മിത്രം അകത്തായി, ഇത്രത്തോളം ദുഷിച്ച മനസ്സുള്ളവരെ സൃഷ്ടിക്കുന്ന മോദിരാജ്യം അവസാനിക്കാതെ ഇതിനൊന്നും അറുതിവരികയില്ല

0
93

Sandeep Das

കഴിഞ്ഞദിവസം ഫെയ്സ്ബുക്കിലൂടെ വിദ്വേഷപ്രസംഗം നടത്തിയ ശ്രീജിത്ത് രവീന്ദ്രൻ എന്ന ‘മാന്യ’മിത്രം അറസ്റ്റിലായിട്ടുണ്ട്.മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ഇയാൾക്കെതിരെ കേസും എടുത്തിട്ടുണ്ട്.

ഈ വിഷയത്തിൽ ധാരാളം ട്രോളുകൾ കണ്ടു.അവയെല്ലാം ഞാൻ നല്ലതുപോലെ ആസ്വദിക്കുകയും ചെയ്തു.പക്ഷേ അതിനിടയിലും ഗൗരവമേറിയ ചില കാര്യങ്ങൾ മറന്നുപോകരുതെന്ന് തോന്നുന്നു.
ശ്രീജിത്ത് പോസ്റ്റ് ചെയ്ത വീഡിയോ നിങ്ങളെല്ലാവരും കണ്ടുകാണുമല്ലോ.കഷ്ടിച്ച് രണ്ടര മിനിട്ടാണ് അതിന്റെ ദൈർഘ്യം.ആ ചുരുങ്ങിയ സമയം കൊണ്ട് അയാൾ മുസ്ലീങ്ങളെ പരമാവധി തെറിവിളിച്ചിട്ടുണ്ട്.’നായിന്റെ മക്കൾ ‘ എന്ന പ്രയോഗം പത്തുതവണയോളം ഉപയോഗിച്ചിട്ടുണ്ട്.
മുസ്ലിം സ്ത്രീകളെ അയാൾ വിശേഷിപ്പിക്കുന്നത് ‘കൊഴുപ്പുകയറിയ താത്തമാർ’ എന്നൊക്കെയാണ്. നിലനി­ല്പിനുവേണ്ടി പൊരുതുന്ന നിരപരാധികളായ മനുഷ്യർ പോലും ശ്രീജിത്തിന്റെ വീക്ഷണത്തിൽ തീവ്രവാദികളാണ് !

മനുഷ്യരായി ജനിച്ചവർക്ക് സഹിക്കാൻ സാധിക്കാത്ത കാഴ്ച്ചകളാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.മനുഷ്യർ പിടഞ്ഞുമരിക്കുന്നു.കുറേപ്പേർ ആശുപത്രിയിൽ ജീവൻ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്.പൊതുമുതലും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുന്നു.­മാദ്ധ്യമപ്രവർത്തകരെ വേട്ടയാടുന്നു.വർഗീയത അതിന്റെ പാരമ്യത്തിലെത്തിയിരി­ക്കുന്നു.ഒരുതരം മരവിപ്പ് നമ്മളെയെല്ലാം ബാധിച്ചിരിക്കുന്നു.ആ സമയത്ത് ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്യണമെങ്കിൽ ശ്രീജിത്ത് എന്നയാളുടെ മനസ്സ് എത്രമാത്രം ദുഷിച്ചുപോയിട്ടുണ്ടാവണം! അയാളുടെ മനസ്സിൽ മുസ്ലിം വിരുദ്ധത എത്രയേറെ ആഴത്തിൽ വേരുറച്ചിട്ടുണ്ടാവണം !

