വരികളുടെ അർത്ഥം അറിയാതെ ഇത്ര മനോഹരമായി കമ്പോസ് ചെയ്യാൻ ഇദ്ദേഹത്തെ കൊണ്ടേ പറ്റൂ

205

Sanalkumar Padmanabhan.

ഒരിക്കൽ മണി ചേട്ടൻ പറഞ്ഞതു ഓര്മ വരുന്നു ” ജെമിനി തെലുങ്ക് റീമെയ്ക് നിടയിൽ ആരോ മലയാളത്തിൽ എഴുതി കൊടുത്ത തെലുങ്ക് ഡയലോഗ് വായിച്ചു പഠിച്ചു , എടുത്തു വീശുക ആണ് മുരളി ചേട്ടൻ , അപ്പോൾ ഞാൻ ചോദിച്ചു ” മുരളിയേട്ടാ , ഇതിന്റെ ഒക്കെ അർഥം അറിഞ്ഞിട്ടാണോ ഈ വച്ച് കീച്ചണേ ? അതിനു “അർഥം ഒക്കെ പഠിച്ചു പറയാൻ പോയാൽ നമ്മുടെ പണി നടക്കുമോടാ മണി , സാഹചര്യം മനസിലാക്കി അങ്ങോടു പെരുക്കുക , ബാക്കി എല്ലാം വഴിയേ വന്നോളും ”

അത് പോലെ , ഗാനരചയിതാവ് എഴുതിയ വരികളുടെ അർത്ഥങ്ങളോ ,അര്ഥഭംഗങ്ങളോ ഒന്നും നോക്കാതെ കഥാപാത്രങ്ങളുടെ സാഹചര്യങ്ങൾ മാത്രം ഉൾക്കൊണ്ട് അസാധ്യമായ ടൂണുകൾ കമ്പോസ് ചെയ്യുന്ന ഒരു ആന്ധ്രക്കാരൻ ഉണ്ട് മലയാളികളുടെ മനസ്സിൽ !  വര്ഷങ്ങള്ക്കു മുൻപ് ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ എപ്പോഴോ ആണു കൊച്ചി എഫ് എം ഇൽ ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ എന്നാ പ്രോഗ്രാമിൽ ” വെണ്ണിലാ ചന്ദനക്കിണ്ണം ” എന്നാ ഗാനത്തിന്റെ സംഗീതം നൽകിയത് എന്ന നിലയിൽ അയാളുടെ പേര് ആദ്യമായി കേൾക്കുന്നത്…..

പിന്നീട് ശ്രോതാക്കൾ വീണ്ടും വീണ്ടും ആവശ്യപ്പെടുന്ന ഗാനങ്ങളുമായി പല രാഗത്തിൽ ,താളത്തിൽ ,ഭാഷയിൽ അയാളുടെ പേരുകൾ ഇങ്ങനെ വന്നും പോയും ഇരുന്നു.ഇഷ്ടപെട്ട ഗാനങ്ങളുടെ എല്ലാം ഉറവിടം തേടിയെത്തുമ്പോൾ അവയെല്ലാം ഒരൊറ്റ പേരിലേക്ക് ചുരുങ്ങുന്ന അവസ്ഥ !
“അപ്പടി പോടു വും , കടുവ മീശയ് ആറുവ പാർവ യും വിരിയിച്ച അതെ ലാഘവത്തോടെ “മലരേ മൗനമാ” യും വിരിയിചിരുന്ന അസാധാരണ മനുഷ്യൻ !
ആന്ധ്രയിൽ ജനിച്ചു വളർന്നു തമിഴ് നാട്ടിൽ വേരുറപ്പിച്ച , മലയാളത്തിന്റെ സ്വരാക്ഷരങ്ങൾ പോലും അറിയാത്ത ഈ മനുഷ്യൻ എങ്ങെനെയാണ്

” കിളി വന്നു കൊഞ്ചിയ ജാലകവാതിൽ
കളിയായി ചാരിയതാരെ…
മുടിയിഴ കൊതിയ കാറ്റിന് മൊഴിയിൽ
മധുവായ് മാറിയതാരെ.
അവളുടെ മിഴിയിൽ കരിമഷിയാലെ
കനവുകളെഴുതിയതാരെ
നിനവുകളെഴുതിയതാരെ
അവളെ തരളിതയാക്കിയതാരെ ”
” തരളമാം സന്ധ്യകള് നറുമലര് തിങ്കളിന് നെറുകയില് ചന്ദനം തൊട്ടതാവാം
കുയിലുകള് പാടുന്ന തൊടിയിലെ തുമ്പികള് കുസൃതിയാല് മൂളിപ്പറന്നതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം”
“കുടവുമായ് പോകുന്നോരമ്പാടി മുകില്
എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ..
പനിനീരു പെയ്യുന്ന പാതിരാക്കാറ്റിന്റെ
പല്ലവി നീ സ്വയം പാടുകില്ലേ..
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ..
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ”
” നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ
എന്തെ ഇന്നും വന്നീലാ ”

