ക്രിസ്റ്റ്യാനോ റൊണാൾഡോ കൊറോണ ബാധിതർക്ക് സൗജന്യമായി ചികിത്സ നൽകാൻ പോവുകയാണ്, പോർച്ചുഗലിലെ ക്രിസ്റ്റ്യാനോയുടെ ആഡംബരഹോട്ടലുകളെല്ലാം താത്കാലികമായി ആശുപത്രികളായി മാറും

104
Sandeep Das
ഇപ്പോൾ ഫെയ്സ്ബുക്കിലെ പ്രധാന ചർച്ചാവിഷയങ്ങൾ ബിഗ്ബോസും രജിത്കുമാറുമാണ്.ഈ ബഹളത്തിനിടയിൽ ഇങ്ങനെയൊരു പോസ്റ്റെഴുതിയാൽ അത് എത്രപേർ ശ്രദ്ധിക്കുമെന്നറിയില്ല.പക്ഷേ ഇൗ വാർത്ത പങ്കുവെച്ചേ തീരൂ.സ്റ്റാർ ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോ കൊറോണ ബാധിതർക്ക് സൗജന്യമായി ചികിത്സ നൽകാൻ പോവുകയാണ്.പോർച്ചുഗലിലെ ക്രിസ്റ്റ്യാനോയുടെ ആഡംബരഹോട്ടലുകളെല്ലാം താത്കാലികമായി ആശുപത്രികളായി മാറും.രോഗികളുടെ എല്ലാ ചെലവുകളും സൂപ്പർതാരം വഹിക്കും.ഡോക്ടർമാ­ർ,നഴ്സുമാർ തുടങ്ങിയ ഹോസ്പിറ്റൽ സ്റ്റാഫിന്റെ ശമ്പളവും ക്രിസ്റ്റ്യാനോ തന്നെ നൽകും.ഇത് കേൾക്കുമ്പോൾ ചിലരെങ്കിലും ചിന്തിക്കും-”ക്രിസ്റ്റ്യാനോ കളിക്കളത്തിൽനിന്ന് അളവറ്റ ധനം സമ്പാദിച്ചിട്ടുണ്ടല്ലോ.അതിൽനിന്ന് കുറച്ച് കൊടുക്കുന്നു എന്നല്ലേയുള്ളൂ? അതിത്ര വലിയ കാര്യമാണോ?”
ക്രിസ്റ്റ്യാനോ ചെയ്യാൻ പോവുന്നത് വളരെ വലിയൊരു കാര്യം തന്നെയാണ്.നമ്മുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചാൽ അക്കാര്യം മനസ്സിലാക്കാം.കോവിഡ്-19 എന്ന മഹാമാരിയെ പിടിച്ചുകെട്ടുന്നതിനുവേണ്ടി ആരോഗ്യവകുപ്പിനോട് സഹകരിക്കാൻ പോലും പലരും തയ്യാറല്ല.ചിലർ അസുഖമുണ്ടെന്ന വിവരം മറച്ചുവെച്ച് മുങ്ങിനടക്കുന്നു.ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ ചാടിപ്പോവുന്നു.പലരും ചികിത്സയ്ക്ക് വിസ്സമ്മതിക്കുന്നു.ബ്രിട്ടിഷ് ആരോഗ്യമന്ത്രിയായ നാദിൻ ഡോറിസിന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ചുചേർത്ത ഒരു യോഗത്തിൽ നാദിൻ പങ്കെടുത്തിരുന്നു.അന്നേദിവസം തന്നെയാണ് അവർക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയത് എന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഹെല്ത്ത് മിനിസ്റ്റർ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നു എന്ന് നിസ്സംശയം പറയാം.
ഒരു വ്യക്തി എന്ന നിലയിൽ പാലിക്കേണ്ട കാര്യങ്ങൾ പോലും ആളുകൾ മറന്നുപോകുന്നു എന്ന് വ്യക്തമാക്കാനാണ് ഇത്രയും ഉദാഹരണങ്ങൾ പറഞ്ഞത്.പിന്നെയല്ലേ മറ്റുള്ളവരെ സഹായിക്കുന്ന കാര്യം !
