നിങ്ങളെ പോലെ ഒരൊറ്റ ചിത്രം കൊണ്ട്, സിനിമ എന്ന ഈ കലാരൂപം നില നിൽക്കുന്ന കാലം വരെ പ്രേക്ഷകരുടെ ഉള്ളിൽ ജീവിക്കുന്ന വേറെ ഒരാൾ ഉണ്ടോ ?

260

Sanalkumar Padmanabhan

ചന്ദ്രമുഖി യുടെ 250 നാൾ വിജയാഘോഷം കഴിഞ്ഞു ഒരു സഞ്ചി നിറയെ നോട്ട് കെട്ടുകളുമായി രജനിയെ കാണാൻ ചെന്ന് ” എനിക്ക് ഈ സിനിമ മൂലം ഒരുപാടു പണം ലാഭം കിട്ടി , അതിൽ ഒരു പങ്ക് ഞാൻ താങ്കൾക്ക് നൽകുന്നു , ഇത് എത്രയുണ്ടെന്ന് പോലും ഞാൻ എന്നി നോക്കിയിട്ടില്ല , ദയവായി സ്വീകരിച്ചാലും ” എന്ന് പറഞ്ഞ പ്രഭുവിനെ ഇന്നും ഓർമയുണ്ട് !പ്രഭുവിൽ നിന്നും നിറ ചിരിയോടെ സഞ്ചി വാങ്ങി അയാളുടെ സന്തോഷത്തിൽ പങ്കു ചേർന്ന രജിനിയെയും … !കോടികളുടെ ലാഭം നേടിത്തന്ന സിനിമയെ കുറിച്ചോർത്തു അഭിമാനത്തോടെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്ന ആ രണ്ടു പേര് അറിയുന്നുണ്ടായിരിക്കുമോ? ചാത്തനേറ്‌ എന്ന ചെറു തീമിനെ , രാമനാഥൻ , നാഗവല്ലി എന്ന കഥാപാത്രത്തിലേക്കും അവിടെ നിന്നും ഗംഗ എന്ന മനോരോഗിയിലേക്കും പിന്നീട് മണിച്ചിത്രത്താഴ് എന്ന തിരക്കഥയിലേക്കും എത്തിക്കാൻ ഹരിപ്പാടിനടുത്തുള്ള മുട്ടം സ്വദേശി മധു എന്ന മനുഷ്യൻ എടുത്ത വര്ഷങ്ങളുടെ പരിശ്രമങ്ങളുടെ കഥ !

കഥാപാത്രങ്ങളെ ഹൃദയത്തിൽ ഗർഭം ധരിച്ചു അവയെ വെള്ള പേപ്പറിലേക്കു അക്ഷരങ്ങളായി പ്രസവിക്കുന്നത് വരെ അയാൾ അനുഭവിച്ച നോവുകൾ !എഴുതിയും , തിരുത്തിയും , വെട്ടിയും , ചുരുട്ടിയെറിഞ്ഞ വെള്ള പേപ്പറിൽ വിശ്രമിക്കുന്ന കഥാപാത്രങ്ങളുടെ വികാര വിക്ഷോഭങ്ങൾക്കൊപ്പം സഞ്ചരിച്ച അയാളുടെ ചേതനകൾ !ഇരുപത്തയ്യായിരം രൂപ പ്രതിഫലമായി വാങ്ങി മാടമ്പിളിയിലെ മനോരോഗിയുടെ കഥ എഴുതി നൽകുമ്പോൾ ആ മനുഷ്യൻ അറിഞ്ഞു കാണില്ല…തന്റെ തിരക്കഥയിൽ പിറന്ന സിനിമ മലയാളത്തിലെ എന്നല്ല ലോക സിനിമയിലെ തന്നെ ക്ലാസ്സിക്കുകളിൽ ഒന്നാകുമെന്നു …ആ സിനിമ മറ്റു ഭാഷകളിലേക്ക് റീ മെയ്‌ക്ക്‌ ചെയ്യപ്പെടുമെന്നു …തന്റെ കഥയുടെ പകർപ്പവകാശം ലക്ഷങ്ങൾക്ക് വിറ്റു പോകും എന്ന് …! എങ്കിലും തനിക്കു ആദ്യം പ്രതിഫലമായി ലഭിച്ച ഇരുപത്തയ്യായിരത്തിനു മാത്രമേ അർഹതയുള്ളൂ എന്ന് !അന്യഭാഷ യിൽ ചിത്രമൊരുങ്ങുമ്പോൾ അതിൽ തന്റെ പേര് പോലും വെക്കുവാൻ പോലും അവകാശമില്ലെന്നു!

