Music
പ്രിയ ജാസി, നിങ്ങളെ ഒന്നും സ്നേഹിച്ചതു പോലെ ഞങ്ങൾ അധികം ആരെയും സ്നേഹിച്ചിട്ടില്ലാട്ടോ
കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കരുണ പ്രോഗ്രാം നടക്കുകയാണ്.അൽഫോൻസ് , ബിജിപാൽ , ഷഹബാസ് അമൻ , ഗോപി സുന്ദർ , സിതാര , ജ്യോത്സന , ജോബ് കുര്യൻ ,ഗോവിന്ദ് വസന്ത തുടങ്ങി പ്രതിഭകൾ തങ്ങളുടെ
132 total views

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കരുണ പ്രോഗ്രാം നടക്കുകയാണ്.അൽഫോൻസ് , ബിജിപാൽ , ഷഹബാസ് അമൻ , ഗോപി സുന്ദർ , സിതാര , ജ്യോത്സന , ജോബ് കുര്യൻ ,ഗോവിന്ദ് വസന്ത തുടങ്ങി പ്രതിഭകൾ തങ്ങളുടെ സംഗീതം കൊണ്ട് വേദിയിൽ പരസ്പരം മാറ്റുരക്കുകയാണ് ! അവരുടെ സംഗീതം കൊണ്ടുള്ള കൊടുക്കൽ വാങ്ങലുകൾ ആസ്വദിച്ച് ഓരോ പാട്ടും നിറഞ്ഞ കയ്യടിയോടെ വരവേൽക്കുന്ന കാണികൾ .അവിചാരിതമായി വേദിയിൽ ഇരിക്കുന്നവരിലേക്ക് കാമറ ഫോക്കസ് ചെയ്യുമ്പോൾ ആണ് നീല ജീൻസും കറുത്ത ഷർട്ടും ഇട്ടു ഒന്നിലും ഒരു ശ്രദ്ധയില്ലാതെ അലസമായി ഇരിക്കുന്ന അയാളിൽ ശ്രദ്ധ പതിഞ്ഞത് !
“അഴകാലില മഞ്ഞച്ചരടില് പൂത്താലി
മഴവില്ലിന് കസവുലയും മുകില്പ്പുടവ ചുറ്റി
കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്
കുരുന്നില പടർപ്പിനുള്ളില് കുളിര്മൊഴി ഒഴുകീ
എഴഴകായ് പൂങ്കവിളില് ചിന്നീ നിന് നാണം
എന് കരളില് താഴ്വയില് ചെമ്പക പൂമഴ”
ഏതാനും നിമിഷങ്ങൾ മാത്രം നീളുന്ന അയാളുടെ പാട്ട് !
അത് വരെ കയ്യടിച്ചു ഇരിപ്പിടങ്ങളിൽ ഇരുന്നു പാട്ടുകൾ ആസ്വദിച്ചിരുന്ന കാണികൾ പൊടുന്നനെ ഉന്മാദം പിടിപെട്ടവരെ പോലെ അയാൾക്കായി ആർപ്പു വിളിക്കുന്ന കാഴ്ച !
അയാളുടെ ഊഴം കഴിഞ്ഞു മൈക്ക് പിന്നീട് പലരിലേക്കും പോയെങ്കിലും ആളുകളുടെ ഹൃദയത്തെ സ്പർശിച്ച പല പാട്ടുകളും പിന്നെയും പലരും പാടിക്കൊണ്ടിരുന്നെങ്കിലും ഇരുളിൽ കളിപ്പാട്ടം നഷ്ടപെട്ട കുട്ടിയെ പോലെ പ്രേക്ഷകർ പിന്നെയും തിരഞ്ഞു കൊണ്ടിരുന്നത് അയാളുടെ അടുത്ത ഊഴത്തിനു ആയിരുന്നു .ചുമ്മാ ജീൻസിന്റെ ഒരു പോക്കറ്റിൽ കയ്യിട്ടു കൊണ്ട് ഒരു ഐസ് ക്രീം നുണയുന്ന ലാഘവത്തോടെ അടുത്ത പാട്ട് ”
“മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു
നീയെനിക്കുവേണ്ടി
വെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ
ഇന്നെനിക്കുവേണ്ടി
ചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾ
നീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻ
പ്രണയിനി..ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ”
പണ്ടാരോ പറഞ്ഞത് പോലെ ”
Everyone was a boss, until he is starting to sing “
ജാസി ഗിഫ്റ്റ് എന്ന പേര് കൂടെയുള്ളവരുടെ കൂടെ എഴുതി ചേർക്കുമ്പോൾ കൂടെയുള്ളവരുടെ പേരുകൾക്ക് തനിയെ തിളക്കം കുറയുന്ന അവസ്ഥ !
നിമിഷങ്ങൾ മാത്രം ദൈർഖ്യം ഉള്ള രണ്ടേ രണ്ടു പാട്ടുകൾ കൊണ്ട് പ്രോഗ്രാം കണ്ടിരുന്നവരെ അയാൾ കൊണ്ട് പോയത് 16വർഷങ്ങൾ മുൻപുള്ള ഒരു ജനുവരിയിലേക്കു ആയിരുന്നു മലയാളം അന്നോളം പിന്തുടർന്ന സംഗീത ചട്ടക്കൂടുകൾ മൊത്തം പൊളിച്ചടുക്കിക്കൊണ്ടു ലജ്ജാവതിയും , അന്നക്കിളിയും കൊണ്ട് അയാൾ മലയാള സിനിമയുടെ സംഗീത ലോകത്തെ പിടിച്ചു കുലുക്കി കൊണ്ട് 4ദി പീപ്പിലുമായി കടന്നു വന്ന ആ ജനുവരിയിലേക്കു !സിനിമ കഴിഞ്ഞിട്ട് പ്രേക്ഷകർക്ക് ഡാൻസ് കളിയ്ക്കാൻ ആയി ആ പടത്തിലെ പാട്ടുകളുടെ റീലുകൾ ഓടിക്കുക ! എന്ന മലയാളി കേട്ട് കേൾവി പോലും ഇല്ലാത്ത കാഴ്ചകൾ സമ്മാനിച്ച അതെ ജനുവരിയിലേക്കു !
