മനുഷ്യത്വവും യുക്തിയും ലവലേശമില്ലാത്ത ആൾക്കൂട്ടത്തിനെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ച സുഹാസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ബിഗ് സല്യൂട്ട് സർ

0
124

Sandeep Das

രജിത്കുമാറിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനുവേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒത്തുചേർന്ന വിഡ്ഢിക്കൂട്ടത്തിനെതിരെ കേസെടുത്തിട്ടുണ്ട്.എ­ൺപതോളം ആളുകളാണ് കുടുങ്ങിയിരിക്കുന്നത്.എറണാകുളം കലക്ടർ എസ്.സുഹാസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.വളരെയേറെ സന്തോഷം തോന്നുന്നു.കൃത്യമായ സമയത്ത് ശക്തമായ നടപടി.ഇതുപോലുള്ള ഭരണാധികാരികളെയാണ് നമ്മുടെ നാടിന് ആവശ്യം.
കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഇതേ നെടുമ്പാശ്ശേരിയിൽ വെച്ച് ഒരു പരിശോധന നടത്തിയിരുന്നു.അന്ന് 18 ആളുകൾക്കാണ് കൊറോണയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്.വേദനിപ്പിക്കുന്ന ഈ വിവരം മാദ്ധ്യമങ്ങളോട് പറഞ്ഞത് സുഹാസാണ്.അങ്ങനെയുള്ള കലക്ടർക്ക് രജിത് കുമാറിന്റെ ഫാൻസ് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ സഹിക്കാനാവുമോ?
കോവിഡ്-19 എന്ന ഭീഷണിയുടെ ആവിർഭാവത്തിനുശേഷം സുഹാസിന് ഒന്നോ രണ്ടോ വയസ്സ് കൂടിയിട്ടുണ്ടാവണം! അത്രമാത്രം ജോലിത്തിരക്കുകളുണ്ട് അദ്ദേഹത്തിന്.അടിയന്തിര യോഗങ്ങൾ,സി.സി.റ്റി.വി ദൃശ്യങ്ങളുടെ പരിശോധന,പത്രസമ്മേളന­ങ്ങൾ,ബോധവത്കരണങ്ങൾ…ഉത്തരവാദിത്വങ്ങളുടെ പട്ടികയ്ക്ക് അവസാനമില്ല.
ധാരാളം വെല്ലുവിളികളും കലക്ടർ നേരിടുന്നുണ്ട്.വേണ്ടതുപോലെ സഹകരിക്കാത്ത രോഗബാധിതർ,സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾ,മാസ്കിന് അമിതവില ഈടാക്കുന്ന വ്യാപാരികൾ…ഇവരെല്ലാം സുഹാസിന്റെ ജീവിതം പ്രയാസകരമാക്കിയിട്ടു­ണ്ട്.
പക്ഷേ കാര്യങ്ങൾ പരമാവധി നല്ല രീതിയിൽ കൈകാര്യം ചെയ്യുവാൻ കലക്ടർ ശ്രമിക്കുന്നുണ്ട്.കളമശ്ശേരി മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് നിർദ്ദേശം നൽകി.രോഗം സംശയിക്കുന്നവരെ എെസോലേറ്റ് ചെയ്യുന്ന പ്രക്രിയയുടെ മുന്നിൽ നിലകൊണ്ടു.കൂടുതൽ വാർഡുകൾക്കുവേണ്ടി സ്വകാര്യ ആശുപത്രികളുടെ സഹായം തേടി.ചികിത്സയിലുള്ള കുട്ടിയ്ക്ക് ഇഷ്ടപ്പെട്ട ഇറ്റാലിയൻ ഭക്ഷണം വാങ്ങിനൽകിയെന്ന് അറിയിച്ച സുഹാസ് പ്രതിസന്ധിഘട്ടത്തിലെ സൗമ്യതയുടെ മുഖമായിരുന്നു.
നമ്മുടെ അധികൃതർ ജനങ്ങളോട് സൗഹാർദ്ദപരമായിട്ടാണ് പെരുമാറുന്നത്.മറ്റു രാജ്യങ്ങളിൽ അതല്ല സ്ഥിതി.സ്പെയിനിൽ പുറത്തിറങ്ങുന്നതിന് പോലും നിയന്ത്രണങ്ങളുണ്ട്.വ­യോധികരെ മുഴുവൻ കരുതൽ നീരീക്ഷണത്തിൽ വെയ്ക്കാൻ ബ്രിട്ടൻ ആലോചിക്കുകയാണ്.അമ്പ­തിലേറെ ആളുകൾ കൂട്ടംകൂടുന്നതിന് ജർമ്മനി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
”ഭയം വേണ്ട ; ജാഗ്രത മതി” എന്നാണ് നമ്മുടെ ഭരണകൂടം പറയുന്നത്.അതിനോട് സഹകരിക്കുക എന്ന ചെറിയ ജോലിയേ നമുക്കുള്ളൂ.ഒരുപാട് പേർ അത് ചെയ്യുന്നുമുണ്ട്.
കോഴിക്കോട് ബീച്ചിലെ പാവപ്പെട്ട തട്ടുകടക്കാർ കടകൾ അടച്ച് ബോധവത്കരണം നടത്തുകയാണ്.സ്വന്തം കുഞ്ഞിനെ ലാളിക്കാത്ത പ്രവാസികളുണ്ട്.ജന്മം തന്നയാളുടെ അന്ത്യയാത്രയിൽ പങ്കുചേരുവാൻ സാധിക്കാതെ പോയ മക്കൾ ഇവിടെ ജീവിച്ചിരിക്കുന്നുണ്ട്.ഈ നാടിനുവേണ്ടിയാണ് അവർ എല്ലാം സഹിക്കുന്നത്.മനസ്സ് കല്ലാക്കി കരുതൽ നിരീക്ഷണത്തിൽ കഴിയുന്നത് കൊറോണയെ പിടിച്ചുകെട്ടാനാണ്.
അപ്പോഴാണ് രജിത് കുമാർ ഫാൻസിന്റെ ഷോ ! ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട ഒരാൾക്കുവേണ്ടി അവർ സംഘംചേർന്ന് മുദ്രാവാക്യം വിളിച്ചു.കുട്ടികളെ വരെ അതിന്റെ ഭാഗമാക്കി.ഇതൊന്നും ക്ഷമിക്കാനുള്ള വിശാലമനസ്കത ആർക്കും തന്നെയില്ല.
മനുഷ്യത്വവും യുക്തിയും ലവലേശമില്ലാത്ത ആൾക്കൂട്ടത്തിനെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ച സുഹാസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ബിഗ് സല്യൂട്ട് സർ…