ക്രിക്കറ്റ് ഇന്ത്യ കണ്ട ഏറ്റവും മികച്ച സെലിബ്രിറ്റി ആയിരുന്ന ആ മനുഷ്യന് “ആ തെറ്റ്” പറ്റാതിരുന്നെങ്കിൽ

0
191

Sanalkumar Padmanabhan

1996ലെ ലോകകപ്പ് സെമി ഫൈനലിൽ , കൽക്കട്ടയിൽ ഈഡനിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നത് ദുർഘടം ആയതു കൊണ്ട് ടോസ് കിട്ടിയാൽ ആദ്യം ബാറ്റ് ചെയ്യുക എന്ന ബേസിക് ഓപ്‌ഷൻ സെലക്ട് ചെയ്യാതെ ടോസ് കിട്ടിയപ്പോൾ , ലങ്കക്കാരെ ബാറ്റിങ്ങിന് അയക്കുക എന്ന തെറ്റായ തീരുമാനം എടുത്ത ! ലങ്കയുടെ 252 റൺസ് ചെയ്‌സ് ചെയ്യുമ്പോൾ അക്കൗണ്ട് തുറക്കുന്നതിനു മുൻപ് പുറത്തായതിന് കൂകി വിളിച്ചു കൊണ്ടിരിക്കുന്ന കാണികളുടെ മുന്നിലൂടെ തല കുനിച്ചു ഡ്രസിങ് റൂമിലേക്ക് നടന്ന ഒരു ഹൈദരാബാദി ബാറ്റ്സ്മാൻ ഉണ്ട് ഇന്നലെയുടെ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ !

1996 ലെ ലോകകപ്പിലെ സെമിയിലെ ദയനീയ തോൽവിക്ക് ശേഷം ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിൽ അഞ്ചു ഇന്നിങ്‌സുകളിൽ നിന്നും 17 .17 ശരാശരിയിൽ 42 റൺസ് മാത്രം സ്കോർ ചെയ്തു കരിയറിലെ ഏറ്റവും മോശം സമയത്തു കൂടെ സഞ്ചരിച്ച ആ ബാറ്റ്സ്മാൻ ,ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഇംഗ്ലണ്ട് ടൂറിനു ശേഷം , വെറും ഒൻപതു മാസങ്ങളുടെ ഇടവേള കഴിഞ്ഞു അയാൾ വീണ്ടും കൊല്ക്കത്തയിലെ കാണികൾക്കു മുന്നിൽ പാഡ് കെട്ടി ഇറങ്ങുക ആണ് ! India Vs South Africa 2nd Test Eden 1996.

ഗാരി ക്രിസ്റ്റീന്റെയും , ഹഡ്‌സന്റെയും സെഞ്ചുറികളുടെ പിൻബലത്തിൽ 428 റൺസ് എടുത്ത ആഫ്രിക്കക്കെതിരെ , മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ 77റണ്ണിന് മൂന്നാം വിക്കെറ്റ് ആയി ഗാംഗുലിയും മടങ്ങുമ്പോൾ ആണ് അയാൾ വീണ്ടും ക്രീസിലേക്കു ഇറങ്ങുന്നത് ! വെള്ള വേഷത്തിൽ ഈഡനിൽ ഇതിനു മുൻപ് ഇറങ്ങിയപ്പോൾ എല്ലാം കാണികളെ കൈക്കുഴ കൊണ്ട് സ്വർഗം കാണിച്ച അയാൾ അക്കുറി ക്രീസിലേക്കു ഇറങ്ങുമ്പോൾ ഒരു ആരവവും ഉയർത്താത്ത ഗാലറി ഒരു വേറിട്ടൊരു കാഴ്ച ആയിരുന്നു , ഒരു പക്ഷെ 96ലെ സെമിയിലെ തോൽവിയും ഇംഗ്ലണ്ടിലെ മോശം പ്രകടനവും കാണികളെ അയാളിൽ നിന്നും അകറ്റിയിരിക്കാം ! 6 റണ്ണുമായി ബാറ്റ് ചെയ്യുമ്പോൾ ബ്രയാൻ മാക്മില്ലൻറെ ബൗൺസർ അയാളുടെ എൽബോയുടെ കരുത്തു പരീക്ഷിക്കുക ആണ് ! അയാളുടെ ടെസ്റ്റ് കരിയറിൽ ആദ്യമായി അയാൾ പരിക്കേറ്റു മടങ്ങുന്ന കാഴ്ച!