ലജ്ജാവതി എന്ന ഒരൊറ്റ പാട്ടു കൊണ്ട് തന്റെ സംഗീതത്തിന്റെ ആകാശം തമിഴിലേക്കും , തെലുങ്കിലേക്കും , കന്നടയിലേക്കും വ്യാപിപ്പിക്കുന്ന അയാൾ !4ദി പീപ്പിളിന്റെ ഓളം അടങ്ങുന്നതിനു മുൻപേ ” നില് , നില് , നില്ലെന്റെ നീലക്കുയിലെ യും , തെമ്മ തെമ്മ തെമ്മാടിക്കാതെയും ” കൊണ്ട് കേരളക്കരയാകെ ചുവടു വെപ്പിക്കുന്ന അയാൾ ….!വെസ്റ്റേൺ മ്യൂസിക് മാത്രമേ കയ്യിലുള്ളു അല്ലെ എന്ന് ചോദിച്ചവരുടെ മുന്നിലേക്ക് ” സ്നേഹതുമ്പി ഞാനില്ലേ കൂടെയും ( ഡിസംബർ ) തൂവെള്ള തൂകുന്നുഷസിലും ( സഫലം ), അഴകാലില മഞ്ഞച്ചരടിൽ പൂത്താലിയും ( അശ്വാരൂഢൻ ) നീലത്തടാകങ്ങളോ യും ( ബൽറാം വെസ് താരാദാസ് ) ഇട്ടു കൊടുക്കുന്ന അയാൾ !
ഫാസ്റ്റ് നമ്പേഴ്സുകളും മെലഡികളും ഒരു പോലെ എടുത്തു വീശി തൊട്ടതെല്ലാം പൊന്നാക്കി നിന്നിട്ടും, പിറന്ന മണ്ണിൽ നിന്നും അവസരങ്ങളുടെ നാമ്പുകൾ മുളപൊട്ടാതെ കിടക്കുന്നതു കണ്ടു പതിയെ തന്റെ പ്രതിഭയെ അംഗീകരിക്കുന്ന അന്യഭാഷയിലേക്കു പതിയെ കുടിയേറിപ്പോയ അയാൾ !…..
ജാസി ഗിഫ്റ്റ് …
അയാളുടെ പേര് പോലെ തന്നെ ദൈവം ഗിഫ്റ്റായി കൊടുത്ത സംഗീതവും ശബ്ദവും കൊണ്ട് അയാൾ അന്യഭാഷയിൽ വിസ്മയങ്ങൾ തീർക്കുമ്പോൾ എത്രയോ വട്ടം “അയാളെന്ന സ്വർണത്തിന്റെ പാത്രം ചില്ലറ പൈസയിട്ടു” വക്കാൻ ഉപയോഗിച്ച മലയാളത്തിന്റെ അവസ്ഥയിൽ ഉള്ളു മുറിഞ്ഞിരിക്കുന്നു !
വല്ലപ്പോഴുമൊരിക്കൽ ജന്മനാട്ടിൽ നിന്നും വഴി തെറ്റി വരുന്ന അവസരങ്ങളിൽ എല്ലാം തന്റെ കീബോർഡിൽ ഹിറ്റുകളുടെ ഈണങ്ങൾ വായിച്ചിരുന്ന ( മണിക്കിനാവിൻ കൊതുമ്പു വെള്ളം ( പോക്കിരി രാജ ) അരികെ നിന്നാലും ( ചൈന ടൌൺ ) അയാളെ കാണുന്ന കാഴ്ചകൾ നല്കുന്ന ആനന്ദം !!
ഇളയരാജ യുടെ മെലഡികളെയും ഫ്രദ്ദി മെർകുറിയുടെ റോക്ക് മ്യൂസിക് ശൈലികളെയും ആരാധിച്ചു നടന്ന .ഹോട്ടലുകളിൽ വെസ്റ്റേൺ ക്ലാസിക്കുകൾ പാടി നടന്നു , കാണികളെ എങ്ങനെ ആണ് കയ്യിൽ എടുക്കേണ്ടത് എന്ന് പഠിച്ച .മെലഡികളിൽ വെസ്റ്റേൺ ഡാൻസ് മ്യൂസിക് മിക്സ് ചെയ്തു പുതു ഐറ്റം സൃഷ്ടിച്ച ആ പഴയ ജാസി ഗിഫ്റ്റ് ഇന്ന് ഞങ്ങൾ മലയാളികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ഓര്മ മാത്രമാണ് !ആ മധുരിക്കുന്ന ഓർമകളുടെ ശേഖരം വർധിപ്പിക്കാൻ ഒരു പിയാനോ നിറയെ പാട്ടുകളുമായി വീണ്ടും കടന്നു വരൂ പ്രിയ ജാസി .നിങ്ങളെ ഒന്നും സ്നേഹിച്ചതു പോലെ ഞങ്ങൾ അധികം ആരെയും സ്നേഹിച്ചിട്ടില്ലാട്ടോ !
133 total views, 1 views today