“മണിച്ചിത്രത്താഴ് എന്ന സിനിമ വലിയ വിജയം ആകാനും മികച്ചത് ആകാനും കാരണം അതിന്റെ അണിയറ പ്രവർത്തകരുടെ മികവാണ് , അല്ലാതെ എന്റെ തിരക്കഥ യുടെ മികവൊന്നും അല്ല ” “ചുറ്റുപാടുകളിൽ ഞാൻ കണ്ട കുറച്ചു കാര്യങ്ങൾ ഞാൻ വെറുതെ കഥയെന്നു പറഞ്ഞു എഴുതുന്നു എന്നല്ലാതെ ഞാൻ ഒരു എഴുത്തുകാരനോ കവിയോ ഒന്നും അല്ല ” എന്നിങ്ങനെ സംസാരിക്കുന്ന , സ്വന്തം കഴിവുകളിൽ വിശ്വാസമില്ലാത്ത തന്നിലെ പ്രതിഭയെ മാർക്കറ്റ് ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ എല്ലാം ഉള്വലിയുന്ന ഒരു മനുഷ്യൻ തന്റെ അധ്വാനത്തിന്റെ ഫലം മറ്റുള്ളവർ അനുഭവിക്കുന്നത് കാണുമ്പോൾ അസ്വസ്ഥത പെടുന്നെങ്കിൽ മാത്രമേ അത്ഭുതമുള്ളു !

മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെ , പടത്തിന്റെ ഓരോ കാഴ്ചയിലും ഒട്ടേറെ പുതു രഹസ്യങ്ങൾ പ്രേക്ഷകരുടെ ഇടനെഞ്ചിലെ കൗതുകത്തിന്റെ കൂട്ടിലേക്ക്‌ കോറിയിട്ട പ്രിയ എഴുത്തുകാരൻ ഒരു രഹസ്യം മാത്രം ആരോടും പറയാതെ ബാക്കി വെച്ചു! ” എന്നെന്നും കണ്ണേട്ടന്റെയും , കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടിയുടെയും , മണിച്ചിത്രത്താഴിന്റെയും” എല്ലാം കഥകൾ വിരിഞ്ഞ , ദൈവം കൈവിരൽ തുമ്പിൽ കലയുടെ മഷി പുരട്ടി വിട്ട ആ പ്രതിഭയെ എന്ത് കൊണ്ടാണ് അയാൾ പെട്ടെന്നൊരു നാൾ ആരുമറിയാതെ ഹൃദയത്തിന്റെ ഇരുട്ട് നിറഞ്ഞ അറയിൽ മണിച്ചിത്രത്താഴ് ഇട്ടു പൂട്ടിയത് എന്ന രഹസ്യം !

പ്രിയ മധുവേട്ട , നിങ്ങളുടെ ഉള്ളിലെ ബന്ധനസ്ഥൻ ആയ ആ എഴുത്തുകാരനെ തുറന്നു വിടു ! അയാൾ വെള്ളപേപ്പറിൽ ജീവിതത്തിന്റെ മണമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കട്ടെ ! ആ കഥാപാത്രങ്ങൾ തിരശീലയിൽ മേക്കപ്പ് ഇട്ടു വരുന്നത് കാണാൻ ഞങ്ങൾക്ക് എന്ത് ഇഷ്ടമാണെന്നോ !നിങ്ങളെ പോലെ ഒരൊറ്റ ചിത്രം കൊണ്ട്, സിനിമ എന്ന ഈ കലാരൂപം നില നിൽക്കുന്ന കാലം വരെ പ്രേക്ഷകരുടെ ഉള്ളിൽ ജീവിക്കുന്ന വേറെ ഒരാൾ ഉണ്ടോ ? സംശയം ആണ് .

മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്ത ചിത്രത്തിന്റെ എഴുത്തുകാരൻ വര്ഷങ്ങള്ക്കിപ്പുറെ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിന്റെ രശ്മികൾ ഒന്ന് പോലും കടന്നു വരാത്ത മുട്ടത്തെ തന്റെ രണ്ടു മുറി വീട്ടിൽ ഏകനായി , ആരോടും പരിഭവമോ , വിദ്വേഷമോ ഇല്ലാതെ തന്നെ പുണരുന്ന ഏകാന്തതയെ പ്രണയിച്ചു കഴിയുന്നത് കാണുമ്പോൾ വര്ഷങ്ങള്ക്കു ഒരു വാരികയ്ക്ക് വേണ്ടി അയാൾ എഴുതിയ കവിതയിലെ വരികൾ ആണ് ഓര്മ വരുന്നത്
“വരുവാനില്ലാരുമീ
വിജനമാമെൻ വഴി-
ക്കറിയാം
അതെന്നാലുമെന്നും
പടി വാതിലോളം
ചെന്നകലത്താ വഴിയാകെ
മിഴി പാകി
നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ
വരുവാനുണ്ടെന്നു ഞാൻ
വെറുതേ
മോഹിക്കാറുണ്ടല്ലോ”
പല വട്ടം വഴി മാറിപ്പോയ എഴുത്തിന്റെയും അവസരങ്ങളുടെയും പൂക്കാലവും കൊണ്ട് ആരെങ്കിലും ആ വിജനമായ വഴിയിലൂടെ അയാളെ തേടി
എത്തട്ടെ എന്ന് ആഗ്രഹിക്കാം ……❤❤