സംസ്ഥാന സർക്കാരിന്റെ മികച്ച ഗായകനുള്ള അവാര്ഡുമായി തിരുവനന്തപുരത്തെ വീട്ടിലേക്കു അയാൾ കയറി ചെല്ലുമ്പോൾ ഉമ്മറത്ത് അവർ നിൽക്കുന്നുണ്ടാവും

48

Sanalkumar Padmanabhan.

ഓരോ സ്റ്റേജിലും 90 ഇൽ അധികം മാർക്കുകൾ നേടി !

അരുൺ ഗോപൻ , ദുര്ഗ , തുഷാർ , അമൃത , വരുൺ , ഇമ്രാൻ തുടങ്ങിയ പ്രതിഭകൾ ഒരുമിച്ചു വേട്ടക്കിറങ്ങിയ ഐഡിയ സ്റ്റാർ സിംഗറിന്റെ സീസൺ 2 വിലാണ് ” വിദ്യാസാഗറിന്റെ ഓ ദിൽറുബാ ഇനി സംഗമോത്സവം ” എന്ന ഗാനം ഭാവങ്ങൾ വാരി വിതറി കൊണ്ട് ആലപിച്ചു പ്രേക്ഷകരെയും വിധി കർത്താക്കളെയും കുറച്ചു നിമിഷങ്ങൾ വേറെ എങ്ങോട്ടോ കൊണ്ട് പോയി നൂറിൽ നൂറു മാർക്കും വാങ്ങി വേട്ടക്കാരെ വേട്ടയാടാൻ വന്നവൻ്റെ ഭാവത്തിൽ നിന്ന ആ 21കാരനിൽ ആദ്യമായി കണ്ണുകൾ ഉടക്കിയത് !
ക്ലാസിക്കൽ , ഗസൽ , ഡിവോഷണൽ തുടങ്ങി ഓരോ സ്റ്റേജിലും അയാൾക്ക്‌ മാത്രം സാധ്യമായ ഭാവങ്ങളിൽ അയാൾ പാടിക്കൊണ്ടിരിക്കുമ്പോൾ എത്രയോ വട്ടം സ്വയം മറന്നിരിക്കുന്നു !

ഇന്നും ഓർമയുണ്ട് പ്രേക്ഷകരും അയാളും തമ്മിലുള്ള പാട്ടുകളുടെ കൊടുക്കൽ വാങ്ങലുകൾ !
തങ്ങളെ പാടി രസിപ്പിച്ചതിനു പ്രതിഫലമായി അയാൾക്ക്‌ തങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹം ചാലിച്ച വാക്കുകൾ കൊണ്ട് ടെക്സ്റ്റ് മെസ്സേജുകളുടെ രൂപത്തിൽ വോട്ട് ചെയ്യുന്ന പ്രേക്ഷകർ !പ്രേക്ഷകരുടെ സ്നേഹത്തിനു ഭാവങ്ങൾ നിറഞ്ഞ പാട്ടുകൾ പാടിക്കൊണ്ട് മറുപടി അറിയിക്കുന്ന പാട്ടുകാരൻ !

ഒരു സ്റ്റേജും മൈക്കും കിട്ടിയാൽ ഞൊടിയിട കൊണ്ട് അയാൾ സ്വയം അറിയാതെ മുഹമ്മദ് റാഫിയും , കിഷോർ കുമാറും , ദാസേട്ടനും , എസ് പി ബി യും ഒക്കെ ആയി മാറുന്ന കാഴ്ച പലകുറി കണ്ടതിനാൽ , ഒരല്പം ആശ്ചര്യത്തോടെ ഒരു സൈക്കിളും എടുത്തു അയാളുടെ ഭൂതകാല ചരിത്രം തികഞ്ഞു പോയാൽ ചെന്നെത്തുക തിരുവന്തപുരത്തെ പഴയ ഒരു സര്കാര് എൽ പി സ്കൂൾ മുസിക് ടീച്ചറുടെ വീട്ടിൽ ആണ് !

അവിടെ കുഞ്ഞു നജീമിനെ ഉദരത്തിൽ ചുമക്കുന്ന നേരത്തും സ്കൂൾ കുട്ടികൾക്ക് പാട്ടുകൾ പാടി കൊടുക്കുന്ന ടീച്ചറെ കാണാം !ഉമ്മ പാട്ട് പഠിപ്പിക്കുന്നത് , സ്കൂൾ കുട്ടികളുടെ കൂടെ ഇരുന്നു കേട്ട് പഠിക്കുന്ന രണ്ടര വയസുള്ള കുഞ്ഞു നജീമിനെ കാണാം !പഠന കാലത്ത് പന്ത്രണ്ടിൽ പരം കലാപ്രതിഭ പട്ടവും , സ്റ്റേജും മൈക്കും കിട്ടിയാൽ പ്രകടമാകുന്ന ആള്മാറാട്ട വിദ്യയും എങ്ങനെ അയാൾക്ക്‌ സ്വന്തം ആയെന്ന ചോദ്യത്തിന് ഉത്തരം പതിയെ മറ നീക്കി പുറത്തു വരുന്ന കാഴ്ച !

