Sandeep Das

ലോകകപ്പ് ഫൈനലിൽ കിലിയൻ എംബാപ്പെ കാഴ്ച്ചവെച്ച പ്രകടനത്തിൻ്റെ മഹത്വം പൂർണ്ണമായും മനസ്സിലാവണമെങ്കിൽ അയാളുടെ ജീവിതകഥ കൂടി അറിയണം.എംബാപ്പെയുടെ പാരമ്പര്യം കാമറൂണുമായി ബന്ധപ്പെട്ടതാണ്. അത് കൊണ്ട് തന്നെ ആ രാജ്യത്തിന് വേണ്ടി ബൂട്ട് കെട്ടണം എന്ന മോഹം കുഞ്ഞുനാൾ മുതൽ എംബാപ്പെയുടെ മനസ്സിലുണ്ടായിരുന്നു. പക്ഷേ കാമറൂണിലെ ഫുട്ബോൾ അധികൃതർ ആ മഹാപ്രതിഭയെ അപമാനിച്ചു. എംബാപ്പെയ്ക്ക് കാമറൂൺ ജഴ്സി ലഭിക്കണമെങ്കിൽ കോഴപ്പണം നൽകണം എന്ന നിലപാടാണ് അവർ സ്വീകരിച്ചത്! അങ്ങനെയാണ് എംബാപ്പെ ഫ്രാൻസിൻ്റെ നീലക്കുപ്പായം അണിയാൻ തീരുമാനിച്ചത്.

2018-ലെ ലോകകപ്പിൻ്റെ കണ്ടെത്തലായിരുന്നു എംബാപ്പെ. ചീറ്റപ്പുലിയെപ്പോലെ കുതിച്ചുപായുന്ന പയ്യനെക്കണ്ട് ലോകം തരിച്ചുനിന്നു. ഫുട്ബോൾ രാജാവ് പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യത്തെ ടീനേജർ എന്ന ബഹുമതി എംബാപ്പെ കരസ്ഥമാക്കി. ഫ്രാൻസ് ലോകചാമ്പ്യൻമാരുമായി.
എന്നാൽ 2020-ലെ യൂറോ കപ്പിലാണ് കഥ മാറിയത്. ആ ടൂർണ്ണമെൻ്റിൽ ഫ്രാൻസ് സ്വിറ്റ്സർലൻഡിനോട് തോറ്റ് പുറത്തായി. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് അടിയറവ് പറഞ്ഞത്. ലോകകപ്പ് ഹീറോ ആയിരുന്ന എംബാപ്പെയുടെ കിക്ക് പിഴയ്ക്കുകയും ചെയ്തു.

അതോടെ ചില ഫ്രാൻസ് ആരാധകർ എംബാപ്പെയെ അതിക്രൂരമായി അധിക്ഷേപിച്ചു. പല പരിഹാസങ്ങൾക്കും വർണ്ണവെറിയുടെ ചുവയുണ്ടായിരുന്നു. എംബാപ്പെയുടെ ഇരുണ്ട നിറമാണ് ചിലരെ പ്രകോപിപ്പിച്ചത്! ഇക്കാര്യം ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചതുമാണ്.എംബാപ്പെ തൻ്റെ വേദന ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. പക്ഷേ റേസിസം എന്നൊരു സംഗതിയേ ഇല്ല എന്ന മട്ടിലാണ് ഫെഡറേഷൻ്റെ മേധാവി പ്രതികരിച്ചത്!അടങ്ങാത്ത നീറ്റലോടെ എംബാപ്പെ പറഞ്ഞു-

”ഞാൻ കളി മതിയാക്കുകയാണ്. എന്നെ കുരങ്ങൻ എന്ന് വിളിക്കുന്ന ആളുകൾക്കുവേണ്ടി വിയർപ്പൊഴുക്കുന്നതിൽ അർത്ഥമില്ല…!”
ആ തീരുമാനത്തിൽനിന്ന് എംബാപ്പെ എങ്ങനെയോ പിന്തിരിഞ്ഞു. ലോകകപ്പിൻ്റെ യോഗ്യതാ റൗണ്ടിൽ അയാൾ കിടിലൻ പെർഫോമൻസ് പുറത്തെടുത്തു. അങ്ങനെ എംബാപ്പെ ഖത്തറിലെത്തി.ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് സമ്പൂർണ്ണ പരാജയത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. ആദ്യ അമ്പത് മിനുറ്റുകളിൽ അർജൻ്റീനയുടെ പെനാൽറ്റി ബോക്സിൽ പ്രവേശിക്കാൻ പോലും അവർക്ക് സാധിച്ചിരുന്നില്ല. സ്വാഭാവികമായും എംബാപ്പെയാണ് ഏറ്റവും കൂടുതൽ പഴികേട്ടത്. കാരണം അയാൾ ഫ്രാൻസിൻ്റെ സേനാനായകനായിരുന്നു!

അർജൻ്റീന ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയിരുന്നുവെങ്കിൽ വർണ്ണവെറിയൻമാർ വീണ്ടും എംബാപ്പെയെ ആക്രമിക്കുമായിരുന്നു. അയാൾ കാമറൂൺ ചാരനായി മുദ്രകുത്തപ്പെടുമായിരുന്നു. ചില മനുഷ്യരുടെ മനോഭാവം അങ്ങനെയാണ്. എത്ര ചികിത്സിച്ചാലും പൂർണ്ണമായി ഭേദമാവാത്ത രോഗം!
ഇന്ത്യയിലെ മുസ്ലീങ്ങൾ നിരന്തരം ദേശസ്നേഹം തെളിയിക്കണമെന്ന് ചിലർ ധാര്‍ഷ്ട്യത്തോടെ ആവശ്യപ്പെടാറുണ്ട്. എംബാപ്പെ ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു.

