ഹിന്ദിയ്ക്കുവേണ്ടിയുള്ള വാശി പറയുന്നത്ര നിഷ്കളങ്കമല്ല, നടി തപ്സി പന്നുവിന് ഉണ്ടായ അനുഭവം അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണം

239

Written by-Sandeep Das

എല്ലാ ഭാരതീയരും നിർബന്ധമായും ഹിന്ദി പഠിച്ചിരിക്കണം’ എന്ന വാദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ഹിന്ദി ബെൽറ്റിലെ പല പ്രമുഖരും അക്കാര്യം പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ഒറ്റനോട്ടത്തിൽ ആ വാദം ശരിയാണെന്ന് തോന്നാം.പുതിയൊരു ഭാഷ പഠിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുന്ന ധാരാളം ആളുകൾ നമ്മുടെ നാട്ടിലുണ്ട്.

എന്നാൽ ഹിന്ദിയ്ക്കുവേണ്ടിയുള്ള വാശി ഈ പറയുന്നത്ര നിഷ്കളങ്കമല്ല.നടി തപ്സി പന്നുവിന് ഉണ്ടായ അനുഭവം അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

ഗോവയിൽ നടക്കുന്ന അമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ അതിഥിയായിരുന്നു തപ്സി.അവർ ഇംഗ്ലിഷിലാണ് സംസാരിച്ചിരുന്നത്.പെട്ടന്ന് സദസ്സിലുണ്ടായിരുന്ന ഒരാൾ തപ്സിയോട് ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു !ബോളിവുഡ് നടിയായ തപ്സി ഹിന്ദി മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു അയാളുടെ കണ്ടെത്തൽ !

ആ മണ്ടത്തരത്തിന് കിടിലൻ മറുപടിയാണ് തപ്സി നൽകിയത്-

”ഞാൻ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള നടിയാണ്.എന്നുകരുതി ഞാൻ നിങ്ങളോട് തമിഴിൽ സംസാരിക്കണോ? ഇവിടെയുള്ള എല്ലാവർക്കും ഹിന്ദി മനസ്സിലാകുമോ? എനിക്ക് എല്ലാവരുടെയും വികാരങ്ങളെ മാനിക്കണം….”

തപ്സി ഇത്രയൊക്കെ പറഞ്ഞിട്ടും ഹിന്ദി ഭക്തൻ്റെ മുറുമുറുപ്പ് അവസാനിച്ചില്ല.എന്നാൽ തപ്സിയുടെ വാക്കുകളെ സദസ്സ് നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ചതിനാൽ അയാൾക്ക് അവസാനം മൗനം പാലിക്കേണ്ടിവന്നു.

ഇതാണ് ഗോസായിമാരുടെ മനോഭാവം.അവരുടെ ഭാഷ നമ്മളിൽ അടിച്ചേൽപ്പിക്കാനാണ് അവർ എല്ലാക്കാലത്തും ശ്രമിച്ചുപോരുന്നത്.ഈ ധാർഷ്ട്യത്തിനുമുമ്പിൽ തലകുനിച്ചുകൊടുക്കേണ്ട ആവശ്യം നമുക്കില്ല.പക്ഷേ പലർക്കും ഇക്കാര്യം മനസ്സിലായിട്ടില്ല.

തപ്സി ദക്ഷിണേന്ത്യയുടെ പ്രതിനിധിയല്ല.ഒരു പഞ്ചാബി കുടുംബത്തിലെ അംഗമാണ് അവർ.ജനിച്ചതും വളർന്നതും ഡെൽഹിയിൽ ആയതുകൊണ്ട് തപ്സിയ്ക്ക് ഹിന്ദി നല്ലതുപോലെ സംസാരിക്കാനറിയാം.ബോളിവുഡിൽ അവർ പ്രശസ്തയുമാണ്.ആയതിനാൽ തപ്സി കൈക്കൊണ്ട നിലപാടിന് ഒരുപാട് മഹത്വമുണ്ട്.

തപ്സിയുടെ പ്രസ്താവന ബോളിവുഡിലെ പല വന്മരങ്ങൾക്കും ദഹിച്ചിട്ടുണ്ടാവില്ല എന്ന കാര്യം തീർച്ചയാണ്.സിനിമയ്ക്കുപുറത്തും ഒട്ടേറെ ശത്രുക്കളെ ഇതിനോടകം തപ്സിയ്ക്ക് ലഭിച്ചിട്ടുണ്ടാവും.പക്ഷേ നിലനിൽപ്പിനുവേണ്ടി വ്യക്തിത്വം പണയംവെയ്ക്കാൻ അവർ തയ്യാറായില്ല.’സ്വന്തം കാര്യം സിന്ദാബാദ് ‘ എന്ന തത്വത്തിൽ അവർ വിശ്വസിക്കുന്നില്ല.

ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് ചില ബോളിവുഡ് ഫിലിംമേക്കേഴ്സ് തന്നോട് വിവേചനം കാണിക്കാറുണ്ട് എന്ന് തപ്സി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.ഇങ്ങനെ അപ്രിയസത്യങ്ങൾ വിളിച്ചുപറയണമെങ്കിൽ നട്ടെല്ലിന് ഉറപ്പുവേണം.അവസരങ്ങളുടെയും പുരസ്കാരങ്ങളുടെയും അപ്പക്കഷ്ണങ്ങൾ കാത്തിരിക്കുന്നവർക്ക് അതൊരിക്കലും സാദ്ധ്യമാവുകയില്ല.

എെ.എഫ്.എഫ്.എെയുടെ വേദിയിൽ വേറെയും ചില ബാലിശമായ ചോദ്യങ്ങൾ തപ്സിയ്ക്ക് നേരിടേണ്ടിവന്നിരുന്നു.”അമിതാബ് ബച്ചനൊപ്പം അഭിനയിച്ചപ്പോൾ എന്തുതോന്നി? ” ,”നിങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചാൽ എന്ത് പേരാണ് ഇടുക?” തുടങ്ങിയ ക്ലീഷേ അന്വേഷണങ്ങൾ.നടിമാരോട് മാത്രം ചോദിക്കുന്നവ.അവയെ തപ്സി നിരുത്സാഹപ്പെടുത്തി.”ഒരു ഫെസ്റ്റിവൽ ഒാഡിയൻസിൽനിന്ന് ഇതിനേക്കാൾ മികച്ച ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് അവർ തുറന്നടിച്ചു.

ജീവിതത്തിലായാലും സിനിമയിലായാലും വ്യക്തമായ നിലപാടുകൾ ഉള്ള സ്ത്രീയാണ് തപ്സി.കരിയറിൻ്റെ ആരംഭത്തിൽ ‘ഭാഗ്യമില്ലാത്ത നായിക’ എന്ന ചാപ്പ കിട്ടിയപ്പോൾ അവർ തളർന്നില്ല.കാസ്റ്റിംഗ് കൗച്ച് എന്നത് ഒരു യാഥാർത്ഥ്യമാണെന്ന് പറയാനുള്ള ധൈര്യം തപ്സിയ്ക്കുണ്ടായിരുന്നു.സിനിമയിലെ പുരുഷാധിപത്യത്തെ മയമില്ലാതെ എതിർത്തിട്ടുണ്ട്.പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി സ്ത്രീകളെ പരിഹസിക്കാനും അപമാനിക്കാനും അവർ ഒരുക്കമല്ല.ഹിന്ദിയിൽ ധാരാളം സിനിമകൾ ചെയ്തുവെങ്കിലും വന്ന വഴി മറന്നിട്ടുമില്ല.

ഫെമിനിസത്തെക്കുറിച്ച് തപ്സി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്-

”ഫെമിനിസം എന്ന ആശയത്തെ ഒരുപാട് ആളുകൾ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്.സ്ത്രീയാണ് എന്ന കാരണംകൊണ്ട് നിങ്ങൾ ഒളിച്ചോടരുത്.നമുക്ക് സമത്വത്തിൽ നിന്ന് ആരംഭിക്കാം.വിദ്യാഭ്യാസത്തിലും അഭിപ്രായം പറയാനുള്ള അവകാശത്തിലുമെല്ലാം തുല്യത വേണം.പുരുഷൻമാരെ ഭരിക്കുന്നതും അനാവശ്യ അധികാരങ്ങൾ ചോദിക്കുന്നതുമല്ല ഫെമിനിസം.ലിംഗസമത്വമാണ് അതിൻ്റെ ലക്ഷ്യം…”

പല സിനിമാക്കാരും പത്രം പോലും വായിക്കാത്തവരാണ്.അത്തരമൊരു ഇൻഡസ്ട്രിയിൽ നിന്നുകൊണ്ട് തപ്സി ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ ആർക്കായാലും ബഹുമാനം തോന്നിപ്പോകും.

ഈ കെട്ടകാലത്തും തപ്സി പുഞ്ചിരിച്ചുകൊണ്ട് നിലപാടുകൾ വ്യക്തമാക്കുകയാണ്.കൂടെ നമുക്കും ചിരിക്കാം.ഇപ്പോഴും എല്ലാം മാറിയിട്ടില്ല…