Sandeep Das
ഇന്ത്യയുടെ മഹാകവിയായ രവീന്ദ്രനാഥ് ടഗോറിൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ള ഒരു സംഭവത്തെപ്പറ്റി വായിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയായിരുന്ന ടഗോർ താൻ എഴുതിയ കവിതകൾ അച്ഛനെ ചൊല്ലിക്കേൾപ്പിക്കുകയുണ്ടായി. അച്ഛൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു-
”ഞാൻ ഒരു രാജാവായിരുന്നുവെങ്കിൽ നിനക്ക് മുന്തിയ സമ്മാനങ്ങൾ നൽകുമായിരുന്നു. നീ അർഹിക്കുന്നത് തരാൻ എനിക്ക് സാധിക്കുന്നില്ലല്ലോ മകനേ…!”
ആ വാക്കുകൾ ഉച്ചരിക്കുമ്പോൾ ടഗോറിൻ്റെ പിതാവ് കരയുകയായിരുന്നു. ടഗോറിന് ലഭിച്ച ഏറ്റവും വലിയ പ്രതിഫലം ആ കണ്ണുനീർ തന്നെയായിരുന്നു…!ലയണൽ മെസ്സിയെക്കുറിച്ച് ആലോചിക്കുമ്പോൾ ഈ കഥയാണ് ഓർമ്മവരുന്നത്. ആയുസ്സുള്ള കാലത്തോളം ആഘോഷിക്കാനുള്ള നിമിഷങ്ങളാണ് മെസ്സി തന്നിരിക്കുന്നത്! ലോകകപ്പ് ഫൈനലിൽ മെസ്സി നമുക്കുവേണ്ടി ചെയ്തത് മനുഷ്യസാദ്ധ്യമായ കാര്യങ്ങളല്ല! പകരം നൽകാൻ നമ്മുടെ കൈവശം എന്താണുള്ളത്!?
ലോകകപ്പിൽ ചുംബിച്ചുനിൽക്കുന്ന മെസ്സിയെ കാണുമ്പോൾ കണ്ണുനിറയുന്നുണ്ട്. പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ടവനായ മെസ്സീ,നിങ്ങൾക്ക് തരാൻ ഈ ആനന്ദക്കണ്ണീർ മാത്രമേയുള്ളൂ…!! മെസ്സിയുടെ പരാജയത്തിനുവേണ്ടി വിധി പോലും പരിശ്രമിക്കുന്നു എന്ന നിലയിലായിരുന്നു കാര്യങ്ങൾ! അർജൻ്റീന രണ്ടുതവണ ഫ്രാൻസിൻ്റെ വലകുലുക്കിയപ്പോൾ എല്ലാം ശുഭകരമായി പര്യവസാനിക്കുകയാണ് എന്ന് വിചാരിച്ചതാണ്. പക്ഷേ ഇടിമിന്നലായി മാറിയ എംബാപ്പെ കളിയെ അധിക സമയത്തിലേയ്ക്ക് കൊണ്ടുപോയി.
എക്സ്ട്രാടൈമിലെ അത്ഭുത ഗോളിലൂടെ മെസ്സി അർജൻ്റീനയെ വീണ്ടും മുന്നിലെത്തിച്ചതാണ്. പക്ഷേ നിർഭാഗ്യം ഹാൻഡ്ബോളിൻ്റെ രൂപത്തിൽ വന്നു. എംബാപ്പെ വീണ്ടും സ്കോർ ചെയ്തു. അങ്ങനെ പെനാൽറ്റി ഷൂട്ടൗട്ടിന് കളമൊരുങ്ങി.അർജന്റീനയുടെ ആദ്യത്തെ കിക്ക് എടുത്തത് മെസ്സിയാണ്. ഒരു മനുഷ്യന് സഹിക്കാൻ കഴിയുന്നതിലേറെ അയാൾ അതിനോടകം അനുഭവിച്ചിരുന്നു. ഉന്നം പിഴച്ചാൽ പോലും നാം മെസ്സിയോട് ക്ഷമിക്കുമായിരുന്നു. പക്ഷേ മെസ്സി ഐസ് കൂൾ ആയിരുന്നു. ഫ്രഞ്ച് ഗോളി ലോറിസിനെ പരിഹസിക്കുന്ന രീതിയിൽ മെസ്സി പന്തിനെ തഴുകിവിട്ട് ഗോളാക്കി മാറ്റി!
