പഴി പറയേണ്ടവനല്ല, ചേർത്തുനിർത്തേണ്ടവനാണ്, കേരളം എന്ന പേര് ക്രിക്കറ്റ് ലോകത്ത് വിഖ്യാതമാവണം

0
73

Sandeep Das

”മലയാളികൾക്ക് നാണക്കേട് ഉണ്ടാക്കിയവനാണ് സഞ്ജു സാംസൺ…”
”സഞ്ജുവിനെ ഇന്ത്യൻ ടീമിലെടുക്കണം എന്ന് വാദിക്കുന്നവരെ തല്ലണം…”
”ഈ ചെക്കന് ജാഡ മാത്രമേയുള്ളൂ. ബാറ്റിങ്ങ് അറിയില്ല…”
സഞ്ജു സാംസൺ കുറച്ച് കളികളിൽ പരാജയപ്പെട്ടപ്പോൾ ഇതുപോലുള്ള കുറേ കമന്റുകൾ ഫേസ്ബുക്കിൽ കണ്ടിരുന്നു. കളി മോശമാവുമ്പോൾ വിമർശനങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. പക്ഷേ സഞ്ജു നേരിട്ടത് വിമർശനങ്ങളല്ല ; അധിക്ഷേപങ്ങളായിരുന്നു. തികഞ്ഞ വ്യക്തിഹത്യയായിരുന്നു. ചില മലയാളികൾ തന്നെയാണ് ഇങ്ങനെയെല്ലാം പ്രവർത്തിച്ചത്!
ശാപവാക്കുകൾ ചൊരിഞ്ഞവർക്കെല്ലാം ഇനി വിശ്രമിക്കാം. ഇടിമിന്നൽ പോലെ സഞ്ജു തിരിച്ചുവന്നിട്ടുണ്ട്! അതും ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച ടീമായ മുംബൈ ഇന്ത്യൻസിനെതിരെ!

സൂപ്പർ സൺഡേയിൽ രാജസ്ഥാൻ റോയൽസിന് കളിക്കാനുണ്ടായിരുന്നത് ഡൂ ഒാർ ഡൈ മാച്ചായിരുന്നു. പ്ലേ ഒാഫ് സാദ്ധ്യത നിലനിർത്താൻ വിജയം അത്യാവശ്യം. 196 റണ്ണുകളുടെ വമ്പൻ വിജയലക്ഷ്യമാണ് മുംബൈ വെച്ചുനീട്ടിയത്. ആ വലിയ മൈതാനത്തിൽ റൺചേസ് ദുഷ്കരമായിരുന്നു. പാർട് ടൈം ബോളർമാർ വരെ തിളങ്ങുന്ന ബോളിങ്ങ് നിര മുംബൈയ്ക്കുണ്ടായിരുന്നു. രാജസ്ഥാന്റെ കപ്പിത്താൻ സ്റ്റീവ് സ്മിത്ത് തുടക്കത്തിൽത്തന്നെ കൂടാരം കയറിയിരുന്നു. സഞ്ജുവിന്റെ ടീം പോയിന്റ് ടേബിളിൽ ഏറ്റവും താഴെയായിരുന്നു.

ഇത്രയെല്ലാം ഘടകങ്ങൾ എതിരുനിന്നിട്ടും രാജസ്ഥാൻ അനായാസം ജയിച്ചുകയറി. ബെൻ സ്റ്റോക്സിനുമുമ്പിൽ രണ്ടാമനായിപ്പോയെങ്കിലും നമ്മുടെ സഞ്ജു ഉയർന്നുനിൽക്കുന്നുണ്ട്. ഒട്ടും തിളക്കം കുറയാതെ! അയാളുടെ ചില ഷോട്ടുകൾ സ്റ്റോക്സിനെപ്പോലും അമ്പരപ്പിച്ചിരുന്നു!

വളരെയേറെ ബുദ്ധിപരമായിട്ടാണ് സഞ്ജു കളിച്ചത്. ഷോർട്ട്പിച്ച് പന്തുകളിൽ വിക്കറ്റ് കളയുന്ന ശീലം സഞ്ജുവിനുണ്ടെന്ന് അറിയാവുന്ന മുംബൈ ബൗൺസറുകളുടെ മഴ തന്നെ പെയ്യിച്ചു. ജയിംസ് പാറ്റിൻസൻ സഞ്ജുവിന്റെ ഹെൽമറ്റ് ലക്ഷ്യമിട്ടു. പക്ഷേ സഞ്ജു മില്യൺ ഡോളർ പുൾഷോട്ടുകൾ കളിക്കാതെ ഒതുങ്ങിക്കൂടി.

