Sanalkumar Padmanabhan.
രണ്ടാം ലോക യുദ്ധകാലത്തു ജപ്പാനെ ആക്രമിക്കാൻ പോകവേ ,അപകടത്തിൽ പസഫികിൽ തകർന്നു വീണ അമേരിക്കൻ യുദ്ധ വിമാനത്തിൽ ഉണ്ടായിരുന്ന മൂന്നു സൈനികരെ റാഫ്റ്റിൽ പിടിച്ചു കയറ്റി കയ്യിലുണ്ടായിരുന്ന പെൻസിൽ ചൂണ്ടി കാണിച്ചു കൊണ്ട് അവരോടു “നിങ്ങൾ പേടിക്കണ്ട ഈ പെൻസിൽ നമ്മളെ സുരക്ഷിതമായി കരക്കെത്തിക്കും ” എന്ന് പറഞ്ഞു ജാക്കറ്റിൽ ആ പെൻസിൽ കൊണ്ട് മാപ്പ് വരച്ചു അമേരിക്കൻ തീരങ്ങൾ ലക്ഷ്യമാക്കി റാഫ്റ്റ് കൈ കൊണ്ട് തുഴഞ്ഞു കയറിയ ഹാരോൾഡ് ഡിക്‌സൺ എന്ന പൈലറ്റ് ഒരു പെൻസിൽ കൊണ്ട് ചരിത്രം സൃഷ്ടിച്ചെങ്കിൽ.വെറുമൊരു പേര് പങ്കു വച്ച് കൊണ്ട് ചരിത്രത്തിന്റെ ഭാഗമായി മാറിയ ഷാഹിദ് അലിയെന്ന മനുഷ്യനെ കുറിച്ച് പറയാം …!
2005 മെയ് 17 നു യൂ പി യിലെ മിർസാപുറി ൽ ഒരു സർക്കാർ ആശുപത്രിയിൽ ടി വി മെക്കാനിക് ആയ ഷാഹിദ് അലിക്കും ഭാര്യ ടാബ്‌സാബിനും ഒരു പെണ്കുഞ്ഞു ജനിക്കുകയാണ്.നിത്യ ചെലവ് കഴിക്കുവാൻ തന്നെ രാത്രിയും പകലുമെന്നില്ലാതെ പണിയെടുത്തു കൊണ്ടിരുന്ന അയാൾക്ക് , തന്റെ മകൾ എല്ലാ ജീവിത പ്രാരാബ്ധങ്ങളോടും പട പൊരുതി ജീവിതത്തിൽ വിജയം കൈവരിക്കണം എന്ന് ഏതൊരു അച്ഛനെയും പോലെ അതിയായ ആഗ്രഹമുണ്ടായിരുന്നു .അതിനു ആദ്യം അയാൾക്ക് അവൾക്കൊരു പേര് നൽകണമായിരുന്നു..!പരാജയങ്ങളിൽ തളരാതെ ..പോരാട്ടങ്ങളിൽ വാടാതെ..നിലപാടുകളിൽ പതറാതെ…നില്ക്കാൻ അവളുടെ വ്യക്തിത്വത്തെ ജ്വലിപ്പിച്ചു നിർത്തുന്നൊരു പേര് ..
അങ്ങനെ അയാൾ ആ കൈകുഞ്ഞിന്റെ ചെവിയിൽ ആ പേര് വിളിക്കുകയാണ് …!ക്രിക്കറ്റിനും ഫുടബോളിനും വേണ്ടി മാത്രം കായിക പേജിലെ കോളങ്ങൾ ഒഴിച്ചിട്ടിരുന്ന മാധ്യമങ്ങൾ നിറഞ്ഞിരുന്ന ഒരു നാട്ടിൽ തന്നിലൂടെ ടെന്നീസ് എന്ന തന്റെ ഗെയിമിനു വേണ്ടി സ്പേസ് ഒഴിച്ചിടാൻ അവരെക്കൊണ്ടു നിര്ബന്ധിപ്പിച്ച ഒരാളുടെ പേര് .പതിനൊന്നു ഗ്രാൻഡ്സ്ലാം ഫൈനലുകൾ കളിച്ച , അതിൽ ആറു വട്ടം കിരീടം അണിഞ്ഞ , ഡബിൾസ് റാങ്കിങ്ങിൽ 91 ആഴ്ചകൾ ലോകത്തെ ഒന്നാം നമ്പർ പദം അലങ്കരിച്ച , മാർട്ടീന ഹിൻഗിസുമായി കൈകോർത്തു തുടർച്ചയായി 44 മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറി ചരിത്രമെഴുതിയ, സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ നൂറിൽ എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരിയായ , രാജ്യാന്തര ഗെയിമ്സിൽ രാജ്യത്തിന് വേണ്ടി ആറു സ്വർണമടക്കം പതിനാലു മെഡലുകൾ നേടി രാജ്യത്തിൻറെ ത്രിവർണ പതാക ഉയരങ്ങളിൽ എത്തിച്ച ഒരാളുടെ പേര് …..!
