ്പുറത്തു വരുന്ന കൊള്ളക്കാരനെ ” സ്വപ്നം കാണുന്ന ജോണി !

അത് പോലെ , “ക്രിയേറ്റിവിറ്റിയിൽ ദൈവത്തിന്റെ കയ്യൊപ്പു ” പതിഞ്ഞ ഒരു കോഴിക്കോട്ടുകാരൻ തങ്ങളോടൊപ്പം ഉള്ളത് കൊണ്ട്‌ തിരക്കഥയിലെ രംഗങ്ങളുടെ ചിത്രീകരണത്തെ കുറിച്ചു പരിമിതികളില്ലാതെ സ്വപ്നം കാണുവാൻ ഭരതൻ , പ്രിയൻ , ശങ്കർ , രാജമൗലി ,മണിരത്‌നം തുടങ്ങിയ സംവിധായകരെ വരെ പ്രേരിപ്പിച്ച ഒരു മനുഷ്യൻ ഉണ്ട് ക്യാമറക്കു പിന്നിൽ !
ടയർ ട്യൂബ് കൊണ്ട്‌ ” ചോരയും നീരുമുള്ള ” പെടക്കണ കൊമ്പൻ സ്രാവിനെ ഉണ്ടാക്കികൊണ്ടു അമരത്തിലൂടെ സിനിമയിലേക്ക് കടന്നു വന്നൊരാൾ.

കല്യാണമണ്ഡപത്തെ മണിക്കൂറുകൾ കൊണ്ട്‌ ആശുപത്രി ആയി രൂപപ്പെടുത്തി സംവിധായകനടക്കം എല്ലാവരും പച്ചക്കൊടി കാണിച്ചപ്പോളും ” പ്രേക്ഷകരുടെ കണ്ണിൽ ഇത് ഇപ്പോൾ ഒരു ആശുപത്രി ആയിട്ടുണ്ടാവാം പക്ഷെ ഇവിടെ അഭിനയിക്കാൻ നിൽക്കുന്നവർക്ക് ഇതൊരു ആശുപത്രി ആവണമെങ്കിൽ അല്പം കൂടി പണി ബാക്കിയുണ്ട് ” എന്നും പറഞ്ഞു ഡെറ്റോളും ഫിനോയിലും മിക്സ് ചെയ്‌ത് തറയിൽ തളിച്ച് തന്റെ ജോലിയുടെ പെർഫെക്ഷൻ വെളിപ്പെടുത്തുന്ന അയാൾ ! ( പവിത്രം )

തടിയൻ കഥാപാത്രത്തിന്റെ കഥ പറഞ്ഞ അങ്കിൾ ബണ്ണിൽ , നായക കഥാപാത്രത്തിന് തടി കൂടുതൽ തോന്നിപ്പിക്കാനായി വസ്ത്രത്തിനിടക്ക് “കോട്ടൺ വെസ്റ്റുകൾ ” തിരുകി കയറ്റാം എന്ന്‌ ചർച്ചകൾ നടക്കുമ്പോൾ ” വെള്ളം നിറക്കാവുന്ന വലിയ പൊക്കറ്റുകൾ ഉള്ള റബർ സ്യൂട് ഉണ്ടാക്കി, അതിൽ വെള്ളം നിറച്ചു നായകനെ ആരും കണ്ടാൽ അമ്പരപ്പാടെ നോക്കുന്ന രീതിയിൽ ഉള്ള തടിയൻ ആക്കി മാറ്റിയൊരാൾ !!

പുറംകടലിൽ ബോട്ടു തകരുന്ന ഹെവി എക്സ്പെൻസ്‌ ആയുള്ള രംഗം ( കന്നതിൽ മുത്തമിട്ടാൽ ) ഷൂട്ട് ചെയ്യാനായി ടാങ്കിൽ വെള്ളം നിറച്ചു സർഫ് കലക്കി നുരയും പതയും ഉണ്ടാക്കി ബോട്ടിന്റെ ചലനത്തിൽ തിരയും ഉണ്ടാക്കി ” കണ്മുന്നിലെ ടാങ്കിനുള്ളിൽ പുറംകടൽ സൃഷ്ടിച്ചു ” ഏവരെയും ഞെട്ടിച്ചൊരാൾ !