ആ ചങ്കുറപ്പിൻ്റെ മുമ്പിൽ വിധിയ്ക്ക് തോറ്റുകൊടുക്കാതെ നിവൃത്തിയില്ലായിരുന്നു. ലോകകപ്പ് ജയിക്കാനുള്ള അർഹത മെസ്സിയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മാർട്ടിനേസ് തകർപ്പൻ സേവ് നടത്തിയത്. അതിനാലാണ് ഫ്രഞ്ച് പെനാൽറ്റി പോസ്റ്റിൻ്റെ പുറത്തേയ്ക്ക് പോയത്. യഥാർത്ഥ കാവ്യനീതി!!
മെസ്സി ഒരുപാട് അനുഭവിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി കളിക്കുമ്പോൾ ആത്മാർത്ഥത കാണിക്കുന്നില്ല എന്ന വിമർശനം കേട്ടുതഴമ്പിച്ച കാതുകളാണ് അയാളുടേത്. ‘ക്ലബ്ബ് ശശി’ എന്ന വിശേഷണം ഒരു മുൾക്കിരീടം പോലെ മെസ്സി കൊണ്ടുനടന്നിട്ടുണ്ട്.
അർജൻ്റീനയെ സ്നേഹിക്കുന്നവരും ഒത്തിരി സങ്കടങ്ങൾ സഹിച്ചിട്ടുണ്ട്. ”ലോകകപ്പ് വിജയം കളർ ടി.വിയിൽ കാണാൻ യോഗമില്ലാത്ത ആരാധകർ” എന്ന പരിഹാസം അവർ എത്രയോ കേട്ടിരിക്കുന്നു! 2016-ലെ കോപ്പ അമേരിക്ക ഫൈനലിലെ പരാജയത്തിനുശേഷം മെസ്സി പൊട്ടിക്കരഞ്ഞിരുന്നു. ആ ഫോട്ടോ ചിലർ മെസ്സിയെ പുച്ഛിക്കാൻ ഉപയോഗിച്ചപ്പോഴെല്ലൊം അർജൻ്റീന ഫാൻസിൻ്റെ നെഞ്ച് തകർന്നിരുന്നു! സംഭവിച്ചതെല്ലാം നല്ലതിനായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. മുൻകാല വേദനകൾ ഇല്ലായിരുന്നുവെങ്കിൽ ഖത്തറിലെ ലോകകപ്പ് വിജയം ഇത്രയേറെ മധുരതരമായി അനുഭവപ്പെടുമായിരുന്നോ!?
ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും മികവുറ്റ മോട്ടിവേഷണൽ സ്റ്റോറിയ്ക്കാണ് മെസ്സി ജന്മം കൊടുത്തിട്ടുള്ളത്. ഭൂമി ഉള്ളിടത്തോളംകാലം ഈ ലോകകപ്പിൻ്റെ കഥകൾ പ്രചരിക്കും. തളർന്നുപോകുന്ന മനുഷ്യർ മെസ്സിയെ നോക്കി ആശ്വാസം കണ്ടെത്തും.ലോകകപ്പ് ഫൈനലിനെ ഫ്രാൻസ് ഒരു യുദ്ധം പോലെയാണ് സമീപിച്ചത്. ഫ്രാൻസ് ടീമിൻ്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജ് സ്വന്തം കളിക്കാരെ വിശേഷിപ്പിച്ചത് ‘സൈനികർ’ എന്നാണ്!
പക്ഷേ കളിയുടെ ആദ്യ പകുതിയിൽ ഫ്രാൻസിൻ്റെ പൊടിപോലും കണ്ടുപിടിക്കാനുണ്ടായിരുന്നില്ല. ഒരു ഷോട്ട് പോലും ഗോളിയുടെ നേർക്ക് പായിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. അർജൻ്റീന സ്കോർ ചെയ്ത രണ്ട് ഗോളുകൾ ആ സമഗ്രാധിപത്യത്തിൻ്റെ ഫലമായിരുന്നു.മെസ്സിയുടെ പെനാൽറ്റി ഗോൾ സുന്ദരമായ കാഴ്ച്ചയായിരുന്നു. ലോറിസ് മനസ്സിൽ കണ്ടത് മെസ്സി മാനത്ത് കണ്ടു! ഗോൾകീപ്പർ വലതുഭാഗത്തേയ്ക്ക് ഡൈവ് ചെയ്തപ്പോൾ മെസ്സിയുടെ കിക്ക് എതിർദിശയിലേയ്ക്ക് സഞ്ചരിച്ചു! ഡി മരിയ നേടിയ രണ്ടാമത്തെ ഗോളിൻ്റെ ആരംഭവും മെസ്സിയുടെ കാലിൽനിന്നായിരുന്നു.