ഐഡിയ സ്റ്റാർ സിംഗറിന്റെ ഫൈനൽ വേദിയിൽ നിന്നും വിജയിക്കുള്ള ഫ്ലാറ്റിന്റെ താക്കോലും വാങ്ങി അയാൾ പതിയെ വേദിയൊഴിഞ്ഞപ്പോൾ, അയാളുടെ നേട്ടത്തിന്റെ സന്തോഷത്താലാണോ അതോ ഇനി , ഏറെ ഇഷ്ടമുള്ള ആ വേദിയിൽ ഇനി മൈക്കുമായി നിൽക്കുന്ന അയാളെ കാണാൻ ആകില്ലെന്ന തിരിച്ചറിവിലാണോ കണ്ണുകൾ നിറഞ്ഞതു എന്നറിയില്ല !പ്രതീക്ഷിച്ചതു പോലെ മമ്മൂട്ടിയുടെ മിഷൻ 90 ഡേയ്സ് എന്ന ചിത്രത്തിലെ “മിഴിനീര് പെയ്യുമ്പോഴും കരയില്ല ഞാൻ ” എന്ന ഗാനം പാടി കൊണ്ട് മലയാള പിന്നണി ഗായകരുടെ ലോകത്തിലേക്ക് പതിയെ ചുവടു വയ്ക്കുന്ന അയാൾ ….
ചെമ്പട എന്ന ചിത്രത്തിലെ ” എന്റെ പ്രണയത്തിന് താജ്മഹലിൽ ” എന്ന ഗാനവുമായി തന്റെ പേരും മലയാള സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ നേരെ എഴുതി ചേർക്കുന്ന അയാൾ …..

ഡാ തടിയായയിലെ “മേലെ മോഹ വാനം”..
ഡയമണ്ട് നെക്ലേസിലെ “തൊട്ടേ തൊട്ടേ …
ഒരു മുറൈ വന്നു പാർത്തയാ യിലെ “അരികിൽ പതിയെ”
വിക്രമാദിത്യനിലെ “മഴനിലാ”
ജോമോന്റെ സുവിശേഷങ്ങളിലെ “നീലാകാശം”
ദൃശ്യത്തിലെ “മാരിവിൽ”
തുടങ്ങിയ ഒരുപിടി നല്ല ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്കു കുടിയേറിയ അയാൾ ഇപ്പോൾ കെട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ “ആത്മാവിലെ ” എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിരിക്കുന്നു …..

ഒരായിരം ആശംസകൾ പ്രിയ നജിം അർഷാദ് ഞങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നതിനു !ആ പഴയ അമ്പതു പൈസയുടെ ടെക്സ്റ്റ് മെസ്സേജുകൾ വെറുതെ ആയിരുന്നില്ല എന്ന് ബോധ്യപെടുത്തിയതിനു !ഇനിയും ഇത് പോലെ ഞങ്ങളെ ആനന്ദിപ്പിച്ചു കൊണ്ടേ ഇരിക്കൂ.സംസ്ഥാന സർക്കാരിന്റെ മികച്ച ഗായകനുള്ള അവാര്ഡുമായി തിരുവനന്തപുരത്തെ വീട്ടിലേക്കു അയാൾ കയറി ചെല്ലുമ്പോൾ ഉമ്മറത്ത് അവർ നിൽക്കുന്നുണ്ടാവും ” ഇങ്ങനെ പാട്ടും പാടി നടക്കാതെ നിന്റെ ഇക്കമാരെ പോലെ പഠിച്ചു ഡോക്ടറും എൻജിനീയറും ഒക്കെ ആകാൻ നോക്കെടാ ” എന്ന് ഒരിക്കലും അവരുടെ ഇളയ മകനോട് പറയാതെ അവനിലെ സംഗീതത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞു വളവും വെള്ളവും ഒഴിച്ച് കൊടുത്തു വളർത്തിയെടുത്ത ആ അച്ഛനും അമ്മയും !ഇങ്ങനെ മകനെ കുറിച്ച് ഓർത്തു അഭിമാനിക്കാനുള്ള നിമിഷങ്ങൾ അവർക്കു തിരിച്ചു നൽകി ആയിരിക്കാം ആ മകൻ അവരോടുള്ള തന്റെ കടപ്പാടും സ്നേഹവും തിരിച്ചു കൊടുക്കുക !..