Mohammad Azharuddin – The Magician With The Bat ~ The Swami Armyപരിക്കേറ്റു മടങ്ങുന്ന അയാളെ നോക്കി കയ്യടിച്ച കാണികളുടെ കണ്ണിൽ പരിഹാസമായിരുന്നോ ? അറിയില്ല ! 161 റണ്ണിന് 7 ആം വിക്കറ്റായി ശ്രീനാഥും മടങ്ങുമ്പോൾ, ഫോളോ ഓൺ എന്ന നാണക്കേടിനും ഇന്ത്യക്കും ഇടയിൽ നിൽക്കുന്ന 29റൺസ് എന്ന കടമ്പയെങ്കിലും ഒന്ന് കടന്നു കിട്ടിയാൽ മതി എന്ന് ഈഡനിലെ കാണികൾ എല്ലാവരും പ്രാർത്ഥിച്ചിരുന്ന നേരത്താണ് ,ഡ്രസിങ് റൂമിൽ ഇനിയും പാഡ് അണിയാനുള്ള പ്രസാദിനെയും , ഹിര്വാനിയെയും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പരിക്കേറ്റ കയ്യുമായി അയാൾ പതിയെ ക്രീസിലേക്ക് നടന്നടുക്കുന്നത് !

ആഫ്രിക്കക്കാർക്കു കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു അയാൾക്കെതിരെ “So, the plan was to bounce at the man. To go for his head.”
ഡൊണാൾഡിന്റെയും , മാക്മില്ലൻറെയും ഷോർട് പിച്ചുകൾക്കു പിന്കാലിൽ ഊന്നിക്കൊണ്ടുള്ള പഞ്ചുകൾ ആയിരുന്നു മറുപടി !
ബൗൺസറുകൾ കൊണ്ടും വേഗം കൊണ്ടും അയാളെ ഭീതിപെടുത്താൻ ശ്രമിച്ച ക്ലൂസ്‌നർക്കു ലഭിച്ചത് ഒരോവറിൽ ബൗണ്ടറി വരകൾ കടന്നു പോയ എണ്ണം പറഞ്ഞ അഞ്ചു ഷോട്ടുകൾ ആയിരുന്നു !

ഫോളോ ഓൺ എന്ന നാണക്കേടിൽ നിന്നും അയാളിലൂടെ പതിയെ പുറത്തു കടക്കുന്ന ഇന്ത്യ !ദൈവത്തിന്റെ കൈക്കുഴയിൽ കിടന്നു ആ റീബോക്കിൻറെ ബാറ്റ് ഉറക്കെ ശബ്ദിച്ചു കൊണ്ടേ ഇരുന്നപ്പോൾ അയാളുടെയും 50*(35) ഇൻഡ്യയുടേം 250 സ്കോർ കാർഡ് ഇങ്ങനെ കുതിക്കുക ആയിരുന്നു .അവസാന അസ്ത്രം എന്നോണം ബാറ്സ്മാൻറെ കണ്ണിൽ പൊടിയിടുന്ന രീതിയിൽ ഉള്ള ബൗളിംഗ് ആക്ഷനുമായി റൌണ്ട് ദി വിക്കറ്റിൽ നിന്നും എറിയാൻ വരുന്ന ആഡംസ് ! ഷോർട് ആയി പിച്ച ചെയ്ത പന്തിനെ ഓഫ്‌സ്റ്റെമ്പിന്റെ വെളിയിൽ നിന്നും തൂക്കിയെടുത്തു മിഡോണിനും മിഡ് വിക്കറ്റിനും ഇടയിലൂടെ ബൗണ്ടറിയേക്കുള്ള വഴി കാണിച്ചു കൊടുത്ത പുൾഷോട്ടും ആയി സ്വാഗതം ചെയ്തു തന്റെ സ്കോർ നൂറിലേക്കും ടീമിന്റെ സ്കോർ മുന്നൂറിലേക്കും കടത്തി വിടുന്ന അയാൾ !