തുടങ്ങിയ വരികൾക്ക് അർത്ഥമറിയാതെ ഇത്രയും ജീവനേകിയ സംഗീതം നൽകിയത് എന്നത് ഇന്നും വിസ്മയമാണ്….മാന്ത്രികനായ കുഴലൂത്ത് കാരന്റെ താളത്തിൽ മയങ്ങി , അയാൾ വായിക്കുന്ന ടൂണിനൊത്തു ചലിച്ചു പുഴയിൽ വീണ ഹാമെലിൻ പട്ടണത്തിലെ എലികളെ പോലെ എത്രയോ വട്ടം വിദ്യാസാഗർ എന്ന മാന്ത്രികന്റെ വയലിന്റെയും, ഫ്ലൂട്ടിന്റെയും ഈണത്തിനു മുന്നിൽ മയങ്ങി നിന്നിരിക്കുന്നു !

എനിക്കറിയില്ല വിദ്യജീ “ദ്വാദശിയിൽ മണി ദീപിക തെളിഞ്ഞു എന്ന പാട്ടിന്റെ 3:20 മിനിറ്റിൽ വയലിൻ കൊണ്ട്‌ നിങ്ങൾ കാണിച്ചപോലൊരു മാജിക് കാണിക്കാൻ വേറൊരാൾ വരുമോ എന്ന്‌ ! എനിക്കുറപ്പാണ് വിദ്യാജീ എന്തൊരു മഹാന് ഭാവലു എന്ന കീർത്തനം ഒക്കെ ദേവദൂതനിൽ ദൈവത്തിന്റെ സംഗീതത്തോടെ അവതരിപ്പിക്കുന്ന വേറൊരാൾ ഒരു സ്വപ്നം മാത്രമാണെന്ന് !
അഭിമാനത്തോടെ തിരിച്ചറിയുന്നുണ്ട് വിദ്യാജി ” മഹാ ഗണപതിം മനസാ സ്മരാമി ” ഒക്കെ കംപോസ് ചെയ്തൊരാൾ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ആണെന്ന് !

ഒരിക്കൽ ശ്രോതാക്കളെ മെലഡിയുടെ പെരുമഴയിൽ നനയിച്ച ഈ പ്രതിഭ വീണ്ടും പൂർണ പ്രഭയോടെ ഉദിച്ചുയരട്ടെ എന്ന് ആഗ്രഹിക്കുന്നു….അല്ലേലും നഷ്ടപെട്ടതൊക്കെയും വെട്ടി പിടിക്കലും തിരിച്ചു വരവുകളൊക്കെയും രാജരക്തത്തിൽ ഉള്ളതാണ്..അയാൾ തിരിച്ചു വരുക തന്നെ ചെയ്യും…അയാളുടെ വിശേഷണം മെലഡി “കിംഗ് ” എന്നാണല്ലോ !

പണ്ടാരോ പറഞ്ഞത് പോലെ ” നിങ്ങൾ സച്ചിൻ ടെണ്ടുൽക്കറുടെ അഞ്ചു മികച്ച ഇന്നിങ്‌സുകൾ ചോദിക്കു , മോഹൻലാലിൻറെ അഞ്ചു മികച്ച കഥാപാത്രങ്ങൾ ചോദിക്കു ഒരു പ്രയാസവുമില്ലാതെ ഞാൻ മറുപടി പറയാം. വിദ്യാസാഗറിന്റെ അഞ്ചു മികച്ച പാട്ടുകൾ ചോദിക്കരുതേ ! അറിയില്ല ഏങ്ങനെ സെലക്ട് ചെയ്യുമെന്നു എല്ലാം ഒന്നിനൊന്നു മെച്ചം ! മലയാളികളുടെ സുഗന്ധമുള്ള സംഗീത ഓര്മകളെയാകെ ഒരു ഹാര്മോണിയത്തിൽ ഉറക്കി കിടത്തിയ ആ പഴയ വിദ്യാജിയെ ഞങ്ങൾക്ക് വല്ലാതെ മിസ് ചെയ്യുന്നു.ആരും കൊതിക്കുന്ന പാട്ടുകളുമായി പിന്നെയും പിന്നെയും പടി കടന്നെത്തുന്ന പദനിസ്വനത്തിനായി കാത്തിരിക്കുന്നു.