നിശ്ചിതസമയത്ത് അർജൻ്റീന ജയിക്കാതിരുന്നത് ഏറ്റവും വലിയ അനുഗഹമായിരുന്നു. അനർഹമായ പെനാൽറ്റിയിലൂടെ മെസ്സിയും കൂട്ടരും വിജയം കൊള്ളയടിച്ചു എന്ന പരാതി നാം കേൾക്കേണ്ടിവരുമായിരുന്നു. ഇപ്പോൾ അർജൻ്റീന പഴുതടച്ച വിജയം കരസ്ഥമാക്കിയിരിക്കുന്നു!
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻ്റെ മുൻ നായകനായ ജെഫ് ബോയ്ക്കോട്ട് ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു-
”സച്ചിൻ തെൻഡുൽക്കർ മഹാനായ ബാറ്ററായിരിക്കാം. പക്ഷേ അദ്ദേഹം ലോർഡ്സിൽ സെഞ്ച്വറി അടിച്ചിട്ടില്ല…!”
നമ്മുടെ സ്വന്തം ഹർഷ ഭോഗ്ലെ അതിനൊരു ക്ലാസിക് മറുപടി കൊടുത്തിരുന്നു-
”സത്യത്തിൽ ആരുടെ നഷ്ടമാണ് അത്? സച്ചിൻ്റെയോ അതോ ലോർഡ്സിൻ്റെയോ….!?”
മെസ്സിയുടെ കാര്യവും സമാനമാണ്. ലോകകപ്പ് വിജയത്തോടെ മെസ്സി പൂർണ്ണനായി എന്ന വിലയിരുത്തൽ ഉചിതമാകുമോ? ”Greatest of all time” എന്ന പ്രശംസ മെസ്സി എന്നേ നേടിക്കഴിഞ്ഞതാണ്. മെസ്സിയിലൂടെ പൂർണ്ണത കൈവന്നിരിക്കുന്നത് ലോകകപ്പിനാണ്! പണ്ട് സാക്ഷാൽ മറഡോണ മെസ്സിയുടെ നായകത്വത്തെ ചോദ്യം ചെയ്തിരുന്നു. മറഡോണയ്ക്ക് തൻ്റെ പിൻഗാമിയോട് വിരോധമൊന്നുമുണ്ടായിരുന്നില്ല. താൻ ആഗ്രഹിച്ചത് നേടാതിരുന്ന മകനോട് പരിഭവിച്ച പിതാവിനെപ്പോലെയായിരുന്നു മറഡോണ!
ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ മറഡോണ ഒരു വാചകം പറയുമായിരുന്നു. ഒരേയൊരു വരി!-”നീ എന്നോട് ക്ഷമിക്കണം ലിയോ…!”
സെമിഫൈനലിൽ മെസ്സിയ്ക്കുമുമ്പിൽ നിഷ്പ്രഭനായിപ്പോയ ക്രൊയേഷ്യയുടെ ജോസ്കോ ഗ്വാർഡിയോൾ മത്സരശേഷം മനസ്സ് തുറന്നിരുന്നു-”ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനോടാണ് തോറ്റത് എന്ന് ഞാൻ എൻ്റെ കുഞ്ഞുങ്ങളോട് പറയും…!” നമുക്കും നമ്മുടെ കുട്ടികളോട് ചിലത് പറയാനുണ്ട്. ഖത്തർ ലോകകപ്പ് നാം അഭിമാനപൂർവ്വം കണ്ടിരുന്നു. മെസ്സി എന്ന ഒറ്റയാൾപട്ടാളം ഒരു രാജ്യത്തെ എവറസ്റ്റിനോളം ഉയർത്തിയത് നാം കണ്ണുനിറയെ കണ്ടിരുന്നു…!!