”ഇത്രയും കാലം എവിടെയായിരുന്നു?”

0
1385

Sandeep Das

”ഇത്രയും കാലം എവിടെയായിരുന്നു?”

‘ഇന്ത്യൻ റുപ്പി’ എന്ന സിനിമയിൽ പൃഥ്വിരാജ് തിലകനോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നുണ്ട്.രശ്മിത രാമചന്ദ്രൻ എന്ന സുപ്രീം കോടതി അഭിഭാഷകയുടെ ഇപ്പോഴത്തെ ചാനൽ ചർച്ചകൾ കാണുന്ന മലയാളികളും അതേ ചോദ്യം ഉന്നയിക്കുകയാണ്.’തേച്ചൊട്ടിക്കുക’ എന്ന പ്രയോഗം വളരെ പോപ്പുലറാണ്.പക്ഷേ അതിന് പൂർണ്ണതയുണ്ടാവുന്നത് രശ്മിതയെപ്പോലുള്ളവർ വരുമ്പോഴാണ്.

ചർച്ചകളിൽ രശ്മിതയുടെ എതിർപക്ഷത്ത് നിൽക്കുന്ന ആളുകളെ പ്രത്യേകം ശ്രദ്ധിക്കണം.കള്ളം പറയാനും ഉരുണ്ടുകളിക്കാനും വിഷം വിളമ്പാനും യാതൊരു മടിയും ഇല്ലാത്ത ഒരുകൂട്ടം ആളുകളോടാണ് രശ്മിത സംവദിച്ചുകൊണ്ടിരിക്കുന്നത്.അത്തരക്കാരുമായി ചർച്ച ചെയ്യുന്നത് വളരെയേറെ ദുഷ്കരമാണ്. അവരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചാൽ നമ്മൾ ചമ്മിപ്പോകും ! അങ്ങനെയൊരു സംഘത്തെ ഇങ്ങനെ നിരന്തരം മലർത്തിയടിക്കുന്നത് നിസ്സാര കാര്യമല്ല.

രശ്മിത സംസാരിക്കുമ്പോൾ ചർച്ചയിലെ മറ്റു അതിഥികളെല്ലാം അത് കൗതുകത്തോടെ കേൾക്കുന്നു.വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രമുഖർ വരെ രശ്മിതയെ ആദരവോടെ നോക്കുന്നു. അവതാരകരുടെ മുഖത്ത് പോലും ബഹുമാനം പ്രകടമാകുന്നു. രശ്മിതയുടെ അവതരണരീതി അത്രയേറെ മികച്ചതാണ്.

അറിവ് തന്നെയാണ് രശ്മിതയുടെ പ്രധാന ആയുധം. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർ എപ്പോഴും സ്വയം നവീകരിച്ചുകൊണ്ടിരിക്കേണ്ടിവരും. ആ സമയത്ത് അറിവിനുവേണ്ടി മറ്റു ശ്രോതസ്സുകളെ ആശ്രയിക്കാനാവില്ലല്ലോ. ലക്ഷക്കണക്കിന് പ്രേക്ഷകർ അവരെ തത്സമയം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു തെറ്റ് സംഭവിച്ചുപോയാൽ ശത്രുക്കൾ അത് എല്ലാക്കാലവും ആഘോഷിക്കും. പക്ഷേ അങ്ങനെ സംഭവിക്കില്ല എന്ന് തീരുമാനിച്ചുറപ്പിച്ചാണ് രശ്മിതയുടെ സഞ്ചാരം.

ചിലർക്ക് നല്ല അറിവുണ്ടാവും. പക്ഷേ അത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്ന കാര്യത്തിൽ അവർ പരാജയമായിരിക്കും. രശ്­മിത ഇവിടെയും വ്യത്യസ്തയാകുന്നു.സിനിമാ ഡയലോഗുകളും മറ്റും ഉപയോഗിച്ച് വളരെ സരസമായ രീതിയിലാണ് അവർ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.അതുകൊണ്ട് രശ്മിത എത്രനേരം സംസാരിച്ചാലും വിരസത അനുഭവപ്പെടുന്നില്ല.