പ്രായപൂർത്തിയായ, പഠിക്കുന്ന പെൺകുട്ടികളോട് “വിവാഹം ആയില്ലേ? ” എന്നും , വിവാഹം കഴിഞ്ഞിട്ടും ജോലിക്കു പോകുന്നവരോട് “കുടുംബവും കുട്ടികളുമായി സെറ്റിൽ ആകാറായില്ലേ”? എന്നുമുള്ള ചോദ്യങ്ങൾ സർവസാധാരണം ആയുള്ള ഒരു രാജ്യത്തു ലോക ഒന്നാം നമ്പർ പൊസിഷനിൽ നിൽക്കവേ “നിങ്ങൾ ഇനി എന്നാണ് ഒന്ന് സെറ്റിൽ ആകുന്നതു ? ” എന്നുള്ള ചോദ്യം ഒരിക്കൽ അയാളെ തേടിയെത്തിയപ്പോൾ ” ഞാൻ സെറ്റിൽ ആകാത്തതിൽ നിങ്ങള്ക്ക് നല്ല നിരാശ ആണെന്ന് തോന്നുന്നുവല്ലോ , സെറ്റിൽ ആയി അമ്മയായി ഞാൻ വീട്ടിൽ ഇരിക്കുന്നതാണോ അതോ ലോകത്തു ഒന്നാം നമ്പർ ആയിരിക്കുന്നതാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? എത്ര വിംബിൾഡൺ ജയിച്ചാലും ലോകത്തെ ഒന്നാം നമ്പർ താരം ആയാലും നിങ്ങള്ക്ക് സ്ത്രീകളെ സെറ്റിൽ ആയി കാണാൻ ആണ് ആഗ്രഹം സ്പോർട്സ് പ്രൊഫെഷൻ ആകാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളുടെ ദുര്യോഗവും അത് തന്നെ ആണ് ” എന്ന് മറുപടി പറഞ്ഞു തന്റെ നിലപാട് വ്യക്തമാക്കിയ ആളുടെ പേര് .
ഷോയിബ് മാലിക്കുമായുള്ള വിവാഹ ശേഷം ” ഇനി മുതൽ അവളെ ഇന്ത്യക്കാരി എന്ന് വിശേഷിപ്പിക്കുവാൻ സാധിക്കില്ല അവൾ ഇന്ത്യക്കാരി ആയിരുന്നെകിൽ അവളുടെ ഹൃദയം പാകിസ്താന് വേണ്ടി മിടിക്കില്ലായിരുന്നു” എന്നും പറഞ്ഞു അവരുടെ രാജ്യസ്നേഹത്തിനു മാർക്ക് ഇടാൻ വന്നവരെയും , “അവരുടെ വസ്ത്ര ധാരണ രീതി തങ്ങളുടെ സമുദായത്തിന് യോജിച്ചതല്ല” എന്നും പറഞ്ഞു അവർക്കെതിരെ ഫത്വ വായിച്ചാ കപട സദാചാരകരെയും റാക്കറ്റ് കൊണ്ട് തലങ്ങും വിലങ്ങും എയ്‌സ് പായിക്കുന്നതു പോലെ അടിച്ചോടിച്ചു വിട്ട ഒരാളുടെ പേര് .ടൈം പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിച്ച 100 പേരുടെ ലിസ്റ്റിലും , ഏഷ്യയിലെ 50 ഹീറോ കളുടെ ലിസ്റ്റിലും , ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ഇന്ത്യയുടെ അഭിമാനമുണർത്തിയ 33 വനിതകളുടെ ലിസ്റ്റിലും ഇടം നേടിയ ആളുടെ പേര് ..
സാനിയ മിർസ …..❤️❤️❤️❤️❤️
അച്ഛൻ തനിക്കു നൽകിയ ആ പേരിന്റെ യഥാർത്ഥ മൂല്യം ഉൾക്കൊണ്ട് ആ പെണ്കുഞ്ഞ്.സമൃദ്ധമായ ആഹാരമോ , വർണ പൊലിമയുള്ള വസ്ത്രങ്ങളോ , ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസമോ ഒന്നുമില്ലാതെ തന്റെ ജീവിത സാഹചര്യങ്ങളോടെല്ലാം പട പൊരുതി , തന്റെ പതിനേഴാം വയസിൽ 2022 ഡീസംമ്പറിൽ NDA എക്സാമിന് 43 ആം റാങ്ക് വാങ്ങി രാജ്യത്തെ യുദ്ധവിമാനം പറത്തുന്ന ആദ്യ മുസ്ലിം വനിതയായ ഇന്ത്യകാരിയാകുകയാണ് .തന്റെ മകൾ തന്റെ കണ്മുന്നിൽ വിജയങ്ങൾ വെട്ടി പിടിക്കുന്ന കണ്ണിനു കുളിര്മയേകുന്ന മായിക കാഴ്ച കൺ നിറയെ കണ്ടു കൊണ്ട് നിന്ന ആ അച്ഛന്റെ സന്തോഷത്തിന് അധികനാൾ ആയുസുണ്ടായിരുന്നില്ല..!
കാരണം അയാളുടെ മകളുൾപ്പെടെ ഒട്ടേറെ പെൺകുട്ടികളെ കൊണ്ടു അവരുടെ ഇഷ്ട കരിയറിനെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച അയാളുടെ ഇഷ്ട താരം 2023 ജനുവരിയിൽ തന്റെ അവസാന ഗ്രാൻഡ്സ്‌ലം മത്സരം കളിച്ചു ഇനിയൊരു മടങ്ങി വരവില്ലെന്നു പറഞ്ഞു കൊണ്ടു പോരാട്ടങ്ങളുടെ കഥകളേറെ പറഞ്ഞ ആ റാക്കറ്റ് താഴെ വച്ചു കഴിഞ്ഞിരുന്നു ……!നന്ദി സാനിയ സിരകളെ ജ്വലിപ്പിക്കുന്ന മരണമില്ലാത്ത ഓർമ്മകൾക്ക് …..