കൊറോണ വൈറസ് ലോകത്തെ പിടിച്ചുകുലുക്കുന്ന സമയത്ത് അങ്ങേയറ്റം ഹൃദയസ്പർശിയായ ഒരു സന്ദേശം ക്രിസ്റ്റ്യാനോ നൽകിയിരുന്നു.മനുഷ്യജീവൻ പരമപ്രധാനമാണെന്നും, ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.മാത്രവുമല്ല,പോർച്ചുഗലിലെ തന്റെ ഭവനത്തിൽ ക്രിസ്റ്റ്യാനോ ദിവസങ്ങളോളം കരുതൽ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു.കാരണം യുവെന്റസിൽ ക്രിസ്റ്റ്യാനോയ്ക്കൊപ്പം കളിക്കുന്ന റുഗാനിയ്ക്ക് കൊറോണ പിടിപെട്ടിരുന്നു.ക്രിസ്റ്റ്യാനോ എന്ന വ്യക്തി സമൂഹത്തോടുള്ള തന്റെ കടമകൾ പൂർണ്ണമായും നിറവേറ്റി.പക്ഷേ അദ്ദേഹം അതുകൊണ്ടും നിർത്തിയില്ല.ഈ അസുഖം മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുകകൂടി ചെയ്തു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പോർച്ചുഗലിൽ കൊറോണ ഭീകരമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല.വേണമെങ്കിൽ എല്ലാം ഭരണാധികാരികളെ ഏൽപ്പിച്ച് റോണോയ്ക്ക് മാറിനിൽക്കാമായിരുന്നു.ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനംകൊണ്ട് പുതിയൊരു ആഡംബര കാർ സ്വന്തമാക്കാമായിരുന്നു.മൈതാനത്തിൽ എതിരാളികളുടെ പേടിസ്വപ്നമായ ഏഴാംനമ്പറുകാരൻ കളത്തിനുപുറത്ത് മനുഷ്യത്വത്തിന്റെ പതാക ഉയർത്തി.
പണം എത്ര കിട്ടിയാലും മതിവരില്ല.മനുഷ്യന്റെ അടിസ്ഥാനസ്വഭാവമാണത്.ഈ ലോകത്ത് ധാരാളം ധനികരുണ്ടല്ലോ.എണ്ണമറ്റ സെലിബ്രിറ്റികളും വ്യവസായപ്രമുഖരുമുണ്ടല്ലോ.അവരെല്ലാവരും ക്രിസ്റ്റ്യാനോയെപ്പോലെ ചിന്തിക്കുന്നില്ലല്ലോ.അതുകൊണ്ട് ഈ പ്രവൃത്തിയെ മനസ്സുനിറഞ്ഞ് അഭിനന്ദിക്കുകതന്നെ വേണം.ഫുട്ബോളർ എന്ന നിലയിൽ ചെയ്തുകൂട്ടിയ വീരസാഹസികതകൾ ക്രിസ്റ്റ്യാനോയ്ക്ക് അമരത്വം നൽകുന്നുണ്ട്.ക്രിസ്റ്റ്യാനോ എന്ന മനുഷ്യനും എക്കാലത്തും ആഘോഷിക്കപ്പെടും.വർഷങ്ങൾ കടന്നുപോകും.ലോകം കൊറോണയെ കീഴടക്കും.പോർച്ചുഗലിലെ കുട്ടികൾക്ക് അവരുടെ അച്ഛനമ്മമാർ ആ കഥ ആവേശപൂർവ്വം പറഞ്ഞുകൊടുക്കും-
”പണ്ടുപണ്ട് കൊറോണ എന്നൊരു രോഗം ലോകത്തെ ഗ്രസിച്ചിരുന്നു.ആ വൈറസ് പോർച്ചുഗലിനെയും വെറുതെവിട്ടില്ല.പക്ഷേ നമുക്കൊരു ഫുട്ബോൾ മാന്ത്രികനുണ്ടായിരുന്നു.മെദീരയിലും ലിസ്ബണിലും അദ്ദേഹം പണിത ഹോട്ടലുകൾ നമുക്കുവേണ്ടി ആശുപത്രികളായി മാറി.അവസാനം ആ ദുരന്തവും നാം അതിജീവിച്ചു….!”