സത്യങ്ങൾ വെട്ടിത്തുറന്നുപറയുന്നു എന്നതാണ് രശ്മിതയുടെ മറ്റൊരു പ്രത്യേകത.അവരുടെ സംസാരത്തിൽ നയതന്ത്രജ്ഞതയുടെ നേരിയ അംശം പോലുമില്ല.’രാജാവ് നഗ്നനാണ് ‘ എന്ന് വിളിച്ചുപറയാൻ രശ്മിതയ്ക്ക് മടിയില്ല.അതുകൊണ്ടാണ് ഇത്രയേറെ ശത്രുക്കളെ കുറഞ്ഞകാലം കൊണ്ടുതന്നെ അവർക്ക് ലഭിച്ചത്. വെല്ലുവിളികളെ സ്പോട്ടിൽ വെച്ചുതന്നെ തകർത്തുകളയുന്നത് മൂലം ഡിബേറ്റ് കൂടുതൽ രസകരമാകുന്നു.

Image result for rashmitha ramachandran advocateനിക്ഷ്പക്ഷത എന്നത് വലിയൊരു നാട്യമാണ്.പ്രത്യേകിച്ചും ഈ കെട്ടകാലത്ത്.മനുഷ്യത്വത്തിൻ്റെ പക്ഷത്ത് നിലകൊള്ളുക എന്നത് നമ്മുടെ കടമയാണ്.ഇക്കാര്യം രശ്മിത കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്.അഭിഭാഷക ആയതുകൊണ്ട് രാഷ്ട്രീയം അടിയറവു വെയ്ക്കാനാവില്ലെന്ന് അവർ ആവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.

പൊളിറ്റിക്കൽ കറക്റ്റ്നെസ്സിൻ്റെ അളവുകോലുകൾ വെച്ച് പരിശോധിച്ചാൽ രശ്മിതയുടെ ചില പ്രസ്താവനകളോട് അതൃപ്തി തോന്നിയേക്കും.പക്ഷേ ഓരോരുത്തരും അർഹിക്കുന്നതല്ലേ കൊടുക്കാവൂ.കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലല്ലോ.മറ്റുള്ളവരും ഇത് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.മനുഷ്യരോട് മാത്രം പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് പുലർത്തുക.മനുഷ്യരൂപമുള്ളവരോട് വേണ്ട!

Image result for rashmitha ramachandran advocateലോകചരിത്രത്തിൽ തന്നെ ഫാസിസവും നാസിസവും ഒക്കെ എത്ര നാൾ നിന്നു എന്ന് രശ്മിത ചോദിക്കുന്നു. ഈ ദുരിതവും നാം അതിജീവിക്കും എന്നാണ് രശ്മിത ലളിതമായി പറഞ്ഞുവെയ്ക്കുന്നത്. മതഭ്രാന്തില്ലാത്ത മനുഷ്യരുടെ ജീവിതപ്രതീക്ഷകൾ നേർത്തുവരുന്ന ഇക്കാലത്ത് ഒരു രശ്മിത രാമചന്ദ്രൻ വലിയ ആശ്വാസമാണ്.

”നീ വെറും പെണ്ണാണ് ” എന്ന വാചകം ആഘോഷിക്കുന്നവർ ഇപ്പോഴുമുണ്ട്.അവരോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ.
കൂടുതലൊന്നും പറയാനില്ല.ഇനിയും ആയിരമായിരം ചർച്ചകൾ നടത്താൻ രശ്മിതയ്ക്ക് സാധിക്കട്ടെ.ഈ മണ്ണിൽ ‘മനുഷ്യർ’ സമാധാനത്തോടെ ജീവിക്കട്ടെ !