ആ സാഹചര്യത്തിലാണ് അയാളൊരു ഹാട്രിക് സൃഷ്ടിച്ചെടുക്കുന്നത്! ആ പയ്യൻ്റെ ബലിഷ്ഠമായ ശരീരത്തിനുള്ളിൽ ഉരുക്ക് പോലുള്ള നട്ടെല്ല് കൂടിയുണ്ടെന്ന് ലോകത്തിന് ബോദ്ധ്യമായ നിമിഷങ്ങൾ! എംബാപ്പെയുടെ ഷോട്ടുകൾക്ക് എന്തൊരു ശക്തിയായിരുന്നു! ഗോൾകീപ്പറുടെ കരസ്പർശത്തിനുപോലും ഗോളുകളെ തടയാനാവാത്ത അവസ്ഥ! അക്ഷരാര്‍ത്ഥത്തിൽ ബുള്ളറ്റ് ഷോട്ടുകൾ!

മെസ്സി ലോകകപ്പ് ജയിക്കുക എന്നത് ചരിത്രത്തിൻ്റെ തീരുമാനമായിരുന്നു. അതുകൊണ്ട് മാത്രമാണ് എംബാപ്പെ തോറ്റുപോയത്. അല്ലെങ്കിൽ അയാളെ പിടിച്ചുകെട്ടാൻ ആർക്കും സാധിക്കില്ലായിരുന്നു.മുപ്പത് വെള്ളിക്കാശിനുവേണ്ടി എംബാപ്പെയെ ഒറ്റുകൊടുത്ത കാമറൂണിലെ ഫുട്ബോൾ മേലാളൻമാർ ഇപ്പോൾ പരിതപിക്കുന്നുണ്ടാവണം. ലോകത്തുള്ള സകല ധനവും വാരിക്കൂട്ടി തുലാഭാരം തൂക്കിയാലും അവർക്കിനി എംബാപ്പെയെ കിട്ടില്ല. ആ നഷ്ടം എത്ര വലുതാണ്!

എംബാപ്പെ ഇനിയും നമ്മളെ ആനന്ദിപ്പിക്കും. അയാൾ ഇനിയും ലോകകപ്പ് ജയിക്കും. പക്ഷേ തോൽക്കുമ്പോൾ എംബാപ്പെയെ കുരങ്ങനാക്കി മാറ്റുന്ന അശ്ശീലം ഇതോടെ അവസാനിക്കണം. അയാളെ കാമറൂൺ ചാരൻ എന്ന് വിളിക്കാൻ ഇനിയാരും ധൈര്യപ്പെടരുത്. എംബാപ്പെ ഫ്രാൻസിൻ്റെ സ്വത്താണ്. ലോകത്തിൻ്റെ അഭിമാനമാണ്…!

 

Leave a Reply
You May Also Like

അഭിനയിക്കാൻ അറിയാത്ത ആ നാലു പിള്ളേർ കാരണമാണ് ആ സിനിമ പൊളിഞ്ഞതെന്ന് സംവിധായകൻ

3വർഷങ്ങൾക്കു മുൻപ് എം എ നിഷാദ് എന്ന സംവിധായകൻ കൗമുദി ടീവി ക്കു വേണ്ടി നൽകിയൊരു അഭിമുഖത്തെ കുറിച്ചാണ് ഞാൻ എഴുതുന്നത്. ഈ ഒരു വീഡിയോ

മലയാള സിനിമയിൽ ഇങ്ങനെയൊരു നായകസങ്കല്‍പം അപൂർവമാണ്

‘തിരികെ’ എന്ന സിനിമയുടെ ട്രെയിലർ കണ്ടപ്പോഴും പാട്ടുകൾ കണ്ടപ്പോഴും മനസ്സിൽ തോന്നി നല്ലൊരു കൊച്ചു സിനിമ ആയിരിക്കും എന്ന്.സിനിമ കണ്ടു കഴിഞ്ഞപ്പോൾ

ആരൊക്കെ തകർത്തഭിനയിച്ചാലും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത് ഡാൻസിങ് റോസിനെയാണ്

ആര്യയും ജോൺ കൊക്കനും പശുപതിയുമൊക്കെ തകർത്തഭിനയിച്ച സിനിമയിൽ നിന്നും പക്ഷേ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത് ഡാൻസിങ് റോസായെത്തിയ ഷബീർ കല്ലറക്കലിനെയാണ്.

പെണ്ണും പെണ്ണും പ്രേമിക്കുമ്പോൾ – ‘ന്യു നോർമൽ’ കാണാം

അജയ് വി.എസ് ലെസ്ബിയൻ-ഗേ റിലേഷനുകളെ പറ്റിയെല്ലാം കുറെയധികം മിഥ്യാധാരണകൾ സമൂഹത്തിൽ നിർമ്മിച്ചെടുത്തിട്ടുണ്ട്. ലെസ്ബിയൻ-ഗേ പ്രണയബന്ധങ്ങളെ കുറിച്ച്…