74 ബോളിലെ സെഞ്ചുറി !!ഇന്ത്യക്കാരന്റെ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന കപിൽ ദേവിന്റെ റെക്കോർഡിന് ഒപ്പം !മണിക്കൂറുകൾക്കു മുൻപ് ഒരല്പം പരിഹാസത്തോടെ അയാളെ വീക്ഷിച്ച മിഴികളിൽ നിന്നും കുറ്റബോധത്തിന്റെ നനവ് പൊടിയുന്ന കാണാൻ സുഖമുള്ള കാഴ്ച !അയാൾക്ക് വേണ്ടി കയ്യടിച്ചു ആർപ്പു വിളിക്കുന്നവരുടെ മുന്നിൽ… സെഞ്ചുറിക്ക്‌ ശേഷം ബാറ്റു ഉയർത്തിയോ , ഹെൽമെറ്റ് ഊരിയോ തങ്ങളെ അഭിസംബോധന ചെയ്യും എന്ന വിശ്വാസത്തിൽ നിന്ന പതിനായിരത്തോളം കാണികളെ നിരാശരാക്കി കൊണ്ട് അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ , വെള്ള ഹെൽമെറ്റ്‌ തലയിൽ ഉറപ്പിച്ചു വെച്ച് , ബാറ്റു കൊണ്ട് തറയിൽ മുട്ടിക്കൊണ്ടു അടുത്ത ബോളിനു തയ്യാറെടുത്തു കൊണ്ട് , മോശം പെരുമാറ്റം കൈവശമുള്ള ജനതയോട് എങ്ങനെയാണ് തന്റെ നിലപാട് എന്ന് വ്യക്തമാക്കികൊടുത്ത അയാൾക്ക് മാത്രം സാധ്യമായ ഒരു മറുപടി !

ഒൻപതു റൺസ് കൂടി ചേർത്തു അവസാനം അയാൾ ആഡംസിനു റിട്ടേൺ ക്യാച് നൽകി പുറത്താകുമ്പോൾ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്ന് പിറന്നു കഴിഞ്ഞിരുന്നു ..രണ്ടാം ഇന്നിങ്സിലും സെഞ്ചുറിയും ആയി ഗാരി ക്രിസ്റ്റനും, എട്ടു വിക്കറ്റുമായി ക്ലൂസ്നരും ജ്വലിച്ചതോടെ ഇന്ത്യ 329 റൺസിന്‌ പരാജയപ്പെട്ട ആ മത്സരത്തിൽ രണ്ടാം ഇന്നിങ്സിലും ഉണ്ടായിരുന്നു അയാളുടെ പ്രതിഭ ആലേഖനം ചെയ്തു വെച്ച ഷോട്ടുകളുമായി വെട്ടിപ്പിടിച്ച 52റൺസ് !

1988 ഇൽ 278 റൺസ് എടുത്ത ന്യൂസീലന്ഡിനെതിരെ, 133/5 എന്ന നിലയിൽ പതറുമ്പോൾ , ആറാമത് ആയി ആയിറങ്ങിയ അജയ് ശർമയെ കാഴ്ചക്കാരന് ആക്കി നിർത്തി 62 ബോളിൽ സെഞ്ചുറി അടിച്ചു ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി യിലൂടെ ന്യൂസിലൻഡിനെ കരയിപ്പിച്ച ഇന്നിംഗ്സ് !ഇംഗ്ലീഷ് ക്രിക്കറ്റർ വിക് മാർക്സ് ” താൻ ജീവിതത്തിൽ കണ്ട ഏറ്റവും വിസ്മയകരമായ സെഞ്ച്വറി ” എന്ന് വിശേഷിപ്പിച്ച ലോർഡ്‌സിലെ ആ 88 ബോളിലെ സെഞ്ച്വറി !ഓക്‌ലൻഡിൽ ന്യൂസീലാണ്ടിൽ നിന്നും സമനില തട്ടിയെടുത്ത 192 റൺസിന്റെ ആ മാജിക്കൽ ഇന്നിംഗ്സ് !തുടങ്ങി എത്രയെത്ര ഇന്നിങ്‌സുകൾ !

