Sandeep Anima
എല്ലാവരുടെയും ജീവിതത്തിൽ എക്സ്ട്രാ ഓർഡിനറി ആയ കാര്യങ്ങൾ സംഭവിക്കുമോ???
ഇത് ഹോമിലെ ആൻ്റണി ഒലിവർ ട്വിസ്റ്റ്. സ്വന്തം അച്ഛനോട് പുല്ല് വില ആണ്, ഇത് വരെ ഒന്നും നേടാനാവാത്ത വെറും ഒരു സാധാരണക്കാരൻ. ഇപ്പോഴും ഭൂമിമലയാളത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഒന്നും ഉൾക്കൊള്ളാൻ ആവാതെ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യൻ. എന്നാൽ ഒലിവർ ട്വിസ്റ്റ് എന്ന ആ അച്ഛനോ? ഒരിക്കലെങ്കിലും സ്വന്തം മകൻ തന്നെ നോക്കി ഒന്ന് ചിരിച്ചു കാണാൻ വെമ്പൽ കൊള്ളുന്ന ഒരു അച്ഛൻ. ഈ ഒലിവർ തന്നെ, വേറെ ഒരു സാഹചര്യത്തിൽ തൻ്റെ അച്ഛന് വയ്യാതെ വന്നപ്പോൾ നഴ്സായ ഭാര്യ കുട്ടിയമ്മ, വയ്യാത്ത കാലും വെച്ച് അച്ഛനെ നോക്കുന്നുണ്ട് എന്ന് അഭിമാനത്തോടെ പറയുന്നുണ്ട്.
നമ്മളിൽ പലരുടെയും ഒക്കെ വീടുകളിൽ ഉണ്ട് ഈ ഒലിവർ ട്വിസ്റ്റ്. ഇപ്പോഴും ഒരു നൂറ്റാണ്ട് പുറകിൽ ജീവിക്കുന്നവർ. മാറിയ സാമൂഹിക ചുറ്റുപാടുകളെ പറ്റി വീക്ഷണം ഇല്ലാത്തവർ. പുതിയതായി വന്നിട്ടുള്ള ഒരു വികസനത്തിനെ പറ്റിയും അറിവ് ഇല്ലാത്തവർ. അവരൊക്കെ ഇപ്പോഴും പണ്ടത്തെ മാനസിക ചിന്താഗതി ഉള്ളവർ ആണ്. സ്ത്രീ ആണ് വീട്ടിലെ പണികൾ എല്ലാം ചെയ്യേണ്ടത് എന്ന കാഴ്ചപ്പാടുമായി ജീവിക്കുന്നവർ. അവരുടെ ഒക്കെ വീടുകളിൽ ഒരു കുട്ടിയമ്മ കൂടെ ഉണ്ട്. “ആ മനുഷ്യൻ നിൻ്റെ അച്ഛനല്ലേ..” എന്ന് നിസ്സഹായയായി പറയുന്നവർ.
ഒലിവർ ട്വിസ്റ്റിന്റെ ജീവിതത്തിൽ എക്സ്ട്രാ ഓർഡിനറി ആയി ഒരു കാര്യം സംഭവിച്ചിട്ടുണ്ട് എന്ന് അറിയുമ്പോൾ മാത്രം ആണ് ആൻ്റണി സ്വന്തം അച്ഛനെ സ്നേഹിച്ചു തുടങ്ങുന്നത്. എല്ലാവരുടെയും ജീവിതത്തിൽ എക്സ്ട്രാ ഓർഡിനറി ആയ കാര്യങ്ങൾ സംഭവിക്കുമോ?
നമ്മൾ ഒരിക്കലും ആകാൻ പാടില്ലാത്ത ഒരാൾ ആണ് ആൻ്റണി ഒലിവർ ട്വിസ്റ്റ്. ഞാൻ എൻ്റെ വീട്ടിൽ തോന്നിയത് പോലെ കാണിക്കും(i am imperfect in my home) എന്ന് അഭിമാനത്തോടെ അവൻ പറയുന്നു. അവനു അങ്ങനെ അവിടെ ജീവിക്കാൻ പറ്റുന്നത്, അവിടെ എല്ലാം സഹിച്ചു ജീവിക്കുന്ന ഒരു അമ്മ ഉള്ളത് കൊണ്ട് അല്ലേ? അവരെ അവനും അനിയനും കൂടെ ചൂഷണം ചെയ്യുക അല്ലേ ചെയ്യുന്നത്?
സത്യത്തിൽ അവരുടെ ഒക്കെ ജീവിതത്തിൽ എക്സ്ട്രാ ഓർഡിനറി ആയി സംഭവിച്ച കാര്യങ്ങൾ അല്ലേ നമ്മൾ ഒക്കെ? നമ്മൾ ഒന്ന് വിചാരിച്ചാൽ അവരെ ചെറുതായി മാറ്റിയെടുക്കാൻ സാധിക്കില്ലേ?
അല്ലെങ്കിൽ പിന്നെ മകൻ ആണ്, മകൾ ആണ് എന്ന് പറഞ്ഞു ജീവിക്കുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത്? ആരും പെർഫെക്റ്റ് അല്ല.. പക്ഷേ അത് മറ്റുള്ളവരെ ചൂഷണം ചെയ്യാനുള്ള ഒരു ഉപാധി ആക്കി മാറ്റരുത്.