“സാബു, കാര്യം ബേണി ഇഗ്നേഷ്യസ്‌മാർ ഉണ്ടാക്കിയ ഒരു നല്ല പാട്ട് ഉണ്ട് കയ്യിൽ പക്ഷെ ചിത്രീകരിക്കാനുള്ള ഫണ്ട് ഇല്ലെന്നാണ് നിര്മ്മാതാവ് പറയുന്നത് എന്നാ ചെയ്യാൻ പറ്റും ?” എന്ന പ്രിയന്റെ ചോദ്യത്തിന് ” ഇവിടെയുള്ള എല്ലാ പാഴ്വസ്തുക്കളും ഉപയോഗിച്ച് , ചിലവ് ചുരുക്കി ഒരു സെറ്റ് ഇടാം ” എന്നും പറഞ്ഞു 13000 രൂപയിൽ താഴെ മാത്രം ചിലവ് ഒതുക്കി ഒരു പാട്ടിനായി സെറ്റൊരുക്കിയ അയാൾ ( എന്‍റെ മനസിലൊരു നാണം : തേന്മാവിൻ കൊമ്പത്ത് )

“ഹേ റാം ” ന് വേണ്ടി കൊൽക്കത്തയും , ഡൽഹിയും , മഹാരാഷ്ട്രയും ചെന്നെയിലും ! , “ആയുധ എഴുത്തി”നായി ചെന്നൈ ഹാർബർ മുംബൈയിലും സൃഷ്ടിച്ചു കാഴ്ചക്കാരെ പറ്റിച്ചു രസിച്ചോരു മനുഷ്യൻ ! സ്റ്റൈൽ മന്നന്റെ ലുക്കിൽ ഉള്ളൊരു റോബോട്ടിനെ സൃഷ്ടിക്കാൻ വിദേശി ടെക്‌നീഷ്യന്മാർ 5 കോടി വിലയിട്ടപ്പോൾ 6 ലക്ഷം രൂപയ്ക്കു ആ ഐറ്റം ഉണ്ടാക്കി കാണിച്ചു ഏവരെയും അമ്പരപെടുത്തിയൊരു മനുഷ്യൻ !

ചെന്നെയിൽ സെറ്റ് ഇട്ട ഗർദിഷ്‌ സിനിമയുടെ ക്‌ളൈമാക്‌സ് കണ്ടിട്ട് ” നിങ്ങൾ എങ്ങനെയാണു ഇത് മഹാലക്ഷ്മി സൗത്ത് മുംബൈയിൽ ഷൂട്ട് ചെയ്തത് ? എന്ന്‌ ചോദിക്കത്തക്ക രീതിയിൽ അമിതാഭ് ബച്ചനേയും , അഡ്വൈതത്തിന്റെ ഷൂട്ടിങ്ങിനിടെ അമ്പലത്തിന്റെ സെറ്റ് കണ്ടു തിരിച്ചറിയാനാകാതെ ചെരുപ്പ് അഴിച്ചു വച്ച് അകത്തു കയറി നേര്ച്ച ഇട്ട ശ്രീവിദ്യയേയും , തഞ്ചാവൂർ ഉള്ള ത്യാഗരാജ സംഗീത സദസ്സും അമ്പലവും 350 കിലോമീറ്റർ അപ്പുറെയുള്ള ചെന്നൈയിൽ കണ്ടപ്പോൾ ( അന്യൻ ) ഇതെങ്ങനെ സംഭവിക്കും എന്നതിശയിച്ച കുന്നക്കുടി വൈദ്യനാഥനയേയും തന്റെ കൈവിരുതു കൊണ്ട്‌ കണ്കെട്ടി മയക്കിയ ഒരു മനുഷ്യൻ !!

ബോബിയുടെയും നീനയുടെയും കഥ പറഞ്ഞ ഫ്രയിമുകൾക്കു ജീവനേകിയ അതെ ലാഘവത്തോടെ ബാഹുബലിയുടെ മാഗിഴമതി സാമ്രാജ്യവും , ആൻഡമാനിലെ ജയിലുകളും ബ്രിട്ടീഷ് ഭരണകാലവും ,മനുഷ്യവികാരമുള്ള റോബോർട്ടിന്റെ വിക്രിയകൾക്കും ജീവനേകിയ ഒരു അസാമാന്യ മനുഷ്യൻ !സ്‌ക്രീനിൽ അയാളുടെ പേര്‌ തെളിഞ്ഞപ്പോൾ എല്ലാം ഒരിക്കലും മറക്കാനാകാത്ത , സംസാരിക്കുന്ന ഫ്രയിമുകൾ തന്നു കൊണ്ടിരിക്കുന്നതിനാലാവാം തിരശീലയിൽ “സാബു സിറിൽ ” എന്ന്‌ കാണുമ്പോൾ എല്ലാം ഹൃദയത്തിൽ നിന്നെല്ലാം കയ്യടികൾ ഉയരുന്നതും.