അവസരം കിട്ടിയപ്പോൾ സഞ്ജു കണക്കുതീർത്തു. പാറ്റിൻസന്റെ പന്ത് ലോങ്ങ്-ഒാഫ് ഫീൽഡറുടെ തലയ്ക്കുമുകളിലൂടെ പറന്ന് പുൽത്തകിടിയിൽ ചെന്നുവീണു! വാശികയറിയ പാറ്റിൻസൻ കൂടുതൽ വേഗത്തിൽ പന്തെറിഞ്ഞു. സഞ്ജു അതിനെ തേഡ്മാൻ ഫെൻസിലേക്ക് പറഞ്ഞയച്ചു!
പൊള്ളാർഡിനെതിരെ സിക്സർ നേടിയ സഞ്ജു അടുത്ത പന്തിൽ ഡബിൾ ഒാടിയെടുത്തു. രാഹുൽ ചാഹറിനെതിരെ ഫീൽഡിലെ ഗ്യാപ്പുകൾ മുതലെടുത്തു. ട്രെന്റ് ബോൾട്ടിന്റെ യോർക്കറിനെ പരമ്പരാഗത ശൈലിയിൽ പ്രതിരോധിച്ചു. ഏറ്റവും അപകടകാരിയായ ജസ്പ്രീത് ബുംറയെ ബഹുമാനിച്ചു. ബുംറയുടെ മോശം പന്തുകളെ നല്ലതുപോലെ ശിക്ഷിക്കുകയും ചെയ്തു.
അപാരമായ പക്വതയാണ് സഞ്ജു പ്രദർശനത്തിനുവെച്ചത്. അങ്ങനെ കളിക്കുന്ന സഞ്ജുവിന് ലോകത്ത് ആരോടുവേണമെങ്കിലും കിടപിടിക്കാനാവും.

ചിലർ അയാളെ ”ഷാർജ സഞ്ജു” എന്ന് പരിഹാസപൂർവ്വം വിളിച്ചിരുന്നു. ഷാർജയിലെ ചെറിയ ഗ്രൗണ്ടിൽമാത്രം ശോഭിക്കുന്ന കളിക്കാരൻ എന്ന ധ്വനി. സഞ്ജുവിന് എല്ലാ വേദികളും ഒരുപോലെയാണെന്ന് ഇപ്പോൾ അവർക്ക് മനസ്സിലായിട്ടുണ്ടാവണം. മനസ്സുവെച്ചാൽ മെൽബൺ മൈതാനം വരെ സഞ്ജുവിന്റെ കാൽച്ചുവട്ടിലാകും. അത്രയേറെ പ്രതിഭയുണ്ട്.
ജന്മസിദ്ധമായ കഴിവും ബാറ്റിങ്ങ് ടെക്നിക്കും പരിഗണിക്കുമ്പോൾ സഞ്ജുവിനേക്കാൾ മികച്ച ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇന്ന് ഇന്ത്യയിലുണ്ടെന്ന് തോന്നുന്നില്ല. എം.എസ് ധോനിയുടെ വിടവ് നികത്താൻ ഏറ്റവും അനുയോജ്യനാണ് സഞ്ജു. അയാളുടെ മൈൻഡ് ഗെയിം മാത്രമാണ് മെച്ചപ്പെടാനുള്ളത്. ആ കുറവും സഞ്ജുവിന് പരിഹരിക്കാനാവും എന്ന് നാം വിശ്വസിക്കണം.
ഋഷഭ് പന്തിന് സഞ്ജുവിനുമുകളിൽ പരിഗണന കിട്ടിയപ്പോൾ ഉത്തരേന്ത്യക്കാർ പോലും അതിനെതിരെ പ്രതിഷേധിച്ചിരുന്നു. പക്ഷേ ചില മലയാളികൾക്ക് സഞ്ജുവിനെ ചീത്തവിളിക്കാനാണ് താത്പര്യം. അതിന്റെ കാരണം അജ്ഞാതമാണ്.
പഴി പറയേണ്ടവനല്ല. ചേർത്തുനിർത്തേണ്ടവനാണ്. കേരളം എന്ന പേര് ക്രിക്കറ്റ് ലോകത്ത് വിഖ്യാതമാവണം. ആ ലക്ഷ്യത്തിന് ചുക്കാൻ പിടിക്കാനുള്ള കരുത്ത് സഞ്ജുവിന്റെ കരങ്ങൾക്കുണ്ട്. അയാളെ വിശ്വസിക്കൂ…