തേർഡ് മാനിൽ നിന്നും ,ഷോർട് ലെഗിൽ നിന്നു , മിഡോണിൽ നിന്നു , ലോൻഗോണിൽ നിന്നും ബൗണ്ടറി ലക്ഷമാക്കി ഒഴുകുന്ന പന്തുകളെ അസാധ്യമായ വേഗതയോടെ ഓടിയെടുത്തു , ഓട്ടത്തിന്റെ പെയ്സ് ഒട്ടും കുറക്കാതെ തന്നെ റണ്ണിനായി ഓടുന്ന ബാറ്സ്മാൻറെ യും സ്റ്റാമ്പിന്റെയും പൊസിഷൻ അളന്നെടുത്തു എറിഞ്ഞു സ്റ്റാമ്പുകൾ മറച്ച എത്ര എത്ര ത്രോകൾ ! ഉരുണ്ടു വന്നിരുന്ന പന്തിനെ ഷൂ സോൾ കൊണ്ട് തട്ടിപൊക്കിയെടുത്തു തിരിഞ്ഞു നോക്കാതെ കീപ്പറുടെ കൈകളിലേക്കും , സ്റ്റമ്പിലേക്കും എല്ലാം ഒരു കംപ്യൂട്ടറിന്റെ കൃത്യതയോടെ എറിഞ്ഞു കൊടുത്ത് കാണികളെ വിസ്മയിപ്പിച്ച ഒരു മനുഷ്യൻ !കപിൽ ദേവ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ ” അയാൾ ഔട്ട് ഓഫ് ഫോം ആയാലും ഞാൻ അയാളെ ടീമിൽ ഉൾപ്പെടുത്തും കാരണം അയാൾ മിനിമം ഒരു 25 റൺസ് സേവ് ചെയ്യും അത് മതി എനിക്ക് ” ആ വാക്കുകളിൽ ഉണ്ടായിരുന്നു ഫീൽഡിൽ അയാൾ എന്തായിരുന്നു എന്ന് വ്യക്തമാകാൻ !

മുകളിലെ രണ്ടു ബട്ടൻസ് അഴിച്ചിട്ടു ..ടീഷർട്ടിന്റെ കോളർ നിവർത്തി വച്ച് …കഴുത്തിൽ കറുത്ത ചരടിൽ ചതുര ഏലസ്സും കെട്ടി,വെള്ള ഹെൽമറ്റും വെച്ച് …..റീബോക്കിന്റെ ബാറ്റും കൊണ്ട് ക്രീസിൽ എത്തി ഫ്ലിക്കും, കട്ടും,ലെഗ് ഗ്ലാൻസും ,കൊണ്ട് കാണികളെ വേറെ ഏതോ മായികലോകത്തേക്കു കൂട്ടികൊണ്ടു പോയിരുന്ന .തൊണ്ണൂറുകളിൽ എത്തിയാൽ ബൗണ്ടറികളിലൂടെ സെഞ്ച്വറി അടിക്കാൻ ശ്രമിച്ചിരുന്ന …തോൽക്കുമെന്ന് ഉറപ്പിച്ചിരുന്ന കളികളെ തന്റെ തീരുമാനം കൊണ്ട് കൈവെള്ളയിൽ ആക്കിയിരുന്ന…
ക്രിക്കറ്റ് ഇന്ത്യ കണ്ട ഏറ്റവും മികച്ച സെലിബ്രിറ്റി ആയിരുന്ന ആ മനുഷ്യന് “ആ തെറ്റ്” പറ്റാതിരുന്നെങ്കിൽ ! ഒരു പക്ഷെ ഇന്ന് അയാൾ ആയിരുന്നേനെ ക്രിക്കറ്റിലെ രാജാവും രാജകുമാരനും എല്ലാം !

പണ്ടാരോ പറഞ്ഞത് പോലെ ” കോഴ വിവാദത്തിൽ ഉൾപ്പെട്ട കാര്യത്തിൽ അയാളെ വെറുക്കാം ! പക്ഷെ മറക്കാനാകില്ല !” അതെ അസ്ഹർ , നിങ്ങളെ മറന്നു കൊണ്ട് എങ്ങനെയാണു ഞങ്ങൾ ഈ ഗെയിമിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് ?! ഒരിക്കൽ ഈ ഗെയിമിന്റെ സൗന്ദര്യം നിങ്ങൾ തന്നെ ആയിരുന്നല്ലോ !