കേരളത്തിൽ മതേതര അന്തരീക്ഷം നിലനിൽക്കുന്നതിനാൽ,ഒരു വർഗീയവാദിയുടെ മനസ്സിലുള്ള പകയുടെയും വിദ്വേഷത്തിന്റെയും ചെറിയൊരു അംശം മാത്രമേ പലപ്പോഴും പുറത്തുവരാറുള്ളൂ.ഒരു വീഡിയോയിൽ ഇത്രയും പറഞ്ഞുവെങ്കിൽ അയാളുടെ യഥാർത്ഥ മനോനില ഊഹിക്കാവുന്നതേയുള്ളൂ !ശ്രീജിത്തുമാർ ഒരു സുപ്രഭാതത്തിൽ ഉണ്ടാവില്ല.അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനും സാധിക്കില്ല.വർഷങ്ങ­ളോളം ബ്രെയിൻ വാഷ് ചെയ്താണ് ഇത്തരക്കാരെ സൃഷ്ടിച്ചെടുക്കുന്നത്. ഇളംപ്രായത്തിൽ തന്നെ മനസ്സിൽ വിഷം കുത്തിവെച്ചുതുടങ്ങും.അങ്ങനെ ചെയ്താൽ അത് മരണം വരെ മായില്ല.

മോദിയുടെ ശിഷ്യമിത്രത്തിന്റെ ആർഷ സംസ്കാര പ്രസംഗം

ഈ നാട്ടിലെ ഹിന്ദുക്കൾക്ക് എന്തൊക്കെയോ ഭീകരമായ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കേണ്ടത് ചിലരുടെ ആവശ്യമാണ്.അവർ നിങ്ങളുടെ കുഞ്ഞുങ്ങളെ അന്വേഷിച്ചുവരും.ഹിന്ദു ഉണരണമെന്ന് പറയും.ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും പോലെ നാം സംഘടിതരല്ല എന്ന് പരിതപിക്കും.ഹൈന്ദവരെ അടിച്ചമർത്തുകയാണ് എന്ന് വിലപിക്കും.അതിലൊന്നും വീണുപോകാതിരിക്കുക.കുഞ്ഞുങ്ങളെ അവർക്ക് വിട്ടുകൊടുക്കാതിരിക്കുക.മക്കളെ മനുഷ്യരായി വളർത്തുക.കൂടുതൽ ശ്രീജിത്തുമാരെ സൃഷ്ടിക്കാതിരിക്കുക.

വേറൊരു കാര്യം കൂടി മനസ്സിൽ വെയ്ക്കണം.ശ്രീജിത്തിനെ പരിഹസിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല.പക്ഷേ അയാളുടെ നിറത്തെയും അയാൾ ജീവിക്കുന്ന അട്ടപ്പാടി എന്ന സ്ഥലത്തെയും അടിസ്ഥാനമാക്കി ട്രോളുകൾ സൃഷ്ടിക്കരുത്.അതിൽ ശരികേടുണ്ട്.മാത്രവുമ­ല്ല,ഒരു സഹതാപതരംഗം സൃഷ്ടിക്കപ്പെടും.യഥാർത്ഥ വിഷയത്തിൽ നിന്ന് ആളുകളുടെ ശ്രദ്ധ വ്യതിചലിക്കും.അതനുവദിച്ചു കൊടുക്കരുത്. ശ്രീജിത്ത് വിളമ്പിയ വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിർത്തുകൊണ്ടേയിരിക്കുക. പുച്ഛിച്ചുകൊ­ണ്ടേയിരിക്കുക.അത്രയേ ആവശ്യമുള്ളൂ. ഒരു മാപ്പുപറച്ചിൽ പ്രതീക്ഷിക്കാം. അല്ലെ­ങ്കിൽ ബലിയാടാകാൻ മദ്യം എത്തിയേക്കാം. സാധാരണ അതൊക്കെയാണല്ലോ പതിവ് !
‘നമ്പർ വൺ കേരളം’ എന്ന് പറയുമ്പോൾ നെറ്റിചുളിക്കുകയും ഊറിച്ചിരിക്കുകയും ചെയ്യുന്ന ചില ആൾക്കാരുണ്ട്.അതേടോ,കേരളം ഒന്നാമത് തന്നെയാണ്.ഇതുകൊണ്ടൊക്കെയാണ് കേരളം സമാനതകളില്ലാത്ത സംസ്ഥാനമാകുന്നത്.ഇവിടെ ജീവിക്കുന്നതിൽ അഭിമാനമുണ്ട്…